Monday, September 13, 2010

അമിതമായാല്‍ അമൃതും വിഷം


OCD അഥവാ Obsessive compulsive disorder എന്ന അവസ്ഥയെപ്പറ്റി പലരും കേട്ടിട്ടുണ്ടാവും.
ചെയ്ത കാര്യം ശരിയായിട്ടില്ല എന്ന തോന്നലില്‍ പിന്നെയും പിന്നെയും ചെയത് കൊണ്ടേയിരിക്കും ഇക്കൂട്ടര്‍.
വീട് എത്ര തുടച്ചു വൃത്തിയാക്കിയാലും പൊടിയുടെ ഒരു കണിക മതി ഇവരെ പ്രകോപിതരാക്കാന്‍.വീട്ടിലുള്ള മറ്റു അംഗങ്ങളാണ് ഇവരുടെ ഇരകള്‍.അവര്‍ക്ക് യഥേഷ്ടം നടക്കാനോ കിടക്കാനോ പറ്റില്ല.
എന്റെയൊരു ബന്ധു ഉണര്‍ന്നയുടന്‍ കിടക്ക വിരിച്ചു പുതപ്പു മടക്കി അലമാരിയില്‍ ഭദ്രമായി വെക്കും.പ്രവാസിയായ ഭര്‍ത്താവ് നാട്ടില്‍ വന്നപ്പോള്‍ അയാള്‍ കുറച്ചുനേരം കൂടി പുതപ്പിനുള്ളില്‍ കിടക്കാന്‍ നോക്കി . ഇവളുണ്ടോ സമ്മതിക്കുന്നു..?മൂപ്പരും നേരത്തെ എണീറ്റ്‌ തേരാ പാരാ നടക്കാന്‍ തുടങ്ങി..
പുതപ്പ് അലമാരിയില്‍ നിന്നെടുക്കണമെങ്കില്‍ രാത്രിയാകണമല്ലോ..

ഒരാളെപ്പറ്റി കേട്ടിട്ടുണ്ട്,അയാള്‍ക്ക്‌ സ്വയം തന്നെ കിടക്ക വിരിക്കണം.ഒരു ചെറിയ ചുളിവു പോലും പാടില്ല.നന്നായി വിരിച്ച ആ കിടക്ക നോക്കി ആസ്വദിച്ചു അതിനരികില്‍ ഒരു ചാരുകസേരയിട്ടു അയാള്‍ അതിലുറങ്ങുമായിരുന്നത്രേ..
മൊബൈല്‍ പോലും കഴുകുന്ന ചിലരുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ അതിശയം കൂറുമെങ്കിലും സംഗതി വാസ്തവമാണ്.
അമിതമായ വൃത്തിബോധം അവരെക്കൊണ്ടു അങ്ങിനെ ചെയ്യിക്കുന്നു.

ലളിതാംബിക അന്തര്‍ജനത്തിന്റെ "അഗ്നിസാക്ഷി"യിലെ ജലപിശാചു മുത്തശ്ശിയെ ഓര്‍മിപ്പിക്കുന്ന ചില സ്ത്രീകളെ എനിക്കറിയാമായിരുന്നു...അവര്‍ കുളിക്കാന്‍ ആറും ഏഴും മണിക്കൂറുകള്‍ എടുക്കുമായിരുന്നു..

എല്ലാ നേരവും ചൂലും കൊണ്ട് നടക്കുന്ന എന്റെയൊരടുത്ത ബന്ധുവിന്‍റെ വിവാഹ വാര്‍ഷികത്തിന് സമ്മാനമായി ഞാന്‍ ഒരു ചൂല്‍ തന്നെ നന്നായി പായ്ക്ക് ചെയത് കൊണ്ട് പോയി..നിര്‍ഭാഗ്യമെന്നു പറയട്ടെ,അത് ഓട്ടോയില്‍ വെച്ച് മറന്നു..മനോഹരമായി പായ്ക്ക് ചെയ്ത ചൂല്‍ കിട്ടിയ ഓട്ടോ ഡ്രൈവറുടെ പ്രതികരണമെന്തായിരുന്നോ ആവോ..?
അവളുടെ കുട്ടികള്‍ പറയാറുണ്ട്‌ ഉമ്മ കുളിപ്പിച്ചാല്‍ ജലദോഷം പിടിക്കും,ഉമ്മാമ കുളിപ്പിച്ചാല്‍ കുഴപ്പമില്ല എന്ന്.
ഇനി പറയൂ.. അതിഥികള്‍ വന്നാല്‍ വീട് വൃത്തികേടാകും എന്ന് ടെന്‍ഷന്‍ അടിക്കുന്നവരാണോ നിങ്ങള്‍??

Wednesday, August 4, 2010

പുണ്യം പൊഴിക്കുന്ന നാളുകള്‍


റമദാന്‍ ഒരു വിളിപ്പാടകലെ എത്തിക്കഴിഞ്ഞു.മനസ്സും ശരീരവും അതിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കയാണ്.അധരങ്ങള്‍ പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിടുകയായി..

ഇസ്ലാം മതത്തിന്‍റെ പ്രധാന സ്തംഭങ്ങളില്‍ ഒന്നാണ് ഒരു മാസക്കാലത്തെ വ്രതാനുഷ്ടാനം.ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമദാന്‍.
വ്രതം എന്നത് കേവലം ഭക്ഷണ പാനീയങ്ങള്‍ വെടിയുക എന്നത് മാത്രമല്ല,മറിച്ച് അസൂയ,പക,വിദ്വേഷം,പരദൂഷണം മുതലായ ചീത്ത സ്വഭാവങ്ങളും ഒപ്പം വര്‍ജിക്കേണ്ടതുണ്ട്.ഇതൊന്നും ഒഴിവാക്കാതെ നോമ്പ് എടുക്കുന്നവനെപ്പറ്റി ''അവന്‍ വിശപ്പും ദാഹവും സഹിച്ചത് മിച്ചം''എന്നാണു പ്രവാചകന്‍ പറഞ്ഞത്.
നോമ്പ് ഒരു പരിചയാണ്.നോമ്പുകാരനോട് വല്ലവരും വഴക്കിനു വന്നാല്‍ ഞാന്‍ നോമ്പുകാരനാണ് എന്ന് പറഞ്ഞു അവന്‍ അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കയാണ്‌ വേണ്ടത്.

ആത്മ സംസ്കരണമാണ് വ്രതം കൊണ്ടുദ്ദേശിക്കുന്നത്. എല്ലാ സമുദായങ്ങളിലും ഉപവാസം പറഞ്ഞിട്ടുണ്ട്.
ഭക്ഷിച്ചും,ഭോഗിച്ചും,കോപിച്ചും,കാടിളക്കിയും കഴിയുന്ന മനുഷ്യനെ ഒരു ഉത്കൃഷ്ട ജീവിയാക്കി മാറ്റുന്ന പരിശീലനക്കളരിയാണ് നോമ്പ് കാലം.അതുവഴി അവന്‍ ആത്മ നിയന്ത്രണം കൈവരിക്കും.

നമ്മുടെതുപോലുള്ള ഒരു രാജ്യത്ത് ലക്ഷക്കണക്കിന്‌ ജനങ്ങള്‍ ദാരിദ്ര്യ രേഖക്ക് താഴെ കഴിയുമ്പോള്‍ അവരുടെ വിശപ്പ്‌ വല്ലപ്പോഴുമൊരിക്കല്‍ നമ്മളുമറിയേണ്ടതുണ്ട്.
എല്ലാ ഫാക്ടറികളിലെയും യന്ത്രങ്ങള്‍ക്ക് ആഴ്ചയിലൊരിക്കല്‍ അവധി കിട്ടും,അന്ന് അവയുടെ കേടുപാടുകള്‍ തീര്‍ക്കും.എന്നാല്‍ നമ്മുടെ ശരീരത്തിലെ യന്ത്രങ്ങള്‍ക്കോ? അവയ്ക്കും വേണ്ടേ ഒരു ബ്രേക്ക്‌?
ഉപവാസം കൊണ്ട് ഉണ്ടാകുന്ന ആരോഗ്യപരമായ നേട്ടങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

രാത്രികാലം ഭകഷ്യമേളയാക്കുന്നവര്‍ക്ക് നോമ്പ് കാലത്തിന്റെ യാതൊരു സദ്ഫലവും ലഭിക്കുകയില്ല.പകരം റമദാന്‍ കഴിഞ്ഞതിനു ശേഷം PSC ടെസ്റ്റ്‌നു (pressure,sugar,cholestrol :)....) പോകേണ്ടി വരികയും ചെയ്യും..

അതേപോലെ ഇഫ്താര്‍ പാര്‍ടികള്‍ ഇന്ന് സമ്പന്നന്‍റെ സമ്പന്നത വിളിച്ചോതുന്നതായി മാറിയിരിക്കുന്നു.അവിടെ നോമ്പ് തുറക്കാന്‍ വകയില്ലാത്തവന് എവിടെയാണിടം?
ശരിയായ അര്‍ത്ഥത്തില്‍ ഉപവസിച്ചാല്‍ ശരീരവും,മനസ്സും ഒന്ന് ഫ്രഷ്‌ ആകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

എല്ലാ വായനക്കാര്‍ക്കെല്ലാം മുന്‍‌കൂര്‍ ആയി ഓണാശംസകള്‍..

Wednesday, July 14, 2010

ആയിരം കണ്ണുമായി കാത്തിരുന്നൂ..


അതെ.. ഇതുപോലെയായിരുന്നു ഒരു കാലത്ത് നമ്മള്‍ പോസ്റ്റ്മാന്‍ വരുന്നതും നോക്കി നിന്നിരുന്നത്.
കത്തുകളിലൂടെ ബന്ധങ്ങള്‍ കാത്തു സൂക്ഷിച്ചിരുന്നൊരു കാലം..
സന്തോഷങ്ങളും,സങ്കടങ്ങളും,വിരഹവും,വേദനയും എല്ലാം നമ്മള്‍ കൈമാറിയിരുന്നത് കത്തുകളില്‍ കൂടിയായിരുന്നു.
സമ്മിശ്ര വികാരങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന ആ കത്തുകള്‍ ഇന്ന് മധുരിക്കുന്ന ഒരോര്‍മ മാത്രം..എങ്കിലും,ആ ഓര്‍മകള്‍ക്കുപോലുമുണ്ട് ഒരു സൌരഭ്യം..

ഇന്ന് ആരോടെങ്കിലും സ്വന്തക്കാരുടെ കത്ത് വരാറുണ്ടോ എന്ന് ചോദിച്ചാല്‍ ഒരു പരിഹാസച്ചിരി അല്ലെങ്കില്‍ ''നീയൊക്കെ ഏതു കോത്താഴത്തുകാരിയാണ്..''എന്ന മട്ടിലുള്ള ഒരു നോട്ടമായിരിക്കും മറുപടിയായി കിട്ടുക!
ഇതിനിടെ ഒരു വല്യുമ്മ പോലും എന്നോട് പറയുകയാണ് ''ഇപ്പൊ ആരാ മോളെ കത്തൊക്കെ എഴുത്‌ന്നെ..?നേരില്‍ കാണുന്നില്ലേ ദെവസോം..''
ഫോണൊന്നും സാര്‍വത്രികമല്ലാതിരുന്ന കാലത്ത് കത്തുകള്‍ മാത്രമായിരുന്നല്ലോ നമുക്ക് പ്രിയപ്പെട്ടവരുമായി സംവദിക്കാനുള്ള വഴി.യാതൊരു മടിയും കൂടാതെ അന്ന് നമ്മള്‍ എത്രയോ പേജ് കത്തുകള്‍ എഴുതി അയച്ചിരുന്നു..ഹൃദയത്തില്‍ കെട്ടി നില്ക്കുന്നവ അനായാസേന കടലാസിലേക്ക് പകര്‍ത്തിയിരുന്നു..
അതില്‍ക്കൂടി ഒരാശ്വാസവും നമുക്ക് ലഭിച്ചിരുന്നു..
ഇഷ്ട്ടപ്പെട്ട കത്തുകള്‍ വായിക്കുന്തോറും പുതിയ പുതിയ അര്‍ത്ഥങ്ങള്‍ അതില്‍ കണ്ടെത്തുമായിരുന്നു.
വന്ന കത്തിന് മറുപടി അയക്കുന്നതുവരെ ഒരു ശ്വാസം മുട്ടും,വിമ്മിട്ടവും ഒക്കെയായിരിക്കും.എഴുതിക്കഴിഞ്ഞാലോ..?പിന്നെ മറുപടിക്കായി കാത്തിരിപ്പായി ആയിരം കണ്ണുകളുമായി പോസ്റ്റ്‌മാന്‍ വരുന്നതും നോക്കി..
ആ കാത്തിരിപ്പിന്‍റെ വേദനയും സുഖവും ഒക്കെ പ്രവാസികള്‍ക്കും അവരുടെ കുടുംബത്തിനും മാത്രം അനുഭവിച്ചറിയാന്‍ കഴിയുന്ന ഒരു സവിശേഷമായ വികാരമാണ്.

പണ്ട് ഗള്‍ഫില്‍ നിന്ന് വരുന്നവരുടെ കൈയ്യിലുമുണ്ടാകും ഒരു പോസ്റ്റ്‌മാന്‍റെ കൈയ്യിലുള്ളതിനേക്കാള്‍ക്കൂടുതല്‍ കത്തുകള്‍.ആദ്യത്തെ മൂന്നാല് ദിവസം കത്ത് വിതരണം ആയിരിക്കും അവരുടെ പ്രധാന പണി!
ചിലപ്പോള്‍ പോസ്റ്റ്‌ ആയി അയക്കുന്നതിനേക്കാള്‍ കൂടുതല്‍ പൈസ ചിലവാക്കി ഇങ്ങനെ എത്തുന്ന കത്ത് വാങ്ങാന്‍ പോയ സന്ദര്‍ഭങ്ങളുണ്ട്.അതൊക്കെ ഒരു കാലം.

ഇപ്പോള്‍ ഫോണായി,നെറ്റായി,ചാറ്റിംഗ് ആയി,ചീപ്പ്‌ ആയി മണിക്കൂറുകള്‍ സംസാരിക്കാന്‍ പറ്റുന്ന VOIP കോളുകള്‍ സാധാരണമായി.പിന്നെ ആരാണ് കത്തെഴുതുക?

ഇതിനിടെ 'The Hindu'വിലെ ഓപ്പണ്‍ പേജില്‍ letter writing നെപ്പറ്റി ഒരു ലേഖനം വന്നിരുന്നു.അഭൂതപൂര്‍വമായ പ്രതികരണമായിരുന്നു വായനക്കാരില്‍ നിന്ന്..ആഴ്ചകളോളം.
ഇതില്‍ നിന്ന് മനസ്സിലാകുന്നത്‌ കത്തെഴുത്തിന്റെ സുഖം,കത്ത് കിട്ടുമ്പോഴുള്ള ആ രസം..ഒക്കെ ഇപ്പോഴും ആളുകള്‍ മനസ്സിലിട്ടു താലോലിക്കുന്നു എന്നല്ലേ?
ഇതൊക്കെ എഴുതിയ ഞാനോ??എന്‍റെ കൈയ്യക്ഷരം കണ്ട കാലം മറന്നു എന്നാണു ഹബ്ബിയുടെ പരാതി.
നാടോടുമ്പോള്‍ നടുവേ..

Wednesday, June 30, 2010

ഇതും ജീവിതം..

കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ മനസ്സ് വിങ്ങി നടക്കുന്നു..,ഹൃദയത്തിലും കനം..ഒന്ന് കരഞ്ഞിട്ടുപോലും ശരിയാകുന്നില്ല..

എന്താണെന്നല്ലേ..? ബെന്യാമിന്റെ ''ആടുജീവിതം'' എന്ന നോവല്‍ വായിച്ചതിന്റെ പരിണിതിയായിരുന്നു എല്ലാം.
പ്രിയപ്പെട്ട സുഹൃത്തുക്കളെ..,അത് കേവലമൊരു നോവല്‍ അല്ല.ഒരു പാവം യുവാവ് അനുഭവിച്ചു തീര്‍ത്ത ജീവിതമാണ്.
നിങ്ങളില്‍ പലരും ആ നോവല്‍ വായിച്ചിട്ടുണ്ടാവാം, ഇല്ലെങ്കില്‍ തീര്‍ച്ചയായും അത് വായിക്കണമെന്ന് ഞാന്‍ വിനയത്തോടെ പറയട്ടെ.
ഹക്കീമും,നജീബും എന്‍റെ മനസ്സില്‍ കിടന്നു നീറുകയാണ്..ഹക്കീമിന്റെ പിടച്ചില്‍ ഓര്‍ക്കുമ്പോള്‍ ഞാനും അറിയാതെ പിടഞ്ഞു പോകുന്നു..
ഇവിടെ ഇഷ്ടം പോലെ ഞാന്‍ വെള്ളം ഉപയോഗിക്കുമ്പോള്‍ ഒരു കുറച്ചു എങ്കിലും നജീബിന് കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു..

വായിച്ച എന്‍റെ അനുഭവം ഇതാണെങ്കില്‍ നോവലിസ്റ്റ്‌ എങ്ങിനെയായിരിക്കും ആ അവസ്ഥ തരണം ചെയ്തിരിക്കുക എന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്..?

അനുഭവസ്പര്‍ശമുള്ള പല കൃതികളും വായിച്ചിട്ടുണ്ട്.പക്ഷെ ഒരിക്കലും ഒരു കഥാപാത്രവും ഇങ്ങനെ മനസ്സില്‍ കടന്നു കൂടിയിട്ടില്ല..
ആട് ജീവിതത്തെപ്പറ്റി എനിക്കിനിയും ഒരുപാട് എഴുതണമെന്നുണ്ട്..പക്ഷെ ,ഇത് വായിക്കാത്തവരുണ്ടെങ്കില്‍ അവരുടെ വായനക്ക് ഭംഗം വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ചെറിയ ചെറിയ കാര്യങ്ങളുടെ പേരില്‍ ആധി പിടിക്കുന്നവരാണ് ഞാനടക്കമുള്ള നമ്മില്‍ പലരും.ഇതിലെ നജീബിന്റെ തീഷ്ണമായ അനുഭവങ്ങള്‍ അറിഞ്ഞാല്‍ നമ്മുടെ ആധിയൊക്കെ ആവിയായിപ്പോകും..

പരിമിതമായ ഭാഷ ജ്ഞാനം വെച്ച് നോക്കുമ്പോള്‍ നോവലിസ്റ്റ്‌നെ അഭിനന്ദിക്കാനുള്ള വാക്കുകള്‍ പോലും എന്‍റെ കൈവശമില്ല.

ഒരിക്കല്‍ക്കൂടി പറയുകയാണ്‌ ഈ കൃതി വായിക്കാത്തവരുണ്ടെങ്കില്‍ തീര്‍ച്ചയായും വായിക്കണം.പ്രവാസികളായ ബ്ലോഗ്ഗെര്‍മാര്‍ ഇത്തരം അവസ്ഥയില്‍ പെട്ടവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുകയും വേണം.

Monday, June 21, 2010

ഹോം(harm) നഴ്സ്

ഞാനും,എന്‍റെ ഭാര്യയും,ഒരു തട്ടാനും എന്ന മട്ടില്‍ കാര്യങ്ങള്‍ നീങ്ങുന്ന ഇക്കാലത്ത് സഹജീവികളിലൊരാള്‍ മുടങ്ങിപ്പോയാല്‍പ്പിന്നെ നമുക്കൊരു കൈ സഹായത്തിനു ഹോം നഴ്സിനെ വിളിക്കേണ്ടി വരുന്നു.അത് കൊണ്ട് തന്നെയാവാം നമ്മുടെ നാട്ടില്‍ ഹോം നഴ്സിംഗ് ഏജന്‍സി കൂണ് പോലെ മുളച്ചു പൊങ്ങുന്നതും .നഴ്സിംഗ് എന്നത് പേരില്‍ മാത്രമേ ഉള്ളൂ,അതിന്റെ ബാലപാഠങ്ങള്‍ പോലും അറിയാത്തവരാണ് ഭൂരിപക്ഷവും.

ഒരിക്കലെങ്കിലും ഹോം നഴ്സിനെ നിര്‍ത്തിയ അനുഭവമുണ്ടെങ്കില്‍ ആരും ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു പോകും ഇനി ഇവരെ വിളിക്കേണ്ട അവസ്ഥ വരുത്തല്ലേ എന്ന്..
ഇത് അതിശയോക്തി കലര്‍ത്തി പറയുകയല്ല,അവരില്‍ നിന്ന് തിക്താനുഭവങ്ങള്‍ ഏറ്റു വാങ്ങിയ ഒരു അനുഭവസ്ഥയാണ് ഞാന്‍.
എന്‍റെ എളാമ വീണു തുടയെല്ല് പൊട്ടി സര്‍ജറി ഒക്കെ വേണ്ടി വന്നപ്പോള്‍ എനിക്കും വിളിക്കേണ്ടി വന്നു ഒരു ഹോം നഴ്സിനെ.അത്യന്തം വിഷമകരമായ അവസ്ഥയില്‍ കിട്ടിയതിനാല്‍ ആ കുട്ടി പറയുന്നതെന്തും ഞാന്‍ അനുസരിച്ചു.കേബിള്‍ കണക്ഷന്‍ ഇല്ലാത്തതിനാല്‍ ആദ്യം തന്നെ മുഖമിരുണ്ടു.പിന്നെ പഴയ വനിതയെല്ലാം തപ്പിയെടുത്തു വായിക്കാന്‍ കൊടുത്തു പ്രസാദിപ്പിച്ചു.
മോളെ എന്നല്ലാതെ ഞാന്‍ വിളിക്കാറില്ലായിരുന്നു.കാരണം വീട്ടില്‍ മറ്റാരും ഇല്ലാത്ത ആ അവസ്ഥയില്‍ മനുഷ്യക്കോലമുള്ള ഒരുത്തി മതിയായിരുന്നു അന്നെനിക്ക്. ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്ന് കേട്ടിട്ടില്ലേ?
അങ്ങിനെ അവളുടെ ടേം പൂര്‍ത്തിയാകുന്നതിനു മുമ്പായി ഈസ്റ്റെര്‍ വന്നതിനാല്‍ രണ്ടു ദിവസത്തേക്ക് വീട്ടില്‍ പോകണമെന്ന് പറഞ്ഞു. ''രണ്ടു ദിവസം കൊണ്ട് തന്നെ വരണേ മോളെ .."എന്ന് വിനീതമായി അഭ്യര്‍ത്ഥിച്ചാണ് യാത്രയാക്കിയത്.
അവള്‍ പോയി കുറച്ചു കഴിഞ്ഞപ്പോഴുണ്ട്‌ ഏജന്‍സി യില്‍ നിന്ന് മാഡത്തിന്റെ ഫോണ്‍ വരുന്നു.
"ഇവളുടെ കോലമെന്താ ഇങ്ങനെ..?ഞാന്‍ എന്താ ഇവളുടെ പപ്പയോടും മമ്മിയോടും ഉത്തരം പറയുക?"
"അതിനു അവള്‍ക്കെന്തു പറ്റി മാഡം..?"
എന്നെക്കാള്‍ തടി മിടുക്കും സ്റ്റാമിനയുമുള്ള ആ കുട്ടിക്ക് എന്താണ് പറ്റിയതെന്നു അപ്പോഴും എനിക്ക് പിടികിട്ടിയില്ല.
പിന്നെയതാ അവര്‍ വ്യാജ ആരോപണങ്ങള്‍ നിരത്തുന്നു..സത്യത്തില്‍ അത് കേട്ട് ഞാന്‍ പൊട്ടിക്കരഞ്ഞു പോയി.

രണ്ടാഴ്ചത്തേക്ക് അവരുടെ യാതൊരു വിവരവുമില്ലായിരുന്നു.ഞങ്ങളുടെ പൈസ അത്രയും ദിവസത്തെത് അവരുടെ അടുത്ത് ബാക്കിയും കിടക്കുന്നു.
അതാ വരുന്നു ഒരു അമ്മിണിച്ചേച്ചി.(അപ്പോഴേക്കും എന്‍റെ എളാമ കുറെയൊക്കെ സുഖം പ്രാപിച്ചിരുന്നു.)
വളരെ friendly ആയിരുന്നു അവര്‍. അവര്‍ക്ക് ഞങ്ങളുടെ വീട്ടില്‍ പ്രത്യേകിച്ച് ജോലിയൊന്നുമില്ലായിരുന്നു.ദിവസം ഒപ്പിക്കാന്‍ നില്‍ക്കുന്നെന്ന് മാത്രം.എളാമാക്ക് ശേഷമാണ് അവര്‍ ഉണരുക!!എന്ത് പറയാനാ?
അങ്ങിനെ അവരും യാത്ര ആവാറായി..സന്തോഷത്തോടെ പോയി..
പിന്നെയല്ലേ കഥ..
മേശ വലിപ്പ് തുറക്കാന്‍ നോക്കിയപ്പോള്‍ താക്കോല്‍ കാണുന്നില്ല,പിന്നെ മനസ്സിലായി അത് പൂട്ടിയിരുന്നില്ല എന്ന്.അതിനുള്ളില്‍ നിന്ന് അഞ്ഞൂറ് രൂപയും,ഒരു സ്വര്‍ണത്തിന്റെ ലോക്കെറ്റും അപ്രത്യക്ഷമായിരിക്കുന്നു!
ഞാനുടനെ ഏജന്‍സിയില്‍ വിളിച്ചു.അവര്‍ കൂള്‍ ആയി പറഞ്ഞു ''ആ സ്ത്രീ നാട്ടിലേക്ക് പോയി,നിങ്ങള്‍ക്കെന്താ അവരുടെ ബാഗ്‌ നോക്കിക്കൂടായിരുന്നോ..?"
പിന്നീട് എന്‍റെ ഈ ദുരനുഭവങ്ങള്‍ അയല്‍ക്കാരുമായി പങ്കുവെച്ചപ്പോള്‍ ''കടിച്ചതിനേക്കാള്‍ വലിയത് മാളത്തില്‍'' എന്നാണു മനസ്സിലായത്‌..കാരണം മറ്റു പലര്‍ക്കും ഇതിലും കടുപ്പമുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടത്രേ..

ഈ രംഗത്തുള്ള പെണ്‍കുട്ടികളോട് എനിക്ക് പറയാനുള്ളത് ,കിടപ്പിലായവരോട് കാണിക്കുന്ന കരുണ അങ്ങേയറ്റം പുണ്യകരമായ ഒരു പ്രവൃത്തിയാണ്‌.അത്തരം അവസ്ഥയിലുള്ളവരുടെ നിസ്സഹായാവസ്ഥ മുതലെടുക്കരുത്.

നെടുമുടി വേണു അഭിനയിച്ച ''തനിയെ" എന്ന സിനിമയില്‍ ലക്ഷ്മി ഗോപാല സ്വാമിയുടെ ഹോം നഴ്സിന്റെ റോള്‍ നമുക്ക് മറക്കാന്‍ പറ്റില്ല...അങ്ങിനെ ഒരു ഹോം നഴ്സ്‌ എവിടെയെങ്കിലും കാണുമോ..?

Wednesday, June 16, 2010

കുറച്ചു കച്ചറക്കാര്യം

നഗരത്തിലായാലും, ഗ്രാമത്തിലായാലും പരിഹരിക്കപ്പെടാതെ കിടക്കുന്ന ഒരു പ്രശ്നമാണ് ഇന്ന് മാലിന്യ നിര്‍മാര്‍ജനം.പൊതുവഴിയാണ് മിക്കവര്‍ക്കും വേസ്റ്റ് ബിന്‍.തോട് കണ്ടാല്‍ പെരുത്ത്‌ സന്തോഷം.പുഴകളെയും ആരും വെറുതെ വിടുന്ന മട്ടില്ല.
പ്ലാസ്റ്റിക് തന്നെയാണ് പ്രധാന വില്ലന്‍.
എം.മുകുന്ദന്‍ എഴുതി അനശ്വരമാക്കിയ ഞങ്ങളുടെ നാട്ടിലെ മയ്യഴിപ്പുഴ മലിനമാക്കുന്നതിനെതിരെ ഇതിനിടെ കുറെ ഒച്ചപ്പാടൊക്കെ കേട്ടിരുന്നു.മാലിന്യം സംസ്കരിക്കുന്നതിന് മുമ്പേ ജനങ്ങളുടെ മനസ്സ് സംസ്കരിക്കേണ്ടിയിരിക്കുന്നു.
ഇരുപതും,മുപ്പതും ചിലപ്പോള്‍ അതിലധികവും ലക്ഷങ്ങള്‍ ചിലവാക്കി വീട് പണിയാന്‍ നമ്മള്‍ മലയാളികള്‍ മുന്‍പന്തിയിലാണ്.എന്നാല്‍ ആ വീട്ടില്‍ വേസ്റ്റ് കളയാന്‍ ചെറിയ ഒരു കുഴിയെങ്കിലും ഉണ്ടാക്കാതിരിക്കാനും നമ്മള്‍ വമ്പന്‍മാരാണ്!
സംസ്കരിക്കപ്പെടാതെ കിടക്കുന്ന ഈ മാലിന്യത്തിന്റെ ഒരു ബൈ പ്രോഡക്റ്റ് അല്ലേ വര്‍ഷത്തില്‍ കേരളത്തില്‍ വിരുന്നു വന്നു വിറപ്പിക്കുന്ന പനി?
തൃശൂരില്‍ ഒരു വീട്ടില്‍ പോയപ്പോള്‍ ഉപയോഗിച്ച പ്ലാസ്റ്റിക് കവറുകള്‍ അവര്‍ പ്രത്യേകമായി പുറത്തു ഒരിടത്ത് സൂക്ഷിച്ചിരിക്കുന്നത് കണ്ടു.അത് ആള്‍ വന്നു കൊണ്ട് പോകുമത്രേ.ഈ രീതി കേരളത്തിലെ എല്ലാ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സ്വീകരിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു..
റോഡ്‌ നിര്‍മാണത്തിന് പ്ലാസ്റ്റിക് ഉപയോഗിച്ചതായും,അത് വിജയിച്ചതായും ഒക്കെ പത്രത്തില്‍ വായിച്ചിരുന്നു.അങ്ങിനെയാണെങ്കില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തില്‍ അതൊരു വലിയ വഴിത്തിരിവ് തന്നെയായിരിക്കും.പക്ഷെ എന്തോ,പിന്നീട് അതെപ്പറ്റി വേറെ വാര്‍ത്തയൊന്നും കണ്ടില്ല.
അത് പോലെ ആക്രിക്കച്ചവടക്കാര്‍ നമുക്ക് ചെയ്യുന്നത് എത്ര വലിയ ഉപകാരമാണ്..
നമ്മുടെ വീടുകളിലെ പൊട്ടിയതും, പൊളിഞ്ഞതുമായ സാധനങ്ങള്‍ കൊണ്ടുപോകുന്നത് വഴി ഒരു clutter free home ആണ് അവര്‍ വഴി നമുക്ക് കിട്ടുന്നത്.
അവരോടു സ്നേഹത്തോടെ ഇടപഴകുന്നതിനു പകരം ഈ വേണ്ടാത്ത സാധനങ്ങള്‍ക്ക് വേണ്ടി അവരോടു വിലപേശുന്ന വീട്ടമ്മമാരെ കണ്ടിട്ടുണ്ട്.
ഞങ്ങളുടെ ഏരിയയില്‍ ഇത്തരം സാധനങ്ങള്‍ collect ചെയ്യുന്നത് ഒരു ചെല്ലമ്മയാണ്.അവരുടെ ആ വലിയ ചാക്കില്‍ എല്ലാ സാധനങ്ങളും എടുത്തു വെക്കുന്നത് കാണുമ്പോള്‍ എന്‍റെ നെഞ്ചകത്ത് നിന്നും എന്തെല്ലോ ഒഴിഞ്ഞആശ്വാസമാണ്..

Wednesday, June 9, 2010

ഓര്‍മയിലിന്നും ഞെട്ടല്‍...

ഓര്‍ക്കുമ്പോള്‍ ചിരിച്ചു പോകുന്ന ഒരനുഭവം ഞാന്‍ ബ്ലോഗില്‍ എഴുതിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ എഴുതാനുദ്ദേശിക്കുന്നത് ഇപ്പോഴും ഓര്‍മയില്‍ ഞെട്ടലുണ്ടാക്കുന്ന ഒരു കാര്യമാണ്..

പതിവ് പോലെ ഞാനും കുട്ടികളും വേനലവധിക്ക് മസ്കറ്റില്‍ ഭര്‍ത്താവിന്റെ അടുത്ത് പോയതായിരുന്നു.മോള്‍ പത്താം ക്ലാസ്സിലേക്ക് ആയതിനാല്‍ അവള്‍ക്കു മെയ്‌ ആദ്യവാരം ക്ലാസ് തുടങ്ങും.അപ്പോഴേക്കും അവളെ നാട്ടിലേക്ക് വിടണം.ഏപ്രില്‍ മുതല്‍ അതിനു വേണ്ടി ഒരാളെ പരതുകയായിരുന്നു ഞങ്ങള്‍.പക്ഷെ ആരെയും കിട്ടിയില്ല.പിന്നെ എല്ലാവരും പറഞ്ഞു,''എന്തിനാ ഇങ്ങനെ ബേജാറാകുന്നത്?,കരിപ്പൂരിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റ് ആണല്ലോ.."എന്നും മറ്റും.ഞാനും വിചാരിച്ചു ശരിയാണല്ലോ,എയര്‍പോര്‍ട്ടില്‍ ആരെങ്കിലും കൂട്ടാന്‍ പോയാല്‍ മതിയല്ലോ എന്ന്.
അങ്ങിനെ പോകുന്ന ദിവസവുമെത്തി..
യാദൃച്ച്ചികമായി ഭര്‍ത്താവിന്റെ ഒരു സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ വെച്ച് കാണാനിടയായി.അയാളും ആ ഫ്ലൈറ്റില്‍ പോകുന്നുണ്ട്.മോളെ ശ്രദ്ധിക്കണമെന്ന് പറഞ്ഞേല്‍പ്പിക്കുകയും ചെയ്തു.
തിരിച്ചു വീട്ടിലെത്തി ഞാന്‍ ക്ലോക്കും നോക്കി നില്‍ക്കാന്‍ തുടങ്ങി..മോള്‍ എത്തിയ വിവരമറിയാന്‍.അഞ്ചു മണിയായപ്പോഴുണ്ട് എന്‍റെ ആങ്ങള കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും വിളിക്കുന്നു..
കാലാവസ്ഥ മോശമായതിനാല്‍ ഫ്ലൈറ്റ് മദ്രാസിലേക്ക് തിരിച്ചു വിട്ടത്രേ! പിറ്റേന്ന് രാവിലെ മാത്രമേ കരിപ്പൂരില്‍ എത്തുകയുള്ളൂവെന്നു..
ഇത് കേട്ടതും ഞാന്‍ കരച്ചിലോടു കരച്ചില്‍..അപ്പോഴത്തെ എന്‍റെ അവസ്ഥ വിവരിക്കാന്‍ എനിക്ക് ഇപ്പോഴും വാക്കുകള്‍ കിട്ടുന്നില്ല.തീയില്‍ പെട്ടത് പോലെ ഉരുകുകയായിരുന്നു ഞാന്‍..വിവരമറിഞ്ഞ് ബന്ധുക്കളൊക്കെ ഫോണില്‍ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.ഒരാളെ ഏല്‍പ്പിച്ചിരുന്നുവല്ലോ എന്ന് പറഞ്ഞു.
ചിലര്‍ 'ഇതെന്താ അവള്‍ മാത്രമാണോ ആ പ്ലൈനില്‍ ..' എന്ന് ചോദിച്ചു കൂടുതല്‍ വേദനിപ്പിച്ചു .
ഞാന്‍ ചിന്തിച്ചു കൊണ്ടിരുന്നത് വേറൊന്നായിരുന്നു,അന്ന് രാത്രി എന്‍റെ മോള്‍ ആരുടെ കൂടെ ഉറങ്ങും??എയര്‍ലൈന്‍സ്‌ എല്ലാ യാത്രക്കാര്‍ക്കും ഹോട്ടലില്‍ താമസ സൌകര്യമൊക്കെ കൊടുക്കും..പക്ഷെ,ഹോട്ടല്‍ റൂമില്‍ എന്‍റെ മോള്‍ ഒറ്റയ്ക്ക്..ആ ചിന്ത പോലും എന്നില്‍ വിറയലുണ്ടാക്കി.
ഭര്‍ത്താവ് ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ ഓഫിസിലെക്കോടി...ഹോട്ടല്‍ നമ്പര്‍ ഒപ്പിച്ചു.
അപ്പോഴുണ്ട് മൂപ്പര്‍ക്ക് ഒരാളുടെ ഫോണ്‍ വരുന്നു..'നിങ്ങളുടെ മോള്‍ എന്‍റെ സഹോദരിയുടെ കൂടെയുണ്ട്,ഒട്ടും പേടിക്കേണ്ട..''
ജീവിതത്തില്‍ അത്രയും മനസ്സ് തണുപ്പിച്ച ഒരു ഫോണ്‍ ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്..
ഞാന്‍ ആകെ എന്‍റെ ഉമ്മാന്റെ ഭാഷയില്‍ പറഞ്ഞാല്‍ ''തീയില്‍ നിന്നും തണ്ണീരില്‍'' വീണ പോലെയായി..ദൈവത്തിനു സ്തുതി.
പിന്നീട് ഞങ്ങള്‍ ഹോട്ടലില്‍ വിളിച്ചു മോളുമായി സംസാരിച്ചു.അതിനു ശേഷം ഭര്‍ത്താവിന്റെ സുഹൃത്തും ഫോണ്‍ ചെയ്തു വിവരങ്ങള്‍ പറഞ്ഞു.
ഒമാനിലെ ഏതോ ഒരു ഹോസ്പിറ്റലിലെ സുസന്‍ എന്ന് പേരായ ഒരു സിസ്റ്റര്‍ ആണ് അന്ന് എന്‍റെ മോള്‍ക്ക്‌ രക്ഷക്കെത്തിയത്..ആ പേര് ഞാന്‍ ഒരിക്കലും മറക്കില്ല.
എന്‍റെ ഏറ്റവും വലിയ സങ്കടം അന്ന് രണ്ടു തവണ ഞങ്ങള്‍ ഹോടലില്‍ വിളിച്ചിട്ടും അവരുമായി സംസാരിക്കാന്‍ കഴിഞ്ഞില്ല..എന്നുള്ളതാണ്.അവര്‍ ബാത്ത് റൂമിലോ മറ്റോ ആയിരുന്നു.
അവരുടെ സഹോദരനെയും പല തവണ ശ്രമിച്ചിട്ടും കിട്ടിയില്ല.
പിന്നീടു മോള്‍ പറഞ്ഞു, അവള്‍ ആകെ പരവശയായി മദ്രാസ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയപ്പോള്‍ ഈ സിസ്റ്റര്‍ അവളുടെ അടുത്ത് വന്നു വിവരങ്ങളന്യെഷിച്ചു കൂടെ കൂട്ടുകയായിരുന്നുവത്രേ..
പെണ്‍കുട്ടികളുള്ള അമ്മമാര്‍ക്ക് മനസ്സിലാവും അന്ന് ഞാനനുഭവിച്ച വേദനയും,പ്രയാസവും..

പ്രിയപ്പെട്ട സിസ്റ്റര്‍ സൂസന്‍.., ഈ പോസ്റ്റ്‌ നിങ്ങളെ ആദരിക്കാന്‍ വേണ്ടിയുള്ളതാണ്..നിങ്ങള്‍ ഇപ്പോള്‍ എവിടെയാണുള്ള തെന്നു എനിക്കറിയില്ല..