Wednesday, June 30, 2010

ഇതും ജീവിതം..

കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ മനസ്സ് വിങ്ങി നടക്കുന്നു..,ഹൃദയത്തിലും കനം..ഒന്ന് കരഞ്ഞിട്ടുപോലും ശരിയാകുന്നില്ല..

എന്താണെന്നല്ലേ..? ബെന്യാമിന്റെ ''ആടുജീവിതം'' എന്ന നോവല്‍ വായിച്ചതിന്റെ പരിണിതിയായിരുന്നു എല്ലാം.
പ്രിയപ്പെട്ട സുഹൃത്തുക്കളെ..,അത് കേവലമൊരു നോവല്‍ അല്ല.ഒരു പാവം യുവാവ് അനുഭവിച്ചു തീര്‍ത്ത ജീവിതമാണ്.
നിങ്ങളില്‍ പലരും ആ നോവല്‍ വായിച്ചിട്ടുണ്ടാവാം, ഇല്ലെങ്കില്‍ തീര്‍ച്ചയായും അത് വായിക്കണമെന്ന് ഞാന്‍ വിനയത്തോടെ പറയട്ടെ.
ഹക്കീമും,നജീബും എന്‍റെ മനസ്സില്‍ കിടന്നു നീറുകയാണ്..ഹക്കീമിന്റെ പിടച്ചില്‍ ഓര്‍ക്കുമ്പോള്‍ ഞാനും അറിയാതെ പിടഞ്ഞു പോകുന്നു..
ഇവിടെ ഇഷ്ടം പോലെ ഞാന്‍ വെള്ളം ഉപയോഗിക്കുമ്പോള്‍ ഒരു കുറച്ചു എങ്കിലും നജീബിന് കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു..

വായിച്ച എന്‍റെ അനുഭവം ഇതാണെങ്കില്‍ നോവലിസ്റ്റ്‌ എങ്ങിനെയായിരിക്കും ആ അവസ്ഥ തരണം ചെയ്തിരിക്കുക എന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്..?

അനുഭവസ്പര്‍ശമുള്ള പല കൃതികളും വായിച്ചിട്ടുണ്ട്.പക്ഷെ ഒരിക്കലും ഒരു കഥാപാത്രവും ഇങ്ങനെ മനസ്സില്‍ കടന്നു കൂടിയിട്ടില്ല..
ആട് ജീവിതത്തെപ്പറ്റി എനിക്കിനിയും ഒരുപാട് എഴുതണമെന്നുണ്ട്..പക്ഷെ ,ഇത് വായിക്കാത്തവരുണ്ടെങ്കില്‍ അവരുടെ വായനക്ക് ഭംഗം വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ചെറിയ ചെറിയ കാര്യങ്ങളുടെ പേരില്‍ ആധി പിടിക്കുന്നവരാണ് ഞാനടക്കമുള്ള നമ്മില്‍ പലരും.ഇതിലെ നജീബിന്റെ തീഷ്ണമായ അനുഭവങ്ങള്‍ അറിഞ്ഞാല്‍ നമ്മുടെ ആധിയൊക്കെ ആവിയായിപ്പോകും..

പരിമിതമായ ഭാഷ ജ്ഞാനം വെച്ച് നോക്കുമ്പോള്‍ നോവലിസ്റ്റ്‌നെ അഭിനന്ദിക്കാനുള്ള വാക്കുകള്‍ പോലും എന്‍റെ കൈവശമില്ല.

ഒരിക്കല്‍ക്കൂടി പറയുകയാണ്‌ ഈ കൃതി വായിക്കാത്തവരുണ്ടെങ്കില്‍ തീര്‍ച്ചയായും വായിക്കണം.പ്രവാസികളായ ബ്ലോഗ്ഗെര്‍മാര്‍ ഇത്തരം അവസ്ഥയില്‍ പെട്ടവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുകയും വേണം.

Monday, June 21, 2010

ഹോം(harm) നഴ്സ്

ഞാനും,എന്‍റെ ഭാര്യയും,ഒരു തട്ടാനും എന്ന മട്ടില്‍ കാര്യങ്ങള്‍ നീങ്ങുന്ന ഇക്കാലത്ത് സഹജീവികളിലൊരാള്‍ മുടങ്ങിപ്പോയാല്‍പ്പിന്നെ നമുക്കൊരു കൈ സഹായത്തിനു ഹോം നഴ്സിനെ വിളിക്കേണ്ടി വരുന്നു.അത് കൊണ്ട് തന്നെയാവാം നമ്മുടെ നാട്ടില്‍ ഹോം നഴ്സിംഗ് ഏജന്‍സി കൂണ് പോലെ മുളച്ചു പൊങ്ങുന്നതും .നഴ്സിംഗ് എന്നത് പേരില്‍ മാത്രമേ ഉള്ളൂ,അതിന്റെ ബാലപാഠങ്ങള്‍ പോലും അറിയാത്തവരാണ് ഭൂരിപക്ഷവും.

ഒരിക്കലെങ്കിലും ഹോം നഴ്സിനെ നിര്‍ത്തിയ അനുഭവമുണ്ടെങ്കില്‍ ആരും ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു പോകും ഇനി ഇവരെ വിളിക്കേണ്ട അവസ്ഥ വരുത്തല്ലേ എന്ന്..
ഇത് അതിശയോക്തി കലര്‍ത്തി പറയുകയല്ല,അവരില്‍ നിന്ന് തിക്താനുഭവങ്ങള്‍ ഏറ്റു വാങ്ങിയ ഒരു അനുഭവസ്ഥയാണ് ഞാന്‍.
എന്‍റെ എളാമ വീണു തുടയെല്ല് പൊട്ടി സര്‍ജറി ഒക്കെ വേണ്ടി വന്നപ്പോള്‍ എനിക്കും വിളിക്കേണ്ടി വന്നു ഒരു ഹോം നഴ്സിനെ.അത്യന്തം വിഷമകരമായ അവസ്ഥയില്‍ കിട്ടിയതിനാല്‍ ആ കുട്ടി പറയുന്നതെന്തും ഞാന്‍ അനുസരിച്ചു.കേബിള്‍ കണക്ഷന്‍ ഇല്ലാത്തതിനാല്‍ ആദ്യം തന്നെ മുഖമിരുണ്ടു.പിന്നെ പഴയ വനിതയെല്ലാം തപ്പിയെടുത്തു വായിക്കാന്‍ കൊടുത്തു പ്രസാദിപ്പിച്ചു.
മോളെ എന്നല്ലാതെ ഞാന്‍ വിളിക്കാറില്ലായിരുന്നു.കാരണം വീട്ടില്‍ മറ്റാരും ഇല്ലാത്ത ആ അവസ്ഥയില്‍ മനുഷ്യക്കോലമുള്ള ഒരുത്തി മതിയായിരുന്നു അന്നെനിക്ക്. ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്ന് കേട്ടിട്ടില്ലേ?
അങ്ങിനെ അവളുടെ ടേം പൂര്‍ത്തിയാകുന്നതിനു മുമ്പായി ഈസ്റ്റെര്‍ വന്നതിനാല്‍ രണ്ടു ദിവസത്തേക്ക് വീട്ടില്‍ പോകണമെന്ന് പറഞ്ഞു. ''രണ്ടു ദിവസം കൊണ്ട് തന്നെ വരണേ മോളെ .."എന്ന് വിനീതമായി അഭ്യര്‍ത്ഥിച്ചാണ് യാത്രയാക്കിയത്.
അവള്‍ പോയി കുറച്ചു കഴിഞ്ഞപ്പോഴുണ്ട്‌ ഏജന്‍സി യില്‍ നിന്ന് മാഡത്തിന്റെ ഫോണ്‍ വരുന്നു.
"ഇവളുടെ കോലമെന്താ ഇങ്ങനെ..?ഞാന്‍ എന്താ ഇവളുടെ പപ്പയോടും മമ്മിയോടും ഉത്തരം പറയുക?"
"അതിനു അവള്‍ക്കെന്തു പറ്റി മാഡം..?"
എന്നെക്കാള്‍ തടി മിടുക്കും സ്റ്റാമിനയുമുള്ള ആ കുട്ടിക്ക് എന്താണ് പറ്റിയതെന്നു അപ്പോഴും എനിക്ക് പിടികിട്ടിയില്ല.
പിന്നെയതാ അവര്‍ വ്യാജ ആരോപണങ്ങള്‍ നിരത്തുന്നു..സത്യത്തില്‍ അത് കേട്ട് ഞാന്‍ പൊട്ടിക്കരഞ്ഞു പോയി.

രണ്ടാഴ്ചത്തേക്ക് അവരുടെ യാതൊരു വിവരവുമില്ലായിരുന്നു.ഞങ്ങളുടെ പൈസ അത്രയും ദിവസത്തെത് അവരുടെ അടുത്ത് ബാക്കിയും കിടക്കുന്നു.
അതാ വരുന്നു ഒരു അമ്മിണിച്ചേച്ചി.(അപ്പോഴേക്കും എന്‍റെ എളാമ കുറെയൊക്കെ സുഖം പ്രാപിച്ചിരുന്നു.)
വളരെ friendly ആയിരുന്നു അവര്‍. അവര്‍ക്ക് ഞങ്ങളുടെ വീട്ടില്‍ പ്രത്യേകിച്ച് ജോലിയൊന്നുമില്ലായിരുന്നു.ദിവസം ഒപ്പിക്കാന്‍ നില്‍ക്കുന്നെന്ന് മാത്രം.എളാമാക്ക് ശേഷമാണ് അവര്‍ ഉണരുക!!എന്ത് പറയാനാ?
അങ്ങിനെ അവരും യാത്ര ആവാറായി..സന്തോഷത്തോടെ പോയി..
പിന്നെയല്ലേ കഥ..
മേശ വലിപ്പ് തുറക്കാന്‍ നോക്കിയപ്പോള്‍ താക്കോല്‍ കാണുന്നില്ല,പിന്നെ മനസ്സിലായി അത് പൂട്ടിയിരുന്നില്ല എന്ന്.അതിനുള്ളില്‍ നിന്ന് അഞ്ഞൂറ് രൂപയും,ഒരു സ്വര്‍ണത്തിന്റെ ലോക്കെറ്റും അപ്രത്യക്ഷമായിരിക്കുന്നു!
ഞാനുടനെ ഏജന്‍സിയില്‍ വിളിച്ചു.അവര്‍ കൂള്‍ ആയി പറഞ്ഞു ''ആ സ്ത്രീ നാട്ടിലേക്ക് പോയി,നിങ്ങള്‍ക്കെന്താ അവരുടെ ബാഗ്‌ നോക്കിക്കൂടായിരുന്നോ..?"
പിന്നീട് എന്‍റെ ഈ ദുരനുഭവങ്ങള്‍ അയല്‍ക്കാരുമായി പങ്കുവെച്ചപ്പോള്‍ ''കടിച്ചതിനേക്കാള്‍ വലിയത് മാളത്തില്‍'' എന്നാണു മനസ്സിലായത്‌..കാരണം മറ്റു പലര്‍ക്കും ഇതിലും കടുപ്പമുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടത്രേ..

ഈ രംഗത്തുള്ള പെണ്‍കുട്ടികളോട് എനിക്ക് പറയാനുള്ളത് ,കിടപ്പിലായവരോട് കാണിക്കുന്ന കരുണ അങ്ങേയറ്റം പുണ്യകരമായ ഒരു പ്രവൃത്തിയാണ്‌.അത്തരം അവസ്ഥയിലുള്ളവരുടെ നിസ്സഹായാവസ്ഥ മുതലെടുക്കരുത്.

നെടുമുടി വേണു അഭിനയിച്ച ''തനിയെ" എന്ന സിനിമയില്‍ ലക്ഷ്മി ഗോപാല സ്വാമിയുടെ ഹോം നഴ്സിന്റെ റോള്‍ നമുക്ക് മറക്കാന്‍ പറ്റില്ല...അങ്ങിനെ ഒരു ഹോം നഴ്സ്‌ എവിടെയെങ്കിലും കാണുമോ..?

Wednesday, June 16, 2010

കുറച്ചു കച്ചറക്കാര്യം

നഗരത്തിലായാലും, ഗ്രാമത്തിലായാലും പരിഹരിക്കപ്പെടാതെ കിടക്കുന്ന ഒരു പ്രശ്നമാണ് ഇന്ന് മാലിന്യ നിര്‍മാര്‍ജനം.പൊതുവഴിയാണ് മിക്കവര്‍ക്കും വേസ്റ്റ് ബിന്‍.തോട് കണ്ടാല്‍ പെരുത്ത്‌ സന്തോഷം.പുഴകളെയും ആരും വെറുതെ വിടുന്ന മട്ടില്ല.
പ്ലാസ്റ്റിക് തന്നെയാണ് പ്രധാന വില്ലന്‍.
എം.മുകുന്ദന്‍ എഴുതി അനശ്വരമാക്കിയ ഞങ്ങളുടെ നാട്ടിലെ മയ്യഴിപ്പുഴ മലിനമാക്കുന്നതിനെതിരെ ഇതിനിടെ കുറെ ഒച്ചപ്പാടൊക്കെ കേട്ടിരുന്നു.മാലിന്യം സംസ്കരിക്കുന്നതിന് മുമ്പേ ജനങ്ങളുടെ മനസ്സ് സംസ്കരിക്കേണ്ടിയിരിക്കുന്നു.
ഇരുപതും,മുപ്പതും ചിലപ്പോള്‍ അതിലധികവും ലക്ഷങ്ങള്‍ ചിലവാക്കി വീട് പണിയാന്‍ നമ്മള്‍ മലയാളികള്‍ മുന്‍പന്തിയിലാണ്.എന്നാല്‍ ആ വീട്ടില്‍ വേസ്റ്റ് കളയാന്‍ ചെറിയ ഒരു കുഴിയെങ്കിലും ഉണ്ടാക്കാതിരിക്കാനും നമ്മള്‍ വമ്പന്‍മാരാണ്!
സംസ്കരിക്കപ്പെടാതെ കിടക്കുന്ന ഈ മാലിന്യത്തിന്റെ ഒരു ബൈ പ്രോഡക്റ്റ് അല്ലേ വര്‍ഷത്തില്‍ കേരളത്തില്‍ വിരുന്നു വന്നു വിറപ്പിക്കുന്ന പനി?
തൃശൂരില്‍ ഒരു വീട്ടില്‍ പോയപ്പോള്‍ ഉപയോഗിച്ച പ്ലാസ്റ്റിക് കവറുകള്‍ അവര്‍ പ്രത്യേകമായി പുറത്തു ഒരിടത്ത് സൂക്ഷിച്ചിരിക്കുന്നത് കണ്ടു.അത് ആള്‍ വന്നു കൊണ്ട് പോകുമത്രേ.ഈ രീതി കേരളത്തിലെ എല്ലാ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സ്വീകരിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു..
റോഡ്‌ നിര്‍മാണത്തിന് പ്ലാസ്റ്റിക് ഉപയോഗിച്ചതായും,അത് വിജയിച്ചതായും ഒക്കെ പത്രത്തില്‍ വായിച്ചിരുന്നു.അങ്ങിനെയാണെങ്കില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തില്‍ അതൊരു വലിയ വഴിത്തിരിവ് തന്നെയായിരിക്കും.പക്ഷെ എന്തോ,പിന്നീട് അതെപ്പറ്റി വേറെ വാര്‍ത്തയൊന്നും കണ്ടില്ല.
അത് പോലെ ആക്രിക്കച്ചവടക്കാര്‍ നമുക്ക് ചെയ്യുന്നത് എത്ര വലിയ ഉപകാരമാണ്..
നമ്മുടെ വീടുകളിലെ പൊട്ടിയതും, പൊളിഞ്ഞതുമായ സാധനങ്ങള്‍ കൊണ്ടുപോകുന്നത് വഴി ഒരു clutter free home ആണ് അവര്‍ വഴി നമുക്ക് കിട്ടുന്നത്.
അവരോടു സ്നേഹത്തോടെ ഇടപഴകുന്നതിനു പകരം ഈ വേണ്ടാത്ത സാധനങ്ങള്‍ക്ക് വേണ്ടി അവരോടു വിലപേശുന്ന വീട്ടമ്മമാരെ കണ്ടിട്ടുണ്ട്.
ഞങ്ങളുടെ ഏരിയയില്‍ ഇത്തരം സാധനങ്ങള്‍ collect ചെയ്യുന്നത് ഒരു ചെല്ലമ്മയാണ്.അവരുടെ ആ വലിയ ചാക്കില്‍ എല്ലാ സാധനങ്ങളും എടുത്തു വെക്കുന്നത് കാണുമ്പോള്‍ എന്‍റെ നെഞ്ചകത്ത് നിന്നും എന്തെല്ലോ ഒഴിഞ്ഞആശ്വാസമാണ്..

Wednesday, June 9, 2010

ഓര്‍മയിലിന്നും ഞെട്ടല്‍...

ഓര്‍ക്കുമ്പോള്‍ ചിരിച്ചു പോകുന്ന ഒരനുഭവം ഞാന്‍ ബ്ലോഗില്‍ എഴുതിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ എഴുതാനുദ്ദേശിക്കുന്നത് ഇപ്പോഴും ഓര്‍മയില്‍ ഞെട്ടലുണ്ടാക്കുന്ന ഒരു കാര്യമാണ്..

പതിവ് പോലെ ഞാനും കുട്ടികളും വേനലവധിക്ക് മസ്കറ്റില്‍ ഭര്‍ത്താവിന്റെ അടുത്ത് പോയതായിരുന്നു.മോള്‍ പത്താം ക്ലാസ്സിലേക്ക് ആയതിനാല്‍ അവള്‍ക്കു മെയ്‌ ആദ്യവാരം ക്ലാസ് തുടങ്ങും.അപ്പോഴേക്കും അവളെ നാട്ടിലേക്ക് വിടണം.ഏപ്രില്‍ മുതല്‍ അതിനു വേണ്ടി ഒരാളെ പരതുകയായിരുന്നു ഞങ്ങള്‍.പക്ഷെ ആരെയും കിട്ടിയില്ല.പിന്നെ എല്ലാവരും പറഞ്ഞു,''എന്തിനാ ഇങ്ങനെ ബേജാറാകുന്നത്?,കരിപ്പൂരിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റ് ആണല്ലോ.."എന്നും മറ്റും.ഞാനും വിചാരിച്ചു ശരിയാണല്ലോ,എയര്‍പോര്‍ട്ടില്‍ ആരെങ്കിലും കൂട്ടാന്‍ പോയാല്‍ മതിയല്ലോ എന്ന്.
അങ്ങിനെ പോകുന്ന ദിവസവുമെത്തി..
യാദൃച്ച്ചികമായി ഭര്‍ത്താവിന്റെ ഒരു സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ വെച്ച് കാണാനിടയായി.അയാളും ആ ഫ്ലൈറ്റില്‍ പോകുന്നുണ്ട്.മോളെ ശ്രദ്ധിക്കണമെന്ന് പറഞ്ഞേല്‍പ്പിക്കുകയും ചെയ്തു.
തിരിച്ചു വീട്ടിലെത്തി ഞാന്‍ ക്ലോക്കും നോക്കി നില്‍ക്കാന്‍ തുടങ്ങി..മോള്‍ എത്തിയ വിവരമറിയാന്‍.അഞ്ചു മണിയായപ്പോഴുണ്ട് എന്‍റെ ആങ്ങള കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും വിളിക്കുന്നു..
കാലാവസ്ഥ മോശമായതിനാല്‍ ഫ്ലൈറ്റ് മദ്രാസിലേക്ക് തിരിച്ചു വിട്ടത്രേ! പിറ്റേന്ന് രാവിലെ മാത്രമേ കരിപ്പൂരില്‍ എത്തുകയുള്ളൂവെന്നു..
ഇത് കേട്ടതും ഞാന്‍ കരച്ചിലോടു കരച്ചില്‍..അപ്പോഴത്തെ എന്‍റെ അവസ്ഥ വിവരിക്കാന്‍ എനിക്ക് ഇപ്പോഴും വാക്കുകള്‍ കിട്ടുന്നില്ല.തീയില്‍ പെട്ടത് പോലെ ഉരുകുകയായിരുന്നു ഞാന്‍..വിവരമറിഞ്ഞ് ബന്ധുക്കളൊക്കെ ഫോണില്‍ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.ഒരാളെ ഏല്‍പ്പിച്ചിരുന്നുവല്ലോ എന്ന് പറഞ്ഞു.
ചിലര്‍ 'ഇതെന്താ അവള്‍ മാത്രമാണോ ആ പ്ലൈനില്‍ ..' എന്ന് ചോദിച്ചു കൂടുതല്‍ വേദനിപ്പിച്ചു .
ഞാന്‍ ചിന്തിച്ചു കൊണ്ടിരുന്നത് വേറൊന്നായിരുന്നു,അന്ന് രാത്രി എന്‍റെ മോള്‍ ആരുടെ കൂടെ ഉറങ്ങും??എയര്‍ലൈന്‍സ്‌ എല്ലാ യാത്രക്കാര്‍ക്കും ഹോട്ടലില്‍ താമസ സൌകര്യമൊക്കെ കൊടുക്കും..പക്ഷെ,ഹോട്ടല്‍ റൂമില്‍ എന്‍റെ മോള്‍ ഒറ്റയ്ക്ക്..ആ ചിന്ത പോലും എന്നില്‍ വിറയലുണ്ടാക്കി.
ഭര്‍ത്താവ് ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ ഓഫിസിലെക്കോടി...ഹോട്ടല്‍ നമ്പര്‍ ഒപ്പിച്ചു.
അപ്പോഴുണ്ട് മൂപ്പര്‍ക്ക് ഒരാളുടെ ഫോണ്‍ വരുന്നു..'നിങ്ങളുടെ മോള്‍ എന്‍റെ സഹോദരിയുടെ കൂടെയുണ്ട്,ഒട്ടും പേടിക്കേണ്ട..''
ജീവിതത്തില്‍ അത്രയും മനസ്സ് തണുപ്പിച്ച ഒരു ഫോണ്‍ ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്..
ഞാന്‍ ആകെ എന്‍റെ ഉമ്മാന്റെ ഭാഷയില്‍ പറഞ്ഞാല്‍ ''തീയില്‍ നിന്നും തണ്ണീരില്‍'' വീണ പോലെയായി..ദൈവത്തിനു സ്തുതി.
പിന്നീട് ഞങ്ങള്‍ ഹോട്ടലില്‍ വിളിച്ചു മോളുമായി സംസാരിച്ചു.അതിനു ശേഷം ഭര്‍ത്താവിന്റെ സുഹൃത്തും ഫോണ്‍ ചെയ്തു വിവരങ്ങള്‍ പറഞ്ഞു.
ഒമാനിലെ ഏതോ ഒരു ഹോസ്പിറ്റലിലെ സുസന്‍ എന്ന് പേരായ ഒരു സിസ്റ്റര്‍ ആണ് അന്ന് എന്‍റെ മോള്‍ക്ക്‌ രക്ഷക്കെത്തിയത്..ആ പേര് ഞാന്‍ ഒരിക്കലും മറക്കില്ല.
എന്‍റെ ഏറ്റവും വലിയ സങ്കടം അന്ന് രണ്ടു തവണ ഞങ്ങള്‍ ഹോടലില്‍ വിളിച്ചിട്ടും അവരുമായി സംസാരിക്കാന്‍ കഴിഞ്ഞില്ല..എന്നുള്ളതാണ്.അവര്‍ ബാത്ത് റൂമിലോ മറ്റോ ആയിരുന്നു.
അവരുടെ സഹോദരനെയും പല തവണ ശ്രമിച്ചിട്ടും കിട്ടിയില്ല.
പിന്നീടു മോള്‍ പറഞ്ഞു, അവള്‍ ആകെ പരവശയായി മദ്രാസ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയപ്പോള്‍ ഈ സിസ്റ്റര്‍ അവളുടെ അടുത്ത് വന്നു വിവരങ്ങളന്യെഷിച്ചു കൂടെ കൂട്ടുകയായിരുന്നുവത്രേ..
പെണ്‍കുട്ടികളുള്ള അമ്മമാര്‍ക്ക് മനസ്സിലാവും അന്ന് ഞാനനുഭവിച്ച വേദനയും,പ്രയാസവും..

പ്രിയപ്പെട്ട സിസ്റ്റര്‍ സൂസന്‍.., ഈ പോസ്റ്റ്‌ നിങ്ങളെ ആദരിക്കാന്‍ വേണ്ടിയുള്ളതാണ്..നിങ്ങള്‍ ഇപ്പോള്‍ എവിടെയാണുള്ള തെന്നു എനിക്കറിയില്ല..

Sunday, June 6, 2010

കുരങ്ങിന്റെ കൈയിലെ പൂമാല

നമ്മള്‍ മലയാളികള്‍ ചന്ദ്രനില്‍ പോയി തട്ടുകട തുടങ്ങാനൊക്കെ പ്രാപ്തിയുള്ളവരാണെന്നാണ് പരക്കെയുള്ള വിശ്വാസം.(നമ്മുടെ വിശ്വാസം നമ്മെ രക്ഷിക്കട്ടെ!)
അതെ പോലെ ലോകത്തിലെ ഏതു കോണിലും ഒരു മലയാളി കാണും എന്നുള്ളതും വേറൊരു വാസ്തവം..
കോണ്‍ എന്ന് പറയുമ്പോള്‍ എല്ലാ കോണിലും ഒളിഞ്ഞിരുന്നു മറ്റുള്ളവരുടെ സ്വകാര്യതകള്‍ കാണുക എന്നതാണ് ഇന്ന് മലയാളിയുടെ ഒരു പ്രധാന ഹോബി!
ആധുനിക സാങ്കേതിക വിദ്യ കൊണ്ട് എത്ര പുരോഗതിയുണ്ടായോ, അത്ര കണ്ടു അത് ദുരുപയോഗം കൊണ്ട് അധോഗതിയിലേക്കും നയിക്കുന്നു.
ഇന്നത്തെ കാലത്ത് ഇന്റര്‍നെറ്റും,മൊബൈല്‍ ഫോണും ഒക്കെ ഒരത്യാവശ്യ ഘടകമാണ് ഭൂരിപക്ഷത്തിനും.എന്നാല്‍ അതുപയോഗിച്ചു എങ്ങിനെയൊക്കെ ചീത്ത കാര്യങ്ങള്‍ ചെയ്യാം എന്നതില്‍ മലയാളികള്‍ ഗവേഷണം തന്നെ നടത്തുന്നുണ്ട് എന്ന് തോന്നുന്നു.കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ അങ്ങിനെ ചിന്തിക്കാനാണ് എന്നെ പ്രേരിപ്പിക്കുന്നത്.
മിക്ക കേസുകളിലും കാണും പ്രതിപ്പട്ടികയില്‍ ഇന്റര്‍നെറ്റും,മൊബൈലും.
അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് പച്ചക്കറിയും അരിയാം,ആളെയും കുത്താം എന്ന ഒരവസ്ഥ വരരുത്.
പെണ്‍കുട്ടികളുടെ മുഖത്തിന്റെ ഒരു തുണ്ട് കിട്ടിയാല്‍ മതി,പിന്നെ അതുപയോഗിച്ചു ഒരു ചിത്രം നിര്‍മിക്കാന്‍ പൂനെ ഫിലിം ഇന്സ്ടിട്യുട്ടില്‍ ഒന്നും പോയി പഠിക്കേണ്ട ഇപ്പോഴത്തെ പിള്ളേര്‍ക്ക്.

ടെക്നോളജി ഇവിടെ കുരങ്ങന്റെ കൈയിലെ പൂമാലയായി മാറുന്നതാണ് നാം കാണുന്നത്.
നമ്മുടെ മക്കളെ ദൈവം കാത്തു രക്ഷിക്കുമാറാകട്ടെ..

Friday, June 4, 2010

ഉള്ളുലച്ചത്

ചിക്കന്‍ ആല കാര്‍ടെ എന്ന ഹൃസ്വ ചിത്രം നല്‍കിയ ഷോക്കില്‍ നിന്ന് ഞാന്‍ മുക്തമാകുന്നേയുള്ളൂ.
വെറും ആറ് മിനിട്ടും ഒന്‍പതു സെക്കന്ടും മാത്രം നീണ്ടു നില്‍ക്കുന്ന ആ ചിത്രം ആരെയും പിടിച്ചുലക്കും.
ഇന്നത്തെ അടിച്ചു പൊളി തലമുറ നിര്‍ബന്ധമായും ചിക്കന്‍ ആല കാര്‍ ടെ കാണേണ്ടിയിരിക്കുന്നു.കാരണം ,അവര്‍ ജങ്ക് ഫുഡ് ഔട്ട് ലെറ്റുകളില്‍ വേസ്റ്റ് ആക്കുന്നത് കഴിക്കാന്‍ വലിയൊരു വിഭാഗം കാത്തിരിക്കുന്നുണ്ട് എന്നുള്ള കയ്ക്കുന്ന സത്യം അവരറിയേണ്ടതുണ്ട്.പിറ്റേന്നും ഈ ഭക്ഷണം കിട്ടണേ എന്ന പ്രാര്‍ത്ഥനയോടെയാണ് ആവേശത്തോടെ,ആര്‍ത്തിയോടെ ആ വിഭാഗം വേസ്റ്റ് കഴിക്കുന്നത്‌..
ഈ ലോകത്ത് ദിവസവും 25000 ആളുകള്‍ പട്ടിണിയാല്‍ മരിക്കുന്നുണ്ട് എന്ന സത്യം അറിയിച്ചു കൊണ്ട് ഫിലിം അവസാനിക്കുന്നു.ഏതു കഠിന ഹൃദയനും ഈ ചിത്രം കണ്ടാല്‍ ഒന്ന് വിങ്ങിപ്പോകും.
വലിയ സിറ്റികളില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടെലുകളില്‍ നിന്നുള്ള ലെഫ്റ്റ് ഓവര്‍ ചേരികളില്‍ വിതരണം ചെയ്യുന്ന organizations ഉണ്ടെന്നു കേട്ടിട്ടുണ്ട്.ശരിക്കും അത്തരം കൂട്ടങ്ങള്‍ എല്ലാ സ്ഥലത്തും ഉണ്ടാവേണ്ടിയിരിക്കുന്നു.
ഞാനോര്‍ക്കുകയാണ്..എന്‍റെ ഈ കൊച്ചു പഞ്ചായത്തില്‍ പോലും വിവാഹ,സല്‍കാര വേളകളില്‍ എത്ര എത്ര
ഭകഷ്യ മേളകളാണ് അരങ്ങേറുന്നത്..എത്ര ഭക്ഷണമാണ് കളയുന്നത്.
ജീവിക്കാന്‍ വേണ്ടി തിന്നുക,തിന്നാന്‍ വേണ്ടി ജീവിക്കരുത്..