Monday, June 21, 2010

ഹോം(harm) നഴ്സ്

ഞാനും,എന്‍റെ ഭാര്യയും,ഒരു തട്ടാനും എന്ന മട്ടില്‍ കാര്യങ്ങള്‍ നീങ്ങുന്ന ഇക്കാലത്ത് സഹജീവികളിലൊരാള്‍ മുടങ്ങിപ്പോയാല്‍പ്പിന്നെ നമുക്കൊരു കൈ സഹായത്തിനു ഹോം നഴ്സിനെ വിളിക്കേണ്ടി വരുന്നു.അത് കൊണ്ട് തന്നെയാവാം നമ്മുടെ നാട്ടില്‍ ഹോം നഴ്സിംഗ് ഏജന്‍സി കൂണ് പോലെ മുളച്ചു പൊങ്ങുന്നതും .നഴ്സിംഗ് എന്നത് പേരില്‍ മാത്രമേ ഉള്ളൂ,അതിന്റെ ബാലപാഠങ്ങള്‍ പോലും അറിയാത്തവരാണ് ഭൂരിപക്ഷവും.

ഒരിക്കലെങ്കിലും ഹോം നഴ്സിനെ നിര്‍ത്തിയ അനുഭവമുണ്ടെങ്കില്‍ ആരും ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു പോകും ഇനി ഇവരെ വിളിക്കേണ്ട അവസ്ഥ വരുത്തല്ലേ എന്ന്..
ഇത് അതിശയോക്തി കലര്‍ത്തി പറയുകയല്ല,അവരില്‍ നിന്ന് തിക്താനുഭവങ്ങള്‍ ഏറ്റു വാങ്ങിയ ഒരു അനുഭവസ്ഥയാണ് ഞാന്‍.
എന്‍റെ എളാമ വീണു തുടയെല്ല് പൊട്ടി സര്‍ജറി ഒക്കെ വേണ്ടി വന്നപ്പോള്‍ എനിക്കും വിളിക്കേണ്ടി വന്നു ഒരു ഹോം നഴ്സിനെ.അത്യന്തം വിഷമകരമായ അവസ്ഥയില്‍ കിട്ടിയതിനാല്‍ ആ കുട്ടി പറയുന്നതെന്തും ഞാന്‍ അനുസരിച്ചു.കേബിള്‍ കണക്ഷന്‍ ഇല്ലാത്തതിനാല്‍ ആദ്യം തന്നെ മുഖമിരുണ്ടു.പിന്നെ പഴയ വനിതയെല്ലാം തപ്പിയെടുത്തു വായിക്കാന്‍ കൊടുത്തു പ്രസാദിപ്പിച്ചു.
മോളെ എന്നല്ലാതെ ഞാന്‍ വിളിക്കാറില്ലായിരുന്നു.കാരണം വീട്ടില്‍ മറ്റാരും ഇല്ലാത്ത ആ അവസ്ഥയില്‍ മനുഷ്യക്കോലമുള്ള ഒരുത്തി മതിയായിരുന്നു അന്നെനിക്ക്. ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്ന് കേട്ടിട്ടില്ലേ?
അങ്ങിനെ അവളുടെ ടേം പൂര്‍ത്തിയാകുന്നതിനു മുമ്പായി ഈസ്റ്റെര്‍ വന്നതിനാല്‍ രണ്ടു ദിവസത്തേക്ക് വീട്ടില്‍ പോകണമെന്ന് പറഞ്ഞു. ''രണ്ടു ദിവസം കൊണ്ട് തന്നെ വരണേ മോളെ .."എന്ന് വിനീതമായി അഭ്യര്‍ത്ഥിച്ചാണ് യാത്രയാക്കിയത്.
അവള്‍ പോയി കുറച്ചു കഴിഞ്ഞപ്പോഴുണ്ട്‌ ഏജന്‍സി യില്‍ നിന്ന് മാഡത്തിന്റെ ഫോണ്‍ വരുന്നു.
"ഇവളുടെ കോലമെന്താ ഇങ്ങനെ..?ഞാന്‍ എന്താ ഇവളുടെ പപ്പയോടും മമ്മിയോടും ഉത്തരം പറയുക?"
"അതിനു അവള്‍ക്കെന്തു പറ്റി മാഡം..?"
എന്നെക്കാള്‍ തടി മിടുക്കും സ്റ്റാമിനയുമുള്ള ആ കുട്ടിക്ക് എന്താണ് പറ്റിയതെന്നു അപ്പോഴും എനിക്ക് പിടികിട്ടിയില്ല.
പിന്നെയതാ അവര്‍ വ്യാജ ആരോപണങ്ങള്‍ നിരത്തുന്നു..സത്യത്തില്‍ അത് കേട്ട് ഞാന്‍ പൊട്ടിക്കരഞ്ഞു പോയി.

രണ്ടാഴ്ചത്തേക്ക് അവരുടെ യാതൊരു വിവരവുമില്ലായിരുന്നു.ഞങ്ങളുടെ പൈസ അത്രയും ദിവസത്തെത് അവരുടെ അടുത്ത് ബാക്കിയും കിടക്കുന്നു.
അതാ വരുന്നു ഒരു അമ്മിണിച്ചേച്ചി.(അപ്പോഴേക്കും എന്‍റെ എളാമ കുറെയൊക്കെ സുഖം പ്രാപിച്ചിരുന്നു.)
വളരെ friendly ആയിരുന്നു അവര്‍. അവര്‍ക്ക് ഞങ്ങളുടെ വീട്ടില്‍ പ്രത്യേകിച്ച് ജോലിയൊന്നുമില്ലായിരുന്നു.ദിവസം ഒപ്പിക്കാന്‍ നില്‍ക്കുന്നെന്ന് മാത്രം.എളാമാക്ക് ശേഷമാണ് അവര്‍ ഉണരുക!!എന്ത് പറയാനാ?
അങ്ങിനെ അവരും യാത്ര ആവാറായി..സന്തോഷത്തോടെ പോയി..
പിന്നെയല്ലേ കഥ..
മേശ വലിപ്പ് തുറക്കാന്‍ നോക്കിയപ്പോള്‍ താക്കോല്‍ കാണുന്നില്ല,പിന്നെ മനസ്സിലായി അത് പൂട്ടിയിരുന്നില്ല എന്ന്.അതിനുള്ളില്‍ നിന്ന് അഞ്ഞൂറ് രൂപയും,ഒരു സ്വര്‍ണത്തിന്റെ ലോക്കെറ്റും അപ്രത്യക്ഷമായിരിക്കുന്നു!
ഞാനുടനെ ഏജന്‍സിയില്‍ വിളിച്ചു.അവര്‍ കൂള്‍ ആയി പറഞ്ഞു ''ആ സ്ത്രീ നാട്ടിലേക്ക് പോയി,നിങ്ങള്‍ക്കെന്താ അവരുടെ ബാഗ്‌ നോക്കിക്കൂടായിരുന്നോ..?"
പിന്നീട് എന്‍റെ ഈ ദുരനുഭവങ്ങള്‍ അയല്‍ക്കാരുമായി പങ്കുവെച്ചപ്പോള്‍ ''കടിച്ചതിനേക്കാള്‍ വലിയത് മാളത്തില്‍'' എന്നാണു മനസ്സിലായത്‌..കാരണം മറ്റു പലര്‍ക്കും ഇതിലും കടുപ്പമുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടത്രേ..

ഈ രംഗത്തുള്ള പെണ്‍കുട്ടികളോട് എനിക്ക് പറയാനുള്ളത് ,കിടപ്പിലായവരോട് കാണിക്കുന്ന കരുണ അങ്ങേയറ്റം പുണ്യകരമായ ഒരു പ്രവൃത്തിയാണ്‌.അത്തരം അവസ്ഥയിലുള്ളവരുടെ നിസ്സഹായാവസ്ഥ മുതലെടുക്കരുത്.

നെടുമുടി വേണു അഭിനയിച്ച ''തനിയെ" എന്ന സിനിമയില്‍ ലക്ഷ്മി ഗോപാല സ്വാമിയുടെ ഹോം നഴ്സിന്റെ റോള്‍ നമുക്ക് മറക്കാന്‍ പറ്റില്ല...അങ്ങിനെ ഒരു ഹോം നഴ്സ്‌ എവിടെയെങ്കിലും കാണുമോ..?

14 comments:

 1. സോറി ട്ടോ മെയ്‌ഫ്ലവര്‍, തിരക്കായത് കൊണ്ടാണ് പിന്നെ വരാന്‍ പറ്റാതിരുന്നത്‌.
  ഹോം നേഴ്സിനെ ക്കുറിച്ചുള്ള ഈ കുറിപ്പ്, അക്ഷരാര്‍ത്ഥത്തില്‍ ഒരു സത്യം തന്നെയാണ്.
  ഇന്ന്, ഇങ്ങിനെ ഹോം നേഴ്സ് എന്ന പേരില്‍ വരുന്ന പലര്‍ക്കും നേഴ്സ് എന്നതിന്റെ അര്‍ഥം പോലും അറിയില്ല. ഒരു വീട്ടുജോലിക്കാരി എന്നതിനപ്പുറം ഒന്നും അറിയില്ലയെങ്കിലും അവരുടെ ഡിമാന്‍ഡുകള്‍ ഭയങ്കരമാണ്. ഇതൊക്കെ സമ്മതിച്ചും നിര്‍ത്തിയാല്‍, അവരുടെ ഇഷ്ടത്തിന്, ഭയന്നും മറ്റും കഴിയുകയും വേണം.ഇതിനൊക്കെ കാരണം, നമ്മള്‍ തന്നെയല്ലേ....?? നമ്മുടെ സ്വാര്‍ത്ഥത,എനിക്ക് നീയും നിനക്ക് ഞാനും മതി എന്നത്.....

  ReplyDelete
 2. അതെ കുഞ്ഞൂസ്,ഈ കാലഘട്ടത്തിന്റെ ശാപമാണിത്..
  എന്ത് ചെയ്യും..?

  ReplyDelete
 3. പറ്റിപ്പുകളുടെ ലോകത്ത് നാം ആരോട് പരാതി പറയും. ദാ ഇന്നു വാർത്ത വന്നു നെഴ്മാരെ കയറ്റി വിദേശത്തയച്ച് ചൂഷണം ചെയ്യുന്ന റാക്കറ്റിനെ കുറിച്ച്.

  മഴത്തുള്ളിക്കിലുക്കം എന്ന സിനിമയിൽ ഹോ നേഴ്സില്ലേ.

  ബിജു.സി.പി.യുടെ ഒരു ഹോം നേഴ്സിന്റെ ആത്മകഥ എന്ന കഥ വായിച്ചിട്ടുണ്ടോ?(ചരക്ക് എന്ന സമാഹാരത്തിൽ)

  ReplyDelete
 4. എനിക്ക് നേരിട്ട് അനുഭവം ഇല്ല. എന്റെ അച്ഛന്‍ ഈ കഴിഞ്ഞ മാര്‍ച്ചില്‍ മരിക്കുന്നതിനു മുന്‍പ് ഒരു ഹോം നഴ്സിനെ വച്ചിരുന്നു. 5000 രൂപയും ചിലവും.അതായിരുന്നു. -- അതായിരുന്നു നിബന്ധന. മൂക്കിലൂടെ ട്യൂബ് വെച്ചിരുന്ന അച്ഛന്റെ ട്യൂബ് മാറ്റാനോ, അത് ക്ലീന്‍ ചെയ്യാനോ അറിയാത്ത ഒരു ചെറുപ്പക്കാരി ആയിരുന്നു നഴ്സ് ..രാത്രി രണ്ടു മണിക്ക് മൊബൈല്‍ എസ എം എസ വരുന്നു...അതിനു മറുപടി അയക്കുന്നു... അച്ഛനെ ഒന്ന് തിരിച്ചു കിടത്തുന്ന സമയത്ത് അതാ വരുന്നു ഒരു ഫോണ്‍ കാള്‍..."അയ്യോ, ചേച്ചീ, ഇതാ വരുന്നേ"...അവള്‍ പോകുന്നു.....എസ എം എസ വരുന്ന മെസേജ് അനിയന്റെ മകളെക്കൊണ്ട് വായിപ്പിക്കുന്നു...അത് പുറത്തു പറയാന്‍ കൊള്ളാത്ത മെസ്സേജ് ആയിരുന്നു അത്രേ .... ഒന്നര മാസം വീട്ടില്‍ നിര്‍ത്തിയതിനു ശേഷം അനിയന്റെ ഭാര്യ "ബൈ" പറഞ്ഞു നഴ്സിനെ യാത്രയാക്കുന്നു....ഇതാണ് ഒരു അനുഭവം.
  എല്ലാ നഴ്സുകളും ഇത് പോലെ ആകണമെന്നില്ല ...എന്നാലും ഒരു അനുഭവക്കുറിപ്പ് അറിയിച്ചു എന്ന് മാത്രം

  ReplyDelete
 5. ഞാന്‍ ഈ അഭിപ്രായങ്ങളെ തിരുത്തുന്നു. നല്ലവരും കൂട്ടത്തില്‍ ഉണ്ടെന്നു പറയാതെ തരമില്ലല്ലോ? എന്റെ അനുഭവം അതാണ്. എന്റെ ഉമ്മ സുഖമില്ലാതെ ആസ്പത്രിയില്‍ കിടന്ന സമയം നോക്കാന്‍ സൌകര്യത്തിനായി ആസ്പത്രിയുടെ അടുത്തുള്ള ഏജന്‍സി മുഖേന ദ്ദുരെയുള്ള മറ്റൊരേജന്‍സി വഴി ഒരാളെ കിട്ടി. വളരെ സംശയത്തോടെയായിരുന്നു ഞങ്ങള്‍ ആദ്യമൊക്കെ അവരെ കണ്ടിരുന്നത്.എന്നാല്‍ വളരെ ആത്മാര്‍ത്ഥമായി അവര്‍ ജോലി ചെയ്തു.ആ സ്ത്രീയും ആദ്യമായാണ് ഈ ജോലി ചെയ്യുന്നതെന്നു പിന്നീട് പറഞ്ഞു. ഏതായാലും പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ഏജന്‍സിയില്‍ വിളിച്ചു പറഞ്ഞ് ആ ആളെ തന്നെ വീണ്ടും നിര്‍ത്തി. ആസ്പത്രിയില്‍ നിന്നു വീട്ടില്‍ വന്നിട്ടും ഒരു കുടുംബാംഗത്തെപ്പോലെ തന്നെ പെരുമാറിയിരുന്നു.വീട്ടില്‍ എന്റെ മക്കളോടും മറ്റു കുറ്റുംബാംഗങ്ങളോടും നല്ല സ്നേഹത്തില്‍ പെരുമാറുയിരുന്നു.ഉമ്മ പിന്നീട് മരണപ്പെട്ടു.പോയതിനു ശേഷവും ഒന്നു രണ്ടു പ്രാവശ്യം ആ സ്ത്രീ ഞങ്ങളെയൊക്കെ കാണാനും വന്നിരുന്നു.

  ReplyDelete
 6. മറ്റൊരു കാര്യം കൂടി പറയാന്‍ വിട്ടു പോയി. നമ്മളില്‍ നിന്നു വാങ്ങുന്ന ശമ്പളത്തിന്റെ നല്ലൊരു പങ്കു ഏജന്‍സിക്കാര്‍ വിഴുങ്ങുന്നതായും അറിയാന്‍ കഴിഞ്ഞു.

  ReplyDelete
 7. എന്‍.ബി.സുരേഷ്,മനോവിഭ്രാന്തികള്‍,മമ്മൂട്ടിക്ക,

  ബ്ലോഗ്‌ വായിച്ചു അഭിപ്രായം അറിയിച്ചതില്‍ വളരെ സന്തോഷം..
  മമ്മൂട്ടിക്ക പറഞ്ഞത് പോലെയുള്ളവരും ഉണ്ടായേക്കാം.പക്ഷെ ഭൂരിപക്ഷവും അങ്ങിനെയല്ലെന്നു മാത്രം.
  .നമ്മുടെ പ്രിയപ്പെട്ടവരുടെ രോഗാവസ്ഥയില്‍ നമുക്ക് ഒരു moral support തരുന്നവരെപ്പോലും പിന്നീട് നന്ദിയോട് കൂടിയേ ഓര്‍ക്കാന്‍ കഴിയൂ.. .
  എസ്.എം.എസ് കേസും ഒരുപാട് കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്.
  ഏജന്‍സി പിന്നില്‍ നിന്ന് കളിക്കുന്നുണ്ട്,സര്‍ക്കാര്‍ അവരെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ശമ്പളത്തിന്റെ കാര്യവും ശരിയാണ്.

  ReplyDelete
 8. ഒത്തിരി പേർ ഇന്ന് ഹോം നേർഴ്സ് ആയി ജീവിക്കുന്നുണ്ട്. പലരും രെജിസ്റ്റർ പോലും ചെയ്യപ്പെട്ടവരല്ല. പലരെയും മറ്റു പല പ്രലോഭനങ്ങലും കാട്ടി കൊണ്ട് വന്നതുമാകാം. ഏതായാലും ഇത്തരം ആളുകൾ മറ്റുള്ളവർക്ക് കൂടി അപമാനമാണ്.

  ReplyDelete
 9. നേരെ ചൊവ്വേ നിന്നാല്‍ മാന്യമായൊരു തൊഴിലാണിത്.പക്ഷെ എന്ത് ചെയ്യും?
  ആ ഫീല്‍ഡില്‍ നില്‍ക്കുന്നവര്‍ക്കും അത് തോന്നണമല്ലോ.
  നന്ദി മനോരാജ്..

  ReplyDelete
 10. വളരെ വളരെ ശരി---ഇത് സഹിയാന്‍ കഴിയാതെ സ്വന്തമായി വീട്ടുസഹായികള്‍ക്കായി ഒരു സ്ഥാപനം തുടങ്ങണെമന്നു വരെ ആഗ്രഹിച്ചിട്ടുണ്ട്. അതും പറ്റില്ല. വീട്ടുസഹായികളെ ഇപ്പോള്‍ നിര്‍ത്തുന്നത് ഏജന്‍സി വഴിയാണ്. നിവൃത്തികേടുകൊണ്ടു സഹിക്കുന്നു....എന്റെ ഒരു കഥയില്‍ ഞാന്‍ ഇതു പരാമര്‍ശിച്ചിരുന്നു. തത്ക്കാലം ആ കഥ ഫ്രീസറിലാണ്.

  കുഞ്ഞൂസ് വഴിയാ ഇവിടെ വന്നത്. ഇനിയും കാണാം.

  ReplyDelete
 11. പ്രിയപ്പെട്ട മൈത്രെയീ,
  വന്നതിലും,എന്നെ ശ്രദ്ധിച്ച്ചതിലും വളരെ സന്തോഷം..
  കഥ ഉടനെ defrost ചെയ്യൂ..
  ഞാന്‍ കാത്തിരിക്കുന്നു.

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. ithupole oru serial parambara pole anubavam enikumundu ,,,mayflower ah post idumbol theerchayum varanne...very good subject...

  ReplyDelete
 14. Of course I will come.
  please post it as soon as possible.
  thank you.

  ReplyDelete