Thursday, May 27, 2010

കരിമ്പിന്‍ കാട്ടിലെ ആനകള്‍

വിവാഹത്തോടനുബന്ധിച്ചു ഒരു ചടങ്ങെന്നോണം നടന്നു വരുന്ന കോപ്രായങ്ങള്‍ക്കെതിരെ ഇപ്പോള്‍ പല സ്ഥലങ്ങളിലും ജനകീയ കൂട്ടായ്മകള്‍ ഉണ്ടാവുന്നു എന്നുള്ളത് വളരെയധികംആശ്വാസാദായകവും,സന്തോഷകരവും ആണ്.
പരിപാവനവും ആഹ്ലാദകരവും ആവേണ്ട വിവാഹ വേളകള്‍ ഇത്തരക്കാരെക്കൊണ്ട് പലപ്പോഴും അലങ്കോലപ്പെട്ടു പോകുന്നു.കരിമ്പിന്‍ കാട്ടില്‍ ആന കയറിയ പോലുള്ള അവരുടെ പരാക്രമം കാണുമ്പോള്‍ അടിക്കാന്‍ തോന്നുമെങ്കിലും വരന്റെ കൂടെ വന്നവര്‍ ആയിപ്പോയതിനാല്‍ പുറമേ ചിരിച്ചു എല്ലാം സഹിക്കല്‍ തന്നെ.
കിണറില്‍ കരി ഓയില്‍ ഒഴിക്കല്‍,ജീവനുള്ള പൂച്ച,തവള മുതലായവയെ ഗിഫ്റ്റ് ആയി കൊടുക്കല്‍ തുടങ്ങിയവ ഇവരുടെ ക്രൂര കൃത്യങ്ങളില്‍ ചിലത് മാത്രം..
ഇത്തരം ആഭാസങ്ങള്‍ക്കെതിരെ സംസാരിക്കവേ ഒരാള്‍ കല്യാണ വീട്ടില്‍ വെച്ച് കുഴഞ്ഞു വീണു മരിച്ചതായി ഇന്നത്തെ പത്ര വാര്‍ത്ത.ഇതിനെതിരെ കുറച്ചു ശക്തമായി തന്നെ ഇനി പ്രതികരിക്കേണ്ടിയിരിക്കുന്നു.

Monday, May 17, 2010

Home maker

ജോലിക്ക് പോകുന്ന സ്ത്രീകള്‍ അഥവാ വര്‍ക്കിംഗ്‌ വുമന്‍ എപ്പോഴും സമൂഹത്തിന്‍റെ ആദരം പിടിച്ചു പറ്റുന്നവരാണ്.അതില്‍ കുഴപ്പമില്ല.
എന്നാല്‍ വേറൊരു വിഭാഗം കൂടിയുണ്ടല്ലോ,വീട്ടമ്മമാര്‍ അഥവാ 'ഹോം മെയ്‌കര്‍'.അവരുടെ നേരെ 'ഓ സീരിയലും കണ്ടു സമയം കളയുന്നവര്‍..'എന്ന ഒരു മനോഭാവമാണ് എല്ലാവര്‍ക്കും.
സീരിയലില്‍ ജീവിതം ഹോമിക്കുന്നവര്‍ ഉണ്ടായിരിക്കാം,പക്ഷെ ഭൂരിപക്ഷം സ്ത്രീകളും അങ്ങിനെയുള്ളവരല്ലെന്നു മനസ്സിലാക്കണം.
ജോലിക്ക് പോകുന്ന സ്ത്രീകളുടെ പങ്കപ്പാടുകള്‍ ഓര്‍ത്തു എല്ലാവരും പരിതപിക്കുന്നു.ശരിയാണ്,പക്ഷെ അതിനു പകരമായി അവര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യവും,സമൂഹത്തില്‍ അവര്‍ക്കുള്ള സ്ഥാനവും എന്താണെന്ന് മറക്കരുത്.
മറ്റേ വര്‍ഗ്ഗത്തിന്റെ അവസ്ഥയോ?
ശമ്പളമില്ല,
അവധിയില്ല,
ബോണസ്സോ,ഇന്ക്രിമെന്റോ ഇല്ല. 24x7 duty!!
വീട്ടിലെ ഓരോ അംഗത്തിന്റെയും ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പിന്നാലെ ഓടിയോടി അവള്‍ തളരുകയാണ്.'ഓഫീസിലൊന്നും പോകാനില്ലാത്തതിനാല്‍ ' no excuse..
പുകഴ്ത്തിയില്ലെങ്കിലും അവരെ ഇകഴ്ത്താതിരിക്കുക.
നാല് ചുവരുകളുള്ള ഒരു കോണ്‍ക്രീറ്റ് കൂടിനെ ഹോം ആക്കി മാറ്റുന്നവരാണ് ഈ ഹോം മെയ്‌കേര്‍സ്..

Thursday, May 13, 2010

പ്രവാസിയും മേയ്ഫ്ലവറും

ഒരു പാട് ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് പ്രവാസവും,പ്രവാസിയും.അവരുടെ വോട്ടവകാശം,അവരുടെ സാമ്പത്തികം ഒക്കെ പത്രങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പ്രിയപ്പെട്ടവയാണ്.
എന്നാല്‍ അവരുടെ മനസ്സിലേക്ക് അധികമാരും കയറാറില്ല.മാധ്യമം ആഴ്ചപ്പതിപ്പില്‍ ബാബു ഭരദ്വാജ് കോറിയിടുന്നപച്ചയായ യാഥാര്‍ത്യങ്ങള്‍ പ്രവാസികളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും സ്പര്‍ശിക്കുന്നവയാണ്.
അവരുടെ സന്തോഷങ്ങള്‍ക്ക് ഒരു പരിധിയുണ്ട്.വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന അവധി പോലും നന്നായി ആസ്വദിക്കാന്‍ അവര്‍ക്ക് പറ്റാറില്ല.ഒരു മെഴുകു തിരിപോലെ പ്രവാസികളുടെ ജീവിതവും ഉരുകിത്തീരുന്നു.ആ വെളിച്ചത്തില്‍ മറ്റുള്ളവര്‍ ജീവിക്കുന്നു.
ഗള്‍ഫുകാര്‍ക്ക് ഇടയിലുമുണ്ട് ക്രീമി ലെയര്‍.മേല്‍പ്പറഞ്ഞതിലൊന്നും അക്കൂട്ടര്‍ പെടില്ല.മാത്രമല്ല,ഗള്‍ഫുകാര്‍ തല്ലു കൊള്ളികള്‍ ആകുന്നതും ഇക്കൂട്ടര്‍ കാരണമാണ്.നൂറു കൊടുക്കേണ്ടിടത്ത് ആയിരം ചിലവാക്കും.ബസ്സിലോ,ഓട്ടോയിലോ കയറില്ല.കാറില്‍ മാത്രമേ ഇവര്‍ സഞ്ചരിക്കുകയുള്ളൂ.
ഫലമോ,നാട്ടുകാര്‍ പറയും 'ഈ ഗള്‍ഫുകാരാണ് ഇവിടെ വിലക്കയറ്റം സൃഷ്ടിക്കുന്നത്,അവര്‍ കാരണമാണ് ആര്‍ക്കും പണിക്കാരെ കിട്ടാത്തത്..'
ഒരു സാദാ പ്രവാസി തന്റെ ഭാര്യയെ പോലും ഫോണില്‍ വിളിക്കുമ്പോള്‍ മിതത്വം പാലിക്കുന്നു.അവന്‍ വിചാരിക്കും ലാഭിക്കുന്ന പൈസ കൊണ്ട് അത്രയും വേഗം എന്‍റെ തിരിച്ചു പോക്കിന് വേഗം കൂട്ടാമല്ലോ എന്ന്.
നാട്ടിലെ ആഷ് പോഷ് തലമുറയ്ക്ക് ഈ ഗള്‍ഫുകാരന്‍ ഒരു പരിഹാസ പാത്രവുമാണ്.അതും അവന്റെ ഒരു ദുര്യോഗം.
ഇങ്ങിനെയൊക്കെ അരിഷ്ടിച്ച പൈസയുമായി നാട്ടില്‍ വന്നാല്‍ അവനെന്താണ് സംഭവിക്കുന്നത്‌?പി.ടി.കുഞ്ഞു മുഹമ്മദിന്റെ 'ഗര്‍ഷോം' കണ്ട ആരും അതിലെ നാസറിനെ മറക്കില്ല.അത്രയും വേദനയും, നീറ്റലും ആണ് ആ കഥാപാത്രം നല്‍കിയത്.
മുരളി എന്ന അതുല്യ നടന്‍ അവിസ്മരണീയമാക്കിയ ഒരു റോള്‍ ആയിരുന്നു അത്.

വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന മരങ്ങളില്‍ ഒന്നാണ് മേയ്ഫ്ലവര്‍.പ്രവാസികളുടെ ജീവിതവും അതെ പോലെ വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്നു മേയ്ഫ്ലവര്‍ പോലെ മനോഹരമായി..

Wednesday, May 12, 2010

ഉമ്മ മനസ്സ്

മാതൃ ദിനത്തോടനുബന്ധിച്ചു നടന്ന അമ്മമാരെ ആദരിക്കുന്ന ചടങ്ങില്‍ വെച്ച് വ്യവസായ പ്രമുഖന്‍ യുസുഫ് അലി,നടന്‍ മോഹന്‍ ലാല്‍,സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ വേദിയില്‍ നിന്ന് പൊട്ടിക്കരഞ്ഞത്രേ..
അതാണ്‌ മാത്രുത്വത്തിന്റെ മഹത്വം.
അമ്മമാരെ ക്കുറിച്ചുള്ള സ്മരണ ആരുടെ മനസ്സും ആര്‍ദ്രമാക്കും.
എന്‍റെ ഉമ്മ പറയാറുണ്ടായിരുന്നു 'താന്‍ പെറ്റതും തന്നെ പെറ്റതും'എന്ന്.ശരിയാണ്,ഏറ്റവും ശക്തമായ ബന്ധമാണ് അവര്‍ തമ്മിലുള്ളത്.
നമുക്ക് വഴക്കിടാനും നമ്മോടു വഴക്കിടാനും നമ്മുടെ ഉമ്മമാര്‍ അല്ലെങ്കില്‍ അമ്മമാര്‍ മാത്രമേ ഉള്ളൂ.
മക്കള്‍ എത്ര പോത്ത് പോലെ വളര്‍ന്നാലും അമ്മമാര്‍ക്കവര്‍ കുഞ്ഞുങ്ങളാണ്.
മക്കളുടെ ഓരോ സങ്കടങ്ങളും അവരങ്ങ് ഏറ്റെടുക്കും.സന്തോഷങ്ങളില്‍ ഹൃദയം തുറന്നു സന്തോഷിക്കും.
കുഞ്ഞുങ്ങള്‍ക്ക്‌ അസുഖം വരുമോ എന്ന ചിന്ത പോലും അമ്മമാരുടെ വിശപ്പ്‌ കെടുത്തിക്കളയും.രാവ്‌ പകലാക്കി അവരെ ശുശ്രൂഷിക്കുന്നതില്‍ യാതൊരു പരാതിയോ പരിഭവമോ പറയില്ല.
അവര്‍ക്ക് വേണ്ടി നമ്മില്‍ എത്ര പേര്‍ ഉറക്കമൊഴിക്കും?
ഇങ്ങനെയൊക്കെ വളര്‍ത്തി വലുതാക്കിയ മക്കളാണ് പിന്നീട് മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് സന്തോഷപൂര്‍വ്വം അയക്കുന്നത്.
പടച്ചവന്‍ പൊറുക്കുമോ ഈ പാതകം..?
മാതാപിതാക്കള്‍ക്ക് വേണ്ടി ഖുര്‍ആനില്‍ ഉള്ള ആ മനോഹരമായ പ്രാര്‍ത്ഥന ഇവിടെ ഉദ്ധരിച്ചു ഞാന്‍ അവസാനിപ്പിക്കട്ടെ.
എന്‍റെ മിഴികളുമിതാ നനഞ്ഞിരിക്കുന്നു...

''നാഥാ..,എന്‍റെ കുട്ടിക്കാലത്ത് അവര്‍ എന്നെ എവ്വിധം സ്നേഹ വാല്സല്യങ്ങളോടെ പരിപാലിച്ചുവോ,അവ്വിധം നീ അവര്‍ക്ക് കാരുണ്യം അരുളേണമേ..''(ആമീന്‍)

Monday, May 10, 2010

ഈ വലിയ ലോകത്തിലെ ചെറിയ ഞാന്‍

In the name of Allah the most beneficient the most merciful.


എന്‍റെ പേര് മറിയം ഫസല്‍,സ്വദേശം കണ്ണൂര്‍ ജില്ലയില്‍.
എവിടെ തുടങ്ങണം..,എങ്ങിനെ തുടങ്ങണം എന്നൊന്നും അറിയില്ല
ചിന്തകളും,ആശയങ്ങളും ഒക്കെ പങ്കു വെക്കാന്‍ ഇത്തരം ഒരു വേദി കിട്ടിയതില്‍ ഒരു പാട് സന്തോഷമുണ്ട്.
പത്രം വായിക്കുമ്പോഴും,പലതും കാണുമ്പോഴും ഒക്കെ പ്രതികരിക്കാന്‍ മനസ്സ് വെമ്പും.
പക്ഷെ ആരോട് ?എവിടെ?
പത്രത്തില്‍ കത്തുകള്‍ അയച്ചാല്‍ KKPP ആണ്.കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി.
എന്‍റെ ഒരു സുഹൃത്ത്‌ നിര്‍ദേശിച്ചു എന്നാല്‍ പിന്നെ ബ്ലോഗില്‍ എഴുതരുതോ എന്ന്.അതൊരു പ്രചോദനമായി.
അങ്ങിനെ മനസ്സിനടിയില്‍ ആണ്ടു കിടന്ന ആ പേന പൊക്കി എടുക്കുകയാണ്.ഫ്ലോ കിട്ടുമോ എന്തോ..
ബ്ലോഗ്‌ ആകുമ്പോള്‍ ആരുടേയും അനുവാദമില്ലാതെ നമ്മുടെ ആശയങ്ങള്‍ എവിടെയെങ്കിലും എഴുതാമല്ലോ.
സത്യത്തില്‍ കഴിഞ്ഞ വര്‍ഷം ബ്ലോഗ്‌ തുടങ്ങി,പക്ഷെ എഴുതാന്‍ മടിഞ്ഞു.ധൈര്യവും ഇല്ലായിരുന്നു.
എന്നെപ്പറ്റി കൂടുതലായി അടുത്ത പോസ്റ്റുകളില്‍ കൂടി മനസ്സിലാക്കാം.ബൈ ബൈ