Tuesday, February 14, 2012

പഴകാത്ത ചൊല്ലുകള്‍

"ഇതെന്താ മോനേ..,തേങ്ങയരച്ചത് കൂട്ടൂലാന്ന് പറഞ്ഞാ തെങ്ങിട്ട പാലോം കടക്കൂലാ.."
വര്‍ഷങ്ങള്‍ക്ക് മുമ്പ് മര്‍ക്കടമുഷ്ട്ടിക്കാരനായ ഒരു ബന്ധുവിനോട് ഉമ്മ ചോദിച്ച ചോദ്യം ഇന്നുമെന്നെ ചിരിപ്പിക്കുന്നു..

ജീവിതത്തില്‍ ഒരിക്കലെങ്കിലും പഴഞ്ചൊല്ലുകള്‍ ഉപയോഗിക്കാത്തവരായി നമ്മളില്‍ ആരും ഉണ്ടാവുകയില്ല.എന്നാല്‍ ചിലര്‍ എന്തിനും ഏതിനും അത് പ്രയോഗിക്കുകയും ചെയ്യും.അതിലൊരാളായിരുന്നു എന്റെ ഉമ്മയും.അവരോളം പഴഞ്ചൊല്ലുകള്‍ ഉപയോഗിച്ച ആരെയും ഞാന്‍ കണ്ടിട്ടില്ല.
എന്റെ മൂഡുകള്‍ മാറിമാറി വരുമ്പോള്‍ അവര്‍ പറയുമായിരുന്നു 'ഒരു നേരം കടച്ചിയാണെങ്കില്‍ ഒരു നേരം കുട്ടന്‍.'
ഇങ്ങിനെ സാധാരണ സംസാരത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു പഴഞ്ചൊല്ലുകളും.
കുഞ്ഞുന്നാള്‍ മുതലേ അത് കേട്ട് വളര്‍ന്നത്‌ കൊണ്ടാവാം ഞാനുമിപ്പോള്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ പഴഞ്ചൊല്ലുകള്‍ ഉപയോഗിച്ച് പോകുന്നു.

പല ചൊല്ലുകള്‍ക്കും അതിന്റെ ലോക്കല്‍ വെര്‍ഷനുകളുമുണ്ട്
'തമ്മില്‍ ഭേദം തൊമ്മന്റെ' നാടന്‍ ഭാഷ്യമല്ലേ 'ആരുമില്ലെങ്കില്‍ ചീരു?'
അതേ പോലെ,'ആശാനൊന്നു പിഴച്ചാല്‍ അമ്പത്തൊന്ന് പിഴയ്ക്കും ശിഷ്യന് ' എന്നതിന് ഞങ്ങള്‍ എന്താണ് പറയുക എന്നറിയ്വോ?
'കുരിക്കള്‍ നിന്ന് പാത്തിയാല്‍ കുട്ടികള്‍ നടന്ന്‌ പാത്തും..!' (സഭ്യേതരമായിപ്പോയെങ്കില്‍ ക്ഷമിക്കണേ..)
'ആനക്കാര്യത്തിനിടയ്ക്ക് ചേനക്കാര്യമാണ് ' ഞങ്ങളുടെ 'പടയിലെന്ത് കുട'.
നമ്മള്‍ 'Like father like son' പറയുന്നിടത്ത് ഉമ്മ പണ്ട് പറഞ്ഞിരുന്നത് 'അച്ഛന് മക്കള് പിറക്കാറുണ്ട്,ഇത്ര ചിക്കയിലാകാറില്ല.'
സത്യം പറയട്ടെ, ചിക്കയുടെ ഭാഷാര്‍ത്ഥം എന്താണെന്ന് എനിക്കിതേവരെ പിടികിട്ടിയിട്ടില്ല!
'പോക്കറടിച്ചതിന് മായന്‍ പാടി' യാണ് ,'അരിയെത്ര പയറഞ്ഞാഴി'.
'ഈത്തപ്പഴം പഴുക്കുമ്പോള്‍ കാക്കയുടെ വായില്‍ പുണ്ണ് ' കേള്‍ക്കുമ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട്,മരുഭൂമിയില്‍ എവിടെയാണ് കാക്ക എന്ന്.. ഒമാനില്‍ പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ ഉണ്ടായിരുന്നിട്ടും ഒരു കാക്കയെപ്പോലും ഞാന്‍ കണ്ടിട്ടില്ല.
അനാവശ്യ കാര്യങ്ങള്‍ ചിക്കിക്കുത്തിപ്പറയുന്നവരോട് ഉമ്മ ചോദിക്കുന്നത് കേട്ടിട്ടുണ്ട്,എന്തിനാണേ,'പണ്ട് കഴിഞ്ഞോം പടേ(പടയില്‍) ചത്തതൂം 'പറേന്നെ?

നിരന്തരം പരിശ്രമിക്കേണ്ടതിന്റെ ആവശ്യകതയെ ഓര്‍മിപ്പിക്കുന്നതാണ് 'ഏത് ചിപ്പിയിലാ മുത്ത്‌ എന്നറീല'.
ഇപ്പോഴത്തെ പിള്ളേരോടിതെങ്ങാന്‍ പറഞ്ഞാല്‍ എല്ലാ ചിപ്പീം സ്കാന്‍ ചെയ്താപ്പോരെന്ന് തിരിച്ചടിക്കും.

അനവസരത്തില്‍ പഴഞ്ചൊല്ല് പ്രയോഗിച്ച് ചമ്മിപ്പോയ അവസരങ്ങളുമുണ്ടായിട്ടുണ്ട്.ഒരിക്കല്‍ മോള്‍ടെ സ്കൂളില്‍ മീറ്റിംഗിന് തെറ്റായ ദിവസം പോവുകയുണ്ടായി.അവിടെയെത്തിയപ്പോള്‍ ആരെയും കാണുന്നില്ല.ക്രിസ്മസ് അവധിയായിരുന്നു അപ്പോള്‍.ഞാന്‍ കാള പെറ്റെന്ന് കേട്ടപ്പോഴേ കയറെടുത്ത്‌ ഓടിയതാണ് കാരണം.അങ്ങിനെ ഉടനെ ടീച്ചറെ അവിടെ വെച്ച് തന്നെ വിളിച്ച് സംഗതി ക്ലിയര്‍ ചെയ്തു.ഒടുക്കം പറഞ്ഞു,'എന്ത് പറയാനാ ടീച്ചറേ..,ഞാനിവിടെ എത്തിയപ്പോള്‍ അക്കാട്ടീ തീയൂല്ല്യ,ഇക്കാട്ടീ പുകയൂല്ല്യ..'
ഒരു രണ്ടു മൂന്നു നിമിഷം ഞങ്ങള്‍ക്കിടയില്‍ തികഞ്ഞ നിശബ്ദതയായിരുന്നു..!!

പ്രിയപ്പെട്ടവരേ,
ബ്ലോഗാസക്തിയും,ബ്ലോഗാര്‍ത്തിയുമായി നടന്നിരുന്ന എന്നെ ബ്ലോഗ്‌ വിരക്തി പിടികൂടിയപ്പോള്‍ 'വായില്‍ തോന്നിയത് കോതക്ക് പാട്ട് 'എന്ന മട്ടിലെഴുതിയ ഒരു പോസ്റ്റാണിത്‌.