Wednesday, October 20, 2010

ആറ് നാട്ടില്‍ നൂറു ഭാഷ!

"ബേം ബേം കീ കീ ബൂം ബൂം.."
ഇത് വായിച്ചിട്ടെന്ത് തോന്നുന്നു?
പേടിക്കേണ്ട,തലശ്ശേരി-മാഹി ഭാഗങ്ങളില്‍ സാധാരണയായി കേട്ട് വരാറുള്ള ഒരു സംഭാഷണ ശകലമാണിത്.
വേഗം വേഗം ഇറങ്ങ് അല്ലെങ്കില്‍ വീഴും എന്നാണു ഇതിന്റെ വിവക്ഷ.

ഇങ്ങിനെ കാസര്‍കോട്‌ മുതല്‍ കന്യാകുമാരി വരെയുള്ള ഭാഗങ്ങളിലെ നാടന്‍ ഭാഷ എടുത്തു നോക്കിയാല്‍ ചിരിക്കാനും ചിന്തിക്കാനുമുള്ള വകുപ്പുകള്‍ ഏറെ കാണാം.

'എണേ' എന്ന വിളി തലശ്ശേരി മാഹി പ്രദേശത്ത് മാത്രമുള്ളതാണെങ്കിലും എം.മുകുന്ദന്റെ നോവലുകളില്‍ കൂടി അത് കേരളമാകെ കേട്ടിരിക്കുന്നു.
ഞങ്ങള്‍ ആരെയെങ്കിലും എണേ എന്ന് വിളിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം അവരോടു ഒരിത്തിരി സ്നേഹം ഒരിത്തിരി സ്വാതന്ത്ര്യം ഒക്കെ കൂടുതലുണ്ട് എന്നാണ്.

തിരുവനന്തപുരത്തുകാര്‍ പെണ്‍കുട്ടിയെ മോനെ എന്നും,ഒറ്റക്കിരിക്കുന്ന കുട്ടിയെ നോക്കി 'വാടാ മക്കളെ' എന്നുമൊക്കെ വിളിക്കുന്നത്‌ കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ കണ്ണൂര്‍ ജില്ലക്കാര്‍ പൊട്ടിച്ചിരിക്കും..
സുരാജ് വെഞ്ഞാറമൂടിന്റെ രസികന്‍ വര്‍ത്താനം തന്നെ അതിനൊരുദാഹരണം ആണല്ലോ.

എന്‍റെ ഇക്കാക്ക കുട്ടിയായിരുന്ന സമയത്ത്,വീട്ടില്‍ വന്ന കൊയിലാണ്ടിക്കാരനായ ഒരു ബന്ധു "അന്റെ ബാപ്പാന്റെ പെരെന്താന്നു"(നിന്റെ ബാപ്പാന്റെ) ചോദിച്ചപ്പോള്‍ " "ഇങ്ങളെ ബാപ്പാന്റെ പേര് അനക്കറീല"(നിങ്ങളെ ബാപ്പാന്റെ പേര് എനിക്കറിയില്ല) എന്ന് നിഷ്കളങ്കമായി മറുപടി കൊടുത്തു!
ദേശം മാറുമ്പോള്‍ ഉള്ള ഭാഷയുടെ ഒരു കളി..

ഞങ്ങള്‍ വടക്കരുടെ "കച്ചറ ചാടല്‍" കേള്‍ക്കുമ്പോള്‍ തെക്കര്‍ പരിഹസിക്കും.കാരണം അവര്‍ക്ക് ചാട്ടം jumping മാത്രമാണ്..
ഇങ്ങനെ എന്തെല്ലാം രസകരമായ കാര്യങ്ങള്‍..

മുസ്ലിംകള്‍ക്കിടയില്‍ ഉപ്പാന്റെ പെങ്ങള്‍ കോഴിക്കോട്ടുകാര്‍ക്ക് 'അമ്മായിയും',ഞങ്ങള്‍ക്ക് 'ഉപ്പീത്തയും',കണ്ണൂര്‍ക്കാര്‍ക്ക് 'പെറ്റാച്ചയും' ആണ്‌.ഇപ്പോള്‍ ചില പരിഷ്ക്കാരിപ്പെങ്കുട്ടികള്‍ "ഭാഭി' 'ദീദി'
bua ഇങ്ങനെയുള്ള ഹിന്ദി വാക്കുകള്‍ കൊണ്ട് വന്നിട്ടുണ്ട്.
എന്‍റെ ആങ്ങളയുടെ മകള്‍ 'ഹലോ ബുആജീ' എന്ന് സ്ക്രാപ്പ് അയച്ചത് കണ്ടപ്പോള്‍ സ്വകാര്യമായി ഞാനും അതാസ്വദിക്കുകയാണ്!!

ഞാന്‍ കാണാത്ത നാട്ടുകാരുടെ കേള്‍ക്കാത്ത പ്രയോഗങ്ങള്‍ ബൂലോകത്ത് നിന്നും കേള്‍ക്കാനാഗ്രഹമുണ്ട്.

സര്‍വോപരി എല്ലാ ഭാഷാപ്രയോഗങ്ങളുടെയും ഒരു ജുഗല്‍ബന്ധിയല്ലേ നമ്മുടെ ഈ ബൂലോകം?

Sunday, October 3, 2010

ഒരു വട്ടം കൂടിയാ...


ആമുഖമായി ഒരു കാര്യം പറയട്ടെ,ബ്ലോഗിങ്ങ് തുടങ്ങിയ ആദ്യനാളുകളില്‍ എഴുതിയ ഒരു പോസ്റ്റ്‌ ആണിത്.എനിക്കേറ്റവും ഇഷ്ടപ്പെട്ടതും.പക്ഷെ, followers ഇല്ലായിരുന്നതിനാല്‍ ശ്രദ്ധിക്കപ്പെട്ടില്ല.അതിനാല്‍ repost ചെയ്യുകയാണ്.വായനക്കാര്‍ പരിഭവിക്കില്ലെന്ന് കരുതട്ടെ..

***************************************************

ഇന്ന്
സ്കൂള്‍ തുറന്നു..രണ്ടു മാസത്തെ അലസമായ ലൈഫ് സ്റ്റയിലിനു വിട.ഇനി തിര തിരക്കിട്ട പ്രഭാത പരിപാടികള്‍ വീണ്ടും തുടങ്ങുകയായി..
കുട്ടികള്‍ സ്കൂളിലേക്ക് പോകുന്നത് കാണുമ്പോള്‍ എന്‍റെ ചെറുപ്പ കാലവും സ്കൂള്‍ ജീവിതവുമൊക്കെ മനസ്സിലേക്ക് ഓടിയെത്തുകയാണ്.എന്ത് രസമായിരുന്നു..പുതിയ ബുക്കിന്റെ മണം ഇപ്പോഴും എന്നെ ആ സുന്ദരമായ കാലത്തിലേക്ക് കൊണ്ട് പോകാറുണ്ട്..
വീട്ടില്‍ ഒറ്റക്കായതിനാല്‍ അവധി ദിവസങ്ങളോട് എനിക്ക് വെറുപ്പായിരുന്നു.അത് പോലെ മഴക്കാലത്തെയും..
ഇടവഴിയും,തോടും ഒക്കെ നിറഞ്ഞാല്‍ പിന്നെ ഉമ്മ അവധി പ്രഖ്യാപിക്കുകയായി.അതിനാല്‍ രാവിലെ എണീറ്റ ഉടനെ ആകാശം നോക്കലായിരുന്നു ഒന്നാമത്തെ പണി..

സ്കൂളില്‍ പോയാലോ..,രസത്തോട് രസം.എപ്പോഴും കഥ പറഞ്ഞു തരുന്ന ഖാദര്‍ മാഷ്,ദേഷ്യം എന്താണെന്ന് അറിഞ്ഞു കൂടാത്ത ജോയ് മാഷ്,സ്നേഹത്തിന്റെ മൂര്‍ത്തീഭാവമായിരുന്ന കുഞ്ഞിരാമന്‍ മാഷ്‌,എല്ലാ കുട്ടികളെയും സ്വന്തം മക്കളായി കരുതിയ നാരായണി ടീച്ചര്‍..ഇവരെയൊക്കെപ്പറ്റിയുള്ള സ്മരണകള്‍ മായ്ച്ചാലും മായാത്തവിധം മനസ്സിന്‍റെ അടിത്തട്ടില്‍ പതിഞ്ഞു കിടപ്പാണ് ഇപ്പോഴും..
എന്നെ കഥ മാഷ്‌ എന്ന് വിളിച്ചോ എന്നായിരുന്നു സ്നേഹമയനായിരുന്ന ഖാദര്‍ മാഷ് പറയാറ്.

തീര്‍ത്താല്‍ തീരാത്ത ഹോം വര്‍ക്കോ,ഭാരമേറിയ സിലബസ്സോ ഇല്ലാതിരുന്ന ഒരു കാലം.പരസ്പരം സ്നേഹിച്ചും,ബഹുമാനിച്ചും കഴിഞ്ഞിരുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും.

ഇപ്പോഴത്തെ കുട്ടികളും അധ്യാപകരും തമ്മില്‍ അങ്ങിനെയൊരു നല്ല ബന്ധം ഉണ്ടോ എന്ന് സംശയമാണ്.
അക്ബര്‍ കക്കട്ടില്‍ എഴുതിയത് ഓര്‍ക്കുന്നു .തനിച്ചിരുന്ന് പുകവലിക്കുന്നത് കണ്ട വിദ്യാര്‍ഥിയെ യുവതിയായ ടീച്ചര്‍ ഉപദേശിച്ചപ്പോള്‍ ആ കുട്ടി പറഞ്ഞത്രേ..''ടീച്ചറെ,നിങ്ങളെയും എന്നെയും ഇവിടെ ഒന്നിച്ചു കണ്ടാല്‍ ആരെങ്കിലും സംശയിക്കും..!''
ഇതാണ് ഇന്നത്തെ ടീച്ചറും കുട്ടികളും തമ്മിലുള്ള ബന്ധം.