Wednesday, January 29, 2014

2013ലെ പുഞ്ചിരിയും കണ്ണീരും..

പരിചിതമായൊരിടത്തിലേക്ക് അപരിചിതയെപ്പോലെ കടന്നു വരുന്നതായാണ് എനിക്കിപ്പോൾ തോന്നുന്നത്..
ഒരു പോസ്റ്റ്‌ ഇട്ടിട്ട് വർഷം ഒന്ന് കഴിഞ്ഞു.
ഉള്ളിലെപ്പോഴും ബ്ലോഗ്‌ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞു പോയ വർഷം എന്നെ സംബന്ധിച്ചിടത്തോളം ഇതൊന്നും ചിന്തിക്കാൻ പോലും പറ്റാത്തതായിരുന്നു.
മകളുടെ വിവാഹവും,അത് നല്കിയ സുഖവും സ്വാസ്ഥ്യവും ഇപ്പോഴും ഒരു സുഖദമായ അനുഭവമായി സിരകളിൽ കൂടി ഒഴുകുന്നുണ്ട്..
2013 നല്കിയ വിലമതിക്കാൻ കഴിയാത്ത സമ്മാനം!
അതാണ്‌ ഞങ്ങളുടെ പുതിയാപ്പിള !
ദൈവാനുഗ്രഹം ഒരു പാട് വഴികളിലൂടെ  കിട്ടിയപ്പോൾ,മഴയും വാരിക്കോരി പെയ്തു!ഇംഗ്ലീഷിൽ പറഞ്ഞാൽ cats&dogs  എന്ന വിധത്തിൽ.കണ്ണൂർ ജില്ലയിലായിരുന്നത്രേ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടിയത്.
മഴ ചതിച്ചു എന്ന് ഞാൻ പറയില്ല.ഒരു പാട് പേരുടെ വരൾച്ചകളിലേക്ക് ഉറവായെത്തിയതായിരിക്കാം അത്..
പക്ഷെ,അതുണ്ടാക്കിയ ചളി കല്യാണത്തിന് പങ്കെടുത്തവർ പിന്നീടെന്നെ കാണുമ്പോൾ എന്റെ മേലെ എറിയുകയാണ് !
"മോളെ,നിന്റെ മോളെ മങ്ങലത്തിന് ഇതെന്തോരു ചളീം മഴെയുആ.."വിവാഹ സദ്യയെപ്പറ്റിയോ,പുതിയാപ്പിളയെപ്പറ്റിയോ അല്ല ആളുകൾക്ക് പറയാനുണ്ടായിരുന്നത്..
അവരെപ്പറഞ്ഞിട്ട് ഫലമില്ല,വില കൂടിയ സാരിയും,ചെരിപ്പും,ബുർഖയും ഒക്കെ ചളി പുരളുമ്പോൾ വേദനയുണ്ടാവുക സ്വാഭാവികം..അത്ര വിലകൂടിയതൊന്നും ഉപയോഗിക്കാത്തതിനാൽ എനിക്കാ വിഷമം മനസ്സിലാക്കാനങ്ങട്ട് കഴിയുന്നൂല്ല്യ..
എട്ട് പോസിറ്റീവും രണ്ട് നെഗറ്റീവും കണ്ടാൽ ജനങ്ങൾ സംസാരിക്കുക രണ്ടു നെഗറ്റീവിനെപ്പറ്റിയായിരിക്കും!
ഇത് കേരളത്തിൽ മാത്രം കണ്ടു വരുന്നതാണോ എന്തോ..
അവരറിയുന്നുണ്ടോ നിർത്താതെ പെയ്ത മഴ എന്റെ എത്രയെത്ര രാത്രികളിലെ ഉറക്കമാണ് കൊണ്ട് പോയതെന്ന്..
ഇത്രയും ഭാഗം 2013 ലെ പുഞ്ചിരികളായിരുന്നു.

കണ്ണീർ രംഗപ്രവേശം ചെയ്തത് എന്റെ എളാമയുടെ(മക്കളില്ലാത്ത അവരുടെ മകൾതന്നെയാ ഞാൻ) കാലിന്റെ തുടയെല്ല് പൊട്ടൽ വഴിയാണ്.റമദാനിൽ നോമ്പ് തുറക്കാൻഎല്ലാവരും തരികാച്ചിയതും,ജ്യൂസും ഉണ്ടാക്കുന്ന തിരക്കിൽ ഞങ്ങൾ ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു.പിന്നെ വേദനകൾ ,ഇൻജക്ഷനുകൾ,ഒടുവിൽ ഓപ്പറെഷൻ.മുമ്പ് വലതു കാലിനും ഇത് സംഭവിച്ചതിനാൽ അവർക്കും ഞങ്ങൾക്കുമിത്  ആവർത്തനമായിരുന്നു.ചിലപ്പോൾ ക്ഷമിച്ചും,മറ്റു ചിലപ്പോൾ ക്ഷമ കെട്ടും നാളുകൾ കഴിഞ്ഞു.
കൃത്യം ഒരു മാസമായപ്പോൾ വാക്കറിന്റെ സഹായത്തോടെ നടക്കാൻ തുടങ്ങി.മലപോലെ വന്നത് മഞ്ഞു പോലെ പോയല്ലോ എന്ന് മറ്റുള്ളവരെപ്പോലെ ഞാനും പറഞ്ഞു.ഞാനുണ്ടോ അറിയുന്നു,ദൈവം വലുതൊന്ന് തരാൻ പോകുന്നു എന്ന് !
രണ്ടു ദിവസം കഴിഞ്ഞതേയുള്ളൂ,ഒരു പകൽ  മയക്കം കഴിഞ്ഞുണർന്നപ്പോൾ അവർ തികച്ചും വേറൊരു വ്യക്തിയായി മാറിയിരിക്കുന്നു..!പേരിന് ചെറിയൊരു പനിയുണ്ട്‌ .അത്ര മാത്രം.ആരെയും മനസ്സിലാകുന്നില്ല,അവരുടെ മരിച്ചു പോയ ഉമ്മ എന്ന മട്ടിലാണ്  എന്നോട് സംസാരിക്കുന്നത്.വീണ്ടും ആശുപത്രിയിലേക്ക്.
എവിടെയൊക്കെയോ വായിച്ച അറിവിൽ സ്ട്രോക്ക് ആണെന്നായിരുന്നു എന്റെ ധാരണ.അല്ലെന്ന് ഡോക്ടർ തറപ്പിച്ചു പറഞ്ഞു.അഡ്മിറ്റ്‌ ചെയ്തു.ദിവസം രണ്ടു കഴിഞ്ഞിട്ടും യാതൊരു മാറ്റങ്ങളും ഇല്ല.
ഞങ്ങളുടെ ആശങ്ക പങ്കു വെച്ചപ്പോൾ ഫാമിലി ഡോക്ടർ എന്ന് ഞങ്ങൾ വിശ്വസിച്ചിരുന്ന,എന്നെ എപ്പോഴുമെപ്പോഴും പുകഴ്തിപ്പറഞ്ഞിരുന്ന,ചിരിച്ചു കൊണ്ട് സംസാരിച്ചിരുന്ന ഡോക്ടർ പിന്നീട് ദംഷ്ട്രകളുള്ള ഒരു സത്വമായാണ് ഞങ്ങളോട് പെരുമാറിയത്.സൈക്യാട്രിസ്റ്റിനെ  കാണിക്കാം എന്നൊരഭിപ്രായവും.ഇത് കേട്ടപ്പോൾഇനി ഇവിടെ നിന്നിട്ട് കാര്യമില്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി.വേറൊരു ആശുപത്രിയിലേക്ക് പോയി.അവിടെയുമുണ്ടായിരുന്നു നീളൻ ഡിഗ്രീകളുള്ള ഡോക്ടർമാർ.പക്ഷെ അവർക്കും രോഗമെന്താണെന്ന് കണ്ടു പിടിക്കാനായില്ല.നിർത്താതെ മരുന്നുകൾ കുത്തിക്കയറ്റുകയായിരുന്നു ഈ അഞ്ചു ദിവസങ്ങളിലും.അവസാനം അപസ്മാര ബാധയുണ്ടാവുകയും അവർ കോമയിലാവുകയും ചെയ്തു.ഇത്രയുമായപ്പോൾ ഞങ്ങൾ മൊബൈൽ icu വിൽ  കോഴിക്കോടേക്ക് കുതിച്ചു.അവിടെ പ്രശസ്ത ന്യുറോളജിസ്റ്റ് ഡോക്ടർ സലാം രോഗ വിവരം കേട്ടപ്പോഴേക്കും ഗൂഗിളിൽ നിന്നെന്ന പോലെ രോഗമെന്താണെന്ന് പ്രവചിച്ചു! "വൈറൽ എൻസെഫാലൈറ്റിസ്  ".(ദൈവം അദ്ദേഹത്തെ ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കട്ടെ.)പിന്നെ ചികിത്സയും മാറ്റങ്ങളും ദ്രുത ഗതിയിലായിരുന്നു.രണ്ടാഴ്ച കൊണ്ട് ആശുപത്രി വിട്ടു.
ഒന്ന് രണ്ട് മാസങ്ങൾ മറവിയായിരുന്നു.ക്രമേണ ശരിയാകുമെന്ന് ഡോക്ടർ പറഞ്ഞ പോലെത്തന്നെ ഇപ്പോൾ 90 ശതമാനവും ശരിയായി.
പ്രിയപ്പെട്ടവരേ,ഡോക്ടർമാർക്ക് രോഗം മനസ്സിലായില്ലെങ്കിൽ പിന്നെ അവർക്ക് പരീക്ഷണത്തിന് ഒരു നിമിഷം പോലും നമ്മൾഉറ്റവരെ വിട്ടു കൊടുക്കരുത്.വിലയേറിയ സമയമാണ് അത് വഴി പോകുന്നത്.നേരത്തിന് ചികിത്സ കിട്ടാത്തതിനാൽ ആ രോഗത്തിന്റെ ഉച്ചസ്ഥായിയിലെത്തിയിരുന്നു എളാമ!ദൈവാനുഗ്രഹത്താൽ രക്ഷപ്പെട്ടു.

ഞങ്ങൾ ആശുപത്രിയിലായിരിക്കെ മൂന്നാമത്തെ ദുരന്തവും സംഭവിച്ചു കഴിഞ്ഞിരുന്നു.പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കള്ളൻ കയറി സ്വർണവും പണവും കൊണ്ട് പോയി...
കേട്ട സകലരും ചോദിച്ച ഒരു ചോദ്യമുണ്ട്,നിങ്ങളെന്തിനാ ആളില്ലാത്ത വീട്ടിൽ പൊന്നും പണവും വെച്ചത് എന്ന്.ശരിയുമാണ്.പക്ഷെ,എളാമയുടെ അന്നത്തെ അവസ്ഥയിൽ ആരും അതൊന്നും ഓർക്കുക പോലുമില്ല എന്ന കാര്യം ആരും ചിന്തിക്കുന്നില്ല.അന്ന് ഞാൻ പറയുമായിരുന്നു,"കള്ളൻ കൊണ്ട് പോയത് കിട്ടിയില്ലെങ്കിലും സാരമില്ല,ഇവരുടെ ഓർമ തിരിച്ചു കിട്ടിയാൽ മതിയായിരുന്നു" എന്ന്.എന്റെ ആ പ്രാർത്ഥന അല്ലാഹു  കേട്ടു.
ഇനി പറയൂ..എപ്പോഴായിരുന്നു ഞാൻ ബ്ലോഗ്‌ നോക്കേണ്ടത്..

46 comments:

 1. പരീക്ഷണങ്ങളെയെല്ലാം അതിജീവിച്ചുവല്ലോ!
  ഇനി മനസ്സമാധാനത്തോടെ കഴിയാന്‍ ദൈവം അനുഗ്രഹിക്കട്ടെ!!
  ആശംസകള്‍

  ReplyDelete
 2. ഇതില്‍ നിന്നെല്ലാം കരകയറിയത്.. ആഹ്ലാദകരമായി കരുതുന്നു.. പിന്നെ ഇവിടെ വന്നതും ആഹ്ലാദകരം തന്നെ..

  സമാധാനത്തോടെ ജീവിക്കാന്‍ ഭാഗ്യമുണ്ടാവട്ടെ എന്‍റെ മേഫ്ലവറിനു..

  ReplyDelete
 3. ബഹുമാനപ്പെട്ട തങ്കപ്പൻ സർ,
  പ്രിയപ്പെട്ട എച്ചുമുക്കുട്ടി,
  അപ്പോൾ എന്നെ മറക്കാത്തവരും ഇവിടെയുണ്ട്...
  ഓ..എന്തൊരു സന്തോഷമാണ് ..
  രണ്ടു പേർക്കും ഹൃദയം നിറഞ്ഞ നന്ദി..

  ReplyDelete
 4. മേയ്ഫളവേഴ്സ്.....എന്തൊരു കഷ്ടത നിറഞ്ഞ ദിനങ്ങളാരുന്നു കഴിഞ്ഞത്!. ഇനിയെങ്കിലും സുഖവും സ്വസ്ഥവുമായ ജീവിതമുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. ബേബിയിലെ ഡോക്ടർ സലാം കേരളത്തിലെ തന്നെ മികച്ച ന്യൂറോ സർജൻ ആണ് . എല്ലാം കൊണ്ടും മികച്ച വ്യക്തിത്വം . ഡോക്ടറുടെ പേര് ഇവിടെ പരാമർശിച്ചു കണ്ടതിൽ സന്തോഷം .
  സന്തോഷം തിരിച്ചു കിട്ടിയല്ലോ . പ്രാർത്ഥന .

  ReplyDelete
 7. ജീവിതത്തിന്റെ ഗതിവിഗതികള്‍!
  2014 സന്തോഷത്തിന്റെയും ക്രിയേറ്റിവിറ്റിയുടെയും-ബ്ലോഗിംഗിന്റെയും-വര്‍ഷമായിത്തീരട്ടെ
  ആശംസകള്‍

  ReplyDelete
 8. സന്തോഷത്തോടെ തുടങ്ങി സങ്കടം വരുത്തി പിന്നേം സങ്കടം വരുത്തി അതുകഴിഞ്ഞ് സങ്കടം മാറ്റി നഷ്ടപ്പെടുത്താതിരിക്കേണ്ട സമയത്തെക്കുറിച്ച് പറഞ്ഞു വന്നപ്പോള്‍ കള്ളന്‍ കേറിയെങ്കിലും ആശ്വാസത്തോടെ ബ്ലോഗില്‍ എത്താതിന്റെ കാരണവും ആക്കി.
  എന്തായാലും അല്പം ആശ്വാസം ആയല്ലോ.
  ഇനി അപ്പോള്‍ എഴുത്ത് തുടങ്ങാം.

  ReplyDelete
 9. ഇനി എല്ലാം പഴയതു പോലെ ആകട്ടെയെന്ന് പ്രാര്‍ത്ഥിയ്ക്കാം

  ReplyDelete
 10. മേ ഫ്ലവറിനെ എങ്ങനെ മറക്കും? എന്തിനു മറക്കണം?

  ReplyDelete
 11. അനശ്വര,
  പഴയ സൌഹൃദങ്ങൾ തിരിച്ചു കിട്ടുമ്പോൾ സന്തോഷം കൊണ്ട് ഞാൻ മതി മറന്നു പോകുന്നു..നന്ദി നന്ദി..
  ചെറുവാടി,
  നന്ദിയുണ്ട് സുഹൃത്തേ,നീണ്ട ഒരു വിടവ് വന്നെങ്കിലും ഓർത്തല്ലോ.
  പിന്നെ,പേര് പറയേണ്ടിടത്ത് നമ്മൾ അത് പറയുന്നതല്ലേ മാന്യത.ഏതായാലും കൈപ്പുന്യമുല്ലൊരു ഡോക്ടർ ആണ് അദ്ദേഹം.
  അജിത്‌,
  ആശംസകൾക്ക് അകമഴിഞ്ഞ നന്ദി..
  റാംജി സർ,
  ബ്ലോഗ്ഗിൽ തിരിച്ചു വന്നപ്പോൾ ഒരു ചങ്ങാതിക്കൂട്ടത്തിൽ വന്ന പ്രതീതി..
  സമയക്കുരവുന്ദു.എങ്കിലും ഒരൽപം ഇവിടെയ്ക്ക് നീക്കി വെക്കാതെ വയ്യ..വിലപ്പെട്ട സൌഹൃദങ്ങൾ നഷ്ട്ടപ്പെടുത്തരുതല്ലൊ..
  ശ്രീ,
  പ്രാർത്ഥനകൾക്ക് നന്ദി..
  musthu ,
  ഇവിടെ വന്നതിൽ സന്തോഷം..

  ReplyDelete
 12. beautiful post.. waiting for more interesting posts from you!

  ReplyDelete
 13. "ഇനി പറയൂ..എപ്പോഴായിരുന്നു ഞാൻ ബ്ലോഗ്‌ നോക്കേണ്ടത്.." ആരും വഴക്ക് പാറയില്ല കേട്ടോ :) ... എക്സ് പ്രവാസിനിയും കുറെ കാലത്തിനു ശേഷം കഴിഞ്ഞ ആഴ്ച രംഗപ്രവേശം നടത്തി. പഴയകാല ബ്ലോഗര്‍സിനെ വീണ്ടും കണ്ടതില്‍ സന്തോഷം ഒരു പാട് .

  ReplyDelete
 14. ഇത് പോലുള്ള സഹൃദയന്മാരുണ്ടാകുമ്പോൾ ബ്ലോഗ്ഗിൽ നിന്ന് അകന്നു നില്ക്ക്കാൻ കഴിയില്ലല്ലോ..
  നന്ദി ഫൈസൽ.
  Raphel ,
  Thank U.

  ReplyDelete
 15. ഇപ്പോൾ ഒക്കെയും ശുഭമായല്ലൊ....ഇനി നോക്കാം ല്ലേ..

  ആശംസകൾ...

  ReplyDelete
 16. എളാമ രക്ഷപ്പെട്ടതില്‍ സന്തോഷിക്കുന്നു..
  കള്ളന്‍ കയറിയതില്‍ സങ്കടം തോന്നുന്നു...
  ബ്ലോഗില്‍ വീണ്ടും കാണുന്നതില്‍ പിന്നേം സന്തോഷം.

  ഞാനാവഴി വന്നിട്ടേയില്ല. സത്യായും ഞാനല്ല കട്ടത്!

  ReplyDelete
 17. സ്ഥിരമായി എന്തെങ്കിലും എഴുതി കൊണ്ടിരിക്കുന്നവര്‍ കുറച്ചു കാലത്തേക്ക് അപ്രത്യക്ഷമായാല്‍ സുഹൃത് വലയങ്ങളില്‍ നിന്നും അന്വേഷണങ്ങള്‍ വന്നേക്കാം. പക്ഷെ ഇത്രയും പരീക്ഷണങ്ങളെ നേരിട്ടാല്‍ ഞാനാണെങ്കില്‍ ഒരു രണ്ടു വര്‍ഷത്തേക്ക് നിശബ്ദതയില്‍ ആയിരിക്കും.

  എഴുത്തും വായനയും തുലോം കുറവായ ഒരു വര്‍ഷമായിരുന്നു എനിക്കും 2013.
  കൂടുതല്‍ എഴുത്തുകളുമായി സജീവമാകൂ. ആശംസകള്‍

  ReplyDelete
 18. ബൂലോകത്തെ എന്റെ ആദ്യകാല സൌഹൃദങ്ങളിൽ ഒരാൾ; നേരിട്ടറിയില്ലെങ്കിലും. ഒപ്പം ശ്രദ്ധേയമായിരുന്ന അസാന്നിധ്യങ്ങളിൽ ഒന്നും. 2014 ശാന്തിയുടേയും സമാധാനത്തിന്റേയുമാവട്ടെ. ഒപ്പം നല്ല ബ്ലോഗുകളും.

  ReplyDelete
 19. പ്രശ്നങ്ങൾ തീർന്നിട്ട് ബ്ലോഗ്‌ എഴുതാൻ സമയമില്ലെന്നു പറയുന്ന ആദ്യത്തെ ബ്ലോഗ്‌ പോസ്റ്റ്‌..എന്തായാലും ഓരോ പ്രതിസന്ധികളും ഓരോ പരീക്ഷണങ്ങളാണ്.
  എല്ലാം അതിജീവിച്ചു 2013 നെ യാത്രയാക്കിയല്ലോ . എഴുതാൻ മനസ്സമാധാനം ഒരു അത്യാവശ്യഘടകമാണ് എന്ന് ഈ പോസ്റ്റിൽ പറയാതെ പറയുന്നു..

  ഇനി 2014 സമാധാനത്തിന്റെ വർഷമാവട്ടെ..വീണ്ടും ബ്ലോഗിൽ കണ്ടതിൽ സന്തോഷം.

  ReplyDelete
 20. ജീവിതത്തിലെ പരീക്ഷണങ്ങള്‍ നേരിടാന്‍ കഴിയുക എന്നതാണ് ഏറ്റവും വലിയ ശക്തി. ദൈവാനുഗ്രഹത്താല്‍ എല്ലാം നന്നായി കണ്ടതില്‍ സന്തോഷം - ഒപ്പം പ്രാര്‍ത്ഥനയും ..
  എഴുത്തിന്റെ വഴിയില്‍ ഇനിയും മുന്നോട്ട് പോകാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു ..

  ReplyDelete
 21. എല്ലാവിധ ആശംസകളും ..

  ReplyDelete
 22. ജീവിതം തന്നെ പ്രശ്നങ്ങളുടെ തുരുത്താണ്. കഴിഞ്ഞവർഷം എനിക്കും നല്ലതായിരുന്നില്ല.എന്നല്ല മോശമായിരുന്നു.അപ്പോൾ ഞാൻ ആശ്ര യിച്ചത് എഴുത്തിനെ ആയിരുന്നു.തിരിച്ച് വരവിനു സ്വാഗതം

  ReplyDelete
 23. സമീരൻ,
  ആശംസകൾക്ക് നന്ദി..

  കണ്ണൂരാനെ..ആ പറച്ചിലിൽ ഒരു കിണ്ണം കട്ട കള്ളന്റെ സ്വരമുണ്ടല്ലോ..
  ങേ..
  നിങ്ങളെയെല്ലാം വീണ്ടും കണ്ടതിൽ ഞാനും ഹാപ്പി!

  വേണുഗോപാൽ,
  അതെ സുഹൃത് വലയങ്ങളിൽ നിന്ന് അകന്നു നില്ക്കേണ്ടി വരിക ഒരു വേദന തന്നെയാണ്..
  ആശംസകൾക്ക് സ്നേഹപൂർവ്വം..

  അനിൽകുമാർ,
  ബ്ലോഗ്ഗിങ്ങിന്റെ ആദ്യ നാളുകളിൽ തന്ന പ്രചോദനം മറക്കില്ല.
  നീണ്ട കാലത്തിനു ശേഷം വീണ്ടും കണ്ടതിൽ സന്തോഷം..

  അക്ബർ,
  ഞങ്ങൾ പെണ്ണുങ്ങൾക്ക്‌ മനസ്സമാധാനത്തോടൊപ്പം സമയവും കിട്ടിയാലേ,ഇത് പോലുള്ള കാര്യങ്ങൾ ചെയ്യാൻ പറ്റൂ..
  അക്ബറിനെപ്പോലുള്ളവരുടെ പ്രോത്സാഹനം തുടർന്നും പ്രതീക്ഷിക്കുന്നു..

  അബ്ദ്ദുൽ ജബ്ബാർ,
  ഓരോ പരീക്ഷണങ്ങളും നമ്മെ കൂടുതൽ കൂടുതൽ കരുത്തുള്ളവരാക്കുന്നു എന്നതാണ് വാസ്തവം.ആ വേളയിൽ അങ്ങിനെ അനുഭവപ്പെടില്ലെങ്കിലും.വന്നതിലും വായിച്ചതിലും സന്തോഷം.

  ജെഫു,
  ആശംസകൾക്ക് നന്ദി..

  ചന്തു നായർ,
  തീച്ചയായും എഴുത്തും വായനയും നല്ല വേദനാ സംഹാരികളാണ്.
  വായനക്ക് നന്ദി.

  ReplyDelete
 24. ആദ്യമായാണ് ഇവിടെ.. അപ്പോള്‍ കണ്ടത് അതിജീവനത്തിന്‍റെ കഥയാണല്ലോ..

  പുതിയതുമായി വരൂ.. വരാം.. വായിക്കാം..

  ReplyDelete
 25. വീണ്ടും കണ്ടതിൽ സന്തോഷം

  ReplyDelete
 26. വന്നതൊക്കെ വന്നു ..
  ഇനി എഴുത്ത് തുടരൂ..
  പുതു വര്ഷം പുതിയ രചനകളുടെ
  വർഷം ആകട്ടെ ..

  ReplyDelete
 27. ​ഇവിടെ ഇതുനു മുൻപ് വന്നിട്ടുണ്ടെങ്കിലും
  പിന്നെ കുറിപ്പുകൾ ഒന്നും കാണാതിരുന്നതിന്റെ കാര്യം
  ഇപ്പോൾ പിടികിട്ടി. വീണ്ടും കാണാൻ കഴിഞ്ഞതിൽ
  സന്തോഷം ഉണ്ടെങ്കിലും കഴിഞ്ഞ ഒരു വർഷത്തെ സംഭവങ്ങൾ
  സത്യത്തിൽ നടുക്കുന്നവയും വേദനയുളവാക്കുന്നതും തന്നെ,
  ധൈര്യം കൈവിടാതെ മുന്നോട്ടു പോകാൻ തീരുമാനിച്ചതും
  വീണ്ടും ബ്ലോഗിൽ സജീവമാകാൻ തീരുമാനിച്ചതിലും സന്തോഷമുണ്ട്
  യാത്ര തുടരുക എല്ലാ ആശംസകളും നേരുന്നു

  ReplyDelete
 28. ഡോക്ടർ സലാമിന്റെ കഴിവുകളെക്കുറിച്ച് ഏറെ കേട്ടിരിക്കുന്നു...
  നന്മകളുടെ ഒരു പുതുവർഷം നേരുന്നു....

  ReplyDelete
 29. മനോജ്‌ കുമാർ ,
  ആദ്യത്തെ വരവല്ലേ,സ്വാഗതം!
  മുല്ല,
  ഇവിടെ വന്നതിൽ വളരെ സന്തോഷം..

  പൈമ ,
  അതെ past is past..
  നന്ദി.
  P .V .Ariel ,
  സ്നേഹം നിറഞ്ഞ ആശംസകൾ കൂടെയുള്ളപ്പോൾ യാത്ര തീര്ച്ചയായും സുഖകരമായിരികും.നന്ദി.
  പ്രദീപ്‌ കുമാർ ,
  പുതുവർഷാശംസകൾക്ക്‌ സ്നേഹപൂർവ്വം നന്ദി പറയട്ടെ..

  ReplyDelete
 30. ഡോക്ടർമാർക്ക് രോഗം മനസ്സിലായില്ലെങ്കിൽ പിന്നെ അവർക്ക് പരീക്ഷണത്തിന് ഒരു നിമിഷം പോലും നമ്മൾഉറ്റവരെ വിട്ടു കൊടുക്കരുത്....
  അവര്‍ക്കൊന്നും മനസ്സിലായില്ലെങ്കില്‍പോലും മനസ്സിലായപോലെ നമ്മെ ചികില്സിക്കുന്നതിനാല്‍ ഒന്നും മനസ്സിലാവാത്ത നാം പലപ്പോഴും നാം ഗിനിപ്പന്നികള്‍ ആയി മാറുന്നു .
  തിരിച്ചു വരവില്‍ സന്തോഷം . നമ്മളും ഒരിക്കല്‍ തിരിച്ചു വരും ..

  ReplyDelete
 31. സമാനാനുഭവങ്ങളിലൂടെയാണ് ഞാനും കടന്നുപോയത്.ചില വെത്യാസങ്ങള്‍ ഉണ്ടെങ്കിലും കണ്ണുനീരനുഭവങ്ങളില്‍ മുങ്ങിയമര്‍ന്നുപോയ ഒരുപാട് സന്തോഷാവസരങ്ങള്‍...
  എഴുതാനുള്ള ശക്തി വന്നില്ല.അത് കൊണ്ടാണ് ഒരു കിളിക്കൂടിന്റെ തണലില്‍ ബ്ലോഗിലേക്കുള്ള പുന:പ്രവേശം നടത്തിയത്.
  എന്തായാലും എളെമ്മസുഖപ്പെട്ടൂല്ലേ..അല്ഹമ്ദുലില്ലാഹ്.
  കള്ളന്‍ കൊണ്ടുപോയത് വല്ലതും തിരിച്ചു കിട്ടിയോ...

  ReplyDelete
 32. ഇസ്മാഈൽ,
  നമ്മൾ നിസ്സഹായരായി മാറിപ്പോകുന്ന നിമിഷങ്ങളാണത്.ആശുപത്രിക്കാര്യങ്ങൾ ഒരുപാടുണ്ട്.വായനക്കാരെ മുഷിപ്പിക്കേണ്ട എന്ന് കരുതി എഴുതാതിരുന്നതാണ്.
  വരവിനും വായനക്കും നന്ദി.

  സഹീല,
  അനുഭവങ്ങൾ എഴുതൂ കൂട്ടുകാരീ..
  കള്ളൻ കൊണ്ടുപോയത് എവിടെ കിട്ടാൻ?
  സങ്കടം എന്താന്ന് വെച്ചാൽ എളാമ ഇത് വരെ ഈ സംഭവങ്ങളൊന്നും അറിഞ്ഞിട്ടില്ല.അവരുടെ ആഭരണം ഒക്കെ ലോക്കറിൽ വെച്ചിരിക്കയാണെന്ന് പറഞ്ഞു സമാധാനിപ്പിച്ചിരിക്കയാണ് ഞാൻ.
  ഹൃദയഭേദകമായൊരു കാഴ്ചയായിരുന്നു അത്..കരിമ്പിൻ കാട്ടിൽ ആന കേറിയപോലെ എന്ന് പറയാറില്ലേ?അത് പോലെ..

  ReplyDelete
 33. തിരിച്ചുവരവിന് ആശംസകൾ! ജീവിതം സുഖവും സന്തോഷവും കലർന്നതാണ്... എല്ലാം നല്ലതിനാണെന്ന് കരുതുക.....സന്തോഷം....

  ReplyDelete
 34. ഇത്രേം പ്രശ്നങ്ങളുണ്ടായിട്ട് നിങ്ങള് ഒരു വര്‍ഷമല്ലേ മാറി നിന്നിട്ടുള്ളൂ... ഒരു പ്രശ്നോം ഇല്ലാതെ ഞാന്‍ രണ്ട് കൊല്ലാണ് മാറി നിന്നത്...

  തിരിച്ചുവന്നതില്‍ സന്തോഷം... :)

  ReplyDelete
 35. ഇനി പുഞ്ചിരികള്‍ മാത്രം ഉണ്ടാവട്ടെ...

  ReplyDelete
 36. പ്രിയപ്പെട്ട മെയ്ഫ്ലവേസ് , നേരിട്ട് അറിഞ്ഞ കാര്യങ്ങൾ അക്ഷരങ്ങളിലൂടെ വായിച്ചപ്പോൾ എന്താ പറയാ അനുഭവവേദ്യമായി എന്ന് പറയുമ്പോലെ ... അനുഗ്രഹീതമായ കഴിവുള്ള ഈ എഴുത്തുകാരിയുടെ കൂട്ടുകാരി ആകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. പുതിയ വര്ഷം എല്ലാ സ്വഭാഗ്യങ്ങളും കൊണ്ട് തരട്ടെ എന്നും പ്രാര്ത്ഥിക്കുന്നു.

  ReplyDelete
  Replies
  1. സന്തോഷം..അനിയത്തിക്കുട്ടിയുടെ പ്രാർത്ഥനദൈവം കേൾക്കുമാറാകട്ടെ..

   Delete
 37. ഇനി ഇവിടുന്നു പോവരുതുട്ടോ .

  ReplyDelete
  Replies
  1. മിനിക്കുട്ടിയുടെ വരവിൽ അതിയായ ആഹ്ലാദം..

   Delete
 38. എല്ലാപുലിവാലുകളും കഴിഞ്ഞകൊല്ലം
  തീർന്നെങ്കിലും ഇക്കൊല്ലവും ബൂലോഗത്ത്
  സജീവമായി കണ്ടില്ലല്ലോ....?

  ReplyDelete