Tuesday, February 1, 2011

ഇക്കരെ നിന്ന് ഉരുകുന്നവര്‍..

പ്രവാസ കാര്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് നമ്മുടെ ബൂലോകം.
അവരുടെ ആശയും,നിരാശയും,നേട്ടവും,കോട്ടവും,വിരഹവും,വേദനയുമെല്ലാം ബൂലോകക്കാഴ്ചകളില്‍ സാധാരണമാണ്.
അനുഭവസ്പര്‍ശം കൊണ്ട് മനസ്സില്‍ത്തൊടുന്നതുമാണ് മിക്ക പോസ്റ്റുകളും.

എന്നാല്‍ കാണാന്‍ കഴിയാത്ത ഒന്നുണ്ട്,നാട്ടില്‍ കഴിയുന്ന അവരുടെ നല്ല പാതിയുടെ സമര്‍പ്പണത്തിന്റെ,സ്വയം പര്യാപ്തതയുടെ,സഹനത്തിന്റെ കഥകള്‍..
ഞാന്‍ കാണാതെ പോയതുകൊണ്ടോ എന്തോ എന്നറിയില്ല.

മേലെ എഴുതിയ മനുഷ്യസഹജമായ എല്ലാ വികാരങ്ങളുടെയും ഉടമകളാണ് അവരും.അവര്‍ക്കും പറയാനുണ്ടാകും സങ്കടത്തിന്റെയും,വേര്‍പാടിന്റെയും,ഒറ്റപ്പെടലിന്റെയും കഥകള്‍..
കത്ത് പാട്ടില്‍ പറയുന്നതൊന്നുമല്ല അവളുടെ ജീവിതം..
അവളുടെ ഉള്ളം നിറയെ കാതങ്ങള്‍ക്കകലെ കഴിയുന്ന പ്രിയപ്പെട്ടവന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളാണ്..
രാത്രിയില്‍ പുറത്ത് നിന്നൊരൊച്ച കേട്ടാല്‍ "ആരെടാ.."എന്ന് ചോദിക്കാന്‍ വീട്ടുകാരന്‍ അരികിലില്ലാത്തതിന്റെ വേവലാതികളാണ്..

ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ മാതാവിന്റെയും,പിതാവിന്റെയും റോളുകള്‍ അവള്‍ക്ക് ഒറ്റയ്ക്ക് നിര്‍വഹിക്കേണ്ടതുണ്ട്.
ഒരു കുടുംബത്തിന്റെ തൂണായി,വിളക്കായി മാറേണ്ടതുണ്ട്..
കുട്ടികളുടെ സ്‌കൂള്‍, കോളേജ് പ്രവേശനം. അത് സംബന്ധമായ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങല്‍..
അങ്ങിനെ എന്തെല്ലാം കടമകള്‍ കര്‍ത്തവ്യങ്ങള്‍..

ഏതൊരു ഉദ്യോഗസ്ഥയെയും വെല്ലുന്ന കാര്യപ്രാപ്തി ഈ വിഭാഗത്തിനുണ്ട്.
വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഒരു പക്ഷെ,ഏറ്റവുമധികം പ്രയോജനപ്പെട്ടിരിക്കുക ഗള്‍ഫുകാര്‍ക്കായിരിക്കും.
തന്റെ നോവും വേവും ഒക്കെ പ്രിയപ്പെട്ടവനുമായി പങ്കിടാന്‍ പണ്ടത്തെ പോലെ ആഴ്ചകള്‍ കാത്തിരിക്കേണ്ടതില്ല.
പക്ഷെ,ഈ സംവിധാനങ്ങള്‍ അപ്രാപ്യമായ ലക്ഷക്കണക്കിന്‌ ഭാര്യമാര്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ടെന്നുള്ളത് തികച്ചും സങ്കടകരമാണ്.

സ്വന്തമായൊരു വീട് ഏതൊരാളുടെയും സ്വപ്നമാണ്.എന്നാല്‍ പ്രവാസിയുടെ ഈ സ്വപ്നം സഫലമാക്കുന്നതില്‍ അവന്റെ ഭാര്യക്ക് അനല്‍പ്പമായ പങ്കുണ്ട്. അതെപ്പറ്റി അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ വല്ലപ്പോഴുമൊരിക്കല്‍ ചെവി കൊടുക്കണം.
അക്ഷരാര്‍ത്ഥത്തില്‍ നൂറു തവണ വിളിച്ചിട്ടും ഫോണെടുക്കാത്ത പ്ലംബറുടെ,വാക്കിന് വില കല്‍പ്പിക്കാത്ത ആശാരിയുടെ..,മേസ്തിരിയുടെ..ഒക്കെ കഥകള്‍..
ഇതിന്റെയൊക്കെ പിന്നാലെയോടി തളര്‍ന്നിരിക്കുമ്പോള്‍ കേള്‍ക്കുന്നതോ "ഇവള്‍ ആണാവേണ്ടത്‌ പെണ്ണായിപ്പോയതാ.."എന്ന കമന്റ് .ചങ്കില്‍ തറക്കുന്ന ഇത്തരം വര്‍ത്താനം കേട്ട് സങ്കടപ്പെട്ടു കരഞ്ഞ ദിവസങ്ങള്‍.
ഇതൊക്കെയാവും അവള്‍ക്ക് വേദനയോടെ പറയാനുണ്ടാവുക.

അവള്‍ക്ക് ദിവസേന നേരിടേണ്ട കടമ്പകള്‍ നിരവധിയാണ്.
ഏറ്റവുമധികം സോപ്പിടേണ്ടത് തേങ്ങ പറിക്കുന്നവനെ.
അവന്റെ മടുപ്പിക്കുന്ന ഹലോ ട്യൂണ്‍ പത്തു പതിനഞ്ചു തവണ കേട്ട് മടുത്ത് അവസാനം ലൈനില്‍ കിട്ടിയാല്‍ ഉള്ളിലെ കോപവും,താപവും ഒക്കെ ഒളിപ്പിച്ച് "പൊന്ന് മോനെ ഒന്ന് വന്ന് പറിച്ചു താ.."എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ അത് കേള്‍ക്കാനിടയാകുന്ന ഭര്‍ത്താവ് വിചാരിക്കും "ഇവളെന്തിനാണാവോ ഈ തേങ്ങ പറിക്കുന്നവനെയൊക്കെ കയറി മോനേന്ന് വിളിക്കുന്നത്‌.."എന്ന്.
ശരിയല്ലേ?
തെങ്ങില്‍ തേങ്ങയും വെച്ച് അത് പൈസയും കൊടുത്തു വാങ്ങാന്‍ ഞങ്ങള്‍ക്ക് വയ്യാത്തത് കൊണ്ട് തന്നെ എന്നാണ് ഇതിനുള്ള ഉത്തരം.

കുഞ്ഞുങ്ങളുടെ മുമ്പില്‍ കനിവിന്റെ തൊങ്ങല്‍ പിടിപ്പിച്ച,സ്നേഹത്തലപ്പാവണിഞ്ഞ ഒരു സുല്‍ത്താനായി അവരുടെ ഉപ്പയെ/അച്ഛനെ അവള്‍ കാണിച്ചു കൊടുക്കുന്നു.
വര്‍ഷത്തിലൊരിക്കല്‍ കാണുന്ന അച്ഛന്റെ/ഉപ്പയുടെ രൂപം അങ്ങിനെയാണ് അവരുടെ ഉള്ളില്‍ ഒരു സ്നേഹസ്വരൂപനായി മാറുന്നത്.
എന്ത് സമ്മാനമാണ് നിങ്ങളിതിനു പകരം കൊടുക്കുക?

പ്രവാസി മെഴുകുതിരി ആണെങ്കില്‍,ആ ഉരുക്കം ഇവിടെ കാത്തിരിക്കുന്ന അവന്റെ പ്രിയതമയും അനുഭവിക്കുന്നു.
ആരെങ്കിലും ഭര്‍ത്താവ് ഗള്‍ഫിലാണെന്ന് പറഞ്ഞാല്‍ ആദരം നിറച്ച കണ്ണുകളോടെയാണ് ഞാന്‍ അവരെ നോക്കാറ്.
കാരണം ഞാനാ കണ്ണുകളില്‍ കാണാറുണ്ട്‌ ഒറ്റയ്ക്ക് പടപോരുതേണ്ടി വന്ന ഒരു പോരാളിയുടെ ദുഃഖം..