Thursday, December 20, 2012

അമ്മമാരുറങ്ങാത്ത കാലം...അമ്മമാരുടെ മനസ്സിലെപ്പോഴും കനലാണ്.ചിലപ്പോഴത് ആളിക്കത്തും,അല്ലാത്തപ്പോള്‍ എരിഞ്ഞു  കൊണ്ടിരിക്കും.ആ കനലണഞ്ഞ നേരമുണ്ടാവില്ല.
പെണ്മക്കളുള്ള അമ്മമാരാണെങ്കില്‍ പ്രത്യേകിച്ചും.
പിഞ്ചു കുഞ്ഞ് ആയാലും,പാവാടക്കാരി ആയാലും,പ്രായമേറെ ചെന്നാലും ശരി,പെണ്ണെന്ന രൂപം കണ്ടാല്‍ മതി ചില ചെന്നായ്ക്കള്‍ക്ക് ഭ്രാന്തിളകാന്‍.
പിന്നെങ്ങിനെ അമ്മമാര്‍ സ്വസ്ഥതയോടെയിരിക്കും?

വളരെ സങ്കടത്തോടെയാണ് ഈ വരികള്‍ ടൈപ്പ് ചെയ്യുന്നത്.
ഇന്നലെ ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടി മൃഗീയമായി ആക്രമിക്കപ്പെട്ട വാര്‍ത്ത നെഞ്ച് കീറുന്ന വേദനയോടെയാണ് വായിച്ചത്.
മനുഷ്യര്‍ക്ക്‌ ഇത്രയും അധപതിക്കാന്‍ കഴിയുമോ?അവര്‍ക്കുമുണ്ടാവില്ലേ അമ്മയും പെങ്ങളും?
ദിവസേന പത്രത്തില്‍ ഇത്തരം എത്ര വാര്‍ത്തകളാണ് വരുന്നത്..?എന്നാല്‍ അതിലെ ഒരു പ്രതിയെപ്പോലും മാതൃകാപരമായി ശിക്ഷിച്ചു കേട്ടിട്ടില്ല.പിന്നെങ്ങിനെ സമൂഹത്തില്‍ അത്തരം നരാധമന്മാര്‍ ഉണ്ടാകാതിരിക്കും??
പീഡനം എന്ന വാക്ക് പോലും നിഘണ്ടുവില്‍ അര്‍ഥം മാറ്റി എഴുതേണ്ട അവസ്ഥയാണ്.
ആര് ആരെയൊക്കെയാണ് പീഡിപ്പിക്കുന്നത് എന്നത് അചിന്തനീയം...

ബാക്കി എല്ലാ വാര്‍ത്തകളെയും പോലെ കുറച്ചു നാള്‍ ആഘോഷിക്കുകയും അതിനു ശേഷം താല്പര്യം നശിക്കുകയും ചെയ്യുന്ന ഒരു സ്റ്റോറി എന്നതിനപ്പുറം പത്രക്കാര്‍ പോലും ഇതിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് തോന്നുന്നില്ല.
എന്തൊരു കഷ്ടമാണിത് ?
കാടന്മാരായ,മൃഗതുല്യരായ ചില പുരുഷന്മാര്‍ കാരണം സ്ത്രീകള്‍ക്ക് ഇവിടെ നീണ്ടു നിവര്‍ന്ന്  നടക്കാന്‍ കഴിയുന്നില്ല എന്നത് എവിടുത്തെ ന്യായമാണ് ?

ഇന്നത്തെ പത്രത്തില്‍ കണ്ടു മകളെ പീഡിപ്പിച്ച പിതാവിന് ഏഴു വര്‍ഷം തടവെന്ന്.ആ ചെകുത്താന്‍ ജീവിക്കാനര്‍ഹനാണോ?
നമ്മുടെ നിയമ വിദഗ്ധരും നിയമ വ്യവസ്ഥയും തലപുകഞ്ഞാലോചിക്കട്ടെ.
ഇത്തരം കേസുകളിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ സമൂഹത്തില്‍ വിലസി നടക്കുന്നത് കൊണ്ട് തന്നെയാണ് കൂടുതല്‍ കൂടുതല്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്.
വധ ശിക്ഷ തന്നെയാണ് ഇക്കൂട്ടര്‍ക്ക് കൊടുക്കേണ്ടത്.മാനഭംഗത്തിലൂടെ ഒരു പെണ്ണ് ആയിരം തവണ മരിച്ചു ജീവിക്കുമ്പോള്‍ ആ ക്രൂരത അവളോട്‌ കാണിച്ച നീചന്‍ ഒരു തവണയെങ്കിലും മരിക്കേണ്ടേ?
22fk എന്ന സിനിമ ഓര്‍ത്തു പോകുന്നു.ഇനിയുള്ള നാളുകളില്‍ സംഭവിക്കാന്‍ പോകുന്നത് അതൊക്കെ തന്നെയാവും.
ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ജീവിതം മുഴുവന്‍ കണ്ണീരൊഴുക്കി കഴിയുകയും പ്രതി സുഖ സുന്ദരമായി ജീവിക്കുകയും ചെയ്യുമ്പോള്‍,പ്രിയപ്പെട്ടവരേ..അത്തരം അവസരങ്ങളിലായിരിക്കും ഓരോ തീവ്രവാദിയും ജനിച്ചു പോകുന്നത്..


ദുഷ്ടന്മാരേ..,നരഭോജികളേ..കരുതിയിരുന്നു കൊള്ളൂ..ഒരു നാള്‍ നിങ്ങള്‍ വലയില്‍ വീഴും.

നാനാത്വത്തില്‍ ഏകത്വം കാണുന്നത്  ഈയൊരു കാര്യത്തിലാണെന്ന് തോന്നുന്നു.കാശ്മീര്‍ തൊട്ട് കന്യാകുമാരി വരെയുള്ള നാടുകളിലെ ചരിത്രം എടുത്തു നോക്കിയാല്‍ എല്ലാ സ്ഥലത്തും സംഭവം ഒന്ന് തന്നെ.പ്രതികളും അപ്രകാരം സാധാരണക്കാരില്‍ തുടങ്ങി സമൂഹത്തിലെ ഉന്നതര്‍ തൊട്ട് സെലിബ്രിറ്റികള്‍ വരെ..ജാതിമത ഭേദമന്യേ..എന്തൊരു മതേതരത്വം!
പേരിനൊരു ജയില്‍ വാസവും കഴിഞ്ഞ് പുഷ്പം പോലെ പുറത്ത് വന്ന് ജനങ്ങളുടെയിടയില്‍ അവര്‍ സ്വൈര്യ വിഹാരം നടത്തുകയാണ്.ചിലപ്പോള്‍ ജയില്‍ വാസം പോലുമില്ല.
ഇതൊക്കെ കാണുമ്പോള്‍..,കേള്‍ക്കുമ്പോള്‍..,പിടയ്ക്കുന്നത്‌ അമ്മമാരുടെ ഹൃദയമാണ്..
ആളിക്കത്തുന്നത്‌ അവരുടെ ഉള്ളിലെ തീയാണ്..
കഴുകനും കാക്കയും കാണാതെ പ്രാപ്പിടയനും പരുന്തും കാണാതെ ഞങ്ങളെവിടെയാണ് അവരെ ഒളിപ്പിക്കേണ്ടത്??
ഖോജ രാജാവായ തമ്പുരാനേ..ഞങ്ങളുടെ മക്കളെ കാത്തോളണേ..


25 comments:

 1. കാലാനുസൃതമായി മാറ്റങ്ങള്‍ സംഭവിക്കാത്ത നിയമങ്ങളും തെറ്റ് ചെയ്‌താല്‍ രക്ഷപ്പെടാനുള്ള പഴുതുകള്‍ നിറഞ്ഞ നിയമങ്ങളും തെളിവുകള്‍ കാത്തിരിക്കുന്ന കോടതികളും പിന്നെ എന്തും ചെയ്യാന്‍ പേടിയില്ലാത്ത കുറെ മനുഷ്യരും എന്തും ചെയ്യാന്‍ അധികാരമുള്ള കുറെ മനുഷ്യരും ഒക്കെക്കൂടി ആശ്രയമില്ലാത്ത ഒരവസ്ഥ സൃഷ്ടിച്ചിരിക്കുന്നു.
  അള മുട്ടിയാല്‍ ചേരയും കടിക്കും എന്നത് അള മുട്ടാന്‍ കാത്തു നില്‍ക്കാതെ കടി തുടങ്ങേണ്ടിയിരിക്കുന്നു എന്ന് തിരുത്താറായി.

  ReplyDelete
 2. സ്ത്രീകൾക്കെതിരെയുള്ള നീചമായ ആക്രമണങ്ങൾ തുടർന്ന് കൊണ്ടേയിരിക്കുന്നു..മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും അടിമകളായ സാമൂഹ്യദ്രോഹികളുടെ വിളയാട്ടം അവസാനിപ്പിക്കാൻ പ്രതികരിക്കുന്ന ജനങ്ങൾ രംഗത്തെത്തിയേ തീരും..അതോടൊപ്പം തന്നെ സ്ത്രീകൾ സ്വയം സുരക്ഷ ഉറപ്പാക്കി യാത്ര ചെയ്യേണ്ടതുണ്ട്..ഏതു സമയത്തും രക്ഷ കൊടുക്കാൻ കഴിയും വിധം പോലീസ് സേന പുതിയ സുരക്ഷാരീതികൾക്ക് തുടക്കമിടേണ്ടതുണ്ട്.പെൺകുട്ടികൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ വാർത്തകൾ കേൾക്കുമ്പോൾ എങ്ങിനെയാണ് അമ്മമാർ ഉറങ്ങുക..മനസ്സിലെ നൊമ്പരങ്ങൾ എഴുത്തിൽ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ഈ കുറിപ്പ് പ്രാർത്ഥനകളോടെ വായിക്കുന്നു

  ReplyDelete
 3. സ്ത്രീ പീഢനം ഇന്ത്യന്‍ സമൂഹത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു മാറാവ്യാധിയായി കത്തിയാളുന്നു. സ്വന്തം മകളെ വിൽപ്പനച്ചരക്കാക്കി, കാമവെറിയന്മാര്‍ക്ക് കടിച്ചുകീറാന്‍ എറിഞ്ഞുകൊടുത്ത അമ്മയടങ്ങുന്ന ഈ ലോകത്തെ ഉള്‍ക്കൊള്ളാനാവാതെ മനസ്സ് വല്ലാതെ വീര്‍പ്പുമുട്ടുകയാണ്.

  നമ്മുടെ നിയവവ്യവസ്ഥിതി എന്ന് പൊളിച്ചെഴുതാന്‍ ധൈര്യം കാണിക്കുന്നോ അന്നേ ഭാരത സ്ത്രീയ്ക്ക് സ്ത്രീയായി ജീവിക്കാനാവൂ മഹത്തായ സ്ത്രീസങ്കൽപ്പങ്ങളുള്ള ഭാരതത്തില്‍.

  ReplyDelete
 4. അമ്മമ്മാരുടെ മനസിലെപ്പോഴും കനലാണ്.
  സത്യം തന്നെ ആന്റീ. ഡല്‍ഹി വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഭയം വര്‍ദ്ധിക്കുന്നു.

  ReplyDelete
 5. സമൂഹത്തില്‍ വ്യാപകമായി ദൃശ്യമാകുന്ന സാംസ്കാരികാധഃപതനത്തിന്‍റെ കാഴ്ചകളും,കേള്‍വികളുമാണ് നാം നിത്യവും വേദനയോടെ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

  "ദുഷ്ടന്മാരേ..,നരഭോജികളേ..കരുതിയിരുന്നു കൊള്ളൂ..ഒരു നാള്‍ നിങ്ങള്‍ വലയില്‍ വീഴും."
  എന്നാല്‍ കുറ്റവാളികളെ എളുപ്പത്തില്‍ രക്ഷപ്പെടാന്‍ പറ്റാത്ത തരത്തിലുള്ള കര്‍ക്കശമായ ശിക്ഷകളും,വലപൊട്ടിച്ചു പോകാതിരിക്കാനുള്ള നടപടികളും ഉണ്ടായിരുന്നുവെങ്കില്‍...,....

  ഉള്ളില്‍ തിങ്ങിവിങ്ങുന്ന വേദനയും,രോഷവും നിറഞ്ഞ എഴുത്തുവായിച്ച്, ഇനിയും ഇത്തരത്തിലുള്ള ദുരന്തങ്ങളും.
  ക്രൂരതകളും ഉണ്ടാകരുതെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്‌,

  ReplyDelete
 6. ദിവസവും കേള്‍ക്കുന്ന വാര്‍ത്തകള്‍. .
  ഒന്നിനുപിറകെ മറ്റൊന്ന്.
  പേരുകള്‍ മാത്രം മാറുന്നു.
  നിയമങ്ങള്‍ മാത്രം മാറുന്നില്ല. പ്രകൃതിയുടെ നിയമം അറിയുന്നവര്‍ തന്നെ ഇങ്ങിനെ ആവുമ്പോള്‍ എന്ത് പറയാന്‍. .
  സാംസ്കാരിക അപചയം . എന്ന് അവസാനിക്കും എന്ന ചോദ്യം തുടരും.

  ReplyDelete
 7. ദിവസങ്ങള്‍ നീളുന്ന ജനരോഷം ഒരു മാറ്റത്തിന്‍റെ സൂചനയായി കാണാമെന്ന് തോന്നുന്നു!!
  ഇനിയെങ്കിലും ഈ കുറ്റവാളികളെ എത്രയും വേഗത്തില്‍ മാതൃകാപരമായി ശിക്ഷിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ !!
  കുറിപ്പുകളിലുടനീളം അമ്മമനസ്സുകളില്‍ ജ്വലിക്കുന്ന തീയുടെ ആളിക്കത്തല്‍ നിറഞ്ഞുനില്‍ക്കുന്നു!!
  ആ പെണ്‍കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥനകളോടെ,

  ReplyDelete
 8. ഇന്ന് ഇന്ത്യാവിഷന്‍ ചാനലിലും കണ്ടു, ഞെട്ടിക്കുന്ന ചില കാഴ്ചകള്‍
  ബ്ലഡി ഇന്ത്യന്‍സ് ഇങ്ങനെ ഞരമ്പ് രോഗികള്‍ ആയല്ലോ എന്നോര്‍ക്കുമ്പോള്‍ ഇവിടെ ദുബായിലങ്ങ് സ്ഥിരാക്കിയാലോ എന്ന് ചിന്തിച്ചുപോകുന്നു!

  (പോസ്റ്റ്‌ കാണാന്‍ വൈകി. അതെങ്ങനെ. പോസ്റ്റ്‌ട്ടാല്‍ മെയില്‍ അയക്കില്ലല്ലോ മറിയംബി!)

  ReplyDelete
 9. നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥകളാണ് മാറ്റേണ്ടത്. കുറ്റങ്ങള്‍ക്ക് കഠിന ശിക്ഷ തന്നെ കൊടുക്കണം.. ഭീതിമൂലം കുറെ എങ്കിലും കുറ്റങ്ങള്‍ കുറഞ്ഞേക്കാം

  ReplyDelete

 10. ദിവസവും കേള്‍ക്കുന്ന വാര്‍ത്തകള്‍ ഒന്നിനുപിറകെ മറ്റൊന്ന്, പേരുകള്‍ മാത്രം മാറുന്നു
  അമ്മമ്മാരുടെ മനസിലെപ്പോഴും കനലാണ് സത്യം തന്നെ പെണ്‍കുട്ടിക്കള്‍ വേണ്ടി പ്രാര്‍ത്ഥനകളോടെ.....

  ReplyDelete
 11. ഇതിനു പിന്നിലെ വികാര തീവ്രത മനസ്സിലാക്കാവുന്നതെയുള്ളൂ. ലജ്ജാകരമായ സംഭവങ്ങള്‍. അതെ, അമ്മമാരുടെ ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. An Eye Opener blog.
  http://drpmalankot0.blogspot.com/

  ReplyDelete
 12. ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
  എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
  ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
  ആയത് ഈ മെയ് ഫ്ലവറിനടക്കംഎല്ലാവര്‍ക്കും നന്മയുടെയും
  സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
  ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
  അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

  സസ്നേഹം,

  മുരളീമുകുന്ദൻ

  ReplyDelete
 13. അമ്മമാര്‍ക്ക് ഉറക്കം കിട്ടുന്ന കാലം ഇനിയും ഒരുപാടകലെ ....
  പുതുവത്സരാശംസകള്‍ !

  ReplyDelete
 14. എന്നാണാവോ ഈ വാര്‍ത്തകള്‍ കേള്‍ക്കാത്ത ഒരു പ്രഭാതം കണി കണ്ടുണരുന്ന കാലം...

  പുതുവത്സരാശംസകള്‍!

  ReplyDelete
 15. വാര്‍ത്തകള്‍ വേദനകള്‍ മാത്രം തരുമ്പോള്‍ അമ്മമാരുടെ മിഴികള്‍ അടയുന്നതെങ്ങനെ. വായിക്കുമ്പോള്‍ ആശങ്കകള്‍ കൂടി വരുന്നു

  ReplyDelete
 16. കാണാന്‍ അല്‍പ്പം വൈകി ,ലോകത്തിനു മുമ്പില്‍ പോലും നാണം കെടുത്തി ഈ സംഭവം , ഇത് പോലെയുള്ള ക്രൂരതകള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ഡല്‍ഹി സംഭവം ഒരു ഓര്‍മ്മപെടുത്തലാവട്ടെ , നല്ല പോസ്റ്റ്‌ .

  ReplyDelete
 17. ഈ പോസ്റ്റ് കാണാന്‍ വൈകി. മാസക്കുളി തെറ്റുന്ന അന്നു മുതല്‍ പെണ്ണിനു ജനിക്കാന്‍ പോകുന്ന കുരുന്നിനെപ്പറ്റിയുള്ള ആധി തുടങ്ങുമെന്നാണ് തമിഴ് പഴമൊഴി... അമ്മയും അച്ഛനും ആവണോ എന്ന് എല്ലാവരും ആലോചിക്കേണ്ട കാലം വന്നുവെന്ന് തോന്നുന്നു. ....

  ReplyDelete
 18. 'നാനാത്വത്തില്‍ ഏകത്വം കാണുന്നത് ഈയൊരു കാര്യത്തിലാണെന്ന് തോന്നുന്നു.കാശ്മീര്‍ തൊട്ട് കന്യാകുമാരി വരെയുള്ള നാടുകളിലെ ചരിത്രം എടുത്തു നോക്കിയാല്‍ എല്ലാ സ്ഥലത്തും സംഭവം ഒന്ന് തന്നെ'

  അതെ,സത്യമാണ്.

  ReplyDelete
 19. ഇതൊക്കെ കാണുമ്പോള്‍..,കേള്‍ക്കുമ്പോള്‍..,പിടയ്ക്കുന്നത്‌ അമ്മമാരുടെ ഹൃദയമാണ്..
  ആളിക്കത്തുന്നത്‌ അവരുടെ ഉള്ളിലെ തീയാണ്..
  കഴുകനും കാക്കയും കാണാതെ പ്രാപ്പിടയനും പരുന്തും കാണാതെ ഞങ്ങളെവിടെയാണ് അവരെ ഒളിപ്പിക്കേണ്ടത്?? സത്യമാണ് പറഞ്ഞത്.ആശങ്കകൾ നിറഞ്ഞ നാളെയിലേയ്ക്കാണ് ഇന്നിന്റെ ഓരോ ചുവടും. ഈ നല്ല എഴുത്തിനു ആശംസകൾ

  ReplyDelete
 20. പുറത്തു തീ
  നമ്മുടെ ഉള്ളിലും തീ ...
  ഖോജ രാജാവായ തമ്പുരാനേ..ഞങ്ങളുടെ മക്കളെ കാത്തോളണേ..
  നമുക്ക് കഴിയുന്നതിപ്പോള്‍ ഇത്രമാത്രം !

  ReplyDelete
 21. Love your blog! I'm happy to follow you, you can visit my blog when you find time :)
  http://kitchenista-welcometomykitchen.blogspot.com

  ReplyDelete
 22. മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച സംഭവങ്ങളായിരുന്നു ഡൽഹിയിലും ,കഴിഞ്ഞ മുംബൈയ് കാടത്തവും.ഇന്ത്യൻ നിയമങ്ങളെ വെല്ലുവിളിച്ചു കൊണ്ട് ഈ നരധന്മാർ അഴിഞ്ഞാടുന്നു.ഇവർക്ക് വധശിക്ഷ തന്നെ ലഭിക്കണം .അത് കിട്ടാൻ ദൈവത്തോട് മുട്ടിപ്പായി പ്രാർഥിക്കും,കാരണം എനിക്കും ഒരു പെണ്‍കുഞ്ഞാണ്‍..

  ReplyDelete
 23. chumma pazhaya postukal okke nokkyatha..ippo
  evide?ezhutharundo?

  ReplyDelete
 24. എഴുത്തൊക്കെ കുറച്ചോ?

  ReplyDelete