ഞാനും,എന്റെ ഭാര്യയും,ഒരു തട്ടാനും എന്ന മട്ടില്‍ കാര്യങ്ങള്‍ നീങ്ങുന്ന ഇക്കാലത്ത് സഹജീവികളിലൊരാള്‍ മുടങ്ങിപ്പോയാല്‍പ്പിന്നെ നമുക്കൊരു കൈ സഹായത്തിനു ഹോം നഴ്സിനെ വിളിക്കേണ്ടി വരുന്നു.അത് കൊണ്ട് തന്നെയാവാം നമ്മുടെ നാട്ടില്‍ ഹോം നഴ്സിംഗ് ഏജന്‍സി കൂണ് പോലെ മുളച്ചു പൊങ്ങുന്നതും .നഴ്സിംഗ് എന്നത് പേരില്‍ മാത്രമേ ഉള്ളൂ,അതിന്റെ ബാലപാഠങ്ങള്‍ പോലും അറിയാത്തവരാണ് ഭൂരിപക്ഷവും.
ഒരിക്കലെങ്കിലും ഹോം നഴ്സിനെ നിര്‍ത്തിയ അനുഭവമുണ്ടെങ്കില്‍ ആരും ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു പോകും ഇനി ഇവരെ വിളിക്കേണ്ട അവസ്ഥ വരുത്തല്ലേ എന്ന്..
ഇത് അതിശയോക്തി കലര്‍ത്തി പറയുകയല്ല,അവരില്‍ നിന്ന് തിക്താനുഭവങ്ങള്‍ ഏറ്റു വാങ്ങിയ ഒരു അനുഭവസ്ഥയാണ് ഞാന്‍.
എന്റെ എളാമ വീണു തുടയെല്ല്
പൊട്ടി സര്‍ജറി ഒക്കെ വേണ്ടി വന്നപ്പോള്‍ എനിക്കും വിളിക്കേണ്ടി വന്നു ഒരു ഹോം നഴ്സിനെ.അത്യന്തം വിഷമകരമായ അവസ്ഥയില്‍ കിട്ടിയതിനാല്‍ ആ കുട്ടി പറയുന്നതെന്തും ഞാന്‍ അനുസരിച്ചു.കേബിള്‍ കണക്ഷന് ഇല്ലാത്തതിനാല്‍ ആദ്യം തന്നെ മുഖമിരുണ്ടു.പിന്നെ പഴയ വനിതയെല്ലാം തപ്പിയെടുത്തു വായിക്കാന്‍ കൊടുത്തു പ്രസാദിപ്പിച്ചു.
മോളെ എന്നല്ലാതെ ഞാന്‍ വിളിക്കാറില്ലായിരുന്നു.കാരണം വീട്ടില്‍ മറ്റാരും ഇല്ലാത്ത ആ അവസ്ഥയില്‍ മനുഷ്യക്കോലമുള്ള ഒരുത്തി മതിയായിരുന്നു അന്നെനിക്ക്. ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്ന് കേട്ടിട്ടില്ലേ?
അങ്ങിനെ അവളുടെ ടേം പൂര്‍ത്തിയാകുന്നതിനു മുമ്പായി ഈസ്റ്റെര്‍ വന്നതിനാല്‍ രണ്ടു ദിവസത്തേക്ക് വീട്ടില്‍ പോകണമെന്ന് പറഞ്ഞു. ''രണ്ടു ദിവസം കൊണ്ട് തന്നെ വരണേ മോളെ .."എന്ന് വിനീതമായി അഭ്യര്‍ത്ഥിച്ചാണ് യാത്രയാക്കിയത്.
അവള് പോയി കുറച്ചു കഴിഞ്ഞപ്പോഴുണ്ട് ഏജന്‍സി യില്‍ നിന്ന് മാഡത്തിന്റെ ഫോണ്‍ വരുന്നു.
"ഇവളുടെ കോലമെന്താ ഇങ്ങനെ..?ഞാന്‍ എന്താ ഇവളുടെ പപ്പയോടും മമ്മിയോടും ഉത്തരം പറയുക?"
"അതിനു അവള്‍ക്കെന്തു പറ്റി മാഡം..?"
എന്നെക്കാള്‍ തടി മിടുക്കും സ്റ്റാമിനയുമുള്ള ആ കുട്ടിക്ക് എന്താണ് പറ്റിയതെന്നു അപ്പോഴും എനിക്ക് പിടികിട്ടിയില്ല.
പിന്നെയതാ അവര്‍ വ്യാജ ആരോപണങ്ങള്‍ നിരത്തുന്നു..സത്യത്തില്‍ അത് കേട്ട് ഞാന്‍ പൊട്ടിക്കരഞ്ഞു പോയി.
രണ്ടാഴ്ചത്തേക്ക് അവരുടെ യാതൊരു വിവരവുമില്ലായിരുന്നു.ഞങ്ങളുടെ പൈസ അത്രയും ദിവസത്തെത് അവരുടെ അടുത്ത് ബാക്കിയും കിടക്കുന്നു.
അതാ വരുന്നു ഒരു അമ്മിണിച്ചേച്ചി.(അപ്പോഴേക്കും എന്റെ എളാമ കുറെയൊക്കെ സുഖം പ്രാപിച്ചിരുന്നു.)
വളരെ friendly ആയിരുന്നു അവര്‍. അവര്‍ക്ക് ഞങ്ങളുടെ വീട്ടില്‍ പ്രത്യേകിച്ച് ജോലിയൊന്നുമില്ലായിരുന്നു.ദിവസം ഒപ്പിക്കാന്‍ നില്‍ക്കുന്നെന്ന് മാത്രം.എളാമാക്ക് ശേഷമാണ് അവര്‍ ഉണരുക!!എന്ത് പറയാനാ?
അങ്ങിനെ അവരും യാത്ര ആവാറായി..സന്തോഷത്തോടെ പോയി..
പിന്നെയല്ലേ കഥ..
മേശ വലിപ്പ് തുറക്കാന്‍ നോക്കിയപ്പോള്‍ താക്കോല്‍ കാണുന്നില്ല,പിന്നെ മനസ്സിലായി അത് പൂട്ടിയിരുന്നില്ല എന്ന്.അതിനുള്ളില്‍ നിന്ന് അഞ്ഞൂറ് രൂപയും,ഒരു സ്വര്‍ണത്തിന്റെ ലോക്കെറ്റും അപ്രത്യക്ഷമായിരിക്കുന്നു!
ഞാനുടനെ ഏജന്‍സിയില്‍ വിളിച്ചു.അവര്‍ കൂള്‍ ആയി പറഞ്ഞു ''ആ സ്ത്രീ നാട്ടിലേക്ക് പോയി,നിങ്ങള്‍ക്കെന്താ അവരുടെ ബാഗ് നോക്കിക്കൂടായിരുന്നോ..?"
പിന്നീട് എന്റെ ഈ ദുരനുഭവങ്ങള്‍ അയല്‍ക്കാരുമായി പങ്കുവെച്ചപ്പോള്‍ ''കടിച്ചതിനേക്കാള് വലിയത് മാളത്തില്‍'' എന്നാണു മനസ്സിലായത്..കാരണം മറ്റു പലര്‍ക്കും ഇതിലും കടുപ്പമുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടത്രേ..
ഈ രംഗത്തുള്ള പെണ്‍കുട്ടികളോട് എനിക്ക് പറയാനുള്ളത് ,കിടപ്പിലായവരോട് കാണിക്കുന്ന കരുണ അങ്ങേയറ്റം പുണ്യകരമായ ഒരു പ്രവൃത്തിയാണ്.അത്തരം അവസ്ഥയിലുള്ളവരുടെ നിസ്സഹായാവസ്ഥ മുതലെടുക്കരുത്.
നെടുമുടി വേണു അഭിനയിച്ച ''തനിയെ" എന്ന സിനിമയില്‍ ലക്ഷ്മി ഗോപാല സ്വാമിയുടെ ഹോം നഴ്സിന്റെ റോള്‍ നമുക്ക് മറക്കാന്‍ പറ്റില്ല...അങ്ങിനെ ഒരു ഹോം നഴ്സ് എവിടെയെങ്കിലും കാണുമോ..?