Tuesday, July 3, 2012

ജനകോടികളുടെ ഫെയ്‌വറിറ്റ് ബുക്ക്‌ !

900 മില്യണ്‍ അംഗങ്ങള്‍..!
ഒരു ഭൂഖണ്ടമായിരുന്നെങ്കില്‍ ആഫ്രിക്കയുടെ തൊട്ടു പിന്നില്‍..!
മൊത്തത്തില്‍ ഒരന്താരാഷ്ട്ര പ്രതിഭാസം..!

സംഗതി എന്താണെന്ന് തെളിച്ചു പറയേണ്ടതില്ലല്ലോ..
ബാങ്കില്‍ അക്കൗണ്ട്‌ ഇല്ലാത്തവര്‍ കണ്ടേക്കാം,പക്ഷെ,ഫേസ് ബുക്കില്‍ അക്കൗണ്ട്‌ ഇല്ലാത്തവര്‍ വിരളമായിരിക്കും.
നിത്യജീവിതത്തില്‍ ഒരു തവണയെങ്കിലും അതുവഴി പോവുകയോ,അല്ലെങ്കില്‍ അത് സംബന്ധമായി സംസാരിക്കുകയോ ചെയ്യാത്തവരുണ്ടോ?
കുടുംബ ബന്ധങ്ങള്‍ ചുരുങ്ങിച്ചുരുങ്ങി നാനോ കുടുംബങ്ങളായി മാറിയ ഇക്കാലത്ത് ഈ ബുക്ക്‌ വഴിയാണ് മരണങ്ങളും ജനനങ്ങളുമറിയുന്നത്..,
വിവാഹങ്ങളും,വാര്‍ഷികങ്ങളുമറിയുന്നത്..,
പിറന്നാളുകളും,പെരുന്നാളുകളുമറിയുന്നത്..
തമ്മില്‍ കണ്ടിട്ട് മിണ്ടാത്തവര്‍ പോലും ഫേസ്ബുക്കില്‍ കണ്ടുമുട്ടിയാല്‍ ഹൈ പറയുമെന്നതില്‍ രണ്ട് പക്ഷമില്ല..
അകന്ന ബന്ധത്തിലുള്ള ബന്ധുക്കളുമായി അടുപ്പം സ്ഥാപിച്ചു എന്നത് എന്റെ വ്യക്തിപരമായ അനുഭവം.

വിവാഹാലോചനകള്‍ നടക്കുമ്പോള്‍ ഇപ്പോള്‍ ഒന്നാമത്തെ ചോദ്യം ഫേസ് ബുക്കിലുണ്ടോ എന്നാണ് !
ഫോട്ടോ കാണല്‍ മാത്രമല്ല,അഭിരുചികളും ഇഷ്ടാനിഷ്ടങ്ങളും അറിയാം,കൂട്ടുകെട്ട് അറിയാം,ഒരു സി ബി ഐ ഉള്ളിലുണ്ടെങ്കില്‍ കുരുത്തക്കേട്‌ ഉണ്ടോന്നും ചികഞ്ഞു നോക്കാം.
എന്ന് വിചാരിച്ചു ഫേസ് ബുക്കിനെ കണ്ണടച്ച് വിശ്വസിച്ചു പെണ്ണിനേയും ചെറുക്കനേയും തെരഞ്ഞെടുക്കല്ലേ..അതും ഒരു വഴിയാണെന്ന് മാത്രം.
കാരണവന്മാര്‍ കല്യാണമുറപ്പിച്ച് വന്ന് കയറേണ്ട താമസം പെണ്‍പിള്ളേര്‍ ഫേസ്ബുക്കില്‍ കയറി സ്റ്റാറ്റസ് അപ് ഡേറ്റ് ചെയ്യുകയായി.single നിന്നും engaged !!

പൊങ്ങച്ചക്കാര്‍ക്ക് പൊങ്ങച്ചം വിളമ്പാം.പത്ത് പേര്‍ക്ക് ഫോണ്‍ ചെയ്തു കഷ്ട്ടപ്പെടുന്നതിന് പകരം ഒരു അപ്പ്‌ഡേറ്റ് കൊണ്ട് കാര്യം സാധിക്കാമല്ലോ.
പരീക്ഷാഫലക്കാലം ഫേസ് ബുക്കില്‍ ചാകരയാണ്..!
അതിനാല്‍ തന്നെ ബന്ധുക്കളുടെ മക്കളുടെ പഠന നിലവാരത്തെപ്പറ്റി ഇപ്പോള്‍ എല്ലാവര്‍ക്കും നല്ല ബോധമാണ്.ആര്‍, എവിടെ, ഏത് കോളേജില്‍, എത്രാം സെമെസ്റ്ററില്‍ പഠിക്കുന്നു എന്നതിനെപ്പറ്റി ആര്‍ക്കും യാതൊരു സംശയവുമില്ല..

സ്കൂള്‍ കാലത്തെ എന്റെ കൂട്ടുകാരായിരുന്ന സയീദയും റസാക്കും ദശകങ്ങള്‍ക്ക് ശേഷമിതാ വീണ്ടും എന്റെ സൌഹൃദ വലയത്തിലേക്ക് കടന്ന് വന്നിരിക്കുന്നു.
നാട്ടുകാരനായിട്ട് പോലും 3 ദശകങ്ങള്‍ക്ക് ശേഷമാണ് റസാക്കിനെ ഞാന്‍ കണ്ടുമുട്ടുന്നത് !
ഫേസ് ബുക്കില്‍ വെച്ച് !
ഒന്നാം ക്ലാസ് മുതലുള്ള കാര്യങ്ങള്‍ അയവിറക്കിയപ്പോള്‍ ആ ബ്ലാക്ക്‌ &വൈറ്റ് പിക്ചര്‍ എത്ര മനോഹരം എന്ന് പറയാതെ വയ്യ..
അറിയപ്പെടാതെ പോയ ആ ബഹുമുഖപ്രതിഭ ഇപ്പോള്‍ വലിയൊരു കമ്പനിയില്‍ Six sigma project leader ആണെന്ന് കേട്ടപ്പോള്‍ സന്തോഷം കൊണ്ട് ഞാന്‍ ദൈവത്തെ സ്തുതിച്ചു പോയി.അര്‍ഹിക്കുന്ന അംഗീകാരം എപ്പോഴായാലും തേടിയെത്തും എന്ന് പറയുന്നതെത്ര സത്യം!

എന്റെ പ്രിയപ്പെട്ട കൂട്ടുകാരി സയീദയുമായി വര്‍ഷങ്ങള്‍ക്കു ശേഷം ചറ പറാ വര്‍ത്താനം പറയാന്‍ കഴിഞ്ഞത് ഇപ്പറഞ്ഞ ബുക്ക്‌ കാരണമാണ്.വിവാഹശേഷം രണ്ടുപേരും രണ്ടു വഴിക്കായതോടെ നിലച്ചു പോയ ഞങ്ങളുടെ സ്നേഹബന്ധം ഇന്ന് പൂര്‍വാധികം ശക്തിയോടെ ഈ പ്രിയപ്പെട്ട ബുക്ക്‌ എനിക്ക് തിരിച്ചു തന്നു.
ദുബായിലെ ചൂടിങ്ങോട്ടും,ഇവിടുത്തെ മഴയങ്ങോട്ടും ഞങ്ങള്‍ പങ്കിടുകയാണ്...
നീളന്‍ ചാറ്റുകളില്‍ ഞങ്ങള്‍ പഴയ സ്കൂള്‍ കുട്ടികളായി മാറിപ്പോവുകയാണ്..
മധുരമനോഹരമായിരുന്ന ആ സ്കൂള്‍ കാല ഓര്‍മ്മകള്‍ ഇങ്ങിനെ വര്‍ണക്കുപ്പായവുമിട്ട് മുന്നിലെത്തുമ്പോള്‍ ഈ ബുക്ക്‌ എനിക്കെങ്ങിനെ ഫേവറെയിറ്റ് ആകാതിരിക്കും??
റസാക്കുമായി ചാറ്റ് ചെയ്യുമ്പോള്‍ vocabulary മെച്ചപ്പെടുകയും,സയീദയുടെ കൂടെയിരിക്കുമ്പോള്‍ പ്രായം കുറയുകയും ചെയ്യുന്നുണ്ടെന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്..

സ്വപ്നത്തില്‍ പോലും ഞാന്‍ പരിചയപ്പെടുമെന്ന് കരുതാത്ത,വിലമതിക്കാനാകാത്ത സൌഹൃദങ്ങള്‍ തൊട്ടടുത്ത്‌ കിട്ടിയത് ഫേസ് ബുക്ക്‌ കാരണമല്ലേ?

ഇവിടെ വല്യുപ്പമാരെയും,വല്യുമ്മമാരെയും കണ്ടുമുട്ടുമ്പോള്‍ എന്റെയുള്ളില്‍ ഒരു സമാധാനവും സന്തോഷവുമാണ്.ഞാനിവിടെ അധികപ്പറ്റല്ല എന്ന ആശ്വാസം..

ഒമാന്‍ വിട്ട ശേഷം കൈവിട്ടെന്ന് കരുതിയ സഫിയ ഇതാ ഒരു ക്ലിക്കിനപ്പുറം!!
എന്റെ മക്കളുടെ കൂടെ കളിച്ച്‌ ചിരിച്ചു നടന്ന പിള്ളേര്‍ ഇന്ന് ലോകത്തിന്റെ നാനാ ഭാഗത്ത്‌ നിന്നും എന്നോടും കൂടെ കൂട്ട് കൂടുന്നു.കോട്ടയത്ത്‌ നിന്നും ഡോക്ടര്‍ വിദ്യ 'ആന്റീടെ pudding ന്റെ രുചി ഇപ്പോഴും ഓര്‍ക്കുന്നു' എന്ന് എഴുതിയത് കണ്ടപ്പോള്‍ സന്തോഷം കൊണ്ട് എനിക്കിരിക്കാന്‍ മേല...
അവളുടെ ആ കൊഞ്ചല്‍ വേറെ എവിടെ നിന്ന് എനിക്ക് കേള്‍ക്കാന്‍ പറ്റും?

ഫാമിലി ഗ്രൂപ്പ്‌ ആണ്‌ വേറൊരു ആകര്‍ഷണം.ശരിക്കുമൊരു കുടുംബ സദസ്സില്‍ പങ്കെടുത്ത ഉന്മേഷം കിട്ടാറുണ്ട് എനിക്കതില്‍ കൂടി.
പക്ഷെ,ചിലര്‍ ദിവസം ഒന്നിലധികം തവണ തുമ്മിയാല്‍ പോലും അത് എഫ് ബിയില്‍ ചുമരെഴുത്താക്കി മാറ്റിയേക്കും..ഇതിനാലൊക്കെയാവാം എന്റെയൊരു ബന്ധു പറഞ്ഞത് "അത് ഫേസ് ബുക്ക്‌ അല്ല,ഫസാദ് ബുക്കാ..!"
ഗ്രൂപ്പുകളുടെ ആധിക്യം നിറയെ പരിചയക്കാരുള്ള കല്യാണ വീട്ടില്‍ കയറിയ പ്രതീതിയാണ്.ആരുടെ നേരെ നോക്കി ചിരിക്കണം,ആരോട് സംസാരിക്കണം എന്ന കണ്‍ഫ്യൂഷന്‍.
ഒരു ഫോട്ടോ കാണുമ്പോഴേക്കും സോ സ്വീറ്റ്, സോ ക്യൂട്ട് എന്ന് പറയുകയും,ഗൌരവതരമായ up dates കാണുമ്പോള്‍ നിശ്ശബ്ദരാവുകയും ചെയ്യുന്നത് എനിക്ക് ദഹിക്കാറില്ല.
പത്രങ്ങള്‍ മുക്കാന്‍ വിചാരിച്ച വാര്‍ത്തകളൊന്നും ഇനി മുങ്ങില്ല കൂട്ടരേ..അതൊക്കെ എഫ് ബിയില്‍ പൊങ്ങും..പത്രം വായിക്കാത്തവരും കൂടി ഫേസ് ബുക്ക്‌ നോക്കുമല്ലോ.
പലരും ഇതിന്റെ മറുവശം ചിന്തിക്കുന്നുണ്ടാകും.പക്ഷെ,കറിക്കത്തി കൊണ്ട് പച്ചക്കറി മാത്രം അരിയുകയും,ബ്ലേഡ് കൊണ്ട് ഷേവ് മാത്രവും ചെയ്‌താല്‍ തീരുന്ന പ്രശ്നമേയുള്ളൂ...
അത് കൊണ്ട് ഞരമ്പ്‌ മുറിക്കാനും,ആളെ കൊല്ലാനും പോകുമ്പോഴാണ് കുഴപ്പം.
ഈ നൂറ്റാണ്ടില്‍ തന്നെ വാര്‍ത്തയായ അറബ് വസന്തത്തില്‍ ഫേസ് ബുക്കിന്റെ കയ്യൊപ്പുണ്ട്.
അതേ പോലെ ഞങ്ങളുടെ അടുത്ത പ്രദേശത്ത് നടന്ന ജനകീയസമരം ഫേസ് ബുക്കിലും നല്ല ഹിറ്റായിരുന്നു.അവരതില്‍ കൂടി നടത്തിയത് ഭീകരതയല്ല,അതിനാല്‍ത്തന്നെ ജാതിമത ഭേദമന്യേ,ദേശങ്ങളുടെ അതിര്‍വരമ്പ് നോക്കാതെ ജനങ്ങള്‍ കൂട്ടായ്മയില്‍ പങ്കാളികളായി.
ഇതൊക്കെയും മറുവശത്ത് കേള്‍ക്കുന്ന എല്ലാ മോശം പ്രചാരണങ്ങളെയും മായ്ക്കാന്‍ പോന്നതല്ലേ?

ഇനി എന്റെ മൂപ്പര്‍ അതില്‍ അക്കൗണ്ട്‌ തുറക്കുമ്പോള്‍ പറഞ്ഞതെന്താണെന്ന് കേള്‍ക്കണോ?"നീയൊക്കെ എന്താണ് കളിക്കുന്നതെന്ന് അറിയണമല്ലോ..!"

42 comments:

 1. അതെ..പത്രങ്ങള്‍ താമസ്കരിച്ചാല്‍ പോലും നിമിഷങ്ങള്‍ക്കകം വാര്‍ത്തകള്‍ ജനം അറിയുന്നു..അവിടെയാണ് ഫേസ് ബുക്കിന്റെ പ്രസക്തി..

  ReplyDelete
 2. fb യുടെ പോസിറ്റീവ് പവര്‍ മുല്ലപ്പൂ വിപ്ലങ്ങളിലൂടെ ലോകത്തിനു മുന്നില്‍ അനാവരണം ചെയ്യപ്പെട്ടില്ലേ.
  നഷ്ടമായ സൗഹൃദങ്ങള്‍ മാത്രമല്ല, നഷ്ടമായ മനുഷ്യ സ്വാത്ന്ത്രയം പോലും വീണ്ടെടുക്കാന്‍ മാത്രം ശക്തിമാത്താണ് fb.

  ReplyDelete
 3. ഫേസ് ബുക്ക്‌ ഒരാളുടെ ഏകാന്തതയിലേക്ക് കടന്നു വരുന്ന വലിയ ആള്‍ക്കൂട്ടമാണ്. ഒറ്റ തിരിഞ്ഞും കൂട്ടമായും ചിന്തകള്‍ ഷെയര്‍ ചെയ്യാവുന്ന വലിയ ലോകം. ഇതിനു മറുവശം ഉണ്ടാവാം. എന്നാല്‍ മെയ്‌ ഫ്ലവര്‍ പങ്കുവെച്ച നല്ല വശങ്ങളെല്ലാം ഫേസ് ബുക്ക്‌ തരുന്ന വലിയ നേട്ടങ്ങളാണ്. വിഷയങ്ങള്‍ രസകരമായി പറഞ്ഞപ്പോള്‍ പെട്ടെന്ന് വായന തീര്‍ന്ന പോലെ.

  ReplyDelete
 4. തമ്മില്‍ കണ്ടിട്ട് മിണ്ടാത്തവര്‍ പോലും ഫേസ്ബുക്കില്‍ കണ്ടുമുട്ടിയാല്‍ ഹൈ പറയുമെന്നതില്‍ രണ്ട് പക്ഷമില്ല.. അഹ്ഹഹ് അത് അടിപൊളി
  ------------------------------------------------
  ഇതു പോലെ വേറെയും രസകരമായ അനുഭവങ്ങളുണ്ട് ,,കടം വാങ്ങിയ കാഷ്‌ തിരിച്ചു ചോദിക്കാനായി പലതവണ ബന്ധപ്പെട്ടിട്ടും മൊബൈല്‍ എടുക്കാതെ ഒഴിഞ്ഞു മാറിയ കൂട്ടുകാരന്‍റെ വാളില്‍ ,കടത്തിന്റെ കണക്ക്‌ പുസ്തകം ഷെയര്‍ ചെയത് നാണം കെടുത്തിയതു ഈ അടുത്ത് ഫേസ്ബുക്കില്‍ കണ്ടിരുന്നു ...

  വ്യത്യസ്ത മായ ചിന്തകള്‍ പങ്കു വെച്ച ഒരു നല്ല പോസ്റ്റ്‌
  കുറച്ചു ഇടവേളയ്ക്കു ശേഷം വീണ്ടും ബ്ലോഗില്‍ സാന്നിധ്യം അറിയിച്ചതിനു ഏറെ നന്ദി ...
  ----------------------------------

  ReplyDelete
 5. പക്ഷെ മടുക്കുന്നുണ്ട് വേഗം.

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. അല്ല.... ഇതേതു ബുക്കിന്റെ കാര്യാ ഇങ്ങളീ പറേണ്!?

  നമ്മ ആടെങ്ങാനും ബച്ച് കണ്ട് മുട്ടീനാ?

  ReplyDelete
 8. >> കാരണവന്മാര്‍ കല്യാണമുറപ്പിച്ച് വന്ന് കയറേണ്ട താമസം പെണ്‍പിള്ളേര്‍ ഫേസ്ബുക്കില്‍ കയറി സ്റ്റാറ്റസ് അപ് ഡേറ്റ് ചെയ്യുകയായി.single നിന്നും engaged << :-)
  ആണ്‍പിള്ളേരും ചെയ്യാറുണ്ട്...

  ReplyDelete
 9. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ മറന്നു. ഫേസ് ബുക്കിലായിരുന്നു. ഒരിക്കല്‍ അക്കൌന്റ് deactivate ചെയ്തു. ഇരുപതിനാലുമാനിക്കൂര്‍ കഴിഞ്ഞേ പിന്നെ തിരിച്ച് കിട്ടൂ. എനിക്കും പടച്ചോനും മാത്രമേ അറിയൂ ഒരു വാശിക്ക് ചെയ്ത അതിന്‍റെ എടങ്ങേറ്.
  അവരായിട്ടു ഇത് നിര്‍ത്താതെ ഞാന്‍ നിര്‍ത്തി പോകുന്ന ലക്ഷണം കാണുന്നില്ല. അങ്ങിനെ ആഗ്രഹിക്കുന്നു എങ്കിലും.

  ReplyDelete
 10. ഫേസ് ബുക്കില്‍ കൂടി പഴയ ഒരു പാട് ഫ്രണ്ട്സിനെ എനിക്കും കിട്ടിയിട്ടുണ്ടോ.. കാശ് മുടക്കില്ലാതെ ബന്ധുക്കളുടെയും, കൂട്ടുകാരുടെയും വിവരങ്ങള്‍ അറിയുന്നത് ഒരു വലിയ കാര്യമല്ലേ...

  ReplyDelete
 11. നല്ലകാര്യംതന്നെ ഫേസ്ബുക്ക്. ഒരുപാട് പഴയ സുഹൃത്തുക്കളെ കോണ്ടാക്ട് ചെയ്യാന്‍ പറ്റിയിട്ടുണ്ട്. പുതിയവരും ധാരാളം..

  ReplyDelete
 12. കാലം മാറി മാറി വരികയാണെ...സമയോം ഇല്ലാണ്ടായി.
  കുറെ നേരമായി ഈ കുന്തത്തിനു മുന്നില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്. നോക്കിയിരുന്ന് കണ്ണ് കഴക്കുന്നത് പോരാഞ്ഞ് തലക്ക് പുറകെ ഒരു കഴപ്പും തോന്നിത്തുടങ്ങി. ഒന്ന് കറങ്ങിത്തിരിഞ്ഞു വരാം.

  ReplyDelete
 13. തല്‍ക്കാലം ലൈക്ക് അടിച്ചു പോകുന്നു ...
  (അല്ല , എടാരുന്നു കുറെ കാലം ?)

  ReplyDelete
 14. നല്ല വശങ്ങളെ കാണുകയും പ്രയോജനപ്പെടുത്തുകയും ചെയ്‌താല്‍ നല്ലൊരു സഹചാരിയാവും ഈ മുഖപുസ്തകം...

  ReplyDelete
 15. മെയ്‌ ഫ്ലവര്‍ പങ്കുവെച്ച നല്ല വശങ്ങളെല്ലാം ഫേസ് ബുക്ക്‌ തരുന്ന വലിയ നേട്ടങ്ങളാണ്.വ്യത്യസ്ത മായ ചിന്തകള്‍ പങ്കു വെച്ച ഒരു നല്ല പോസ്റ്റ്‌

  ReplyDelete
 16. This comment has been removed by the author.

  ReplyDelete
 17. ippo praya bhedamenye ellaavarum facebook enjoy cheyyunnu..nalla post..
  so sorry ..mo malayalam font

  ReplyDelete
 18. നന്നായി, വളരെ രസകരമായി ഈ മുഖപുസ്തകക്കുറിപ്പ്. ഫേസ്ബുക്ക്- പല വിട്ടുപോയ കൂട്ടുകളും എന്നെത്തേടിയെത്തി ഇതുവഴി. ചില ഫേസ്ബുക്ക് കൂട്ടായ്മകൾ ജീവിതം വീണ്ടും തളിർക്കാൻ വരെ ഉപകരിച്ചു.

  ReplyDelete
 19. ഫേസ്ബുക്കും, ഓര്‍ക്കൂട്ടും, ബ്ലോഗുമൊക്കെയായി നമുക്കിവിടെ ഒരു വിശാലമായ മനോഹരവുമായ മറ്റൊരു ലോകം....!! നമുക്കിവിടെ ഇങ്ങിനെ ഒരു ലോകമുണ്ടെന്ന് പറഞ്ഞാല്‍ പോലും അതിനെ ഉള്‍കൊള്ളാന്‍ കഴിയാത്തവര്‍ ഇന്നും ഉണ്ടെന്നെ...അത്തരക്കാര്‍ ശരിക്കും വായിച്ചിരിക്കേണ്ട പോസ്റ്റ് ല്ലെ? കൊള്ളാം. നല്ല വശങ്ങളെ രസകരമായി ഒട്ടും ബോറടിപ്പിക്കാതെ തന്നെ പറഞ്ഞു..

  ReplyDelete
 20. :) ശരിയാണ് ട്ടാ.

  എന്തോ ഈ ഫേസ് ബുക്കില്‍ വല്ല്യ താല്‍പ്പര്യം തോന്നിയിട്ടില്ല. ഇവിടെ പറഞ്ഞതെല്ലാം മുമ്പേ അനുഭവിച്ചത് ഓര്‍ക്കൂട്ട് വഴിക്കായിരുന്നു. പക്ഷെ, ഫേസ് ബുക്കിന്റെ ജനപ്രിയത ഓര്‍ക്കൂട്ടിനെ വിസ്മൃതിയിലാഴ്ത്തിയിരിക്കുന്നു ഇപ്പോള്‍.

  ReplyDelete
 21. ഫേയ്സ്ബുക്കിന്റെ സ്വാധീനം ഇന്ന് എല്ലാ മേഖലകളിലും.
  നന്നായി ഈ പോസ്റ്റ്‌.

  ReplyDelete
 22. ഫേസ് ബുക്കിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അത് ഉപയോഗിക്കുന്നവന്റെ സ്വഭാവത്തിനനുസരിച്ചിരിക്കും :)

  എന്തായാലും ഫേസ് ബുക്ക് സമൂഹത്തെ ഒരു കൈക്കുമ്പിളിലാക്കി, ദൂരവ്യത്യാസമില്ലാതെ പരസ്പരം അറിയാനും അറിയിക്കാനും കഴിയുന്നു. വിശദമായ ലേഖനത്തിന് ആശംസകൾ

  ഫേസ്ബുക്ക് അന്ധനാക്കിയ ഒരച്ഛന്റ്റെ കഥ എന്റെ ബ്ലോഗിലെ അപരിചിതർ എന്ന കഥയിൽ വായിക്കാം....

  ReplyDelete
 23. കുറെ കാലത്തിനു ശേഷം സ്വന്തം ബ്ലോഗിലെക്കൊന്നു എത്തി നോക്കാന്‍ വന്നതാണ്.വന്നത് രണ്ടൊന്നു കാര്യായി.
  മെയ്‌ ഫ്ലവെര്‍ എന്‍റെ ബ്ലോഗിലിട്ട കമെന്റും കണ്ടു,
  പ്രസക്തമായൊരു വിഷയം വളരെ രസകരവും ലളിതവുമായി പ്രദിപാദിച്ച നല്ലൊരു പോസ്റ്റും വായിക്കാനോത്തു.
  ഒരുപാട് സന്തോഷം.

  ReplyDelete
 24. നന്നായി അവതരിപ്പിച്ചു.
  ആശംസകള്‍

  ReplyDelete
 25. പ്രിയ സുഹൃത്തേ,
  ശരിയാണ് ഇപ്പോള്‍ ഫെയ്സ് ബുക്ക് അക്കൌണ്ടില്ലാത്തവരു് ഇല്ലല്ലോ.നല്ല ലേഖനം.

  ReplyDelete
 26. സത്യം എന്റെ നാട്ടില്‍ ഞാന്‍ അറിയാത്തവരെയൊക്കെ അറിയുന്നത് ഫെയ്സ് ബുക്കിലൂടെയാണ്. അതു കൊണ്ടൊക്കെ തന്നെ ഒറ്റപ്പെടല്‍ തോന്നാറില്ല.

  നല്ല അവതരണം...

  ReplyDelete
 27. ഫേസ്‌ബുക്കിലൂടെ തന്നെയാ ഇവിടെയും എത്തിയത്‌ ഇപ്പോള്‍ . കാര്യങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു. ഗുഡ്‌..
  visit http://vpahmed.wordpress.com

  ReplyDelete
 28. ഫേസ്ബുക്ക്‌ മനുഷ്യ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായപ്പോള്‍ ഏതൊരു കാര്യവും പോലെ ഇതിനും ഗുണവും ദോഷവും ധാരാളം.. വര്‍ഷങ്ങള്‍ക്കു മുന്‍പ് വേര്‍പിരിഞ്ഞ സഹോദരങ്ങള്‍ കണ്ടുമുട്ടാന്‍ വരെ ഇത് സഹായകമായിട്ടുണ്ട്.. എന്തായാലും ഈ ഫേസ്ബുക്ക്‌ ചിന്തകള്‍ കൊള്ളാം

  ReplyDelete
 29. :) നല്ല പോസ്റ്റ്.. ആ എഫ് ബി ഐഡിയൊന്ന് തന്നേ...

  ReplyDelete
 30. ഫേസ്‌ബുക്കിലൂടെ......
  നന്നായിരിയ്ക്കുന്നു.
  ആശംസകള്‍!!

  ReplyDelete
 31. അപ്പോ ഞാന്‍ മാത്രമേ ഉള്ളൂ ഫേസ്ബുക്കില്ലാത്തതായിട്ട്........ സങ്കടം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ.....ആരെങ്കിലും ഒന്ന് ഓടി വരൂ പ്ലീസ്. എന്നെ ഒന്നു സമാധാനിപ്പിക്കു.......

  പോസ്റ്റ് ഉഷാറായിട്ടുണ്ട്. വരാനും വായിക്കാനും വൈകിയത് എന്‍റെ തെറ്റ്.

  ReplyDelete
 32. @വില്ലേജ് മാന്‍,
  അതെ,അത് തന്നെയാണ് പ്രസക്തി.
  നന്ദിയുണ്ട് സുഹൃത്തേ.
  @സലാം,
  മുല്ലപ്പൂ വിപ്ലവത്തോടെത്തന്നെയാണെന്ന് തോന്നുന്നു ഇത് കൊണ്ട് നല്ല കാര്യങ്ങളുമുണ്ടെന്ന് ആള്‍ക്കാര്‍ ചിന്തിക്കാന്‍ തുടങ്ങിയത്.
  നന്ദി സലാം.
  @അക്ബര്‍,ഫൈസല്‍,
  ഈ ഇക്കാക്കയെയും അനിയനെയും സുഹൃത്തുക്കളായി കിട്ടിയതിനു പിന്നിലും ഫേസ് ബുക്കല്ലേ?
  ഫൈസലേ,ആ കടക്കാരന്‍ ചെയ്ത കാര്യം രസായി..
  വായിച്ചതിലും കമന്റിട്ടതിലും സന്തോഷം..
  @മുല്ല,
  ശരിയാ,ചിലപ്പോള്‍..
  @അജിത്‌,
  ഈ ലൈക്‌ എന്റെ സൂപ്പര്‍ ലൈക്‌!!
  @ജയന്‍,
  ഹ..ഹ..ഹ..!!
  @കുര്യച്ചന്‍,
  thank U .
  @ഹാഷിക്,
  അതേയതേ,ആമ്പിള്ളാരെ മറന്ന് പോയതാ..
  @ചെറുവാടി,
  ഇനി ഈ വക ബുദ്ധി മോശമൊന്നും കാട്ടല്ലേ..
  @സുനി,
  ഇവിടെ ആദ്യമായാണെന്ന് തോന്നുന്നു അല്ലേ?സന്തോഷം..
  @ശ്രീജിത്ത്,
  അതൊരു വലിയ കാര്യമല്ലേ?
  @പട്ടേപ്പാടം റാംജി,
  വായിച്ചതില്‍ നന്ദി സര്‍,
  @ഇസ്മായില്‍,
  അവസാനം വീണ്ടും വന്നില്ലേ?
  @360 കേരള,
  ഒരു വ്യത്യസ്തനായ ബാലനാണെന്ന് തോന്നുന്നല്ലോ..!
  @കുഞ്ഞൂസ്,
  തീര്‍ച്ചയായും കുഞ്ഞൂസ്.. :)
  @കൈതപ്പുഴ,
  നല്ല വായനയില്‍ സന്തോഷം.
  @സ്മിത ആദര്‍ശ്,
  ഇവിടെ കണ്ടതില്‍ ബഹുത് ഖുശി..
  അതെ,കൊച്ചുമക്കളും അപ്പൂപ്പന്മാരും ഒരേ പോലെ enjoy ചെയ്യുന്ന ഒരേയൊരു സ്ഥലം..
  @ശ്രീനാഥന്‍,
  ഈ അനുഭവസാക്ഷ്യം ഹൃദ്യം.
  @അനശ്വര,
  നമ്മള്‍ മനസ്സ് വെച്ചാല്‍ ഏത് ലോകവും സുന്ദരമാക്കാം.
  അനശ്വരക്ക് നന്ദി കേട്ടോ..
  @നിശാസുരഭി,
  അതെ,ഫേസ്ബുക്ക്‌ന്റെ ജനകീയത ഓര്‍ക്കൂട്ടിന് കിട്ടിയിരുന്നില്ല.
  @വിജയകുമാര്‍,
  സ്വാഗതം കേട്ടോ.
  അതാ ഞാന്‍ പറഞ്ഞത് ജനകോടികളുടെ...
  @mohiyudheen ,
  നമ്മള്‍ കൈകാര്യം ചെയ്യുന്നത് പോലിരിക്കും ഗുണവും ദോഷവും.
  @സഹീല,
  വളരെ സന്തോഷം..ഫേസ് ബൂക്കിലുണ്ടായിട്ടും ആളെ കാണാനേയില്ലാലോ..
  @സി.വി.തങ്കപ്പന്‍,
  ആശംസകള്‍ക്ക് നന്ദി.
  @കുസുമം,
  ഇനി കുസുമത്തെ ആഡ് ചെയ്തിട്ട് തന്നെ കാര്യം..!
  @ശബ് ന,
  ഒറ്റപ്പെടാന്‍ ഫേസ് ബുക്ക്‌ നമ്മെ അനുവദിക്കില്ല..
  ഈ കമന്റിന് നന്ദി മോളെ.
  @വി.പി.ahmed ,
  സാറിന്റെ ബ്ലോഗ്‌ എനിക്ക് ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നില്ല.പക്ഷെ,ഫേസ് ബുക്കിലുള്ളത് കൊണ്ട് ചിരപരിചിതനെപ്പോലെയായി.
  @അബൂതി,
  ആഹാ..സഹോദരങ്ങള്‍ കണ്ടുമുട്ടിയെന്നോ..?wonderful !!
  @ഇലഞ്ഞിപ്പൂക്കള്‍,
  ആളെ ഞാനാദ്യം സേര്‍ച്ച്‌ ചെയ്യട്ടെ,ഫ്രണ്ട് റിക്വസ്റ്റ് അയക്കാം കേട്ടോ..
  @ജോയ് പാലക്കല്‍,
  സന്തോഷം..നന്ദി.
  @എച്ചുമുക്കുട്ടി,
  അപ്പൊ അതാ കാര്യം..!ഞാന്‍ തപ്പി നടന്നതൊക്കെ വെറുതെ..
  ഒന്ന് അവിടെ വരെ വരൂന്നേ..

  ReplyDelete
 33. വളരെ രസകരമായി കാര്യങ്ങള്‍ അവതരിപ്പിച്ചിരിയ്ക്കുന്നു. നല്ല എഴുത്ത്. അഭിനന്ദനങ്ങള്‍.

  ReplyDelete
 34. അതെ.ഫേസ്ബുക്ക് വള്രെയധികം പ്രശസ്തമായിരിക്കുന്നു. ഏല്ലാവർക്കും ഈസിയായി ഉപയോഗിക്കാവുന്ന രീതിയിൽ രൂപകല്പന നടത്തിയതു തന്നെയാണ് അതിനെറ്റ് വിജയം..മൊബൈലുകളിൽ അപ്ലിക്കേഷനുകൾ വന്നതോടെ അക്കൌണ്ടെടുക്കാത്തവർ ചുരുക്കമായി..ഫോട്ടോ ഷെയറിങ്ങും ലൈക്കും കമന്റും സ്പീഡുമൊക്കെ ഫേസ്ബുക്ക് ജനപ്രിയ ബുക്കാക്കിയിരിക്കുന്നു. പോസ്റ്റിനു ആശംസ്കൾ..

  ReplyDelete
 35. ഫേസ്‌ബുക്ക്‌ ഒരു ലോകം തന്നെയാണ് ഇപ്പോള്‍...നല്ല പോസ്റ്റ്‌

  ReplyDelete
 36. അതെ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഇല്ലാത്തവര്‍ ചുരുങ്ങും. ഗുണവും ദോഷവും ഉണ്ടെങ്കിലും. വിശദമായ വിവരണം നന്നായിരിക്കുന്നു. ഭാവുകങ്ങള്‍.
  http://drpmalankot0.blogspot.com
  http://drpmalankot2000.blogspot.com

  ReplyDelete