Wednesday, June 9, 2010

ഓര്‍മയിലിന്നും ഞെട്ടല്‍...

ഓര്‍ക്കുമ്പോള്‍ ചിരിച്ചു പോകുന്ന ഒരനുഭവം ഞാന്‍ ബ്ലോഗില്‍ എഴുതിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ എഴുതാനുദ്ദേശിക്കുന്നത് ഇപ്പോഴും ഓര്‍മയില്‍ ഞെട്ടലുണ്ടാക്കുന്ന ഒരു കാര്യമാണ്..

പതിവ് പോലെ ഞാനും കുട്ടികളും വേനലവധിക്ക് മസ്കറ്റില്‍ ഭര്‍ത്താവിന്റെ അടുത്ത് പോയതായിരുന്നു.മോള്‍ പത്താം ക്ലാസ്സിലേക്ക് ആയതിനാല്‍ അവള്‍ക്കു മെയ്‌ ആദ്യവാരം ക്ലാസ് തുടങ്ങും.അപ്പോഴേക്കും അവളെ നാട്ടിലേക്ക് വിടണം.ഏപ്രില്‍ മുതല്‍ അതിനു വേണ്ടി ഒരാളെ പരതുകയായിരുന്നു ഞങ്ങള്‍.പക്ഷെ ആരെയും കിട്ടിയില്ല.പിന്നെ എല്ലാവരും പറഞ്ഞു,''എന്തിനാ ഇങ്ങനെ ബേജാറാകുന്നത്?,കരിപ്പൂരിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റ് ആണല്ലോ.."എന്നും മറ്റും.ഞാനും വിചാരിച്ചു ശരിയാണല്ലോ,എയര്‍പോര്‍ട്ടില്‍ ആരെങ്കിലും കൂട്ടാന്‍ പോയാല്‍ മതിയല്ലോ എന്ന്.
അങ്ങിനെ പോകുന്ന ദിവസവുമെത്തി..
യാദൃച്ച്ചികമായി ഭര്‍ത്താവിന്റെ ഒരു സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ വെച്ച് കാണാനിടയായി.അയാളും ആ ഫ്ലൈറ്റില്‍ പോകുന്നുണ്ട്.മോളെ ശ്രദ്ധിക്കണമെന്ന് പറഞ്ഞേല്‍പ്പിക്കുകയും ചെയ്തു.
തിരിച്ചു വീട്ടിലെത്തി ഞാന്‍ ക്ലോക്കും നോക്കി നില്‍ക്കാന്‍ തുടങ്ങി..മോള്‍ എത്തിയ വിവരമറിയാന്‍.അഞ്ചു മണിയായപ്പോഴുണ്ട് എന്‍റെ ആങ്ങള കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും വിളിക്കുന്നു..
കാലാവസ്ഥ മോശമായതിനാല്‍ ഫ്ലൈറ്റ് മദ്രാസിലേക്ക് തിരിച്ചു വിട്ടത്രേ! പിറ്റേന്ന് രാവിലെ മാത്രമേ കരിപ്പൂരില്‍ എത്തുകയുള്ളൂവെന്നു..
ഇത് കേട്ടതും ഞാന്‍ കരച്ചിലോടു കരച്ചില്‍..അപ്പോഴത്തെ എന്‍റെ അവസ്ഥ വിവരിക്കാന്‍ എനിക്ക് ഇപ്പോഴും വാക്കുകള്‍ കിട്ടുന്നില്ല.തീയില്‍ പെട്ടത് പോലെ ഉരുകുകയായിരുന്നു ഞാന്‍..വിവരമറിഞ്ഞ് ബന്ധുക്കളൊക്കെ ഫോണില്‍ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.ഒരാളെ ഏല്‍പ്പിച്ചിരുന്നുവല്ലോ എന്ന് പറഞ്ഞു.
ചിലര്‍ 'ഇതെന്താ അവള്‍ മാത്രമാണോ ആ പ്ലൈനില്‍ ..' എന്ന് ചോദിച്ചു കൂടുതല്‍ വേദനിപ്പിച്ചു .
ഞാന്‍ ചിന്തിച്ചു കൊണ്ടിരുന്നത് വേറൊന്നായിരുന്നു,അന്ന് രാത്രി എന്‍റെ മോള്‍ ആരുടെ കൂടെ ഉറങ്ങും??എയര്‍ലൈന്‍സ്‌ എല്ലാ യാത്രക്കാര്‍ക്കും ഹോട്ടലില്‍ താമസ സൌകര്യമൊക്കെ കൊടുക്കും..പക്ഷെ,ഹോട്ടല്‍ റൂമില്‍ എന്‍റെ മോള്‍ ഒറ്റയ്ക്ക്..ആ ചിന്ത പോലും എന്നില്‍ വിറയലുണ്ടാക്കി.
ഭര്‍ത്താവ് ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ ഓഫിസിലെക്കോടി...ഹോട്ടല്‍ നമ്പര്‍ ഒപ്പിച്ചു.
അപ്പോഴുണ്ട് മൂപ്പര്‍ക്ക് ഒരാളുടെ ഫോണ്‍ വരുന്നു..'നിങ്ങളുടെ മോള്‍ എന്‍റെ സഹോദരിയുടെ കൂടെയുണ്ട്,ഒട്ടും പേടിക്കേണ്ട..''
ജീവിതത്തില്‍ അത്രയും മനസ്സ് തണുപ്പിച്ച ഒരു ഫോണ്‍ ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്..
ഞാന്‍ ആകെ എന്‍റെ ഉമ്മാന്റെ ഭാഷയില്‍ പറഞ്ഞാല്‍ ''തീയില്‍ നിന്നും തണ്ണീരില്‍'' വീണ പോലെയായി..ദൈവത്തിനു സ്തുതി.
പിന്നീട് ഞങ്ങള്‍ ഹോട്ടലില്‍ വിളിച്ചു മോളുമായി സംസാരിച്ചു.അതിനു ശേഷം ഭര്‍ത്താവിന്റെ സുഹൃത്തും ഫോണ്‍ ചെയ്തു വിവരങ്ങള്‍ പറഞ്ഞു.
ഒമാനിലെ ഏതോ ഒരു ഹോസ്പിറ്റലിലെ സുസന്‍ എന്ന് പേരായ ഒരു സിസ്റ്റര്‍ ആണ് അന്ന് എന്‍റെ മോള്‍ക്ക്‌ രക്ഷക്കെത്തിയത്..ആ പേര് ഞാന്‍ ഒരിക്കലും മറക്കില്ല.
എന്‍റെ ഏറ്റവും വലിയ സങ്കടം അന്ന് രണ്ടു തവണ ഞങ്ങള്‍ ഹോടലില്‍ വിളിച്ചിട്ടും അവരുമായി സംസാരിക്കാന്‍ കഴിഞ്ഞില്ല..എന്നുള്ളതാണ്.അവര്‍ ബാത്ത് റൂമിലോ മറ്റോ ആയിരുന്നു.
അവരുടെ സഹോദരനെയും പല തവണ ശ്രമിച്ചിട്ടും കിട്ടിയില്ല.
പിന്നീടു മോള്‍ പറഞ്ഞു, അവള്‍ ആകെ പരവശയായി മദ്രാസ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയപ്പോള്‍ ഈ സിസ്റ്റര്‍ അവളുടെ അടുത്ത് വന്നു വിവരങ്ങളന്യെഷിച്ചു കൂടെ കൂട്ടുകയായിരുന്നുവത്രേ..
പെണ്‍കുട്ടികളുള്ള അമ്മമാര്‍ക്ക് മനസ്സിലാവും അന്ന് ഞാനനുഭവിച്ച വേദനയും,പ്രയാസവും..

പ്രിയപ്പെട്ട സിസ്റ്റര്‍ സൂസന്‍.., ഈ പോസ്റ്റ്‌ നിങ്ങളെ ആദരിക്കാന്‍ വേണ്ടിയുള്ളതാണ്..നിങ്ങള്‍ ഇപ്പോള്‍ എവിടെയാണുള്ള തെന്നു എനിക്കറിയില്ല..

8 comments:

  1. മോള്‍ പോയത് എയര്‍ ഇന്ത്യയില്‍ അല്ലെ പേടിച്ചില്ലങ്കിലെ അത്ഭുതാമുള്ളൂ..മോള്‍ സുരക്ഷിതയാണെന്നറിയുന്ന വരെയുള്ള ആ ടെന്‍ഷന്‍ ഭയങ്കരം തന്നെ ആയിരിക്കും . ഹോ..

    ReplyDelete
  2. ബ്ലോഗില്‍ സന്ദര്‍ശനം നടത്തിയതില്‍ ഒരുപാട് സന്തോഷം...
    നന്ദി..

    ReplyDelete
  3. മാഡം അന്നനുഭവിചിട്ടുണ്ടായിരിക്കാവുന്ന, മനോ വിഷമം ആര്‍ക്കും മനസ്സിലാക്കാം.തനിയെ കയറ്റിവിടുന്ന രീതി ആവര്‍ത്തിക്കാതിരിക്കുക. പിഞ്ചു കുഞ്ഞുങ്ങളെപോലും ആരെയെങ്കിലും ഏല്പിച്ചു കയറ്റിവിടുന്ന സ്വഭാവം പല ഗള്‍ഫ്‌ കുടുംബങ്ങളിലും കാണാം.ഉത്തര വാദിത്വം എന്നതെന്തെന്നറിയാത്ത എയര്‍ ഇന്ത്യ പോലുള്ള വിമാനങ്ങളിലുള്ള യാത്ര ഗള്‍ഫുകാരന്‍ ഒഴിവാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

    മാഡത്തതിന്റെ മനസ്സിപ്പോള്‍ ശാന്തമായല്ലോ.ദൈവത്തെ സ്തുതിക്കാം.ഇനി ആവര്‍ത്തിക്കാതിരിക്കു.

    ---ഫാരിസ്‌

    ReplyDelete
  4. നന്ദിയുണ്ട് ഫാരിസ്..

    ReplyDelete
  5. വിമാനയാത്ര എന്നല്ല; ഏതു ഹ്രസ്വദൂര യാത്രയും ഇന്ന് ഒരു ഉറപ്പും പറയാന്‍ കഴിയാത്ത വിധമാണ്. അത് ബന്ദ് രൂപത്തിലാവാം,പ്രകൃതി ക്ഷോഭം ,കലാപം അങ്ങനെ പല വിധ കാരണങ്ങള്‍!!
    ഒറ്റക്ക്‌ ഒരിക്കലും ആരെയും പറഞ്ഞയക്കാതിരിക്കുക എന്നല്ലാതെ വേറെ വഴി ഉണ്ടെന്നു തോന്നുന്നില്ല.
    ഈ പോസ്റ്റ്‌ എല്ലാവര്ക്കും ഒരു പാഠമായിരിക്കട്ടെ..
    ഒപ്പം..
    ആ സൂസന്‍ സിസ്റ്റര്‍ക്ക് ഒരു സമര്‍പ്പണവും..

    ReplyDelete
  6. ഇസ്മായീല്‍,
    ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും ,അഭിപ്രായം പോസ്റ്റ്‌ ചെയ്തതിനും സന്തോഷം..

    ReplyDelete
  7. സമാനമായ ഒരു അനുഭവം എനിക്കും ഉണ്ട്... അത് കൊണ്ട് ആ മനോവിഷമം ശരിക്കും മനസ്സിലാകും... ഞാന്‍ പക്ഷെ കൈകുഞ്ഞായ മോളെയും കൊണ്ട് ആയിരുന്നു.ഒറ്റയ്ക്ക് കുട്ടികളെ വിടുക എന്നത് വല്ലാത്ത റിസ്ക്‌ ആണ്...

    ReplyDelete