Tuesday, November 22, 2011

പെട്ടിപ്പാലത്തെ പോരാട്ട ഗാഥ


ഇവിടെ എന്റെ അയല്‍ പ്രദേശക്കാര്‍ സമരപ്പന്തലിലായിരിക്കുമ്പോള്‍ എനിക്കെങ്ങിനെ ബ്ലോഗ്ഗില്‍ നൊസ്റ്റാള്‍ജിയയും നുണഞ്ഞ് കളിചിരി പറഞ്ഞിരിക്കാന്‍ കഴിയും?

കേരളത്തിലെ പ്രമുഖ പത്രങ്ങള്‍ വഴിയും ചാനലുകള്‍ വഴിയും വായനക്കാര്‍ക്ക് പെട്ടിപ്പാലം മാലിന്യ പ്രശ്നത്തെപ്പറ്റി ഒരേകദേശ രൂപമുണ്ടാകുമെന്ന് കരുതട്ടെ,
തലശ്ശേരിക്കും മാഹിക്കും മദ്ധ്യേയുള്ള സുന്ദരമായ ഒരു പ്രദേശമാണ് പെട്ടിപ്പാലം.
ഒരു ഭാഗത്ത്‌ സുന്ദരമായ കടല്‍ക്കരയാണെങ്കില്‍, മധ്യഭാഗത്ത്‌ നാഷണല്‍ ഹൈവേ.തൊട്ടിപ്പുറത്ത് തീവണ്ടിപ്പാത.
പക്ഷെ,ഈ സ്ഥലം എളുപ്പം തിരിച്ചറിയാന്‍ കഴിയുക അതിലേ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന അസഹ്യമായ ദുര്‍ഗന്ധം കൊണ്ടാണ്.ബസ്സ് ആ സ്റ്റോപ്പിലെത്തിയാല്‍ എല്ലാവരുടെയും കൈ മൂക്കിനു നേരെ ഉയരുന്നത് കാണാന്‍ പറ്റും.(ഇപ്പോള്‍ മൂക്ക് പൊത്തിപ്പാലം എന്ന ബോര്‍ഡും ഉണ്ട്!)
അങ്ങോട്ട്‌ നോക്കിയാല്‍ കാണുന്ന കാഴ്ചയോ?കുന്നോളം ഉയരത്തില്‍ മാലിന്യങ്ങള്‍..
ഒറ്റനോട്ടത്തില്‍ത്തന്നെ അറപ്പും വെറുപ്പും ഉളവാക്കുന്നൊരു ദൃശ്യമാണത്..
നിര്‍ഭാഗ്യകരമെന്ന് പറയട്ടെ,ഈ കാഴ്ചയും കണി കണ്ടുണരാന്‍ വിധിക്കപ്പെട്ടവരാണ് പെട്ടിപ്പാലം വാസികള്‍.
ബസ്സില്‍ ഏതാനും നിമിഷങ്ങള്‍ പോലും നമുക്ക് മൂക്ക് പൊത്താതെ ഇരിക്കാന്‍ വയ്യെങ്കില്‍ അവിടുത്തെ സ്ഥിര താമസക്കാരുടെ സ്ഥിതിയെന്തായിരിക്കും?
ഒന്നാലോചിച്ചു നോക്കൂ..

ദശകങ്ങളായി തലശ്ശേരി നഗരസഭ അവരുടെ എല്ലാ വിഴുപ്പും,മാലിന്യങ്ങളും കൊണ്ടിടുന്ന സ്ഥലമാണ് പുന്നോല്‍ പെട്ടിപ്പാലം.അതില്‍ മാരകങ്ങളായ ആശുപത്രി മാലിന്യങ്ങള്‍ വരെ പെടും.കാക്ക കൊത്തി അത് നാട് മുഴുവന്‍ കൊണ്ടിടുകയും ചെയ്യുന്നു.
ഒരുപാട് കാലമായി നാട്ടുകാര്‍ ഇതിന്റെ പിന്നാലെ കേസും സമരവുമായി നടക്കുന്നു.അവിടെ മാലിന്യം നിക്ഷേപിക്കാനോ,നിര്‍മാണ പ്രവര്‍ത്തനം നടത്താനോ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവും വന്നു.പക്ഷെ,,പറഞ്ഞിട്ടെന്ത്?
അതൊക്കെയും തലശ്ശേരി നഗരസഭയ്ക്ക് പുല്ലായിരുന്നു.അവസാനം നാട്ടുകാര്‍ ഒന്നാകെയിതാ സമരരംഗത്തിറങ്ങിയിരിക്കുന്നു.
ഇന്നിത് ഇരുപത്തി മൂന്നാം ദിവസമാണ്.നവംനവങ്ങളായ സമരരീതികള്‍ കൊണ്ട് സമ്പന്നമാണ് ഓരോ ദിവസവും.സ്ത്രീകളാണേറെയും.തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞുങ്ങളെയെടുത്തുപോലും പെണ്ണുങ്ങള്‍ സമരപ്പന്തലില്‍ എത്തുന്നുണ്ട്.
രണ്ട് പെണ്ണുങ്ങള്‍ കൂടിയാല്‍ സീരിയല്‍ ചര്‍ച്ചയാണല്ലോ,പക്ഷെ,നിങ്ങള്‍ക്കീ പന്തലില്‍ കേള്‍ക്കാന്‍ കഴിയുക അത്തരം ചപ്പ് ചവറ് വര്‍ത്തമാനങ്ങളല്ല,പകരം ചടുലതയാര്‍ന്ന മുദ്രാവാക്യങ്ങളാണ്.
ഈ സമരം അവര്‍ ജയിച്ചേ പിന്‍ മാറൂ..
ദുര്‍ഗന്ധമില്ലാത്ത വായു അവര്‍ക്കൊരു സ്വപ്നമാണ്,
ശുദ്ധമായ കുടിവെള്ളം അവര്‍ക്ക് കിട്ടാക്കനിയാണ്..,
ശ്വാസകോശരോഗങ്ങളും,ചര്‍മ രോഗങ്ങളും അവരുടെ കൂടപ്പിറപ്പുകളാണ്..
പരിസര പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധിച്ചപ്പോള്‍ അമിതമായ തോതില്‍ കോളിഫോം ബാക്ടീരിയ ഉണ്ടെന്നാണ് കണ്ടെത്തിയത്.
പെട്ടിപ്പാലമെന്ന നാറുന്ന നാട്ടിലേക്കാണെന്ന് കേട്ടാല്‍ വിവാഹാലോചനകള്‍ പമ്പ കടക്കുന്നു..
ഇതൊക്കെയാണ് ഈ നാട്ടിലെ സ്ഥിതി വിശേഷങ്ങള്‍..
പിന്നെ അവര്‍ക്കെങ്ങിനെ ഈ സമരം ജീവന്മരണപ്പോരാട്ടമല്ലാതിരിക്കും??
പരിസ്ഥിതി ഇത്രയധികം അപകടകരമായിട്ടും ഭരണാധികാരികളുടെ അലംഭാവം ശരിക്കും അമ്പരപ്പിക്കുന്നതാണ്.

സമരത്തിന്റെ മുന്നണിയിലുള്ള ശ്രീമതി ജബീന പറയുന്നത്,ഒരു കാര്യത്തില്‍ അവര്‍ക്ക് തലശ്ശേരി മുനിസിപ്പാലിറ്റിയോട് നന്ദിയുണ്ട് എന്നാണ്.കാരണം ഇതോടെ സ്ഥലത്തെ സ്ത്രീ ശക്തി സംഘടിക്കുകയും അവര്‍ക്ക് പുതിയൊരുണര്‍വ് വരികയും ചെയ്തു.
സമരത്തോട് നഗരസഭയുടെ മനോഭാവം ധാര്‍ഷ്ട്യം കലര്‍ന്നതാണ്‌.എത്രയോ പരിഹാര മാര്‍ഗങ്ങള്‍ പലരും ചൂണ്ടിക്കാണിച്ചു കൊടുക്കുന്നുണ്ടെങ്കിലും അതൊന്നും അവരുടെ തിമിരം ബാധിച്ച നയനങ്ങളില്‍ പതിയുന്നില്ല.

മൂന്ന് C കള്‍ കൊണ്ട് പ്രശസ്തമാണ് തലശ്ശേരി എന്ന് പറയാറുണ്ട്‌.(സര്‍ക്കസ്,ക്രിക്കറ്റ്,കേക്ക് ).പക്ഷെ,അവരുടെ മുനിസിപ്പാലിറ്റിക്ക് വേറൊരു സീയുടെ കുറവുണ്ട്.അതാണ്‌ CLEANLINESS .
തന്റെ അഴുക്ക് മറ്റുള്ളവര്‍ പേറട്ടെ എന്ന ചീത്ത മനസ്ഥിതിക്ക് പെട്ടിപ്പാലത്തെ കച്ചറയേക്കാള്‍ നാറ്റമുണ്ട്..

പോരാളികള്‍ക്ക് എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും..

45 comments:

 1. കോട്ടയത്തും ഉണ്ട് ഇതേപോലെ ഒരു സ്ഥലം..വടവാതൂര്‍ . അവിടെ നാടുകാര്‍ സംഖടിച്ചു മാലിന്യ വണ്ടികള്‍ തടയലും ഒക്കെ നടത്തുന്നു..എന്നാലും ശാശ്വത പരിഹാരം ഇന്നും അകലെയാണ്.

  പെട്ടിപ്പാലത്തെ ജനങള്‍ക്ക് നീതി ലഭിക്കട്ടെ..

  ReplyDelete
 2. നല്ലൊരു കാര്യത്തിനായുള്ള സംഘടിത ശക്തി വിജയിക്കട്ടെ.
  മാലിന്യ മുക്ത കേരളം സാധ്യമാവട്ടെ.
  ശുദ്ധജലവും ശുദ്ധവായുവും പരിസരവും എല്ലാം ലഭ്യമാവട്ടെ .
  കൂടെ അവരോടു ചേര്‍ന്ന് ഒരുക്കിയ ഈ പോസ്റ്റിനു ആശംസകളും

  ReplyDelete
 3. ശുദ്ധജലവും ശുദ്ധവായുവും മനുഷ്യന്റെ ജന്മാവകാശമാണ്..അത് നിഷേധിക്കാന്‍ ആരെയും അനുവദിക്കാന്‍ പറ്റില്ല...പെട്ടിപ്പാലത്തെ ജനങ്ങളുടെ സമരത്തിന്‌ അഭിവാദ്യങ്ങള്‍

  ReplyDelete
 4. ഇവടെ ദുബായില്‍ കിടന്നു ഒനും ചെയ്യാന്‍ കഴിയില്ല എങ്കിലും സമരക്കാര്‍ക്ക് എല്ലാ അഭിവാദ്യങ്ങളും ..

  ReplyDelete
 5. ഞെളിയന്‍പറമ്പും ലാലൂരുമൊക്കെ പോലെ പെട്ടിപ്പാലവും.ഇതിനൊരു പരിഹാരം എന്നാണുണ്ടാവുക ആവോ..?

  ReplyDelete
 6. ഇങ്ങിനെ ഒരു സമരം നടക്കുന്നുണ്ടല്ലേ..വിവരണത്തിനു നന്ദി..സമരം വിജയിക്കാന്‍ എല്ലാ ആശംസകളും നേരുന്നു.

  ReplyDelete
 7. എത്രമാത്രം കഷ്ടപ്പെട്ടാണെങ്കിലും ശക്തമായ കൂട്ടായ്മക്കൊണ്ട് പലതും നേടിയെടുക്കാം.

  ReplyDelete
 8. പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ കുടുക്കാന്‍ പ്രത്യേക സംവിധാനം വരുന്നു കേരളത്തില്‍. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന വണ്ടികളുടെ നമ്പര്‍ വിളിച്ചു പറഞ്ഞാല്‍പോലും നടപടി എടുക്കുമാത്രേ !! നഗരസഭാ വണ്ടികളുടെ നമ്പര്‍ നോട്ട് ചെയ്തു ജനം വലയും !!!

  ReplyDelete
 9. സമരത്തെ കുറിച്ചുള്ള വാര്‍ത്തകളും മറ്റും ടി വിയില്‍ കണ്ടിരുന്നു.. സമരത്തിന്‌ അഭിവാദ്യങ്ങള്‍..
  നാട്ടുകാര്‍ക്ക് നീതി ലഭിക്കട്ടെ...


  കേരളക്കാര്‍ക്ക് ലന്കിക്കാന്‍ ഒരു നിയമം കൂടി വന്നു... മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ... വല്ലതും നടക്കുമോ എന്ന് കണ്ടറിയാം ...നടക്കട്ടെ...

  ReplyDelete
 10. നമുക്കെല്ലാം അവർക്കൊപ്പം നിൽക്കാം. വായും വെള്ളവും പരിസരവും മലീമസമാക്കുന്നവർ രാക്ഷസരാകുന്നു. ഉചിതമായ കുറിപ്പ്!

  ReplyDelete
 11. പോരാളികള്‍ക്ക് എന്‍റെയും എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും... അയല്‍ പ്രദേശക്കാര്‍ സമരപ്പന്തലിലായിരിക്കുമ്പോള്‍ ബ്ലോഗ്ഗില്‍ നൊസ്റ്റാള്‍ജിയയും നുണഞ്ഞ് കളിചിരി പറഞ്ഞിരിക്കാന്‍ ശ്രമിക്കാതെ കഴിയും വിധം ഈ വാര്‍ത്ത മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തിയ മെയ്‌ഫ്ലവറിനു അഭിനന്ദനങ്ങള്‍...

  ReplyDelete
 12. ലിപിയുടെ കമെന്റിനു താഴെ എന്റെയും ഒപ്പ്..
  സമര പന്തലില്‍ ജ്വലിക്കുന്ന സ്ത്രീ മുഖങ്ങളെ ടീവീ ന്യൂസില്‍ കണ്ടിരുന്നു.അവരുടെ കൂട്ടായ്മ ഈ പ്രശ്നത്തിന് എളുപ്പം പരിഹാരം നല്കാതിരിക്കില്ല ഈ സംഘടിത ശ്രമത്തില്‍ ഭാഗഭാക്കായ മേയ് ഫ്ലവേസിനു എന്‍റെ അഭിനന്ദനങ്ങള്‍

  ReplyDelete
 13. ഞെളിയന്‍പറമ്പും ലാലൂര്‍ ,വടവാതൂര്‍ , ബ്രഹ്മപുരം ,വടുതല ,കൊച്ചി , ചന്തിരൂര്‍ പുത്തന്‍ തോട് ..കൂടെ പെട്ടിപ്പാലവും മാലിന്യം ലോറി കണക്കിന് ലോഡ്‌ ചെയ്തു വിജന പ്രദേശങ്ങളിലും പാവപ്പെട്ടവര്‍ താമസിക്കുന്ന കോളനികള്‍ക്കരികിലും ഒക്കെ നിക്ഷേപിക്കുന്നത് ഇപ്പോള്‍ ചിലരുടെ ബിസിനസ് കൂടി ആണ് . കോണ്‍ ട്രാക് റ്റ് അലസിയാലും ജനവികാരം ആളിക്കത്തിച്ചാലും എളുപ്പം നടക്കുന്ന ബിസിനസ് ..

  ReplyDelete
 14. പൊട്ടി പാലത്തെ സമര സഖാക്കള്‍ ആയ ധീര വനിതകളെ നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍
  നിങ്ങള്‍ടെ സമരം പോരാട്ടം അതൊരു കേവല സമരമല്ല ശ്വസിക്കാനുള്ള ശുദ്ധ വായുവിനു വേണ്ടി ഉള്ളത് ജീവിയുടെ നില നില്‍പ്പിനു വേണ്ടി

  ReplyDelete
 15. സമരം വിജയിക്കട്ടെ
  ആശംസകള്‍

  ReplyDelete
 16. ഇത്താത്ത തല്‍ക്കാലം ഒരുകാര്യം ചെയ്യ്.
  എല്ലാരേംകൂട്ടി റോസ്ഗാര്‍ഡനിലേക്ക് വന്നോളൂ.
  അവിടെ നിങ്ങളെ സ്വീകരിക്കാന്‍ എന്റെ അയ്ശുമ്മയുണ്ട്.
  പാച്ചിയുണ്ട്. സുമിയുണ്ട്. വേണേല്‍ ഷെമ്മൂനേം അയച്ചുതരാം.
  വണ്ടി അയക്കട്ടെ?

  ReplyDelete
 17. കേരളത്തില്‍ ദുബായ് മോഡല്‍ മാലിന്യ സംസ്കരണ പ്ലാന്റ് വരുന്നു. ഒരു MLA വന്ന് പഠനം നടത്തി പോയിരുന്നു. അതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് ഉപേക്ഷിക്കാന്‍ പാടില്ല എന്ന ഉത്തരവ് വന്നത്. അത്തരം പ്ലാന്റുകള്‍ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. അതിനെ പ്രോത്സാഹിപ്പിക്കാം. അങ്ങനെയെങ്കില്‍ ഈ മാലിന്യകൂമ്പാരങ്ങള്‍ നമുക്ക് കാണേണ്ടതായി വരില്ല.

  സമരം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.

  ReplyDelete
 18. തുടക്കത്തിലുള്ള ഈ ആവേശം അവസാനം വരെയും നില നില്‍ക്കട്ടെ...മറ്റു ചില സമരങ്ങള്‍ പോലെ പാതി വഴിയില്‍ ഉപേക്ഷിക്കില്ല എന്ന് പ്രതീക്ഷിക്കാം...
  ശുദ്ധ വായുവിനായുള്ള ഈ സമരം വിജയ്ക്കട്ടെ...ആശംസകള്‍

  ReplyDelete
 19. സമരം വിജയിക്കട്ടെ.മാലിന്യപ്രശനം എല്ലായിടങ്ങളില്ലും ഉണ്ട്.ഇവ എങ്ങനെ പരിഹരിക്കും എന്നതിനപ്പുറം വൻ സാ‍ബത്തിക ബാദ്ധ്യത ഏറ്റെടുക്കാൻ തദ്ദേശ ഭരണസ്ഥാപനങ്ങൾ തയ്യാറാകുന്നില്ല എന്നതല്ലെ ശരി.നമ്മുടെ നികുതി പണം പറ്റുന്നവർ ഇങ്ങനെയ്യൊക്കെ ചെയ്യുന്നത് കഷ്ടം തന്നെ.

  ReplyDelete
 20. സമരത്തിന്‌ എല്ലാവിധ ആശംസകളും !! കോഴിക്കോട്ടെ ഞെളിയന്‍ പറമ്പ് കാരെ പ്പോലെ പെട്ടിപ്പാലത്തുകാര്‍ക്കും എന്നാണാവോ ഇതില്‍ നിന്നും ശാപമോക്ഷം കിട്ടുക ?

  ReplyDelete
 21. പത്രത്തിലെന്നും കാണുന്നുണ്ട്. ഇതിനൊരു ശാശ്വത പരിഹാരം കൂടിയേ തീരൂ. അധികം വൈകാതെ ഉണ്ടാകുമെന്നു കരുതാം.

  ReplyDelete
 22. പോരാട്ടം വിജയിക്കട്ടെ.
  പെട്ടിപ്പാലത്ത്കാര്‍ക്ക് നീതി ലഭിക്കട്ടെ.
  പ്രാര്‍ഥിക്കാം നമുക്കെല്ലാവര്‍ക്കും.
  അറിയാത്തവര്‍ക്കായി ഈ വിഷയം അവതരിപ്പിച്ചു ശ്രദ്ധയില്‍ പെടുത്തിയതിനു അഭിനന്ദനങ്ങള്‍..
  ശുദ്ധവായുവും ശുദ്ധജലവും ലഭിക്കുന്ന നമ്മളെത്ര ഭാഗ്യം ചെയ്തവര്‍.

  ReplyDelete
 23. തന്റെ അഴുക്ക് മറ്റുള്ളവര്‍ പേറട്ടെ എന്ന ചീത്ത മനസ്ഥിതിക്ക് പെട്ടിപ്പാലത്തെ കച്ചറയേക്കാള്‍ നാറ്റമുണ്ട്..
  .... malayaliyude swantham swabhavam.. ithu kottayathum kozhikkottum kollathum sulabham...

  ReplyDelete
 24. സമരത്തിന് ഐക്യദാര്‍ഢ്യം

  പരമാവധി മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്ക്കരിക്കപ്പെടുന്ന ഒരു രീതി വരേണ്ടിയിരിക്കുന്നു. എല്ലാ വീട്ടിലും കക്കൂസ് മാലിന്യം കൃത്യമായി സംസ്ക്കരിക്കപ്പെടുന്നു. എന്തുകൊണ്ട് അടുക്കള മാലിന്യവും മറ്റും പുറത്തേക്ക് എറിയപ്പെടുന്നു? വലിയ വലിയ പ്രോജക്റ്റുകളേക്കാള്‍ വികേന്ദ്രീകൃത ഖരമാലിന്യ സംസ്ക്കരണ മാതൃകകളാണ് ഉചിതം. കമ്പോസ്റ്റിംഗ്, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവ വീടുകളില്‍ പ്രോത്സാഹിപ്പിക്കപ്പെടണം. അതുപോലെ use & through സംസ്ക്കാരവും മാറ്റേണ്ടതാണ്.

  രാവിലെ പുറത്തു പോവുമ്പോള്‍ നമ്മളെറിഞ്ഞ മാലിന്യം ഭക്ഷിക്കാനെത്തിയ പട്ടികള്‍ വൈകീട്ട് നമ്മെ കടിക്കാന്‍ വരുമ്പോള്‍ പഞ്ചായത്തിനെതിരെ രോഷം കൊള്ളുന്ന നമ്മുടെ മനോഭാവമാണ് ആത്യന്തികമായി മാറേണ്ടത്.

  ReplyDelete
 25. ജനകീയ സമരങ്ങള്‍ വിജയിക്കാതിരുന്നിട്ടില്ല. പ്രത്യേകിച്ചും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ശുദ്ധ വായുവിനും ശുദ്ധ വെള്ളത്തിനുമുള്ള ജനകീയ പ്രക്ഷോഭങ്ങള്‍. ഇത് പോലെ ജല, വായു മലിനീകരണത്തിന് എതിരെ സമരം ചെയ്തു ഒരു വലിയ വ്യവസായ ഭീമനെ കെട്ടുകെട്ടിച്ച ചരിത്രമാണ് ഞങ്ങള്‍ വാഴക്കാട്ടുകാര്‍ക്ക് പറയാനുള്ളത്.

  ReplyDelete
 26. പ്രിയപ്പെട്ട കൂട്ടുകാരി,
  മനസ്സിലെ മാലിന്യം മായുമ്പോള്‍,ബുദ്ധിയുണ്ടാകും...നാടിന്റെ രക്ഷ ശുചിതം പാലിച്ചാലെ സാധ്യമാകൂ എന്ന്.
  ഈ ജനകീയ സമരം ജയിക്കട്ടെ.
  സസ്നേഹം,
  അനു

  ReplyDelete
 27. പോരാടുന്ന സകല ജനങ്ങള്‍ക്കും ഹൃദയസ്മിതം കൂട്ട്.
  വിപ്ലവാഭിവാദനങ്ങള്‍..!!!

  ReplyDelete
 28. സുഹൃത്തേ,
  ഇതിപ്പോള്‍ പെട്ടിപ്പാലത്തെ മാത്രമല്ല, കേരളത്തിണ്റ്റെ മുഴുവന്‍ പ്രശ്നമാണ്‌. കേരളം മുഴുവന്‍ ഒരുപാടു പെട്ടിപ്പാലങ്ങളുണ്ട്‌. കുറ്റക്കാര്‍ അധികാരി വര്‍ഗ്ഗങ്ങളല്ല. കണ്ണു തുറക്കാത്ത അധികാരി വര്‍ഗ്ഗങ്ങളെ തിരിച്ചറിയാന്‍ കഴിയാത്ത കാഴ്ചശകതിയില്ലാത്ത ജനങ്ങളാണു കുറ്റക്കാര്‍. ആത്മാറ്‍ത്ഥമായ പ്രതിഷേധങ്ങള്‍, പ്രതികരണങ്ങള്‍ .....അതിനുമുന്നില്‍ കണ്ണടച്ചിരുട്ടാക്കാന്‍ ഒരു അധികാരിവര്‍ഗ്ഗത്തിനും കഴിയില്ല..

  സമരത്തിന്‌ എണ്റ്റെ എല്ലാ ഭാവുകാശംസകളും നേരുന്നു.

  ReplyDelete
 29. This comment has been removed by the author.

  ReplyDelete
 30. sundara keralam maalinya keralam kollam naam engott?
  aasamsakal

  ReplyDelete
 31. nice!!!!!!!!!!!
  welcome to my blog
  nilaambari.blogspot.com
  if u like it plz follow and support me!

  ReplyDelete
 32. ഞാന്‍ ആദ്യമായാണ്‌ ഈ വഴി.. വഴി തെറ്റി വന്നതാണ്‌. സത്യത്തില്‍ ഇത്‌ വായിച്ചപ്പോള്‍ അവിടെ സമരം ചെയ്യുന്ന ആളുകള്‍ ഈ പോസ്റ്റ്‌ വായിക്കണമെന്ന് തോന്നി. എന്തെന്നില്ലാത്ത ഒരൂര്‍ജ്ജം ഈ എഴുത്തിലൂടെ പകര്‍ന്ന് തരാന്‍ ഈ ലേഖനത്തിനായി. ആശംസകള്‍... അതിഭാവുകത്വങ്ങളില്ലാതെ വിവരണം നന്നാക്കിയ താങ്കളെ ഞാന്‍ എന്‌റെ കൂടെ കൂട്ടുന്നു... നിങ്ങളുടെ സമ്മതത്തോടെ ഫോളോ ചെയ്യുന്നു.

  ReplyDelete
 33. അതിജീവനത്തിനായ് ഒത്തു ചേര്‍ന്ന പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍. സാമൂഹ്യപ്രസക്തമായ ഈ പോസ്റ്റിനു ആശംസകള്‍..

  ReplyDelete
 34. നല്ല ഒരു മുന്നേറ്റം. എങ്കിലും ഒന്ന് പറയട്ടെ. മാലിന്യ സംസ്കരണം സര്‍ക്കാരിന്റെ കാര്യം എന്ന് നമ്മള്‍ പറയും . എന്നാല്‍ മാലിന്യം കുറയ്ക്കുവാന്‍ ഓരോരുത്തര്‍ക്കും കടമയുണ്ട്. മൂന്ന് R മറക്കരുത്
  Reduce.. Reuse ... Recycle..

  Congrats for post

  ReplyDelete
 35. വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണം എത്രയും നേരത്തെ ഏറ്റവും കൂടുതൽ പേർ ചെയ്യുമ്പോൾ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാവൂ. ഈ സമരം വിജയിയ്ക്കട്ടെ.

  വരാൻ വൈകിയതിൽ വിഷമം.

  ReplyDelete
 36. ശ്വസിക്കാന്‍ ദുര്‍ഗന്ധമില്ലാത്ത വായുപോലുമില്ലാത്ത അവസ്ഥ ഭയാനകം തന്നെ...ഒരുപാട് വിശദീകരണങ്ങളൊന്നുമില്ലാതെ വളരെ ലാളിത്യമുള്ള ഭാഷയില്‍ ലളിതമായ രീതിയില്‍ അവതരിപ്പിച്ചപ്പൊ വായിക്കാനും ഒരു താല്പര്യം കിട്ടുന്നുണ്ട്..
  സമരത്തിന്‌ ആശംസകളും..

  ReplyDelete
 37. നികത്താന്‍ സാധിക്കാത്ത പാടങ്ങളില്‍ ഇപ്പോള്‍ കണ്ടുവരുന്നത് ഇതേ പോലെ മാലിന്യങ്ങള്‍ കൊണ്ട് നിറക്കലാണ് ...അതിനു സര്‍ക്കാര്‍ പെര്‍മിഷന്‍ കൊടുത്തിട്ടുണ്ട് ...ആ പേരും പറഞ്ഞു അവര്‍ പാടം നികത്തുകയും ചെയ്യും ..മുന്സിപാലിറ്റിക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ സ്ഥലവും ആയി, ഇരു കൂട്ടര്‍ക്കും ലാഭം,വലയുന്നത് പാവം ജനങ്ങളും..
  സമരക്കാര്‍ക്ക് എല്ലാ അഭിവാദ്യങ്ങളും ..

  ReplyDelete
 38. പ്രിയപ്പെട്ട
  വില്ലേജ് മാന്‍,
  ചെറുവാടി,
  ദുബായിക്കാരന്‍,
  ഫൈസു,
  മുല്ല,
  മുനീര്‍,
  റാംജി,
  ഹാഷിക്,
  khaadu ,
  ശ്രീനാഥന്‍,
  ലിപി,
  ജാസ്മിക്കുട്ടി,
  രമേശ്‌,
  കൊമ്പന്‍,
  ഷാജു,
  കണ്ണൂരാന്‍,
  ഷബീര്‍,
  nimjas ,
  സങ്കല്പങ്ങള്‍,
  ഫൈസല്‍ ബാബു,
  typist ,
  പ്രവാസിനി,
  കലി,
  ഷാ,
  അക്ബര്‍,
  അനുപമ,
  നാമൂസ്,
  ഒറ്റയാന്‍,
  അഭിഷേക്,
  അരുണ്‍ റിയാസ്,
  mohiyudheen MP ,
  ജെഫു ജൈലാഫ്,
  കനക്കൂര്‍,
  എച്ചുമുക്കുട്ടി,
  അനശ്വര,
  കൊച്ചുമോള്‍,

  ഇവിടെ അഭിപ്രായം എഴുതിയ,പോരാട്ടത്തിന്‌ പിന്തുണ പ്രഖ്യാപിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി..നന്ദി..
  സമരം ഒരു മാസം പൂര്‍ത്തിയാകുന്നതിന് മുന്‍പായിരുന്നു ഞാന്‍ പോസ്റ്റ്‌ ഇട്ടിരുന്നത്.ഇപ്പോള്‍ അത് മൂന്നാം മാസത്തിലേക്ക് കടക്കുകയാണ്.വേദനയോടെയല്ലാതെ പെട്ടിപ്പാലം കടന്ന് പോകാന്‍ കഴിയുന്നില്ല.സമരക്കാരെ മാനസികമായി തളര്‍ത്താന്‍ തലശ്ശേരി മുനിസിപ്പാലിറ്റി ആവുന്നത്ര ശ്രമിച്ചു കൊണ്ടിരിക്കുന്നുമുണ്ട്.കൈക്കുഞ്ഞുങ്ങളെയും എടുത്ത്‌ അക്രമരഹിതമായ സമരവഴികളിലൂടെ നീങ്ങുന്ന സ്ത്രീകളെ ഭീകരവാദികളായി മുദ്ര കുത്തുകയാണ്!!
  ഇവര്‍ക്ക് കാലം മറുപടി കൊടുക്കും എന്ന് മാത്രം തല്‍ക്കാലം പറയട്ടെ..

  ReplyDelete
 39. പെട്ടിപാലത്തെ പോരാടുന്ന ജനങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍ ,ഇത് ബൂലോകത്തിന്റെ മുന്നില്‍ കൊണ്ട് വന്ന മേഫ്ലവറിനും. ഷായുടെ കമന്റ്‌ ശ്രദ്ധേയമാണ് ..അതിനു അടിയില്‍ ഞാനും ഒപ്പ് വെക്കുന്നു

  ReplyDelete
 40. ജനകീയ സമരത്തിന്‌ എല്ലാവിധ വിജയാശംസകള്‍ നേരുന്നതോടൊപ്പം ,പെട്ടിപ്പാലത്തെ പോരാട്ട ഗാഥ ഇവിടെ കോറി ഇട്ട mayflower നും അഭിനന്ദനങ്ങള്‍ ..:)

  ReplyDelete
 41. ജന മുന്നേറ്റത്തിനു എല്ലാ വിധ ആശംസകളും, ഉദ്യമം വിജയിക്കട്ടെ..പുതുവത്സരാശംസകളോടെ..

  ReplyDelete
 42. നന്മയുടെ അവസാനവിധി വിജയമായിരിക്കും.. അതിവിടേയും സംഭവിക്കും.. പ്രാര്‍ത്ഥനകളോടെ..

  (മെയ്ഫ്ളവറിനെ ഈയിടെയായി കാണാറില്ലാത്തതുകൊണ്ട് അന്വേഷിച്ച് വന്നതാണ്, ഈ പോസ്റ്റ് ഞാന്‍ കണ്ടിരുന്നില്ല, തിരക്കിലാണെന്നിപ്പൊ മനസ്സിലായി. നല്ലൊരു ഉദ്യമം, നിറഞ്ഞ ആശംസകള്‍/)

  ReplyDelete
 43. മാലിന്യ സംസ്കരണത്തിന് പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ഭീഷണി ഇല്ലാത്ത വിധം വഴികള്‍ തേടട്ടെ ഭരണക്കാര്‍ ...
  മനുഷ്യന്റെ സ്വത്തിനോടൊപ്പം ജീവനും സംരക്ഷിക്കാനുള്ള ബാധ്യത അതത് ഭരണ കൂടങ്ങളില്‍ നിഷിപ്തമാണ്. ഈ സമരത്തിന്‌ മനസ്സ് കൊണ്ടെന്റെ ഐക്യ ധാര്‍ഡ്യം

  ReplyDelete
 44. ജനകീയ സമരത്തിന് എല്ലാവിധ പിന്തുണയും, അഭിവാദ്യങ്ങളും..

  ReplyDelete