Saturday, March 26, 2011

വര്‍ണമനോഹരമാണീ മാളിക..



വീട്‌ എന്നാല്‍ തണുപ്പില്‍ നിന്നും ചൂടില്‍ നിന്നും,മഴയില്‍ നിന്നും വെയിലില്‍ നിന്നും സംരക്ഷണം തരുന്നതും,
കൂടണയുമ്പോള്‍ സ്നേഹോഷ്മളതയില്‍ വിലയം പ്രാപിക്കാന്‍ കഴിയുന്ന ഇടമാണെന്നും ഒക്കെയുള്ളത് ഇന്ന് പഴഞ്ചന്‍ സങ്കല്‍പം..
ഇന്നത്തെ വീടുകള്‍ ഡോള്‍ ഹൌസുകള്‍ പോലെ മനോഹരവും അത് പോലെ നിര്‍ജ്ജീവവുമാണ്.

ഒരു ഗൃഹപ്രവേശത്തിന് പോയാല്‍ അവിടുത്തെ സെറ്റപ്പുകള്‍ നമ്മെ അത്ഭുദസ്തബ്ധരാക്കും.പ്രോപ്പര്‍ട്ടി ഷോ ആണോ എന്ന് സംശയിച്ചു പോകുന്ന സജ്ജീകരണങ്ങള്‍..കടിച്ചതിനേക്കാള്‍ വലുത് മാളത്തില്‍ എന്ന പോലെ ഒന്നിനൊന്ന് മികച്ച മുറികള്‍..
ഓണംകേറാ മൂലകളില്‍പ്പോലുമുണ്ട് റിമോട്ട് ഉപയോഗിച്ച് തുറക്കാവുന്ന ഗേറ്റുകളുള്ള കൂറ്റന്‍ മണിമാളികകള്‍..
എന്റെയൊരു സരസയായ ബന്ധു ഇങ്ങിനെയൊരുവീട്ടില്‍ നിന്നും toilet ല്‍ പോകേണ്ടിവന്നപ്പോള്‍ അത്യന്താധുനിക സംവിധാനങ്ങള്‍ കണ്ട് കാര്യം നിര്‍വഹിക്കാതെ മടങ്ങിയത്രേ!ഏത് ഭാഗത്ത്‌ നിന്നാണ് വെള്ളം വീഴുക എന്ന് പേടിയായിപ്പോയി എന്നായിരുന്നു അവളുടെ പ്രതികരണം..
വീട് നിര്‍മാണത്തിനും അതലങ്കരിക്കാനും ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ നമുക്ക് മടിയില്ല.
(ക്ഷമിക്കണം..ഇപ്പോള്‍ കോടികളല്ലേ?)
മുകേഷ് അംബാനിയുടെ പിന്‍ഗാമികളാകാന്‍ ഏറ്റവും യോഗ്യര്‍ മലയാളികള്‍ തന്നെ ആയിരിക്കും.

കൂടുതലും ഇത്തരം കാട്ടിക്കൂട്ടലുകള്‍ കാഴ്ച്ചക്കാരെക്കൊണ്ട് 'ഹാ..ഹൂ..'പറയിക്കാന്‍ വേണ്ടിയാണ്.പക്ഷെ അവരൊന്ന് മറക്കുന്നു.ഇതിലും മികച്ചതൊന്ന് കാണുന്നത് വരെ മാത്രമേ അതൊക്കെ നില നില്‍ക്കൂ.

ഈ ബംഗ്ലാവുകളില്‍ അടുക്കള രണ്ടാണ്.ഒന്ന് കാഴ്ചക്കും,മറ്റൊന്ന് പണിയെടുക്കാനും.ആദ്യത്തേത് പരസ്യത്തില്‍ കാണുന്ന പടിയായിരിക്കും.ഇലക്ട്രിക്‌ ചിമ്നി,ഹോബ് തുടങ്ങി ആധുനികമായ എല്ലാ സംവിധാനങ്ങളും അടങ്ങിയത്.
മറ്റതിലോ?അവിടമാണ് വീട്ടമ്മയുടെ കളരി.ഒരു സാദാ ഗ്യാസ് stove ഉം അതിനോടനുബന്ധിച്ച പണിയായുധങ്ങളും മാത്രം.
Modern kitchen സന്ദര്‍ശകരുടെ വാ പൊളിപ്പിക്കാന്‍ വേണ്ടി തൊടാതെ വെക്കും.
(ഈ എഴുതിയതിലൊന്നും ഒരിറ്റ് വെള്ളം പോലും ചേര്‍ത്തിയിട്ടില്ല.ഒരു പാട് വീടുകളില്‍ കണ്ട കാഴ്ചകളാണ്.)
ഇതൊക്കെ എന്റെ നാടിന്റെ മാത്രം പ്രത്യേകതയാണോ എന്ന് ഞാന്‍ സംശയിച്ചു പോയിരുന്നു.
ഏകദേശം ഒരു പത്തു വര്‍ഷം മുമ്പ് കവയത്രി റോസ് മേരി 'വനിത'യിലെഴുതിയിരുന്ന കോളത്തില്‍
കോട്ടയത്തോ മറ്റോ ഇങ്ങിനെയൊരു വീട് സന്ദര്‍ശിച്ച കാര്യം എഴുതിയതോര്‍ക്കുന്നു.ആ വീട്ടില്‍ അടുക്കള മാത്രമല്ല,drawing റൂം പോലും ഈ രണ്ട് വീതമാണത്രേ!
അപ്പോള്‍ കുഴപ്പം എന്റെ നാടിന്റെയല്ല..

ഇത് പോലെ ഇസ്തിരിയിട്ട് വെച്ച ഒരു വീട് സന്ദര്‍ശിക്കാനിടവന്നപ്പോള്‍ അവിടുത്തെ അടുക്കള എന്നെ ശരിക്കും അമ്പരപ്പിച്ചു.പണിയെടുത്ത ഒരു ലക്ഷണവുമില്ല!ആകെ ഒരടുക്കളയേ ഉണ്ടായിരുന്നൂ താനും.ഞാന്‍ വീട്ടുകാരിയെ വാരിക്കോരി പ്രശംസിക്കുകയും ചെയ്തു.അവിടെ നിന്നും ഇറങ്ങിയ ഉടനെ കൂടെയുണ്ടായിരുന്ന ബന്ധു എന്റെ നേരെ ചാടിക്കയറി 'നീ എന്തറിഞ്ഞിട്ടാ? അവളിവിടെ വല്ലതും വെച്ചുണ്ടാക്കിയിട്ട് വേണ്ടേ?ഒക്കെ ഉമ്മ ഉണ്ടാക്കിക്കൊണ്ടുവരുന്നതാ..'ഞാന്‍ ശരിക്കും അമ്പരന്നത് അപ്പോഴാണ്‌.

നുള്ളാതെ നോവിക്കാതെ വളര്‍ത്തുന്ന കുഞ്ഞുങ്ങളെപ്പോലെ,ഇപ്പോഴത്തെ വീടുകളെയും നമ്മള്‍ തല്ലാതെ തലോടാതെ വെക്കുകയാണ്.
കണ്ണ്
നീര് വീണ് ടൈല്‍സ് ചീത്തയാകുമോ എന്ന ഭയത്തോടെയാണ് നമ്മളിന്ന് കരയുന്നത്.കൂട്ടു കൂടാന്‍ കൂടെ ചിരിക്കാന്‍ ബന്ധുക്കളെത്തിയാല്‍ നമ്മുടെ ബംഗ്ലാവ് അലങ്കോലപ്പെടുമോ എന്ന ഭയത്താല്‍ ഉള്ളു തുറന്ന് ചിരിക്കാന്‍ നമുക്കാവുന്നില്ല.
വീട് ഒരു ഷോകെയ്സ് ആകുമ്പോള്‍ അതിലെ അംഗങ്ങള്‍ ഷോ പീസ്‌ ആയി മാറുകയാണ്.

അണ്‍ ലിമിറ്റെഡ് ബജറ്റില്‍ പണിതുടങ്ങുന്ന വീടുകള്‍ പണി തീരുമ്പോഴേക്കും ആ മനോഹരസൌധങ്ങളുടെ അകങ്ങളില്‍ നിറയുന്നത് നഷ്ടബോധത്തില്‍ നിന്നുയരുന്ന നെടുവീര്‍പ്പുകളും,വിലാപങ്ങളും..
ഇതൊക്കെ എത്ര കണ്ടാലും നമ്മളുടെ മനോഭാവം പണം പോട്ടെ പത്രാസ് വരട്ടെ എന്നാണ്..
ഈ രംഗത്തും ഗള്‍ഫ് മലയാളികളുടെ സംഭാവന വളരെ വലുതാണെന്നുള്ളത് വേദനാജനകമെന്നല്ലാതെന്തു പറയാന്‍?

Home where the heart is...

38 comments:

  1. ലേഖനം പ്രസക്തം എന്ന് പറയാന്‍ മടിയില്ല മേയ് ഫ്ലവര്‍.
    പക്ഷെ ഞാന്‍ അഭിപ്രായം പറയുമ്പോള്‍ അതില്‍ ആത്മാര്‍ഥത കാണില്ല. ഇതില്‍ എഴുതിയ ചില കാര്യങ്ങള്‍ എനിക്കെതിരെ കൂടി ആണല്ലോ :).

    ReplyDelete
  2. "കണ്ണ് നീര് വീണ് ടൈല്‍സ് ചീത്തയാകുമോ എന്ന ഭയത്തോടെയാണ് നമ്മളിന്ന് കരയുന്നത്.കൂട്ടു കൂടാന്‍ കൂടെ ചിരിക്കാന്‍ ബന്ധുക്കളെത്തിയാല്‍ നമ്മുടെ ബംഗ്ലാവ് അലങ്കോലപ്പെടുമോ എന്ന ഭയത്താല്‍ ഉള്ളു തുറന്ന് ചിരിക്കാന്‍ നമുക്കാവുന്നില്ല.
    വീട് ഒരു ഷോകെയ്സ് ആകുമ്പോള്‍ അതിലെ അംഗങ്ങള്‍ ഷോ പീസ്‌ ആയി മാറുകയാണ്"

    superb post ... a touching reality.. best wishes

    ReplyDelete
  3. ഇത്തവണ ഞാന്‍ കുറച്ചു നേരത്തെ എത്തി. ലേഖനം നന്നായി എന്നു പറയുമ്പോഴും പൂര്‍ണമായും യോജിക്കാനാവുന്നില്ല. എങ്കിലും ഏറെക്കുറെ യാഥാര്‍ത്യങ്ങള്‍ ഉണ്ട്. വാട് ചീത്തയാകും എന്നു കരുതി വീടിന്റെ മുന്‍ഭാഗം എപ്പോഴും അടച്ചിട്ടു വീട്ടിലെ അംഗങ്ങള്‍ പിന്‍ഭാഗത്ത് കൂടെ വരവും പോക്കും ചെയ്യുന്ന ഒരു ബന്ധു വീട് എനിക്കുണ്ട്.

    ഇനി എന്‍റെ വീട്ടിലെ കാര്യം പറയുകയാണെങ്കില്‍ മനോഹരമായ ഒരു അടുക്കള ഉണ്ടാക്കിയപ്പോള്‍ ഉപയോഗം പുറത്തേക്ക് ആക്കി. അങ്ങിനെ അടുക്കള വെറും ഒരു ഷോകേഴ്സു മാത്രമായി. മിക്ക വീടുകളുടെയും അവസ്ഥ ഇതൊക്കെത്തന്നെ. അതു വീട്ടമ്മ തന്നെ എഴുതുമ്പോള്‍ മറിച്ചൊരു വാക്ക് പറയാനില്ല. നല്ല വിഷയം. നല്ല എഴുത്ത്.

    ReplyDelete
  4. മേയ്ഫ്ലവര്‍,വളരെ നല്ല ലേഖനം..ഈ പറഞ്ഞതൊക്കെ വെള്ളം തൊടാതെ എഴുതിയതാണെന്ന് പറയേണ്ട ആവശ്യമേ ഇല്ല..ഈ പറഞ്ഞതൊക്കെയും ഇന്ന് നാം കാണുന്ന കാര്യങ്ങള്‍..പിന്നെ എന്‍റെ കിച്ചനും മോഡേണ്‍ ആണ്..പക്ഷെ, ഞാന്‍ അതില്‍ മാത്രമേ ഭക്ഷണം പാകം ചെയ്യാറുള്ളൂ..നമുക്കൊരുക്കിയ സൗകര്യം ഉപയോഗിക്കാതെ ഷെഡില്‍ അടുക്കള ഒരുക്കുന്നതില്‍ എനിക്ക് യോജിപ്പില്ല..പലരും എന്നോട് പറയാറുണ്ട്..സ്റ്റോറില്‍ കുക്ക് ചെയ്തൂടെ എന്ന്...

    ReplyDelete
  5. പോസ്റ്റ്‌ നല്ലത്..ഉദ്ദേശ്യവും നന്ന്.പക്ഷെ ചെറിയ ഒരു അഭിപ്രായ വ്യത്യാസം..

    "അണ്‍ ലിമിറ്റെഡ് ബജറ്റില്‍ പണിതുടങ്ങുന്ന വീടുകള്‍ പണി തീരുമ്പോഴേക്കും "

    സാധാരണ ആള്‍ക്കാരുടെ ഒരു വലിയ സ്വപ്നം ആണ് സ്വന്തമായി ഒരു വീട്.അതും ഒരു മനുഷ്യായുസ്സില്‍ ഒരിക്കല്‍ മാത്രമേ പലപ്പോഴും നടന്നു എന്ന് വരികയുള്ളു ( പല വീടുകള്‍ വെക്കുന്ന കൊടീശ്വരന്മാരെ ഒഴിച്ച് ). അത് പണി തുടങ്ങുമ്പോഴേക്കും പല ആശകളും ആവശ്യങ്ങളും ആദ്യം രൂപ കല്പന നടത്തിയതില്‍ നിന്നും വരുന്നത് തികച്ചും സ്വാഭാവികമാണ്. ഗള്‍ഫ് മലയാളികള്‍ വലിയ വീടുകള്‍ വെക്കുന്നത് പലപ്പോഴും ഒരു ആഗ്രഹ സാഫല്യത്തിന് മാത്രം അല്ല..ആവശ്യങ്ങള്‍ ആവാം പലപ്പോഴും അവനെ അതിനു പ്രേരിപ്പിക്കുന്നത്.

    വെറുതെ വീട് പണിതു ഇട്ടു അത് ഒരു ഡെഡ് ഇന്‍വെസ്റ്റ്‌ മെന്റ് ആകുന്നതിനോട് യോജിപ്പ് ഇല്ലാതിരുന്ന ഒരാളായിരുന്നു ഞാന്‍. പക്ഷെ സാഹചര്യം എന്നെയും അതിനു പ്രേരിപ്പിച്ചു.

    ReplyDelete
  6. പൊങ്ങച്ചത്തിനു വേണ്ടി വലിയ ബംഗ്ലാവ് പണിയുന്നവരിലധികവും പ്രവാസികൾ തന്നെയാണ്.
    നല്ല ലേഖനം.

    ReplyDelete
  7. ഭൂരിപക്ഷം ഗള്‍ഫുകാരുടേയും ജീവിതം നശിക്കുന്നത് ആര്‍ഭാടപൂര്‍ണ്ണമായ വീട് വെയ്ക്കുന്നതിലൂടെയാണ്. വലിയ വീട് വച്ചതിന്റെ കടം തീര്‍ക്കാന്‍ കാലാകാലം ഗള്‍ഫില്‍ കിടന്ന് കഷ്ടപ്പെടും, അതിനിടയില്‍ വിലപ്പെട്ട പലതും നഷ്ടപ്പെടും. പ്രസകതമായ വിഷയം...

    'കണ്ണ് നീര് വീണ് ടൈല്‍സ് ചീത്തയാകുമോ എന്ന ഭയത്തോടെയാണ് നമ്മളിന്ന് കരയുന്നത്'... ഈ വാചകം വളരേയധികം ഇഷ്ടപ്പെട്ടു.

    ReplyDelete
  8. വീടിന്നൊരു പൊങ്ങച്ച പ്രദര്‍ശനശാലയല്ലേ.
    ഉപയോഗത്തേക്കാള്‍ കൂടുതല്‍ ‘show'
    കാണിക്കാനാണ് മിക്കവരും വീടു കയറ്റുന്നത്.. നല്ലൊരു
    വീടുണ്ടാക്കി അതു നേരാം വണ്ണം കൊണ്ടുനടക്കാതെ
    ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് അലങ്കോലമാകുന്നത്
    കണ്ടിട്ടുണ്ട്. പുറുമോടിയില്‍ ശ്രദ്ധകൊടുത്ത് കടുത്ത പരസ്പരം
    ചേരാത്ത കളറുകള്‍ കൊണ്ട് വീട് ‘attractive' ആക്കുന്നതും
    ഇന്നത്തെ ട്രെന്റാണ്.

    ReplyDelete
  9. ഉണ്ടവന് പായ് കിട്ടാഞ്ഞിട്ട്,
    ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്,

    എന്നൊരു പഴഞ്ചൊല്ല് പോലെ വീട് മോടിയാക്കല്‍ മത്സരം..എന്തായാലും ഞാനില്ല.

    ReplyDelete
  10. വളരെ പ്രസക്തമായ ലേഖനം മെയ്‌ഫ്ലവര്‍, മലയാളിയുടെ പൊങ്ങച്ചത്തിന്റെ മറ്റൊരു മുഖം...!
    മനോഹരമായ വീടുണ്ടാക്കിയിട്ടു, തൊട്ടടുത്ത്‌ തന്നെയുള്ള താല്‍ക്കാലിക ഷെഡില്‍ താമസിച്ചു അത് പുറമേ നിന്നും കണ്ടാസ്വദിക്കാന്‍ മാത്രം ഭാഗ്യമുള്ള ഒരു കുടുംബം എന്റെ നാട്ടിലും ഉണ്ട്.അവരുടെ ഊണും ഉറക്കവും എല്ലാം ആ ഷെഡില്‍ തന്നെ.പിന്നെ എന്തിനാ ഇത്രയും വലിയൊരു വീട് എന്ന് ചോദിച്ചപ്പോ പറഞ്ഞത്,ഒരുപാടു വിലയുള്ള പെയിന്റിനെ പറ്റിയും വീട്ടുപകരണങ്ങളെപ്പറ്റിയും ഒക്കെയാണ്. എന്തിനിങ്ങിനെ ഉപയോഗശൂന്യമായ ഒരു വീട് എന്ന സംശയം ഇപ്പോഴും ബാക്കി....

    ReplyDelete
  11. മലയാളിയുടെ മനോരോഗം കൂടിക്കൂടി വരികയാണ്‌. വീടിണ്റ്റെ കാര്യത്തില്‍ മാത്രമല്ല, മറ്റു മേഖലകളിലും.എണ്റ്റെ വീട്ടില്‍ പോലും എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ പത്രാസ്‌ കയറ്റി പള്ളിക്കൂടത്തിലയച്ച്‌ പീീഡിപ്പിക്കുന്നത്‌ നിസ്സഹായതയോടെ കണ്ടിരിക്കേണ്ടി വരുമ്പോള്‍ സങ്കടം തോന്നാറുണ്ട്‌.

    ReplyDelete
  12. നല്ല പോസ്റ്റ് ..പറഞ്ഞത് പലതും സത്യം ..പുതിയ വീട് വച്ചതോടെ അയല്പക്ക ബന്ധങ്ങള്‍ ഉപേക്ഷിച്ചവരും ഉണ്ട് ..അയല്‍വീട്ടിലെ സ്ഥിരം സന്ദര്‍ശകരായ കുട്ടികളും കുശുമ്പ് വര്‍ത്താനങ്ങളുടെ കേള്വിക്കരായ കുഞ്ഞമ്മമാരും ഇപ്പോള്‍ ചവിട്ടി തേച്ചു വീട്ടിലേക്കു വന്നാല്‍ മാര്‍ബിളില്‍ ചെളി പിടിക്കും എന്ന് കുശുകുശുപ്പാനു ...

    ReplyDelete
  13. ഹോ..ഞാനൊരുപാട് വയ്കി,

    എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പോസ്റ്റ് തന്നെ ഇത്.
    ഈ പോസ്റ്റില്‍നിന്നും രണ്ടു കണ്ണുകള്‍ ആരെയൊക്കെയോ തുറിച്ചു നോക്കുന്നില്ലേ...കാരണം ഇപ്പോള്‍ വീട് ചെറുതോ വലുതോ ആകട്ടെ ആഡംബരങ്ങള്‍ ഒരുപോലെ തന്നെ.
    എന്‍റെ വീട് വെച്ചിട്ട് പതിമൂന്നു വര്‍ഷമെങ്കിലും ആയിക്കാണും.മക്കളുടെ എണ്ണത്തിനനുസരിച്ച് വീട് വലുതാക്കി.മക്കള്‍ വല്ലപ്പോഴും വീട്ടിലുണ്ടായാലായി.അന്ന് ഞാന്‍ പറഞ്ഞിരുന്നു,ഒരടുക്കള മതിയെന്ന്. {മോഡേണ്‍ തന്നെ.} എന്നിട്ടും എനിക്ക് രണ്ടടുക്കളയുണ്ടായി.രണ്ടും ഉപയോഗിക്കുന്നുണ്ട്.
    ഒന്ന് രാത്രി ഉപയോഗിക്കുന്നു.
    ഇപ്പോള്‍ പുതിയ വീട് വെക്കുന്നവരോടൊക്കെ ഒരടുക്കളയെകുറിച്ച് ഉപദേശിക്കാറുമുണ്ട്.
    ഒരാള്‍ മാത്രം സ്വീകരിച്ചു എന്‍റെ അഭിപ്രായം.
    എന്‍റെ ചെറിയ അനിയത്തി.മോഡേണ്‍ ആയി തന്നെ വിറകടുപ്പടക്കം ഒരേ അടുക്കളയില്‍.
    ഒരനിയത്തി രണ്ടെണ്ണം തന്നെയുണ്ടാക്കി.
    ഞാന്‍ താമസിയാതെ ഒരടുക്കള എന്ന എന്‍റെ പഴയ സ്വപ്നത്തിലേക്ക് തിരിച്ചു പോകും.
    എന്നാലും ഈ പോസ്റ്റില്‍ നിന്നും ഒരു ചൂണ്ടുവിരല്‍ എന്‍റെ നേരെയും ചൂണ്ടുന്നില്ലേ...

    പോസ്റ്റുകള്‍ വയ്കിയാലെന്താ കാമ്പുള്ള എഴുത്തുകളല്ലേ പിന്നീട് ഞങ്ങള്‍ക്ക് കിട്ടുന്നത്.
    ഭാവുകങ്ങള്‍ മേയ്ഫ്ലവര്‍...

    ReplyDelete
  14. എന്ത് ചെയ്താലും തൃപ്തി കിട്ടാത്ത ഒരു തരം അവസ്ഥയിലാണ് മനുഷ്യന്‍ ഇന്ന്. ഇല്ലാത്തത്‌ ഉണ്ടാക്കി അനാവശ്യമായ ആഡംബരത്തിന് മത്സരിക്കുന്നത് ഒരാവേശം പോലെ പടര്‍ന്നിരിക്കുന്നു.

    ReplyDelete
  15. ഇടുങ്ങിയ മുറികളിലെ ജീവിതമാവാം ഒരുപക്ഷെ പ്രവാസിക്കു വലിയ ഒരു വീടുതന്നെവേണമെന്ന ആഗ്രഹത്തിനു കാരണം. അതൊരു പകരം വീട്ടലാണു, സ്വന്തം ജീവിതത്തോടുതന്നെയുള്ള പകരംവീട്ടല്‍.

    ReplyDelete
  16. വളരെ ശരിയാണ് ഈ ലേഖനത്തിൽ പറയുന്നതെല്ലാം, വീടും കാറും എല്ലാം പൊങ്ങച്ചത്തിന്റെ വിളംബരമാക്കുന്നത് വലിയ പുരോഗമനക്കാരനായ മലയാളി തന്നെയാണ്. നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ എത്ര ലളിതമായ വീടുകളാണ് ഉള്ളത്. ഒരു കല്യാണം നടത്തിയാലും മലയാളിയെപ്പോലെ ധൂർത്ത് കാണിക്കുന്നവർ ഇന്ത്യയിലില്ല.

    ReplyDelete
  17. 'വീട് ഒരു ഷോകെയ്സ് ആകുമ്പോള്‍ അതിലെ അംഗങ്ങള്‍ ഷോ പീസ്‌ ആയി മാറുകയാണ്'

    ഇതിന് ഫുള്‍ മാര്‍ക്ക്!

    ReplyDelete
  18. വളരെ പ്രസക്തമായ ഒന്നു്. ഒരുപാട് വലിയ വീടുകളിലേക്കു് പോകേണ്ടിവരുമ്പോൾ എന്തോ ഒരു മടി തോന്നും.

    ReplyDelete
  19. ശരിക്കും സത്യം..
    മറ്റുള്ളവര്‍ക്ക് മുന്നില്‍ മേനി നടിക്കാന്‍ പറ്റിയ ഒരിടമെന്നല്ലാതെ കുടുംബാംഗങ്ങളുടെ ഹൃദയം വസിക്കുന്ന ഒരിടമത്രേ വീട് എന്നാണിവര്‍ മനസ്സിലാക്കുക..

    ReplyDelete
  20. സത്യമാണ് മേയ് ഫ്ലവര്‍ .
    ആഡംബര ഭ്രമം മലയാളിക്ക് ഒഴിവാക്കാന്‍ പറ്റാത്തതായി മാറിക്കഴിഞ്ഞു.
    ലക്ഷങ്ങള്‍ കോടികള്‍ക്ക് വഴിമാറിയപ്പോള്‍ എല്ലാം വിസ്മയമായി മാറിയിരിക്കുന്നു !
    നല്ല പോസ്റ്റ്‌ .
    അഭിനന്ദനങ്ങള്‍ ....

    ReplyDelete
  21. എന്റെ വീട്ടില്‍ ഒരു അടുക്കളയെ ഉള്ളു. എനിക്ക് നിന്നു തിരിയാന്‍ മാത്രം വലിപ്പത്തില്‍. അത് കൊണ്ട് തന്നെ എനിക്ക് അധികം നടന്നു കാലു കുഴയില്ല. അതാണെനിക്കിഷ്ട്ടം.

    നല്ല പോസ്റ്റ്.

    ReplyDelete
  22. പണ്ട് വീടുകളില്‍ വാതിലുകള്‍ സദാ തുറന്നിടുമായിരുന്നു.
    ഇപ്പോള്‍ നമ്മള്‍ കയറുന്നതോടെ അടയും വാതില്‍.
    സാധനങ്ങള്‍ വാങ്ങി നിറക്കാനുള്ള ഇടം മാത്രമായി മാറുമ്പോഴും
    വീടിപ്പോഴും ചെന്നു നില്‍ക്കാനുള്ള തണലിടം തന്നെ.
    മറ്റൊരിടം ഇല്ലാത്തതിനാലാവാം.നന്നായി പോസ്റ്റ്.

    ReplyDelete
  23. This comment has been removed by the author.

    ReplyDelete
  24. ഇവിടെ ആദ്യമാണ്. ലേഖനം ഇഷ്ടായിട്ടോ.
    വലിയ വീടിനോട് താല്പര്യമില്ലാത്തതു
    കൊണ്ട്, ഒതുങ്ങിയ കൊച്ചു വീട് വച്ച എനിക്ക്
    ധൈര്യമായി മറ്റുള്ളവരെ കുറ്റം പറയാം... :)
    പ്രവാസികൾ മാത്രമല്ലട്ടോ...നമ്മുടെ നാട്ടിലെ
    ഇടത്തരക്കാര്‍ക്കും ഇപ്പൊ രണ്ടു അടുക്കളയും
    നാലു ബെഡ് റൂമും ഒക്കെ ഉള്ള വീടുകളാണ്
    താല്‍പ്പര്യം.എന്നാലോ വീട് വച്ച് കഴിയുമ്പോള്‍
    പറയും, "വല്യ മിനക്കെടാണ്‌, ഒക്കെ വൃത്തിയാക്കി
    ഇടാന്‍ ജോലിക്കാര്‍ ഉണ്ടെങ്കില്‍ കൊള്ളാം,
    ചെറിയ വീടാണ് നല്ലതു." എന്നൊക്കെ.....
    മറ്റുള്ളവരെ ഉപദേശിക്കുന്നതും കാണാം!!

    ReplyDelete
  25. @ചെറുവാടി.
    സത്യസന്ധമായ കമന്റില്‍ സന്തോഷം.
    @veejyots ,
    ആദ്യത്തെ വരവില്‍ ആശംസകളില്‍ ആഹ്ലാദം..
    @അക്ബര്‍,
    വിയോജിപ്പുള്ള കാര്യവും മടിക്കാതെ എഴുതൂ.
    എന്റെ കണ്മുമ്പില്‍ നടന്ന ഒരു സംഭവം പറയട്ടെ..സ്കൂളില്‍ നിന്നും വന്ന മകന്‍ ഷൂ അഴിക്കാതെ സിറ്റ് ഔട്ട്‌ ല്‍ കാലുവെച്ചതേയുള്ളൂ ഉടനെ കിട്ടി ഉഗ്രന്‍ അടി.ആ കുഞ്ഞ് വാവിട്ടു നില വിളിച്ചു പോയി..
    ഈ ഉമ്മ ഒരു ബിരുദാനന്തര ബിരുദധാരിയാണ് !
    @ജാസ്മിക്കുട്ടി,
    കണ്ടില്ലേ മോളെ,നേര്‍ക്കുനേരെ നടക്കുന്നവരെപ്പോലും ആള്‍ക്കാര്‍ വളക്കാന്‍ നോക്കുന്നത്?
    @വില്ലജ് മാന്‍,
    ഗള്‍ഫ് മലയാളിക്ക് അങ്ങിനെ പല ആഗ്രഹങ്ങളും കാണും.
    പണ്ടുള്ളവര്‍ പറയാറുണ്ട്‌ 'പുര ചോറ് തരില്ല എന്ന്..'
    @moideen ,
    ഈ പൊങ്ങച്ചക്കൊട്ടാരത്തില്‍ അവര്‍ക്ക് താമസിക്കാനും പറ്റുന്നില്ലാലോന്നാ സങ്കടം..
    @ഷബീര്‍,
    അതെ മോനെ,അവരുടെ വിയര്‍പ്പിന്റെ വില ദുര്‍വ്യയം ചെയ്യുന്നത് കാണുമ്പോള്‍ പറയാതിരിക്കാന്‍ കഴിയുന്നില്ല.
    @മുനീര്‍,
    എന്റെ വീട് വെള്ള നിറമായത് കൊണ്ടെന്ത് ഫലം?നേരെ മുമ്പിലുള്ള വീട്ടിലെ കണ്ണില്‍ കുത്തുന്ന നിറങ്ങള്‍ എനിക്ക് തലവേദനയുണ്ടാക്കുന്നു.
    @അജിത്‌,
    സന്തോഷം..
    @കുഞ്ഞൂസ്,
    അപ്പോള്‍ സംഗതി ശരിയാണല്ലേ?ഇത്തരക്കാര്‍ സര്‍വവ്യാപിയാണ്‌.
    @ഖാദര്‍,
    ഈ മനോരോഗമെങ്ങിനെയാണ് ചികിത്സിക്കേണ്ടത്?
    @രമേശ്‌,
    വാസ്തവം.
    അയല്‍ക്കാര്‍ വന്നില്ലെങ്കിലെന്താ?വീട് ചീത്തയാകില്ലല്ലോ എന്ന് തന്നെയാണ് ഭൂരിഭാഗത്തിന്റെയും ചിന്ത.
    @പ്രവാസിനി,
    ആഡംബരങ്ങള്‍ ഉണ്ടായാലും പോര അത് നാലാള്‍ അറിയണം എന്നതാണ് സഹിക്കാന്‍ പറ്റാത്തത്.
    ഏതായാലും പ്രവാസിനിയുടെ സ്വപ്നം സഫലമാകട്ടെ.
    @റാംജി,
    ഈ ആവേശം നല്ല വഴികളിലേക്ക് തിരിച്ചു വിട്ടിരുന്നെങ്കില്‍ എത്ര നന്നായേനെ..
    @ഷമീര്‍,
    ആയിരിക്കാം,പക്ഷെ അവര്‍ക്കതാസ്വദിക്കാന്‍ കഴിയുന്നുണ്ടോ?
    @ശ്രീനാഥന്‍,
    അതെ,പക്ഷെ,ലാളിത്യമുള്ള കാര്യങ്ങളൊന്നും നമ്മള്‍ കോപ്പി ചെയ്യില്ലല്ലോ.
    @ശ്രീ,
    നന്ദിയുണ്ട്.
    @typist ,
    എനിക്കെന്തോ ഒരുവക ശ്വാസം മുട്ടലാണ്.
    കാരണം,ആ വീട്ടിലെ കുഞ്ഞുങ്ങള്‍ക്ക്‌ നിഷേധിക്കപ്പെട്ട ഇടങ്ങളില്‍ നമ്മളെങ്ങിനെ നീണ്ടു നിവര്‍ന്നിരിക്കും?
    @rare rose ,
    വീടിന്റെ സ്വാസ്ഥ്യം അവര്‍ക്കനുഭവഭേദ്യമാകുന്നുണ്ടോ എന്തോ?
    @pushpamgad ,
    വിസ്മയക്കൊട്ടാരങ്ങളില്‍ വസിക്കുന്നവര്‍ക്ക് ശാന്തി നേരാം..
    @മുല്ല,
    വളരെ ശരി,വലിപ്പം എത്ര കുറയുന്നുവോ അത്ര ആയാസവും കുറയും.
    @വെറുതെ ഒരില,
    ജയിലുകളെ തോല്‍പ്പിക്കുന്ന മതിലുകളല്ലേ ഇപ്പോള്‍?
    ചില വീടിന്റെ ഗേറ്റ് തുറക്കാന്‍ പറ്റാതെ പ്രയാസപ്പെട്ടിട്ടുണ്ട്.
    @ലിപി രഞ്ജു,
    സുസ്വാഗതം.
    "വല്യ മിനക്കെടാണ്‌, ഒക്കെ വൃത്തിയാക്കി
    ഇടാന്‍ ജോലിക്കാര്‍ ഉണ്ടെങ്കില്‍ കൊള്ളാം,
    ചെറിയ വീടാണ് നല്ലതു."
    ഇക്കാലത്ത് സുപരിചിതമായ വാക്കുകളാണിത്.

    കമന്റിട്ട എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി..

    ReplyDelete
  26. ഇത് പോലെ ഇസ്തിരിയിട്ട് വെച്ച ഒരു വീട് സന്ദര്‍ശിക്കാനിടവന്നപ്പോള്‍
    എനിയ്ക്കൊരുപാടിഷ്ടമായി ഈ പോസ്റ്റ്. സത്യസന്ധമായ എഴുത്ത്. അഭിനന്ദനങ്ങള്‍.

    ReplyDelete
  27. നല്ല ലേഖനം.
    ഒട്ടുമിക്ക സ്ഥലത്തും കാണുന്നത്.
    ചെറുവാടി പറഞ്ഞ പോലെ ഞാനും കൂടുതലെഴുതുന്നില്ല...

    ReplyDelete
  28. പറഞ്ഞ കാര്യങ്ങള്‍ വാസ്തവവും ഏറെ പ്രസക്തവും തന്നെ. വീടുകള്‍ പോങ്ങച്ചപ്രകടന്തിന്റെ ചിഹ്നനങ്ങള്‍ ആയപ്പോള്‍ നമ്മള്‍ ഇങ്ങിനെയെല്ലാം ആയി. ചിന്തിക്കാന്‍ ഉണ്ട്.

    ReplyDelete
  29. പൊങ്ങച്ചം ഉണ്ടാവാം, പിന്നെ പൈസയുടെ തിളപ്പും. എങ്കിലും വീട് മനോഹരമായിരിക്കണം എന്നാഗ്രഹിക്കുന്നതില്‍ തെറ്റൊന്നുമില്ല. വൃത്തിയിലും വെടുപ്പിലും സുന്ദരമായ അന്തരീക്ഷം നമ്മിലേക്കും ആ മൂഡ് പകരാതിരിക്കില്ല. ഞാന്‍ ഏസ്തറ്റിക് സെന്‍സിന്റ കാര്യമാണ് പറഞ്ഞത്, പൊങ്ങച്ചക്കാരെ നമുക്കു വിടാം.

    ReplyDelete
  30. പത്തുകിട്ടുകില്‍ നൂറുമതിയായിരുന്നേനെ....എന്ന കവിതാവരികള്‍ ഓര്‍മ്മവന്നു.മനുഷ്യന്റെ അത്യാര്‍ഥിയാണ് എവിടെയും കാണുന്നത്.....അഭിനന്ദനങ്ങള്‍

    ReplyDelete
  31. ഒന്നും മനപ്പൂര്‍വമല്ല .........അറിഞ്ഞു കൊണ്ട് ചെയ്യുന്നതാണ്‌ .
    ഞാനും എന്റെ സ്വന്തം ഭാര്യയും ഒരു നാലു വയസ്സായ കുട്ടിയും
    നാലു കക്കൂസുണ്ട് എന്റെ പുതിയ വീട്ടില്‍ .!
    മനസ്സമാധനത്തോടെ ഇത് വരെ തൂറാന്‍ പറ്റിയിട്ടില്ല .
    ( ഒ . വി . വിജയന്‍റെ ധര്‍മപുരാണം തുടക്കം " പ്രജാപതിക്ക്‌ തൂറാന്‍ മുട്ടി " )

    ReplyDelete
  32. @കുസുമം,
    ഈ നല്ല വാക്കുകള്‍ ഹൃദയത്തിലെടുത്തിടട്ടെ..
    @റിയാസ്,
    മുന്‍‌കൂര്‍ ജാമ്യമെടുത്തതാണോ?
    @സലാം,
    അത് തന്നെയാണ് പ്രധാന ചിന്ഹം.
    @മൈത്രേയി,
    തീര്‍ച്ചയായും.മനോഹരമായിരിക്കണം എന്നതില്‍ രണ്ട് പക്ഷമില്ല.പക്ഷെ,കണ്ണിനു കുളിരേകുക ലാളിത്യത്തിന്റെ സൌന്ദര്യമാണ്.
    @അതിരുകള്‍,
    ഈ ആര്‍ത്തി അവനെ എവിടെ കൊണ്ടെത്തിക്കും?
    @KTK Nadery,
    അവസരോചിതമായി..
    @ശങ്കരനാരായണന്‍,
    ടീക്‌ ഹെ..
    @ജുവൈരിയ സലാം,
    നന്ദി.
    സഹൃദയരെ,ഇവിടെ വരികയും പോസ്റ്റ്‌ വായിച്ചിട്ട് അഭിപ്രായം അറിയിക്കുകയും ചെയ്തതില്‍ അങ്ങേയറ്റത്തെ സന്തോഷമുണ്ട്..എല്ലാവര്‍ക്കും നന്ദി നന്ദി..

    ReplyDelete
  33. എനിക്കൊരു കോണ്ക്രീറ്റ് കെട്ടിടം ഉണ്ട്. പക്ഷെ എനിക്കിന്നും ഓട് മേഞ്ഞ എന്റെ തറവാടാണ് ഇഷ്ടം. ഉമ്മറത്തെ ഓടിന് സീലിങ്ങ് ഓടും ഉണ്ട്. പിന്നെ മുറികളെല്ലാം തട്ട് അടിച്ചതാണ്. അതിനാല് വേനല്ക്കാലത്തും ചൂട് തീരെ ഇല്ല. എനിക്ക് 25 വയസ്സ് കഴിഞ്ഞാണ് വീട്ടില് ഇലക്ട്രിസിറ്റി ലഭിച്ചത്. ചൂട് വളരെ കൂടുതലായാല് ഞാനും എന്റെ സഹോദരനും ഉമ്മറത്ത് പായ വിരിച്ച് കിടക്കും. അന്നത്തെ ഉറക്കസുഖം ഇപ്പോള് എനിക്കില്ല.

    മേല് പറഞ്ഞ തറവാട്ടില് ഒരു ഔട്ട് ഹൌസ് ഉണ്ട്. പത്തായപ്പുരയെന്ന് പറയാം. അത് ഓല മേഞ്ഞതായിരുന്നു. എന്റെ വാസം പകല് സമയം അതിലായിരുന്നു. അവിടെ ചൂടേ ഇല്ലാ എന്നുള്ളതാണ്.

    ഞാന് ഇപ്പോള് തറവാട്ടില് നിന്ന് മാറി തൃശ്ശൂരിലാണ്, അവിടെയാണീ കോണ്ക്രീറ്റ് സൌധം. പകല് സമയം ചൂട്കാലത്ത് വീട്ടിന്നുള്ളില് ഇരിക്കാന് വയ്യാ. തട്ടിന് പുറം ഓവന് പോലെയാണ്.

    സംഗതി ഇങ്ങിനെയൊക്കെ ആണെങ്കിലും എല്ല്ലാവരും കോണ്ക്രീറ്റ് കെട്ടികള്ക്ക് പിന്നാലെയാണ്. എന്റെ മകള് കൊച്ചിയിലെ അറിയപ്പെടുന്ന ആര്ക്കിറ്റെക്റ്റ് ആണ്. അവളോട് എനിക്ക് ചൂട് തീരെ ഏല്ക്കാത്ത ഒരു സൌധം പണിത് തരാന് പറഞ്ഞിട്ടുണ്ട്. റൂഫ് കോണ്ക്രീറ്റ് ആകാതെ പണിയാവുന്ന മോഡേണ് മെത്തേഡ്സ് മെനയാന് അവള്ക്ക് കഴിയും.

    kindly send me your email ID to
    muscat234@gmail.com

    ReplyDelete
  34. കൊള്ളാം .നല്ല പോസ്റ്റ്..
    കൊട്ടാരം പോലൊരു വീടിന്റെ അകത്തളങ്ങളിലേക്ക് ഭംഗിയായി കൊണ്ടുപോയി..
    ആശംസകൾ..

    ReplyDelete
  35. ശരിയാ, എത്രതരം പൊങ്ങച്ചങ്ങളാ....കണ്ണ് മഞ്ഞളിയ്ക്കും. എഴുതിയതെല്ലാം വാസ്തവങ്ങൾ.

    ReplyDelete