
കൂടണയുമ്പോള്‍ സ്നേഹോഷ്മളതയില്‍ വിലയം പ്രാപിക്കാന്‍ കഴിയുന്ന ഇടമാണെന്നും ഒക്കെയുള്ളത് ഇന്ന് പഴഞ്ചന്‍ സങ്കല്പം..
ഇന്നത്തെ വീടുകള്‍ ഡോള്‍ ഹൌസുകള്‍ പോലെ മനോഹരവും അത് പോലെ നിര്‍ജ്ജീവവുമാണ്.
ഒരു ഗൃഹപ്രവേശത്തിന് പോയാല്‍ അവിടുത്തെ സെറ്റപ്പുകള്‍ നമ്മെ അത്ഭുദസ്തബ്ധരാക്കും.പ്രോപ്പര്‍ട്ടി ഷോ ആണോ എന്ന് സംശയിച്ചു പോകുന്ന സജ്ജീകരണങ്ങള്‍..കടിച്ചതിനേക്കാള് വലുത് മാളത്തില്‍ എന്ന പോലെ ഒന്നിനൊന്ന് മികച്ച മുറികള്‍..
ഓണംകേറാ മൂലകളില്‍പ്പോലുമുണ്ട് റിമോട്ട് ഉപയോഗിച്ച് തുറക്കാവുന്ന ഗേറ്റുകളുള്ള കൂറ്റന്‍ മണിമാളികകള്‍..
എന്റെയൊരു സരസയായ ബന്ധു ഇങ്ങിനെയൊരുവീട്ടില്‍ നിന്നും toilet ല്‍ പോകേണ്ടിവന്നപ്പോള്‍ അത്യന്താധുനിക സംവിധാനങ്ങള്‍ കണ്ട് കാര്യം നിര്‍വഹിക്കാതെ മടങ്ങിയത്രേ!ഏത് ഭാഗത്ത് നിന്നാണ് വെള്ളം വീഴുക എന്ന് പേടിയായിപ്പോയി എന്നായിരുന്നു അവളുടെ പ്രതികരണം..
വീട് നിര്‍മാണത്തിനും അതലങ്കരിക്കാനും ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ നമുക്ക് മടിയില്ല.
(ക്ഷമിക്കണം..ഇപ്പോള്‍ കോടികളല്ലേ?)
മുകേഷ് അംബാനിയുടെ പിന്‍ഗാമികളാകാന്‍ ഏറ്റവും യോഗ്യര്‍ മലയാളികള്‍ തന്നെ ആയിരിക്കും.
കൂടുതലും ഇത്തരം കാട്ടിക്കൂട്ടലുകള്‍ കാഴ്ച്ചക്കാരെക്കൊണ്ട് 'ഹാ..ഹൂ..'പറയിക്കാന്‍ വേണ്ടിയാണ്.പക്ഷെ അവരൊന്ന് മറക്കുന്നു.ഇതിലും മികച്ചതൊന്ന് കാണുന്നത് വരെ മാത്രമേ അതൊക്കെ നില നില്ക്കൂ.
ഈ ബംഗ്ലാവുകളില്‍ അടുക്കള രണ്ടാണ്.ഒന്ന് കാഴ്ചക്കും,മറ്റൊന്ന് പണിയെടുക്കാനും.ആദ്യത്തേത് പരസ്യത്തില്‍ കാണുന്ന പടിയായിരിക്കും.ഇലക്ട്രിക് ചിമ്നി,ഹോബ് തുടങ്ങി ആധുനികമായ എല്ലാ സംവിധാനങ്ങളും അടങ്ങിയത്.
മറ്റതിലോ?അവിടമാണ് വീട്ടമ്മയുടെ കളരി.ഒരു സാദാ ഗ്യാസ് stove ഉം അതിനോടനുബന്ധിച്ച പണിയായുധങ്ങളും മാത്രം.
Modern kitchen സന്ദര്‍ശകരുടെ വാ പൊളിപ്പിക്കാന്‍ വേണ്ടി തൊടാതെ വെക്കും.
(ഈ എഴുതിയതിലൊന്നും ഒരിറ്റ് വെള്ളം പോലും ചേര്‍ത്തിയിട്ടില്ല.ഒരു പാട് വീടുകളില്‍ കണ്ട കാഴ്ചകളാണ്.)
ഇതൊക്കെ എന്റെ നാടിന്റെ മാത്രം പ്രത്യേകതയാണോ എന്ന് ഞാന്‍ സംശയിച്ചു പോയിരുന്നു.
ഏകദേശം ഒരു പത്തു വര്‍ഷം മുമ്പ് കവയത്രി റോസ് മേരി 'വനിത'യിലെഴുതിയിരുന്ന കോളത്തില്‍
കോട്ടയത്തോ മറ്റോ ഇങ്ങിനെയൊരു വീട് സന്ദര്‍ശിച്ച കാര്യം എഴുതിയതോര്‍ക്കുന്നു.ആ വീട്ടില്‍ അടുക്കള മാത്രമല്ല,drawing റൂം പോലും ഈ രണ്ട് വീതമാണത്രേ!
അപ്പോള്‍ കുഴപ്പം എന്റെ നാടിന്റെയല്ല..
ഇത് പോലെ ഇസ്തിരിയിട്ട് വെച്ച ഒരു വീട് സന്ദര്‍ശിക്കാനിടവന്നപ്പോള്‍ അവിടുത്തെ അടുക്കള എന്നെ ശരിക്കും അമ്പരപ്പിച്ചു.പണിയെടുത്ത ഒരു ലക്ഷണവുമില്ല!ആകെ ഒരടുക്കളയേ ഉണ്ടായിരുന്നൂ താനും.ഞാന്‍ വീട്ടുകാരിയെ വാരിക്കോരി പ്രശംസിക്കുകയും ചെയ്തു.അവിടെ നിന്നും ഇറങ്ങിയ ഉടനെ കൂടെയുണ്ടായിരുന്ന ബന്ധു എന്റെ നേരെ ചാടിക്കയറി 'നീ എന്തറിഞ്ഞിട്ടാ? അവളിവിടെ വല്ലതും വെച്ചുണ്ടാക്കിയിട്ട് വേണ്ടേ?ഒക്കെ ഉമ്മ ഉണ്ടാക്കിക്കൊണ്ടുവരുന്നതാ..'ഞാന്‍ ശരിക്കും അമ്പരന്നത് അപ്പോഴാണ്.
നുള്ളാതെ നോവിക്കാതെ വളര്‍ത്തുന്ന കുഞ്ഞുങ്ങളെപ്പോലെ,ഇപ്പോഴത്തെ വീടുകളെയും നമ്മള് തല്ലാതെ തലോടാതെ വെക്കുകയാണ്.
കണ്ണ് നീര് വീണ് ടൈല്‍സ് ചീത്തയാകുമോ എന്ന ഭയത്തോടെയാണ് നമ്മളിന്ന് കരയുന്നത്.കൂട്ടു കൂടാന്‍ കൂടെ ചിരിക്കാന്‍ ബന്ധുക്കളെത്തിയാല്‍ നമ്മുടെ ബംഗ്ലാവ് അലങ്കോലപ്പെടുമോ എന്ന ഭയത്താല്‍ ഉള്ളു തുറന്ന് ചിരിക്കാന്‍ നമുക്കാവുന്നില്ല.
വീട് ഒരു ഷോകെയ്സ് ആകുമ്പോള്‍ അതിലെ അംഗങ്ങള്‍ ഷോ പീസ് ആയി മാറുകയാണ്.
അണ് ലിമിറ്റെഡ് ബജറ്റില്‍ പണിതുടങ്ങുന്ന വീടുകള്‍ പണി തീരുമ്പോഴേക്കും ആ മനോഹരസൌധങ്ങളുടെ അകങ്ങളില്‍ നിറയുന്നത് നഷ്ടബോധത്തില്‍ നിന്നുയരുന്ന നെടുവീര്‍പ്പുകളും,വിലാപങ്ങളും..
ഇതൊക്കെ എത്ര കണ്ടാലും നമ്മളുടെ മനോഭാവം പണം പോട്ടെ പത്രാസ് വരട്ടെ എന്നാണ്..
ഈ രംഗത്തും ഗള്‍ഫ് മലയാളികളുടെ സംഭാവന വളരെ വലുതാണെന്നുള്ളത് വേദനാജനകമെന്നല്ലാതെന്തു പറയാന്‍?
Home where the heart is...