
കൂടുമ്പോള്‍ ഇമ്പം നല്‍കുന്നത് എന്നാണ് കുടുംബത്തിന്റെ ഒരു നിര്‍വചനം.കൂട്ട് കുടുംബമാണെങ്കിലോ, ഇമ്പമിത്തിരി കൂടും അല്ലെ?
കൂട്ടുകുടുംബ വ്യവസ്ഥയൊക്കെ മാഞ്ഞുപോയ നന്മകളില് ഒന്നായി മാറിയിരിക്കുന്നു.ഇന്നത്തെ ചുറ്റുപാടില്‍ അതൊന്നും പ്രായോഗികവുമല്ല.
എങ്കിലും ചില സ്ഥല ങ്ങളില്‍ അതിനു പകരം ഒരു തറവാട് പൊളിച്ചിടത്ത് അവിടെയുള്ളവരൊക്കെ അടുത്തടുത്ത് വീടുകള്‍ വെച്ച് താമസിക്കുന്നത് കണ്ടിട്ടുണ്ട്.
എനിക്കെന്നും അസൂയ തോന്നിയിട്ടുള്ള ഒരു കാഴ്ചയാണത് .ഒറ്റയ്ക്ക് വളര്‍ന്നതിനാല്‍ ഇപ്പോഴും കൂട്ടായ്മകള്‍ കാണുമ്പോള്‍ എന്റെ മനസ്സ് ചാടും..
കല്യാണം കഴിഞ്ഞ സമയത്ത് എന്റെ ഭര്‍ത്താവിന്റെ വീട് വലിയൊരു കൂട്ട് കുടുംബമായിരുന്നു.അവിടുത്തെ ഓരോ നേരങ്ങളും ഞാന്‍ ഇപ്പോഴും മനസ്സിലിട്ടു നുണയാറുണ്ട്..
അഞ്ചെട്ട് യുണിഫോമുകളില്‍ വിവിധ സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളുടെ ബഹളം കൊണ്ട് ശബ്ദമുഖരിതമായ പ്രഭാതങ്ങള്‍..
ഉച്ചനേരങ്ങളില്‍ പ്രവാസികളായ ഭര്ത്താക്കന്മാരുടെ കത്തിന് വേണ്ടി പോസ്റ്റ്മാനെയും കാത്തു നില്ക്കുന്ന പെണ്ണുങ്ങളുടെ വലിയൊരു ടീം ഉണ്ടാവും കോലായില്‍..
ഞങ്ങള്‍ ടീനേജേഴ്സ് ചറപറ കൂടി വേറൊരു ഭാഗത്ത്..
സായാഹ്നങ്ങളായിരുന്നു ഏറ്റവും മനോഹരം..
ഇന്നതൊക്കെ കാണാക്കാഴ്ചകളാണ്
കൂട്ടുകൂടി ജീവിക്കുന്നിടത്ത് വാര്‍ധക്യം ഒരു ശാപമാകില്ല,ഒറ്റപ്പെടല്‍ ഒരു വേദനയാകില്ല.
കുടുംബത്തിന്റെ സ്നേഹത്തണലില്‍ നമ്മുടെ ഉള്ളിലെ എല്ലാചൂടും തണുത്തു പോകും..ഒരുപാട് നൊമ്പരങ്ങള്‍ പരസ്പരം പങ്ക് വെച്ച് ഇല്ലാതാകും.
എന്റെയൊരു നാട്ടുകാരി,ധനികയാണ്.കൂട്ടിന് ധനികരുടെ അസുഖങ്ങള്‍ മാത്രം.മക്കളൊക്കെ ചിറകു വിരിച്ചു പറന്ന് പോയതിന് ശേഷം കടുത്ത ഏകാന്തത സഹിക്ക വയ്യാഞ്ഞ് പ്രാരാബ്ധക്കാരിയായ സഹോദരിയുടെ അടുത്തേക്ക് വിരുന്നു പോയി. "എനിക്ക് അവളുടെ കൂടെയിരുന്നു കുറച്ചു ചിരിക്കുകയെങ്കിലും ചെയ്യാലോ"എന്നായിരുന്നു അവരുടെ ആത്മഗതം..
സാമ്പത്തിക സുസ്ഥിതി കൊണ്ട് മാത്രം മാനസിക സ്വാസ്ഥ്യം കൈവരിക്കാന്‍ കഴിയില്ലല്ലോ..
നമ്മുടെ പൂര്‍വ്വികര്‍ ആകാശത്തോളം വിശാലമായ മനസ്സുള്ളവരായിരുന്നു.
വറ്റാത്ത ഉറവയുള്ള ഒരു സ്നേഹക്കിണര്‍ അവരുടെ ഉള്ളിലുണ്ടായിരുന്നു.
ആ കണ്ണുകളിലെ കാരുണ്യക്കടലില്‍ കഴുകിയാല്‍ തീരാത്ത സങ്കടങ്ങള്‍ അന്നുണ്ടായിരുന്നില്ല..
ഇന്ന് നമ്മള് "എന്നെ തൊടല്ലേ,ഞാന്‍ തോടൂല്ലേ..."എന്ന മട്ടിലങ്ങനെ പോകുന്നു.നമുക്ക് കൂടാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്കളുണ്ട്,സംവദിക്കാന്‍ ബ്ലോഗ്ഗറുണ്ട്..
ഇവിടെ നമ്മള് സംതൃപ്തര്‍!
ആണോ?