Thursday, May 13, 2010

പ്രവാസിയും മേയ്ഫ്ലവറും

ഒരു പാട് ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് പ്രവാസവും,പ്രവാസിയും.അവരുടെ വോട്ടവകാശം,അവരുടെ സാമ്പത്തികം ഒക്കെ പത്രങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പ്രിയപ്പെട്ടവയാണ്.
എന്നാല്‍ അവരുടെ മനസ്സിലേക്ക് അധികമാരും കയറാറില്ല.മാധ്യമം ആഴ്ചപ്പതിപ്പില്‍ ബാബു ഭരദ്വാജ് കോറിയിടുന്നപച്ചയായ യാഥാര്‍ത്യങ്ങള്‍ പ്രവാസികളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും സ്പര്‍ശിക്കുന്നവയാണ്.
അവരുടെ സന്തോഷങ്ങള്‍ക്ക് ഒരു പരിധിയുണ്ട്.വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന അവധി പോലും നന്നായി ആസ്വദിക്കാന്‍ അവര്‍ക്ക് പറ്റാറില്ല.ഒരു മെഴുകു തിരിപോലെ പ്രവാസികളുടെ ജീവിതവും ഉരുകിത്തീരുന്നു.ആ വെളിച്ചത്തില്‍ മറ്റുള്ളവര്‍ ജീവിക്കുന്നു.
ഗള്‍ഫുകാര്‍ക്ക് ഇടയിലുമുണ്ട് ക്രീമി ലെയര്‍.മേല്‍പ്പറഞ്ഞതിലൊന്നും അക്കൂട്ടര്‍ പെടില്ല.മാത്രമല്ല,ഗള്‍ഫുകാര്‍ തല്ലു കൊള്ളികള്‍ ആകുന്നതും ഇക്കൂട്ടര്‍ കാരണമാണ്.നൂറു കൊടുക്കേണ്ടിടത്ത് ആയിരം ചിലവാക്കും.ബസ്സിലോ,ഓട്ടോയിലോ കയറില്ല.കാറില്‍ മാത്രമേ ഇവര്‍ സഞ്ചരിക്കുകയുള്ളൂ.
ഫലമോ,നാട്ടുകാര്‍ പറയും 'ഈ ഗള്‍ഫുകാരാണ് ഇവിടെ വിലക്കയറ്റം സൃഷ്ടിക്കുന്നത്,അവര്‍ കാരണമാണ് ആര്‍ക്കും പണിക്കാരെ കിട്ടാത്തത്..'
ഒരു സാദാ പ്രവാസി തന്റെ ഭാര്യയെ പോലും ഫോണില്‍ വിളിക്കുമ്പോള്‍ മിതത്വം പാലിക്കുന്നു.അവന്‍ വിചാരിക്കും ലാഭിക്കുന്ന പൈസ കൊണ്ട് അത്രയും വേഗം എന്‍റെ തിരിച്ചു പോക്കിന് വേഗം കൂട്ടാമല്ലോ എന്ന്.
നാട്ടിലെ ആഷ് പോഷ് തലമുറയ്ക്ക് ഈ ഗള്‍ഫുകാരന്‍ ഒരു പരിഹാസ പാത്രവുമാണ്.അതും അവന്റെ ഒരു ദുര്യോഗം.
ഇങ്ങിനെയൊക്കെ അരിഷ്ടിച്ച പൈസയുമായി നാട്ടില്‍ വന്നാല്‍ അവനെന്താണ് സംഭവിക്കുന്നത്‌?പി.ടി.കുഞ്ഞു മുഹമ്മദിന്റെ 'ഗര്‍ഷോം' കണ്ട ആരും അതിലെ നാസറിനെ മറക്കില്ല.അത്രയും വേദനയും, നീറ്റലും ആണ് ആ കഥാപാത്രം നല്‍കിയത്.
മുരളി എന്ന അതുല്യ നടന്‍ അവിസ്മരണീയമാക്കിയ ഒരു റോള്‍ ആയിരുന്നു അത്.

വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന മരങ്ങളില്‍ ഒന്നാണ് മേയ്ഫ്ലവര്‍.പ്രവാസികളുടെ ജീവിതവും അതെ പോലെ വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്നു മേയ്ഫ്ലവര്‍ പോലെ മനോഹരമായി..

No comments:

Post a Comment