Wednesday, May 11, 2011

കെടാത്ത കനല്‍

ചില ഓര്‍മകള്‍ക്ക് മരണമില്ല.അവ അങ്ങിനെ നമ്മുടെ ഹൃദയത്തിലൊരു കോണില്‍ കനലായിക്കിടക്കും.
ചിലത് സന്തോഷകരമായിരിക്കും..മറ്റ് ചിലത് കണ്ണീര്‍ പുരണ്ടവയും..
എന്റെ ഉള്ളിലുമുണ്ടൊരേട്‌..
പൊടി പിടിക്കാതെ..
ചിതല്‍ പിടിക്കാതെ..
ആ സ്മരണയ്ക്ക് മരണത്തിന്റെ മണമാണ്..
ആ മിഴിവാര്‍ന്ന ചിത്രത്തിലുള്ളത് എന്റെ ഉമ്മയും!
വര്‍ഷം പത്തു കഴിഞ്ഞെങ്കിലും വേര്‍പാടിന്റെ വിതുമ്പലുകള്‍ ഇന്നുമീ നെഞ്ചില്‍ കിടന്ന് കുറുകിക്കൊണ്ടിരിക്കുന്നു..

പക്ഷാഘാതമായിരുന്നു തുടക്കം.
അതിന്റെ ഭീകരമുഖം എന്റെ പരിമിതമായ അറിവുകള്‍ക്കെല്ലാമപ്പുറമായിരുന്നു.
അറിയാവുന്ന ഭാഷയിലെല്ലാം ദൈവത്തെ വിളിച്ചു കേണു..ഡോക്ടറുടെ മുമ്പില്‍ എന്റെ കണ്ണീര്‍ സംസാരിച്ചു.
നാള്‍ കഴിയുന്തോറും സ്ഥിതി വഷളായിക്കൊണ്ടേയിരുന്നു.
മാസ്സീവ്‌ സ്ട്രോക്ക് എന്ന് ഡോക്ടര്‍ വിധിയെഴുതി.
എന്റെ ലോകം കീഴ്മേല്‍ മറിഞ്ഞു.

ഐ സി യുവിന്റെ മുമ്പിലെ ദുസ്സഹമായ കാത്തിരിപ്പിലൂടെ ഞാന്‍ ആശുപത്രിയും അതിലെ അന്തേവാസികളെയും അറിയുകയായിരുന്നു.ഈ മാസ്സീവ്‌ സ്ട്രോക്ക് പോലും എത്ര നിസ്സാരമെന്ന് തോന്നിച്ച അനുഭവങ്ങള്‍ കണ്ടും കേട്ടും ഞാന്‍ മനസ്സ് മരവിച്ചവളായി..
"നിങ്ങള്‍ മാസത്തിലൊരിക്കല്‍ ആശുപത്രി സന്ദര്‍ശിക്കണമെന്ന" പ്രവാചക വചനത്തിന്റെ ആന്തരാര്‍ത്ഥം ഞാനവിടെ കണ്ടറിഞ്ഞു...
എന്റെ ദിനചര്യ ഐ സി യു വിനെച്ചുറ്റിപ്പറ്റി ഒതുങ്ങി.
വീട്ടില്‍ക്കിടക്കുന്ന മൂന്ന് വയസ്സുകാരി മോളോ,ദിവസങ്ങള്‍ക്കു മുമ്പ് ലീവില്‍ നാട്ടിലെത്തിയ പ്രവാസിയായ ഭര്‍ത്താവോ ഒന്നും അപ്പോഴെന്റെ മനസ്സിലുണ്ടായിരുന്നില്ല.
എന്റെ ഇക്കാക്കമാരോടൊപ്പം ഉമ്മയുടെ മറ്റൊരു മകനായി എനിക്ക് അദ്ദേഹം തന്ന പിന്തുണ മരിച്ചാലും മറക്കാന്‍ കഴിയുമോ?
ഉറക്കം എന്നെ വിട്ടൊഴിഞ്ഞു,ട്യൂബ് ഫീഡ് നടത്തുന്ന ഉമ്മയെ കാണുമ്പോള്‍ എനിക്ക് പിന്നെ ഭക്ഷണം വേണമെന്നില്ലായിരുന്നു..
കോമാ സ്റ്റേജ് എത്ര ദയനീയമാണെന്ന് ഉമ്മയിലൂടെ ഞാനറിഞ്ഞു..
ചെറുപ്പത്തിലെപ്പോഴോ ആഗ്രഹിച്ച നഴ്സിംഗ് എന്നെത്തേടി വന്നതാണോ?
ട്യൂബ് ഫീഡിംഗ് ഞാന്‍ പഠിച്ചു.secretion കണ്ടാല്‍ അത് പുറത്തെടുക്കാന്‍ എനിക്കാരെയും വേണ്ടെന്നായി.
ഒരിക്കല്‍ ഐ സി യുസില്‍ നിന്നും ആ കാഴ്ച കണ്ട് ഞാന്‍ വേദനയോടെ മുഖം തിരിച്ചപ്പോള്‍ നേഴ്സ് പറഞ്ഞു "അങ്ങിനെ നില്‍ക്കല്ലേ,നാളെ നിങ്ങള്‍ സ്വയം ചെയ്യേണ്ടതാ ഇതൊക്കെ.."
അന്നത് പേടിയോടെ കേട്ട ഞാന്‍ തന്നെയാണോ ഇതൊക്കെ ചെയ്യുന്നത്?

നോമ്പും പെരുന്നാളും ഒക്കെ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ കടന്നു പോയി..
രാവും പകലും കടന്നുപോകുന്നതറിയാതെ ഉമ്മ കിടക്കയില്‍ തന്നെ..
രണ്ട് മാസത്തെ ആശുപത്രി വാസത്തിനിടെ ഡോക്ടര്‍മാരുമായും,നേഴ്സ് മാരുമായും വളരെ അടുക്കുകയും അവരുടെ സഹകരണത്തോടെ ഉമ്മയുടെ പരിചരണം കുറേക്കൂടി എളുപ്പമാവുകയും ചെയ്തു.
അവരുടെ മെഡിക്കല്‍ terms ചിലതൊക്കെ എനിക്കും കേട്ടാല്‍ മനസ്സിലാകുമായിരുന്നു.

ഇപ്പോള്‍ അങ്ങിനെ വല്ലതും ഞാനിടയ്ക്ക് പ്രയോഗിക്കുന്നത് കേട്ടാല്‍ എന്റെ ആങ്ങള പറയും "ഓ,നീ എം ബി ബി എസ് മൂന്നാമത്തെ കൊല്ലമായിരുന്നു കോളേജ് വിട്ട് കളഞ്ഞത് അല്ലെ?.."അതെ പോലെ വല്ല ഗുളികയും നോക്കി ഇതെന്തിനുള്ളതാണാവോ എന്ന് സംശയിക്കുന്നത് കണ്ടാല്‍ ഉടനെ തുടങ്ങും "ഇത് പഠിപ്പിച്ച അന്ന് നീ ലീവ് ആയിരുന്നല്ലേ?"എന്ന്..

കിട്ടാവുന്നതില്‍ വെച്ചേറ്റവും മികച്ച ചികിത്സ നല്‍കിയിട്ടും,നല്കാവുന്നതില്‍ വെച്ചേറ്റവും നല്ല പരിചരണം കൊടുത്തിട്ടും ദൈവം അനുവദിച്ച സമയം തീര്‍ന്നപ്പോള്‍ ഉമ്മ ഈ ലോകത്തോട്‌ വിട പറഞ്ഞു.
ഇന്ത്യ ലാത്തൂര്‍ ഭൂകമ്പത്തില്‍ ഞെട്ടിത്തരിച്ച നേരത്ത് ഞങ്ങളും ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അനുഭവിക്കുകയായിരുന്നു.
ഉമ്മ പറയാറുണ്ടായിരുന്നു "തന്നെ പെറ്റതും താന്‍ പെറ്റതും"എന്ന്.
അങ്ങിനെ എനിക്ക് വഴക്ക് കൂടാനും എന്നെ വഴക്ക് പറയാനും ആരുമില്ലാതായി..നമുക്ക് സ്നേഹിക്കാനും നമ്മെ സ്നേഹിക്കാനും ഈ ലോകത്ത് അവരെ കഴിച്ചല്ലാതെ വേറെ ആരെങ്കിലുമുണ്ടാകുമോ?
രോഗശയ്യയിലായിരുന്ന ഉമ്മയെ പരിചരിച്ചതിലൂടെ കിട്ടിയ സംതൃപ്തിയാണ് ഇന്ന് ഞാനനുഭവിക്കുന്ന ഏറ്റവും വലിയ സുഖം..

അതിന്‌ ശേഷമാണ് കഥകളിലും നോവലുകളിലും മുഴുകിയിരുന്ന ഞാന്‍ ഗൌരവതരമായ വായനയിലേക്ക് തിരിഞ്ഞത്.ആരോഗ്യ സംബന്ധമായ ലേഖനങ്ങള്‍ എവിടെ കണ്ടാലും വായിച്ചു തീര്‍ക്കും.
രക്തസമ്മര്‍ദ്ദം അധികമായതാണ് ഉമ്മാക്ക് സ്ട്രോക്ക് വരാന്‍ കാരണം.
ഇപ്പോള്‍ ആര്‍ക്കെങ്കിലും രക്തസമ്മര്‍ദ്ദം ഉണ്ടെന്നറിഞ്ഞാല്‍ ഉപ്പു കുറക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും മറ്റും ഒരു ചെറു ക്ലാസ് എങ്കിലും എടുത്തേ ഞാന്‍ അവരെ വിടൂ.
ചിലര്‍ക്ക് എന്റെ ഈ lecture മടുക്കുന്നുണ്ടാകും.പക്ഷെ എനിക്കന്ന് ഇങ്ങിനെ പറഞ്ഞു തരാന്‍ ആരുമില്ലാതെ പോയി.
ആയുസ്സ് തീര്‍ന്നാല്‍ മരിക്കും.പക്ഷെ അത് വരെ ആരോഗ്യത്തോടെ ജീവിക്കാന്‍ നമുക്ക് ശ്രമിക്കാമല്ലോ.

51 comments:

  1. ടച്ചിങ്ങ്! വേറെ ഒന്നും പറയുന്നില്ല.

    ReplyDelete
  2. ഈ കുറിപ്പില്‍ സ്നേഹമുണ്ട്. പരിചരണമുണ്ട് , സന്ദേശമുണ്ട് പിന്നെ നൊമ്പരവും.
    അത് തന്നെയാണ് ഇതിലെ വിജയവും.
    ഉമ്മയുടെ ഓര്‍മ്മകളില്‍ മാത്രം ഒതുങ്ങി പോയെങ്കില്‍ ഇതൊരു വെറും പോസ്റ്റ്‌ മാത്രമായി പോയേനെ. (അങ്ങിനെ എഴുതുന്നതില്‍ തെറ്റില്ലെങ്കിലും )
    എനിക്ക് ഇപ്പോഴും രോഗികളുടെ അടുത്ത് നില്‍ക്കുന്നത് പേടിയാണ്. അത് ശരിയല്ല എന്നറിയാമെങ്കിലും.
    ഞാനും പ്രാര്‍ഥിക്കുന്നു ആ നല്ല ഉമ്മാക്ക് വേണ്ടി.

    ReplyDelete
  3. ആ ഉമ്മയുടെ ഓര്‍മകള്‍ക്കു മുന്നില്‍ പ്രാര്‍ത്ഥനയോടെ...
    വേറെ ഒന്നും പറയാനില്ല

    ReplyDelete
  4. രക്തസമ്മര്‍ദ്ദം...അറിയാതെ എപ്പോള്‍ വേണമെങ്കിലും അപകടകാരി ആയി മാറിയേക്കാവുന്ന ഭീകരന്‍..
    പ്രവാസികള്‍ക്ക് സാധാരണയായി കിട്ടിയേക്കാവുന്ന ഒരു സമ്മാനം..

    നല്ല പോസ്റ്റ്‌ കേട്ടോ..ഭാവുകങ്ങള്‍

    ReplyDelete
  5. വേദനിപ്പിച്ചു ഈ പോസ്റ്റ്.

    ReplyDelete
  6. ഇതേ അവസ്ഥയിലൂടെ കടന്നു പോയവരാണു ഞങ്ങളും.ഞാനൊരു പോസ്റ്റിട്ടിരുന്നു അതിനെ പറ്റി.ഇന്റെന്‍സീവ് കെയര്‍ യൂണിറ്റ് എന്നും പറഞ്ഞ്.ഐസിയുവിനു മുന്നിലെ ദിനരാത്രങ്ങളെ പറ്റി.ഉമ്മക്കും സ്ട്രോക്ക് വന്നതാണു.പക്ഷെ അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് പതിനഞ്ച് ദിവസത്തെ അബോധാവസ്ഥയില്‍ നിന്നും ഉമ്മ തിരിച്ച് വന്നു ജീവിതത്തിലേക്ക് ഒരു കുഴപ്പവും ഇല്ലാതെ.ദൈവം തമ്പുരാന്‍ കാക്കട്ടെ നമ്മെയൊക്കെ.

    ReplyDelete
  7. 'രോഗശയ്യയിലായിരുന്ന ഉമ്മയെ പരിചരിച്ചതിലൂടെ കിട്ടിയ സംതൃപ്തിയാണ് ഇന്ന് ഞാനനുഭവിക്കുന്ന ഏറ്റവും വലിയ സുഖം..'

    അതൊരു വലിയ സുഖം തന്നെയാണ്. ഉമ്മയുടെ കാലിനടിയിലെ സ്വര്‍ഗം നേടിയെടുക്കാന്‍ വേറെ എന്ത് വേണം? നമ്മള്‍ നമ്മുടെ രക്ഷിതാക്കളെ എങ്ങനെ നോക്കുന്നോ അതുപോലെയായിരിക്കും നമ്മുടെ മക്കള്‍ നമ്മളെ നോക്കുന്നത്. വിതച്ചത് കൊയ്യും.

    ആശംസകള്‍, ഉമ്മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു.

    ReplyDelete
  8. ഉമ്മയുടെ ഓര്‍മയില്‍ നോമ്പരപ്പെടുന്ന ഒരു മകളെ കണ്ടു ..ഇഷ്ടമുള്ളവരെ പരിചരിക്കാന്‍ അവസരം കിട്ടുന്നതും ഒരു ഭാഗ്യമാണ് ..

    ReplyDelete
  9. ഈ കനൽ കെടില്ല.
    അതിങ്ങനെ ചാരം മൂടി നീറി നീറി....

    എനിക്കത് നന്നായി മനസ്സിലാകും.

    എല്ലാവരും ആരോഗ്യത്തിൽ ശ്രദ്ധിക്കുക.
    ബാക്കിയൊക്കെ വിധി പോലെ..!

    ReplyDelete
  10. വിഷമിപ്പിച്ചു കളഞ്ഞല്ലോ കൂട്ടുകാരീ..
    ഇന്നലെ ഉമ്മാന്‍റെ കൂടെ വിരുന്നു പാര്‍ത്തു വന്നു ബ്ലോഗ്‌ തുറന്നപ്പോള്‍, ഉമ്മാന്‍റെ ഓര്‍മ്മകളില്‍ വിങ്ങുന്ന ഈ കണ്ണീര്‍ക്കാഴ്ചയാണ്,എതിരേറ്റത്.
    വല്ലാതെ സങ്കടം തോന്നിയപ്പോഴും ഞാനെത്ര ഭാഗ്യവതി എന്നോര്‍ത്ത് ആശ്വസിച്ചു.
    പ്രാര്‍ഥനയോടെ......

    ReplyDelete
  11. ഓര്‍മ്മകള്‍ക്ക് മരണമുണ്ടാകാതിരിക്കട്ടെ..

    ReplyDelete
  12. ഉമ്മയെ കുറിച്ചുള്ള സ്മരണ ശരിക്കും ഹൃദയഭേധക മായി.
    അഭിനന്ദങ്ങള്‍.

    ReplyDelete
  13. ഉമ്മയുടെ അവസാന നിമിഷങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അല്പം പ്രയാസത്തോടെ വായിച്ചു. പരലോക മോക്ഷത്തിനായി പ്രാര്‍ഥനയോടെ. .

    ReplyDelete
  14. ഇത്തരം അനുഭവം നേരിട്ടവര്‍ ധാരാളം കാണും അല്ലെ..
    എന്തായാലും ആയുസ്സ്‌ തീരുന്നത് വരെ ആരോഗ്യത്തോടെ ജീവിക്കാന്‍ ശ്രമിക്കാം അല്ലെ.

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. @ mayflower..നിങ്ങളുടെ ബ്ലോഗിലെ മിക്ക പോസ്റ്റിലും ഉമ്മയുമായുള്ള ഈ അഗാധമായ ആത്മബന്ധം കാണാം ..അവയോക്കേ വായിക്കുമ്പോള്‍ നേരില്‍ കാണാത്ത ആ ഉമ്മയുടെ മുഖം മനസ്സില്‍ തെളിയാരുണ്ടായിരുന്നു..അവര്‍ ജീവിച്ചിരിപ്പില്ല എന്നറിഞ്ഞപ്പോള്‍ വല്ലാത്ത വിഷമം ,,,,ഇത് ഉമ്മാക്ക് നിങ്ങള്‍ നല്‍കുന്ന മറ്റൊരു നല്ല സമ്മാനം ..വാക്കുകളില്ല ,..നിര്ത്തുന്നു

    ReplyDelete
  17. ഉമ്മയുടെ ഓർമ്മ വളരെ നല്ല ഒരു പോസ്റ്റു നൽകി. നിങ്ങള്‍ മാസത്തിലൊരിക്കല്‍ ആശുപത്രി സന്ദര്‍ശിക്കണമെന്ന് പ്രവാചകൻ പറഞ്ഞത് സത്യം. എന്റെ മനസ്സിൽ ഏറ്റവും വേദനയുണ്ടാക്കിയ കാഴ്ച്ച വെല്ലൂർ ആശുപത്രിയിൽ ലുക്കേമിയ ബാധിച്ച കുഞ്ഞുങ്ങളെ കണ്ടതാണ്.

    ReplyDelete
  18. Health is wealth
    നേരെചൊവ്വേ പറഞ്ഞു തന്നപ്പോൾ കാര്യം മനസ്സിലായി;)

    ഓർമ്മകളിലെ ആർദ്രത വാക്കുകൾക്കിടയിൽ വായിച്ചെടുക്കാനായി. അഭിനന്ദനങ്ങൾ.
    satheeshharipad.blogspot.com

    ReplyDelete
  19. വായിച്ചപ്പോള്‍ വിഷമം തോന്നി .
    എന്തെല്ലാം ഇനിയും ജീവിതത്തില്‍ സംഭവിക്കാന്‍ കിടക്കുന്നു .
    എല്ലാം അനുഭവിച്ചേ പറ്റൂ .
    അല്ലാതെ എന്ത് ചെയ്യാന്‍ ?

    ReplyDelete
  20. ഉമ്മാക്ക് അല്ലാഹു ഖബരിനെ വിശാലമാക്കി കൊടുക്കട്ടെ ...എല്ലാ പ്രാര്‍ത്ഥനയും ഉണ്ട്..നല്ലൊരു പോസ്റ്റ്‌ .....ഞാനും ഇപ്രാവശ്യം എന്‍റെ ഉമ്മയെയും കൂട്ടി കോഴിക്കോട് ബേബിയില്‍ രണ്ടു ദിവസം ഉണ്ടായിരുന്നു .....!

    ReplyDelete
  21. നമ്മള്‍ ആരോഗ്യത്തോടെയിരിക്കുന്നതില്‍ നമുക്ക് കുറ്റബോധം തോന്നുന്ന സന്ദര്‍ഭങ്ങളാണത്.

    ReplyDelete
  22. വളരെ ഹൃദയ സ്പര്‍ശിയായ വിവരണം വായിച്ചപ്പോള്‍ ഇത് സ്വന്തം അനുഭവം തന്നെയായി.
    ജീവിതത്തിന്റെ നശ്വരതയും, മരണത്തിന്റെ അനിവാര്യതയും മാത്രമല്ല, വേറെയും ഒരു പാട് കാര്യങ്ങള്‍.
    അതെ ജീവനുള്ള കാലം അതൊരു ദുരിതമാവാതിരിക്കട്ടെ.

    ReplyDelete
  23. വേദനപ്പെടുത്തുന്ന ഓര്‍മ്മകള്‍...! ഉമ്മ ഒരു നൊമ്പരമായി മനസ്സില്‍ നിറഞ്ഞു.

    ReplyDelete
  24. ഞാനിട്ട കമെന്റെവിടെപ്പോയി? ആരോഗ്യത്തെ കുറിച്ച് അത്യാവശ്യം വിവരം എല്ലാവരും നേടിയിരിക്കണം, പക്ഷേ അത് വല്ലാതെ കൂടി സ്വയം വൈദ്യനാകാറുണ്ട് ചിലർ. അത് അപകടവും. ഉമ്മയുടെ ഓർമകളും മനസ്സിനെ തൊട്ടു.

    ReplyDelete
  25. അയ്യോ ഗൂഗിള്‍ അമ്മച്ചി എന്റെ കമന്റും എടുത്തു കളഞ്ഞോ ?
    എന്തൊരു കഷ്ടമേ ഇത് !

    ReplyDelete
  26. മനുഷ്യന്‍ എത്ര നിസ്സഹായന്‍.?
    മറവിക്ക് മേല്‍ ഓര്‍മ്മകള്‍ ജയിക്കട്ടെ..!!

    ReplyDelete
  27. മാതാവിന്റെ പാടങ്ങല്‍ക്കടിയിലാനി നിങ്ങളുടെ സ്വര്‍ഗം -

    ReplyDelete
  28. പ്രിയപ്പെട്ടവരേ,
    നിങ്ങള്‍ക്കെല്ലാം എന്റെ സ്നേഹവും നന്ദിയും അറിയിക്കുന്നു..
    നിങ്ങളുടെ നല്ല വാക്കുകളിലടങ്ങിയിട്ടുള്ള ആ സാന്ത്വനം..സ്നേഹം ഒക്കെ എനിക്കനുഭവഭേദ്യമായി..

    @മുല്ല,
    ആ പോസ്റ്റിന്റെ ലിങ്ക് ഒന്നിവിടെയിടൂ പ്ലീസ്..
    @ശ്രീനാഥന്‍,പുഷ്പംഗാദ്,
    ബ്ലോഗ്ഗറിന് എന്തോ പ്രശ്നം പറ്റിയതിനാല്‍ ചില കമന്റ്സ് ഒക്കെ എവിടെയോ പോയി..വീണ്ടും കമന്റിട്ടതില്‍ ഒത്തിരി സന്തോഷം..

    ReplyDelete
  29. ഒരു തുടക്കക്കാരനായ എനിക്ക് ആറ്റു നോറ്റു കിട്ടിയ കമെന്‍സൊക്കെയും ഗൂഗിള്‍ തിന്നു.വ്യാഴാഴ്ച ബ്ലോഗ്ഗെരിനു ചില പ്രശ്നങ്ങളുണ്ടായിരുന്നു.
    ആരും ഡിലീറ്റ് ചെയ്തതല്ല എന്ന് മറ്റു ബ്ലോഗ്ഗേര്‍സിനെ പോലെ ഈയുള്ളവനും സാക്ഷ്യപ്പെടുത്തുന്നു.

    ReplyDelete
  30. ഉമ്മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു.

    ReplyDelete
  31. എത്താന്‍ വൈകിപ്പോയി ...നൊമ്പരപ്പെടുത്തി ഈ ഓര്‍മ്മകള്‍ ...
    mayflower പറഞ്ഞപോലെ ചില ഓര്‍മകള്‍ക്ക് മരണമില്ല....

    ReplyDelete
  32. @mayflower ഈ ഉമ്മയുമായുള്ള അഗാധ സ്നേഹം നിങ്ങളുടേ പല പോസ്റ്റില്‍ കൂടിയും അനുബവിച്ചറിഞ്ഞിട്ടുന്ദ്‌.നേരില്‍ കാണാത്ത ആ ഉമ്മയുടെ മുഖം അപ്പോഴോക്കേ മനസ്സില്‍ കടന്നുവരാറുണ്ണ്ടായിരുന്നു ..ആ
    ഉമ്മ കൂടെ ഉണ്ടായിര്‍ന്നില്ല എന്നു ഇപ്പോള്‍ അറിഞ്ഞപ്പോള്‍ വല്ലാത്ത നൊമ്പരം ..ഇത് നിങ്ങള്‍ ഉമ്മക്ക് നല്‍കുന്ന വിലമതിക്കാനാകാത്ത മറ്റൊരു സ്നേഹ സമാനം ..പറയാന്‍ വാക്കുകളില്ല ..നിര്ത്തുന്നു

    ReplyDelete
  33. .നമുക്ക് സ്നേഹിക്കാനും നമ്മെ സ്നേഹിക്കാനും ഈ ലോകത്ത് അവരെ കഴിച്ചല്ലാതെ വേറെ ആരെങ്കിലുമുണ്ടാകുമോ?--ശരിയാണ് ഇതു വായിച്ചപ്പോളെനിയ്ക്കെഴുതാന്‍ തോന്നുന്നത്

    ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്നാണ്. ഒരിയ്ക്കലും വരില്ല.

    ReplyDelete
  34. ഹൃദയസ്പര്‍ശിയായ എഴുത്തു്

    ReplyDelete
  35. വേർപാടിന്റെ വേദനയും സ്നേഹപരിചരണത്തിന്റെ ആത്മസംതൃപ്തിയും നിറഞ്ഞു നിന്ന പോസ്റ്റ് നന്നായി..

    ReplyDelete
  36. ചില ഓർമ്മകൾ മരിക്കില്ല, കനലുകൾ കെടില്ല, അതിങ്ങനെ നീറിനീറി കിടക്കും. എനിക്കു നന്നായറിയാം അതു്.

    ReplyDelete
  37. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും പ്രിയപ്പെട്ടവരുടെ വേര്‍പാട് മനസ്സിനെ നൊമ്പരപ്പെടുത്തി കൊണ്ടേയിരിക്കും. എന്റെ അടുത്ത ഒരു കൂട്ടുകാരിയുടെ അച്ഛന്‍ പത്തു വര്‍ഷം മുന്‍പ് മരിച്ചുപോയി. ഇപ്പൊഴും അവള്‍ എന്റെ വീട്ടീല്‍ വന്നാല്‍ ഞാനും എന്റെ അച്ഛനുമായി കളിതമാശകള്‍ പറഞ്ഞ് ചിരിക്കുന്നതു കണ്ടാല്‍ മാറി നിന്ന് കണ്ണ്‌ തുടയ്ക്കും. നഷ്ടങ്ങള്‍ എന്നും തീരാനഷ്ടങ്ങള്‍ തന്നെ.

    മനസ്സിനെ തൊടുന്ന വിധം എഴുതി.

    ReplyDelete
  38. ഇഷ്ടപെട്ടു എന്ന് പറഞ്ഞ് പോവാന്‍ ഇതൊരു കഥയല്ലല്ലോ
    ഒന്നും പറയാതെ പോവാനും തോന്നുന്നില്ല

    അനുഭവങ്ങള്‍ പങ്കുവക്കാനുള്ള നല്ല മനസ്സിന് നന്ദി.

    ReplyDelete
  39. "രോഗശയ്യയിലായിരുന്ന ഉമ്മയെ പരിചരിച്ചതിലൂടെ കിട്ടിയ സംതൃപ്തിയാണ് ഇന്ന് ഞാനനുഭവിക്കുന്ന ഏറ്റവും വലിയ സുഖം.". അതെ ആ സംതൃപ്തി തന്നെയാണ്‌ ഏറ്റവും മഹത്തായത്‌. സഹോദരിയുടെ ഉമ്മയ്ക്ക് കിട്ടാവുന്നതില്‍ വെച്ചേറ്റവും മികച്ച ചികിത്സ നല്‍കിയിട്ടും,നല്കാവുന്നതില്‍ വെച്ചേറ്റവും നല്ല പരിചരണം കൊടുത്തിട്ടും ദൈവം അനുവദിച്ച സമയം തീര്‍ന്നപ്പോള്‍ ഉമ്മ ഈ ലോകത്തോട്‌ വിട പറഞ്ഞു. ദൈവത്തിന്റെ വിളി വന്നാല്‍ എല്ലാരും പോയെ പറ്റുള്ളൂ. നമുക്കു പരേതര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാനെ പറ്റുള്ളൂ. പ്രാര്‍ഥനയോടപ്പം നമുക്കു ചില കാര്യങ്ങള്‍ കൂടി ചെയ്യാന്‍ പറ്റും.

    സഹോദരിയുടെ ഉമ്മയ്ക്ക് കിട്ടിയ പോലെ ചികിത്സയും പരിചരണവും കിട്ടാതെ കഷ്ടപ്പെടുന്ന എത്രയോ രോഗികള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. ആരും നോക്കാനില്ലാതെ ആശുപത്രിക്കിടക്കകളിലും , എത്ര ശുശ്രൂഷിച്ചിട്ടും സുഖം പ്രാപിക്കാതെ അവസാനം വീട്ടുകാര്‍ക്ക് മതിയായിട്ട് ഏതേലും ഇരുട്ട് മുറിയില്‍ തള്ളപ്പെട്ടതുമായ ഒരുപാട് അമ്മമാരും ഉമ്മമാരും സഹോദരിയുടെ വീടിനടുത്തുണ്ടാവും.ആരോഗ്യ സംബന്ധമായ ലേഖനങ്ങള്‍ വായിച്ചു സമയം കളയാതെ സഹോദരി ഇവരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലണം. സാമ്പത്തികമായി എന്തേലും ചെയ്യണം എന്നല്ല. പറ്റുമെങ്കില്‍ അതും ചെയ്യാം. ആഴ്ചയിലെ രണ്ട് മണിക്കൂര്‍ ഇതുപോലെയുള്ള രോഗികള്‍ക്ക് വേണ്ടി മാറ്റി വെക്കുക. രോഗികളെ പരിചരിക്കുക. സമാശ്വാസ വാക്കുകള്‍ പറയുക. അവര്‍ക്കു പറയാനുള്ളതു കേള്‍ക്കുക..ഇങ്ങനെ കിട്ടുന്ന നിര്‍വ്രിതി പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്‌. സഹോദരി 'പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍' പ്രസ്ഥാനത്തെ കുറിച്ച് കേട്ടിട്ടുണ്ടൊ എന്നറിയില്ല. ഇതുപോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്ന ഒരു ജനകീയ കൂട്ടായ്മയാണ് പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനം. ഞാന്‍ അതിന്റെ ഒരു എളിയ പ്രവര്‍ത്തകനാണ്‌. പ്രൊഫൈലില്‍ നിന്നും കണ്ണൂരുകാരിയാണെന്ന് മനസ്സിലായി. അവിടെയൊക്കെ ഈ പ്രസ്ഥാനം സജീവമാണ്‌. ആരോടെങ്കിലും അന്വേഷിച്ച് ഈ പ്രസ്ഥാനത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വടകര 'പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ന്റെ ഒരു വീഡിയോ യൂടൂബില്‍ കാണാം. ലിങ്ക് ചേര്‍ത്തിരിക്കുന്നു. http://www.youtube.com/watch?v=9MpeJqq3eCU

    പ്രാര്‍ഥനയോടെ..

    ReplyDelete
  40. ഇവിടെ കമന്റിട്ട എല്ലാ ബ്ലോഗ്ഗര്‍മാര്‍ക്കും നന്ദി..നന്ദി..

    @ദുബായിക്കാരന്‍,
    വിശദമായതും,പ്രസക്തവുമായ കമന്റിട്ടതില്‍ പ്രത്യേകം നന്ദി പറയട്ടെ.
    പാലിയേറ്റിവ് കെയര്‍ എന്ന പ്രസ്ഥാനത്തെ ആവേശപൂര്‍വ്വം നോക്കിക്കാണുകയും മരിക്കുന്നതിനു മുമ്പായി അതിന്റെ ഒരു വളണ്ടിയര്‍ ആകാന്‍ കഴിയണേ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒരുവളാണ് ഞാന്‍.വീട്ടിലെ ചില പ്രത്യേക സാഹചര്യങ്ങളാല്‍ ഇപ്പോള്‍ എനിക്കതിനു കഴിയാതെ വന്നിരിക്കയാണ്.
    രോഗം കൊണ്ടു അവശത അനുഭവിക്കുന്നവര്‍ക്ക് വേണ്ടി എന്നാല്‍ കഴിയുന്നത്‌ ചെയ്യാറുണ്ട്.അവര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കാറുമുണ്ട്.
    താങ്കളുടെ മെയില്‍ ID കിട്ടിയിരുന്നുവെങ്കില്‍ അഴിയൂര്‍ ഭാഗത്ത്‌ കിടപ്പിലായ ഒരു യുവാവിന്റെ details അയച്ചു തരാം.

    ReplyDelete
  41. പ്രിയപ്പെട്ട കൂട്ടുകാരി,

    സുപ്രഭാതം!

    മനസ്സില്‍ തട്ടിയ വരികള്‍...വരികള്‍ക്കിടയിലെ വേദന അറിയുന്നു.

    വേദനയുടെ ഈ വരികള്‍ മനസ്സിനു വിങ്ങലാകുന്നു.ചില കനലുകള്‍ ചാരം മൂടി കിടക്കും...ഇടയ്ക്കിടെ ആ പൊള്ളല്‍ നമ്മള്‍ അനുഭവിക്കുന്നു!

    ഉമ്മയുടെ കൂടെ നിന്ന് സ്നേഹത്തോടെ പരിചരിക്കാന്‍ കഴിഞ്ഞല്ലോ...ഉമ്മയുടെ അനുഗ്രഹം ജീവിതത്തില്‍ ഇപ്പോഴും താങ്ങും തണലുമായി കൂട്ടുകാരിയുടെ കൂടെ ഉണ്ടാകും!

    സ്നേഹസ്വാന്തനങ്ങള്‍ തുടരുന്നു എന്നറിഞ്ഞു സന്തോഷിക്കുന്നു!അതൊരു ഭാഗ്യമാണ്!

    പ്രിയപ്പെട്ട ഉമ്മക്ക്‌ സ്നേഹത്തോടെ ആദരാഞ്ജലികള്‍...............ഉമ്മയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ!

    സ്നേഹം നിറഞ്ഞ മനസ്സ് ഒരിക്കലും കൈമോശം വരാതിരിക്കട്ടെ!

    ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,

    സസ്നേഹം,

    അനു

    ReplyDelete
  42. പ്രിയപ്പെട്ട സഹോദരി , രോഗം കൊണ്ടു അവശത അനുഭവിക്കുന്നവര്‍ക്ക് വേണ്ടി താങ്കള്‍ സഹായം ചെയ്യാറുണ്ട് എന്നറിഞ്ഞതില്‍ വളരെ സന്തോഷം. എന്റെ പേര് സൂചിപ്പിക്കും പോലെ ഞാനിപ്പോള്‍ ദുബായിയിലാണ്. അത് കൊണ്ട് തന്നെ Details എനിക്ക് അയച്ചു തരുന്നതിനെക്കാള്‍ ഭേദം നാട്ടിലെ ഏതേലും പാലിയെറ്റിവ് പ്രവര്‍ത്തകര്‍ക് അയച്ചു കൊടുക്കുന്നതാണ്. ഇപ്പോള്‍ എല്ലാ പഞ്ചായത്തുകളിലും പാലിയെറ്റിവ് പ്രവര്‍ത്തനം സജീവമാണ്. നിങ്ങള്‍ പറഞ്ഞ യുവാവ്‌ വടകര അഴിയൂരാണോ? അവിടെ പാലിയെറ്റിവ് പ്രവര്‍ത്തനം ഇല്ലെങ്കില്‍ വടകരയിലെ ദയ പെയിന്‍ ആന്‍ഡ്‌ പാലിയെറ്റിവുമായി ബന്ധപ്പെടാവുന്നതാണ് . 9447931176 ഇത് 'രഘുനാഥ്'/'രഘു' എന്ന ഒരു പാലിയെറ്റിവ് പ്രവര്‍ത്തകന്റെ നമ്പറാണ്. ദുബായിലുള്ള 'ഷജീര്‍' പറഞ്ഞിട്ട് വിളിക്കുന്നതാണെന്ന് പറഞ്ഞാല്‍ മതി. എന്താണ് ചെയ്യേണ്ടത് എന്ന് പുള്ളി പറഞ്ഞു തരും.

    സ്നേഹത്തോടെ ദുബായിക്കാരന്‍ ..

    ReplyDelete
  43. നഷ്ടപ്പെടലിന്റെ വേദനകളും ഓര്‍മ്മകളും ഇങ്ങനെ ഇടയ്ക്കിടെ വന്നു പോകും അല്ലെ? എന്നെ സംബന്ധിച്ച് വേദനകളിലും ദുഖങ്ങളിലും ഞാന്‍ അത് ഓര്‍ക്കാറില്ല.. സന്തോഷത്തിന്റെ സമയത്താണ് ഈ സമയത്ത് അവര്‍ കൂടെ ഇല്ലല്ലോ എന്നോര്‍ത്ത് കൂടുതല്‍ സങ്കടപ്പെടാറുള്ളത്. താങ്കളുടെ ഉമ്മയുടെ ഓര്‍മകള്‍ക്കപ്പുറം മറ്റൊരുപാട് കാര്യങ്ങളിലൂടെ ഈ പോസ്റ്റ്‌ വായനക്കാരെ കൊണ്ട് പോയി.

    ReplyDelete
  44. ഹ്യദയത്തില്‍ തട്ടിയ എഴുത്ത്....
    ഇനിയൊന്നും പറയുന്നില്ല...

    നല്ലതു വരട്ടെ..ഒത്തിരിയാശംസകള്‍...!!

    ReplyDelete
  45. എത്താന്‍ വൈകിപ്പോയി.....

    പ്രിയപ്പെട്ട ഉമ്മക്ക്‌ സ്നേഹത്തോടെ ആദരാഞ്ജലികള്‍....... ഉമ്മയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.

    ReplyDelete
  46. വായിക്കാന്‍ വൈകി....സ്നേഹനിധിയായ ആ ഉമ്മക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു....സ്വര്‍ഗത്തില്‍ വീണ്ടും ഒരുമിക്കാന്‍ അല്ലഹ് അനുഗ്രഹിക്കട്ടെ ....

    ReplyDelete
  47. പൊക്കിള്‍കൊടി ബന്ധം അറുത്ത്‌ മുറിച്ചു മറ്റാനാകാത്തതാണ്. മാതാവിന്‍റെ കാല്‍ച്ചുവട്ടിലെ സ്വര്‍ഗം എടുക്കുക എന്ന് പറഞ്ഞാല്‍ ചില്ലറ സൌഭാഗ്യമോന്നുമല്ല അത്. നിങ്ങളുടെ ചെറുപ്പത്തില്‍ അവര്‍ നിങ്ങളെ നോക്കിയത് പോലെ അവരുടെ നവചെറുപ്പാവസ്ഥയില്‍ നിങ്ങള്‍ അവര്‍ക്കും താങ്ങാകണം. മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്ത മക്കളുള്ള ഇക്കാലത്ത് ഇത് പോലെയുള്ള മക്കളെ ലഭിക്കുന്നവര്‍ സൌഭാഗ്യവാന്മാര്‍ തന്നെ. നല്ല പോസ്റ്റ്‌. പുതിയ തലമുറക്ക്‌ ഒന്നാന്തരം സന്ദേശം തന്നെ.

    ReplyDelete