
അതെ.. ഇതുപോലെയായിരുന്നു ഒരു കാലത്ത് നമ്മള് പോസ്റ്റ്മാന് വരുന്നതും നോക്കി നിന്നിരുന്നത്.
കത്തുകളിലൂടെ ബന്ധങ്ങള്‍ കാത്തു സൂക്ഷിച്ചിരുന്നൊരു കാലം..
സന്തോഷങ്ങളും,സങ്കടങ്ങളും,വിരഹവും,വേദനയും എല്ലാം നമ്മള് കൈമാറിയിരുന്നത് കത്തുകളില്‍ കൂടിയായിരുന്നു.
സമ്മിശ്ര വികാരങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന ആ കത്തുകള്‍ ഇന്ന് മധുരിക്കുന്ന ഒരോര്‍മ മാത്രം..എങ്കിലും,ആ ഓര്‍മകള്‍ക്കുപോലുമുണ്ട് ഒരു സൌരഭ്യം..
ഇന്ന് ആരോടെങ്കിലും സ്വന്തക്കാരുടെ കത്ത് വരാറുണ്ടോ എന്ന് ചോദിച്ചാല്‍ ഒരു പരിഹാസച്ചിരി അല്ലെങ്കില്‍ ''നീയൊക്കെ ഏതു കോത്താഴത്തുകാരിയാണ്..''എന്ന മട്ടിലുള്ള ഒരു നോട്ടമായിരിക്കും മറുപടിയായി കിട്ടുക!
ഇതിനിടെ ഒരു വല്യുമ്മ പോലും എന്നോട് പറയുകയാണ് ''ഇപ്പൊ ആരാ മോളെ കത്തൊക്കെ എഴുത്ന്നെ..?നേരില്‍ കാണുന്നില്ലേ ദെവസോം..''
ഫോണൊന്നും സാര്‍വത്രികമല്ലാതിരുന്ന കാലത്ത് കത്തുകള്‍ മാത്രമായിരുന്നല്ലോ നമുക്ക് പ്രിയപ്പെട്ടവരുമായി സംവദിക്കാനുള്ള വഴി.യാതൊരു മടിയും കൂടാതെ അന്ന് നമ്മള് എത്രയോ പേജ് കത്തുകള്‍ എഴുതി അയച്ചിരുന്നു..ഹൃദയത്തില്‍ കെട്ടി നില്ക്കുന്നവ അനായാസേന കടലാസിലേക്ക് പകര്‍ത്തിയിരുന്നു..
അതില്‍ക്കൂടി ഒരാശ്വാസവും നമുക്ക് ലഭിച്ചിരുന്നു..
ഇഷ്ട്ടപ്പെട്ട കത്തുകള്‍ വായിക്കുന്തോറും പുതിയ പുതിയ അര്‍ത്ഥങ്ങള്‍ അതില്‍ കണ്ടെത്തുമായിരുന്നു.
വന്ന കത്തിന് മറുപടി അയക്കുന്നതുവരെ ഒരു ശ്വാസം മുട്ടും,വിമ്മിട്ടവും ഒക്കെയായിരിക്കും.എഴുതിക്കഴിഞ്ഞാലോ..?പിന്നെ മറുപടിക്കായി കാത്തിരിപ്പായി ആയിരം കണ്ണുകളുമായി പോസ്റ്റ്മാന് വരുന്നതും നോക്കി..
ആ കാത്തിരിപ്പിന്റെ വേദനയും സുഖവും ഒക്കെ പ്രവാസികള്‍ക്കും അവരുടെ കുടുംബത്തിനും മാത്രം അനുഭവിച്ചറിയാന്‍ കഴിയുന്ന ഒരു സവിശേഷമായ വികാരമാണ്.
പണ്ട് ഗള്‍ഫില്‍ നിന്ന് വരുന്നവരുടെ കൈയ്യിലുമുണ്ടാകും ഒരു പോസ്റ്റ്മാന്റെ കൈയ്യിലുള്ളതിനേക്കാള്‍ക്കൂടുതല്‍ കത്തുകള്‍.ആദ്യത്തെ മൂന്നാല് ദിവസം കത്ത് വിതരണം ആയിരിക്കും അവരുടെ പ്രധാന പണി!
ചിലപ്പോള്‍ പോസ്റ്റ് ആയി അയക്കുന്നതിനേക്കാള്‍ കൂടുതല്‍ പൈസ ചിലവാക്കി ഇങ്ങനെ എത്തുന്ന കത്ത് വാങ്ങാന്‍ പോയ സന്ദര്‍ഭങ്ങളുണ്ട്.അതൊക്കെ ഒരു കാലം.
ഇപ്പോള്‍ ഫോണായി,നെറ്റായി,ചാറ്റിംഗ് ആയി,ചീപ്പ് ആയി മണിക്കൂറുകള്‍ സംസാരിക്കാന്‍ പറ്റുന്ന VOIP കോളുകള്‍ സാധാരണമായി.പിന്നെ ആരാണ് കത്തെഴുതുക?
ഇതിനിടെ 'The Hindu'വിലെ ഓപ്പണ്‍ പേജില്‍ letter writing നെപ്പറ്റി ഒരു ലേഖനം വന്നിരുന്നു.അഭൂതപൂര്‍വമായ പ്രതികരണമായിരുന്നു വായനക്കാരില്‍ നിന്ന്..ആഴ്ചകളോളം.
ഇതില്‍ നിന്ന് മനസ്സിലാകുന്നത് കത്തെഴുത്തിന്റെ സുഖം,കത്ത് കിട്ടുമ്പോഴുള്ള ആ രസം..ഒക്കെ ഇപ്പോഴും ആളുകള്‍ മനസ്സിലിട്ടു താലോലിക്കുന്നു എന്നല്ലേ?
ഇതൊക്കെ എഴുതിയ ഞാനോ??എന്റെ കൈയ്യക്ഷരം കണ്ട കാലം മറന്നു എന്നാണു ഹബ്ബിയുടെ പരാതി.
നാടോടുമ്പോള്‍ നടുവേ..