Sunday, May 29, 2011

സൌ സാല്‍ പെഹലെ മുത്സെ തുംസെ പ്യാര്‍ ഥാ..

ദൂരദര്‍ശനില്‍ മലയാളം സംപ്രേഷണം ആരംഭിക്കുന്നതിനു മുമ്പ് ഞാന്‍ ടി വി കണ്ടിരുന്നത്‌ ശബ്ദമില്ലാതെയായിരുന്നു!
കാരണം എനിക്ക് ഹിന്ദി അറിയില്ല എന്നത് തന്നെ.
കേട്ടിട്ട് ഒന്നും മനസ്സിലാകുന്നില്ല.എന്നാല്‍ പിന്നെ ശബ്ദ മലിനീകരണമെങ്കിലും ഒഴിവാക്കാമല്ലോ.

എല്ലാ പരിപാടികളും എനിക്ക് 'പുഷ്പക്' സിനിമ പോലെയായിരുന്നു.സ്കൂളില്‍ പഠിച്ച ഹിന്ദിയൊന്നും ഒരു പ്രയോജനവും ചെയ്യുന്നില്ലല്ലോ എന്ന് വേദനയോടെ ഓര്‍ക്കും.
ഞാന്‍ കേട്ടാസ്വദിക്കുന്ന പാട്ടുകളുടെ ഒരു വരിയുടെ പോലും അര്‍ത്ഥമെന്തെന്ന് മനസ്സിലാകാത്തതില്‍ സ്വയം നിന്ദിക്കും..
ഇക്കാക്കമാരും,ഭര്‍ത്താവും ഒക്കെ ഹിന്ദി സിനിമ കാണുമ്പോള്‍ പുട്ടില്‍ തേങ്ങ ചേര്‍ക്കും പോലെയുള്ള എന്റെ വിവര്‍ത്തനാഭ്യര്‍ത്ഥന അവര്‍ക്കലോസരമായിരുന്നു.
ഒന്നോ രണ്ടോ തവണ പറഞ്ഞു തരും,ആവേശം മൂത്ത് ഞാന്‍ പിന്നെയും പിന്നെയും ചോദിച്ചു കൊണ്ടേയിരിക്കും..
ഇനി ഞാന്‍ ഹിന്ദി കാസറ്റ് എടുക്കുകയേയില്ല എന്ന് ഹബ്ബി പ്രഖ്യാപിച്ചു.കാരണം ആ ഇടപെടല്‍ മൂപ്പര്‍ക്ക് അത്രയ്ക്കസഹനീയമായിരുന്നു.ഞാനെന്ന ബെറ്റര്‍ ഹാഫ് ചിലപ്പോഴൊക്കെ ഈ കാരണത്താല്‍ ബിറ്റര്‍ ഹാഫ് ആയി മാറി.
ഏക്‌ ദൂജെ കേലിയെ എന്ന ഫിലിം കാണാന്‍ ആശിച്ച് നിന്നതായിരുന്നു.കാസറ്റും കിട്ടി.പക്ഷെ എന്ത് ഫലം?നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ "നായിക്ക് മുയ്യന്‍ തേങ്ങ കിട്ടിയ പോലെ.."(പട്ടിക്ക് പൊതിക്കാത്ത തേങ്ങ കിട്ടിയ പോലെ എന്ന് പരിഭാഷ്യം)
ടി വിയിലെ ഓരോ പരിപാടികള്‍ കാണുമ്പോഴും എന്റെ ഉള്ളില്‍ സങ്കടം വന്നു നിറയും..
ദുഖഭരിതമായ സീനുകള്‍ കണ്ടത് കൊണ്ടായിരുന്നില്ല ആ സങ്കടം..
ഇപ്പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ലല്ലോ എന്റെ റബ്ബേ..
അവര്‍ ചിരിക്കുന്നതിന്റെയും,കരയുന്നതിന്റെയും പൊരുള്‍ ഞാന്‍ സ്വയം നിര്‍ണയിച്ചു.
ഇങ്ങിനെ ഹിന്ദിയുമായി മല്‍പ്പിടുത്തം നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഞാന്‍ ഒമാനിലേക്ക് പറക്കുന്നത്.
മലയാളികളെയൊഴിച്ച് വേറെ ആരെയും കണ്ടുമുട്ടാനിടവരല്ലേ എന്ന പ്രാര്‍ത്ഥനയുമായി കഴിഞ്ഞു.
മൂപ്പരുടെ ഓഫീസിലെ സ്റ്റാഫും മറ്റും പുറത്തു നിന്ന് കണ്ടാല്‍ 'കേസീ ഹോ ഭാഭീ..?' എന്ന് ചോദിക്കുമ്പോള്‍ മനോഹരമായൊരു പുഞ്ചിരിയില്‍ ഉത്തരമൊതുക്കും.
ഈ ഭാഷയെ എങ്ങിനെ മെരുക്കുമെന്ന ആധി ഉള്ളില്‍ കടലായി പെരുകിക്കൊണ്ടിരുന്നു..
അങ്ങിനെ ഒന്ന് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.അപ്പോഴേക്കും നാട്ടില്‍ മലയാളം സംപ്രേഷണം ആരംഭിച്ചിരുന്നു.ഞങ്ങള്‍ക്കവിടെ ഡിഷ്‌ വെച്ച് zee tv,star plus ഒക്കെയും കിട്ടിക്കൊണ്ടിരുന്നു.
പക്ഷെ,അന്താക്ഷരി ഒഴിച്ച് വേറൊന്നും എനിക്കാസ്വദിക്കാന്‍ പറ്റിയിരുന്നില്ല.എങ്കിലും ഹിന്ദിയോടുള്ള ഇഷ്ടം കൊണ്ട് വെറുതെ കാണും.

ഇനിയാണ് സംഭവം.
ഞങ്ങള്‍ താമസിച്ചിരുന്ന ഏരിയയില്‍ മലയാളികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
അവിടെക്കതാ ഒരു ഡല്‍ഹിക്കാരന്‍ ആര്‍ക്കിട്ടെക്ട്ടും കുടുംബവും പുതുതായി താമസത്തിന് വരുന്നു..
എന്റെയൊക്കെ പ്രായമുള്ള ഭാര്യ,പേര് നീലിമ.അവരുടെ മകള്‍ക്ക് എന്റെ മകളുടെ പ്രായം,അവള്‍ക്കൊരു കുഞ്ഞനിയന്‍..
ഇത്രയും പേരടങ്ങിയ ഒരു കൊച്ചു കുടുംബം.
ഞങ്ങള്‍ മലയാളി പെണ്ണുങ്ങള്‍ എല്ലാ സായാഹ്നങ്ങളിലും ആ കോമ്പൌണ്ടില്‍ ഒത്തു കൂടുമായിരുന്നു,ചിലപ്പോള്‍ ഷട്ടില്‍ കളിക്കും..അല്ലെങ്കില്‍ സംസാരിച്ചിരിക്കും..
ഞങ്ങളുടെ മക്കള്‍ പലേ കളികളിലും ഏര്‍പ്പെടും.
ആ കൂട്ടായ്മയിലേക്ക് ഈ ഡല്‍ഹിക്കാരി മടിച്ചു മടിച്ചു കടന്നു വന്നു.
ഞങ്ങളുടെ കൂട്ടത്തിലെ ഒരു ടീച്ചര്‍ പൂനയിലൊക്കെ ജീവിച്ചതായിരുന്നതിനാല്‍ നന്നായി ഹിന്ദി സംസാരിക്കുമായിരുന്നു.
അതിനാല്‍ത്തന്നെ അവര്‍ മടിക്കാതെ നീലിമയുടെ അടുത്ത് പോയി വിവരങ്ങളൊക്കെ അന്യേഷിച്ചു.
മറ്റെല്ലാവരും പിരിഞ്ഞുപോയെങ്കിലും ടീച്ചറുടെ അരികു പറ്റി സുന്ദരന്‍ ഒരു ചിരിയുമായി ഞാനും അവരുടെയടുത്ത്‌ നിലകൊണ്ടു.എന്റെ മോള്‍ അവരുടെ മോള്‍ടെ പ്രായമാണെന്നും മറ്റുമുള്ള കാര്യങ്ങള്‍ ടീച്ചര്‍ അവര്‍ക്ക് കൈമാറി.

പ്രിയപ്പെട്ടവരേ..,എനിക്കന്ന് 'തുമാരാ നാം ക്യാ ഹെ ?' ' മേരാ നാം --- ഹൈ' എന്ന മട്ടിലുള്ള ഒന്ന് രണ്ട് വാക്കുകള്‍ മാത്രമേ അറിയുമായിരുന്നുള്ളൂ..എന്നിട്ടും, ഹിന്ദി പ്രേമത്താല്‍ ആ ചെറിയ വിജ്ഞാനം വെച്ച് കുറച്ചു ഇംഗ്ലീഷും ചേര്‍ത്ത് ആരും സമീപത്തില്ല എന്നുറപ്പ് വരുത്തി ഞാന്‍ എന്തൊക്കെയോ അവരോട് ചോദിക്കുകയും പറയുകയും ചെയ്തു.
അവരുടെ മറുപടികള്‍ എനിക്കവ്യക്തമാണെന്ന് മനസ്സിലായപ്പോള്‍ ഒരു നല്ല അധ്യാപികയെപ്പോലെ അവര്‍ എനിക്ക് വിശദീകരിച്ചുതരാന്‍ തുടങ്ങി..
അങ്ങിനെയങ്ങിനെ ഞങ്ങളുടെ സമാഗമങ്ങള്‍ തുടര്‍ന്നു..
എന്റെ പൊട്ട ഹിന്ദിയും,ഇംഗ്ലീഷും,ഞങ്ങളുടെ സ്നേഹവും ഇടമുറിയാതെ സംവദിച്ചു..
ഞങ്ങളുടെ മക്കള്‍ അടുത്ത കൂട്ടുകാരായി..
അവര്‍ ഞങ്ങളുടെ വീട്ടിലും ഞങ്ങള്‍ അവരുടെ വീട്ടിലും പോക്ക് വരവുകള്‍ തുടങ്ങി..

അങ്ങിനെയിരിക്കുമ്പോള്‍..,ഒരു ദിവസം ഞാനത് മനസ്സിലാക്കി!!
എന്റെ നാക്കിന്റെ കെട്ടഴിഞ്ഞിരിക്കുന്നു..
എനിക്കുമിപ്പോള്‍ ഹിന്ദി സംസാരിക്കാം..അതും പച്ച വെള്ളം പോലെ..
റഫി സാബിന്റെ "तुजे में चाँद केहता धा मगर उसमें भी धाग है..
तुजे सूरज में केहता धा मगर उसमें भी आग है..." എന്ന വരികള്‍ എനിക്ക് കൂടുതല്‍ മധുരിതമായി..
Hurrray......

അന്ന് ലജ്ജ വിചാരിച്ചു ഞാന്‍ മാറി നിന്നിരുന്നുവെങ്കില്‍ ഹിന്ദി എനിക്ക് എത്താത്ത കൊമ്പത്താകുമായിരുന്നു..
വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു ഞാന്‍ ഒമാന്‍ വിട്ടു..അവരും പോയിരിക്കാം..വെക്കേഷനില്‍ പോയപ്പോഴൊരിക്കല്‍ അവരുടെ നമ്പറില്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.ഇന്നും സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴി ഞാന്‍ അവരെ അന്യേഷിച്ചു കൊണ്ടിരിക്കുന്നു...
എനിക്കറിയാവുന്ന ഓരോ ഹിന്ദി വാക്കിലും നീലിമയോടുള്ള കടപ്പാടുണ്ട്.

ഇപ്പോള്‍ ഹിന്ദി സീരിയല്‍ വഴി ഹിന്ദി സ്നേഹം നില നിര്‍ത്തുന്നു.
മാസങ്ങള്‍ക്ക് മുമ്പൊരിക്കല്‍ ഞങ്ങളുടെ ഏരിയയിലേക്ക് പഞ്ചായത്ത് ഒക്കെ ഇടപെട്ടു ഒരു ഗൂര്‍ഖയെ നിയമിച്ചു.
ഒരു ഗോപാല്‍.എനിക്ക് സന്തോഷമായി.ഇവനോടെങ്കിലും എനിക്കിത്തിരി ഹിന്ദി പ്രയോഗിക്കാമല്ലോ.അങ്ങിനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴതാ വരുന്നു ചേച്ചി എന്ന വിളി..!
മണി മണി പോലെ മലയാളം പറയുകയും ചെയ്യുന്നു...
അമ്പരന്നു നില്‍ക്കുന്ന എന്നോട് അവന്റെ രണ്ടാമത്തെ വെടിയും വന്നു.."ഹം പന്ത്രഹ് സാല്‍ പെഹലെ കേരള്‍ മേ ആയാ ഥാ.."
ഇത്..ഇത്..??ഗാന്ധി നഗര്‍ സെക്കന്റ്‌ സ്ട്രീറ്റില്‍ മോഹന്‍ലാല്‍ പറഞ്ഞ അതേ ഡയലോഗ് അല്ലെ??
"സച്ച് ?"
"ഹാ ജി.."

(സത്യമായും ഇത് ഗോപാല്‍ പറഞ്ഞതാണ്..)

Wednesday, May 11, 2011

കെടാത്ത കനല്‍

ചില ഓര്‍മകള്‍ക്ക് മരണമില്ല.അവ അങ്ങിനെ നമ്മുടെ ഹൃദയത്തിലൊരു കോണില്‍ കനലായിക്കിടക്കും.
ചിലത് സന്തോഷകരമായിരിക്കും..മറ്റ് ചിലത് കണ്ണീര്‍ പുരണ്ടവയും..
എന്റെ ഉള്ളിലുമുണ്ടൊരേട്‌..
പൊടി പിടിക്കാതെ..
ചിതല്‍ പിടിക്കാതെ..
ആ സ്മരണയ്ക്ക് മരണത്തിന്റെ മണമാണ്..
ആ മിഴിവാര്‍ന്ന ചിത്രത്തിലുള്ളത് എന്റെ ഉമ്മയും!
വര്‍ഷം പത്തു കഴിഞ്ഞെങ്കിലും വേര്‍പാടിന്റെ വിതുമ്പലുകള്‍ ഇന്നുമീ നെഞ്ചില്‍ കിടന്ന് കുറുകിക്കൊണ്ടിരിക്കുന്നു..

പക്ഷാഘാതമായിരുന്നു തുടക്കം.
അതിന്റെ ഭീകരമുഖം എന്റെ പരിമിതമായ അറിവുകള്‍ക്കെല്ലാമപ്പുറമായിരുന്നു.
അറിയാവുന്ന ഭാഷയിലെല്ലാം ദൈവത്തെ വിളിച്ചു കേണു..ഡോക്ടറുടെ മുമ്പില്‍ എന്റെ കണ്ണീര്‍ സംസാരിച്ചു.
നാള്‍ കഴിയുന്തോറും സ്ഥിതി വഷളായിക്കൊണ്ടേയിരുന്നു.
മാസ്സീവ്‌ സ്ട്രോക്ക് എന്ന് ഡോക്ടര്‍ വിധിയെഴുതി.
എന്റെ ലോകം കീഴ്മേല്‍ മറിഞ്ഞു.

ഐ സി യുവിന്റെ മുമ്പിലെ ദുസ്സഹമായ കാത്തിരിപ്പിലൂടെ ഞാന്‍ ആശുപത്രിയും അതിലെ അന്തേവാസികളെയും അറിയുകയായിരുന്നു.ഈ മാസ്സീവ്‌ സ്ട്രോക്ക് പോലും എത്ര നിസ്സാരമെന്ന് തോന്നിച്ച അനുഭവങ്ങള്‍ കണ്ടും കേട്ടും ഞാന്‍ മനസ്സ് മരവിച്ചവളായി..
"നിങ്ങള്‍ മാസത്തിലൊരിക്കല്‍ ആശുപത്രി സന്ദര്‍ശിക്കണമെന്ന" പ്രവാചക വചനത്തിന്റെ ആന്തരാര്‍ത്ഥം ഞാനവിടെ കണ്ടറിഞ്ഞു...
എന്റെ ദിനചര്യ ഐ സി യു വിനെച്ചുറ്റിപ്പറ്റി ഒതുങ്ങി.
വീട്ടില്‍ക്കിടക്കുന്ന മൂന്ന് വയസ്സുകാരി മോളോ,ദിവസങ്ങള്‍ക്കു മുമ്പ് ലീവില്‍ നാട്ടിലെത്തിയ പ്രവാസിയായ ഭര്‍ത്താവോ ഒന്നും അപ്പോഴെന്റെ മനസ്സിലുണ്ടായിരുന്നില്ല.
എന്റെ ഇക്കാക്കമാരോടൊപ്പം ഉമ്മയുടെ മറ്റൊരു മകനായി എനിക്ക് അദ്ദേഹം തന്ന പിന്തുണ മരിച്ചാലും മറക്കാന്‍ കഴിയുമോ?
ഉറക്കം എന്നെ വിട്ടൊഴിഞ്ഞു,ട്യൂബ് ഫീഡ് നടത്തുന്ന ഉമ്മയെ കാണുമ്പോള്‍ എനിക്ക് പിന്നെ ഭക്ഷണം വേണമെന്നില്ലായിരുന്നു..
കോമാ സ്റ്റേജ് എത്ര ദയനീയമാണെന്ന് ഉമ്മയിലൂടെ ഞാനറിഞ്ഞു..
ചെറുപ്പത്തിലെപ്പോഴോ ആഗ്രഹിച്ച നഴ്സിംഗ് എന്നെത്തേടി വന്നതാണോ?
ട്യൂബ് ഫീഡിംഗ് ഞാന്‍ പഠിച്ചു.secretion കണ്ടാല്‍ അത് പുറത്തെടുക്കാന്‍ എനിക്കാരെയും വേണ്ടെന്നായി.
ഒരിക്കല്‍ ഐ സി യുസില്‍ നിന്നും ആ കാഴ്ച കണ്ട് ഞാന്‍ വേദനയോടെ മുഖം തിരിച്ചപ്പോള്‍ നേഴ്സ് പറഞ്ഞു "അങ്ങിനെ നില്‍ക്കല്ലേ,നാളെ നിങ്ങള്‍ സ്വയം ചെയ്യേണ്ടതാ ഇതൊക്കെ.."
അന്നത് പേടിയോടെ കേട്ട ഞാന്‍ തന്നെയാണോ ഇതൊക്കെ ചെയ്യുന്നത്?

നോമ്പും പെരുന്നാളും ഒക്കെ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ കടന്നു പോയി..
രാവും പകലും കടന്നുപോകുന്നതറിയാതെ ഉമ്മ കിടക്കയില്‍ തന്നെ..
രണ്ട് മാസത്തെ ആശുപത്രി വാസത്തിനിടെ ഡോക്ടര്‍മാരുമായും,നേഴ്സ് മാരുമായും വളരെ അടുക്കുകയും അവരുടെ സഹകരണത്തോടെ ഉമ്മയുടെ പരിചരണം കുറേക്കൂടി എളുപ്പമാവുകയും ചെയ്തു.
അവരുടെ മെഡിക്കല്‍ terms ചിലതൊക്കെ എനിക്കും കേട്ടാല്‍ മനസ്സിലാകുമായിരുന്നു.

ഇപ്പോള്‍ അങ്ങിനെ വല്ലതും ഞാനിടയ്ക്ക് പ്രയോഗിക്കുന്നത് കേട്ടാല്‍ എന്റെ ആങ്ങള പറയും "ഓ,നീ എം ബി ബി എസ് മൂന്നാമത്തെ കൊല്ലമായിരുന്നു കോളേജ് വിട്ട് കളഞ്ഞത് അല്ലെ?.."അതെ പോലെ വല്ല ഗുളികയും നോക്കി ഇതെന്തിനുള്ളതാണാവോ എന്ന് സംശയിക്കുന്നത് കണ്ടാല്‍ ഉടനെ തുടങ്ങും "ഇത് പഠിപ്പിച്ച അന്ന് നീ ലീവ് ആയിരുന്നല്ലേ?"എന്ന്..

കിട്ടാവുന്നതില്‍ വെച്ചേറ്റവും മികച്ച ചികിത്സ നല്‍കിയിട്ടും,നല്കാവുന്നതില്‍ വെച്ചേറ്റവും നല്ല പരിചരണം കൊടുത്തിട്ടും ദൈവം അനുവദിച്ച സമയം തീര്‍ന്നപ്പോള്‍ ഉമ്മ ഈ ലോകത്തോട്‌ വിട പറഞ്ഞു.
ഇന്ത്യ ലാത്തൂര്‍ ഭൂകമ്പത്തില്‍ ഞെട്ടിത്തരിച്ച നേരത്ത് ഞങ്ങളും ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അനുഭവിക്കുകയായിരുന്നു.
ഉമ്മ പറയാറുണ്ടായിരുന്നു "തന്നെ പെറ്റതും താന്‍ പെറ്റതും"എന്ന്.
അങ്ങിനെ എനിക്ക് വഴക്ക് കൂടാനും എന്നെ വഴക്ക് പറയാനും ആരുമില്ലാതായി..നമുക്ക് സ്നേഹിക്കാനും നമ്മെ സ്നേഹിക്കാനും ഈ ലോകത്ത് അവരെ കഴിച്ചല്ലാതെ വേറെ ആരെങ്കിലുമുണ്ടാകുമോ?
രോഗശയ്യയിലായിരുന്ന ഉമ്മയെ പരിചരിച്ചതിലൂടെ കിട്ടിയ സംതൃപ്തിയാണ് ഇന്ന് ഞാനനുഭവിക്കുന്ന ഏറ്റവും വലിയ സുഖം..

അതിന്‌ ശേഷമാണ് കഥകളിലും നോവലുകളിലും മുഴുകിയിരുന്ന ഞാന്‍ ഗൌരവതരമായ വായനയിലേക്ക് തിരിഞ്ഞത്.ആരോഗ്യ സംബന്ധമായ ലേഖനങ്ങള്‍ എവിടെ കണ്ടാലും വായിച്ചു തീര്‍ക്കും.
രക്തസമ്മര്‍ദ്ദം അധികമായതാണ് ഉമ്മാക്ക് സ്ട്രോക്ക് വരാന്‍ കാരണം.
ഇപ്പോള്‍ ആര്‍ക്കെങ്കിലും രക്തസമ്മര്‍ദ്ദം ഉണ്ടെന്നറിഞ്ഞാല്‍ ഉപ്പു കുറക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും മറ്റും ഒരു ചെറു ക്ലാസ് എങ്കിലും എടുത്തേ ഞാന്‍ അവരെ വിടൂ.
ചിലര്‍ക്ക് എന്റെ ഈ lecture മടുക്കുന്നുണ്ടാകും.പക്ഷെ എനിക്കന്ന് ഇങ്ങിനെ പറഞ്ഞു തരാന്‍ ആരുമില്ലാതെ പോയി.
ആയുസ്സ് തീര്‍ന്നാല്‍ മരിക്കും.പക്ഷെ അത് വരെ ആരോഗ്യത്തോടെ ജീവിക്കാന്‍ നമുക്ക് ശ്രമിക്കാമല്ലോ.