"ഇത്താത്താ കല്‍ക്കത്തയിലേക്ക് വരുന്നോ?"
"ങേ..പിന്നില്ലാതെ..."
അതിശയവും,വിസ്മയവും,സന്തോഷവും എന്ന് വേണ്ട നവരസങ്ങള്‍ ഒത്തു ചേര്‍ന്നായിരുന്നു ആവേശത്തിലുള്ള എന്റെ മറുപടി.സരസയും,സംസാരപ്രിയയുമായ എന്റെ niece ആയിരുന്നു ഫോണിന്റെ അങ്ങേത്തലയ്ക്കല്‍.
അവളും മക്കളും,ദീര്‍ഘകാലം കല്‍ക്കത്തയിലുണ്ടായിരുന്ന അവളുടെ ഉപ്പയും(എന്റെ ആങ്ങള)ഒക്കെക്കൂടി കല്‍ക്കത്തയിലേക്ക് പോകാനുദ്ദേശിക്കുന്നു.കൂട്ടത്തില്‍ ഞാനും കൂടുന്നോ എന്ന് ചോദിച്ചതായിരുന്നു.
എന്റെ സന്തോഷത്തിനതിരില്ലായിരുന്നു...
aaj main ooppar..aasmaan neeche..എന്നൊക്കെ പാടിപ്പോയി..
എത്ര കാലം മുമ്പുള്ള ആഗ്രഹമാണിത്..
കല്‍ക്കത്ത!
ഇന്നത്തെ കൊല്‍ക്കത്തയല്ലത്.
മടിപിടിച്ചിരുന്ന ശരീരവും മനസ്സും പിന്നെ ഒന്നിച്ചുണരുകയായിരുന്നു.നടത്തത്തിന് സ്പീഡ് കൂടി..സംസാരത്തില്‍ ചിരിയും കളിയും..
മൊത്തത്തിലൊരുന്മേഷം.
കോളേജിലായിരുന്ന മോളെ ക്ലാസ്സ് അവര്‍ ആണെന്ന ബോധമില്ലാതെ തന്നെ വിളിച്ചു.അവളുടെ ഓക്കേ കിട്ടിയതോട് കൂടി ഞാന്‍ പിന്നെ niece നെ വിളിച്ച് ഡബിള്‍ ഓക്കേ കൊടുത്തു.
പിന്നെ ഞങ്ങള്‍ രണ്ടാളുടെ ഫോണുകളും ഇടതടവില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു.നിര്‍ത്താതെയുള്ള വിളി കണ്ട് ആങ്ങളയുടെ ഭാര്യ അമ്പരന്നപ്പോള്‍ ഞാന്‍ പറഞ്ഞു "അമ്മായീ ഏതായാലും നനഞ്ഞു,ഇനി കുളിച്ചു കയറല്‍ തന്നെ.."
ഫോണില്‍ കൂടി യാത്ര സംബന്ധമായ സ്വപ്നങ്ങള്‍ പങ്കിട്ടു..
ഞങ്ങളുടെ ടൂറിന് എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ച ഭര്ത്താക്കന്മാരെക്കുറിച്ച് സ്തുതിഗീതങ്ങള്‍ പാടി..
കല്‍ക്കത്തയിലെ തെരുവില്‍കൂടി ട്രാമുകളില്‍ യാത്ര ചെയ്തു..
മെട്രോയില്‍ കയറി..
വിക്ടോറിയ മെമ്മോറിയല്‍ കാണാന്‍ പോയി..
രസഗുള കഴിച്ചു..
അങ്ങിനെയങ്ങിനെയങ്ങിനെ....
യാത്രയില്‍ ബുര്‍ഖ ധരിക്കാം,അവിടെ നിന്നും ഏതൊക്കെ സാരികള്‍ ഏതൊക്കെ ദിവസങ്ങളിലുടുക്കണം?
ഇതൊക്കെയും മനസ്സില്‍ പ്ലാന്‍ ചെയ്തു.ചെറിയ മോള്‍ക്ക് രണ്ട് കുര്‍ത്ത വാങ്ങിയാല്‍ മതിയത്രേ..
എനിക്കു ട്രെയിനിലെ ഭക്ഷണമൊന്നും പറ്റില്ല,അതിനാല്‍ സ്നാക്ക്സ് നല്ലോണം കരുതണം..
ഇനി ഒരല്പം ഫ്ലാഷ് ബാക്ക്.
ഉപ്പ കല്‍ക്കത്തയില്‍ കച്ചവടക്കാരനായിരുന്നു.
എന്റെ മജ്ജയിലും,മാംസത്തിലും,ചിന്തകളിലും,വേദനകളിലും കല്‍ക്കത്തയുടെ ഒരംശമുണ്ട്.
കുഞ്ഞുന്നാളില്‍ കളിച്ചിരുന്നത് വംഗ നാട്ടില്‍ നിന്നും കൊണ്ട് വന്ന മരത്തിന്റെ കുക്കിംഗ് സെറ്റ് കൊണ്ടായിരുന്നു..
ധരിച്ചിരുന്നത് അവിടെനിന്നും കൊണ്ടുവന്ന വസ്ത്രങ്ങള്‍..
കൌമാരസ്വപ്നങ്ങളില്‍ കുലുങ്ങിയിരുന്ന കുപ്പിവളകളും അവിടെ നിന്ന് വന്നത് തന്നെ..
വിവാഹനാളില്‍ അണിഞ്ഞിരുന്നത് കല്‍ക്കത്തയിലെ ഏതോ തട്ടാന്‍ ഉണ്ടാക്കിയ ആഭരണങ്ങള്‍..
ഹൌറ എന്ന പദം തറ പറ പോലെ ഞങ്ങള്‍ക്ക് സുപരിചിതമായിരുന്നു.
ഉപ്പാക്ക് ശേഷം ആങ്ങള അവിടെ തുടര്‍ന്നു.
കല്‍ക്കത്തയിലെ കച്ചവടത്തിന്റെ കയറ്റിറക്കങ്ങള്‍ ഞങ്ങളുടെ ജീവിതത്തിന്റെ താളങ്ങളിലും മാറ്റങ്ങളുണ്ടാക്കി.
അവസാനം ആങ്ങളയും ആ വലിയ നഗരത്തോട് വിട പറഞ്ഞു.
എന്നിട്ടും അവിടം കാണാനുള്ള ആശ ഹൃദയത്തിലെവിടെയോ പറ്റിപ്പിടിച്ച് കിടന്നിരുന്നു.
"ഇത്താത്താ കല്‍ക്കത്തയിലേക്ക് വരുന്നോ?"എന്ന ചോദ്യത്തോടെ ആ മോഹമാണ് ഉയിരോടെ പുറത്തു വന്നിരിക്കുന്നത്.
വീണ്ടും വര്‍ത്തമാനത്തിലെത്താം.
ഞങ്ങളുടെ ടൂര്‍ വാര്‍ത്ത കുറേശ്ശെ ബന്ധുക്കളുടെയിടയില്‍ പരന്നു.കല്‍ക്കത്തയിലെന്തുണ്ട് കാണാനെന്ന ചോദ്യത്തിനുത്തരം കൊടുക്കലായി പിന്നെ ഞങ്ങളുടെ പണി.
അതിനിടയില്‍ എന്റെ സഹോദരന് അവിടെയുള്ള പരിചയക്കാരനെ വിളിച്ച് താമസസൌകര്യം ഒക്കെ ഏര്‍പ്പാടാക്കാന്‍ പറഞ്ഞു.
എന്റെ വേറൊരിക്കാക്ക(മൂപ്പരും എക്സ് കല്‍ക്കത്ത ആണ്) പറഞ്ഞു.ഡാര്‍ജിലിംഗ് അവിടെ നിന്നും വളരെ അടുത്താണ് നിങ്ങള്‍ ഏതായാലും പോകുന്ന സ്ഥിതിക്ക് അവിടെയും കൂടി കണ്ടേക്കൂ എന്ന്.
ഞങ്ങള്‍ക്കും പെരുത്ത് സന്തോഷം.
ഡാര്‍ജിലിംഗ് കണ്ടേ മതിയാകൂ എന്നായി.
അപ്പോഴാണ് ഞാനോര്‍ത്തത് പ്രിയപ്പെട്ടവന് സമ്മാനിച്ച ഒരു കാശ്മീരിഷാള്‍ അലമാരിയില്‍ വെറുതെ കിടപ്പുണ്ട്.അതുപയോഗിക്കാന്‍ ഇതിലും നല്ലൊരവസരം വേറെ എപ്പോള്‍ കിട്ടും?
ആങ്ങളയുടെ മകള്‍ എന്നെക്കാള്‍ ഒരു പടി മുന്നോട്ട് പോയി..
അവള് ഡാര്‍ജിലിംഗ് ല്‍ നിന്നെടുത്ത ഫോട്ടോ കമ്പ്യൂട്ടര്‍ ല്‍ ലോഡ് ചെയ്യലും കാണലും ഒക്കെ കഴിഞ്ഞു!
കൂടാതെ കുറച്ചു ഷോപ്പിങ്ങും.
അപ്പോഴാണ് എന്റെ ഇക്കാക്കമാര് വേദനയോടെ ഒരു കാര്യമറിയിക്കുന്നത് ..
ഞങ്ങള്‍ സ്വപ്നങ്ങളില്‍ നീന്തിത്തുടിക്കുന്ന നേരത്ത് അവര്‍ റെയില്‍വേ സ്റ്റെഷനിലും,പ്രൈവറ്റ് ഏജന്‍സിയിലും,ഓണ്‍ ലൈനിലുമൊക്കെ ടിക്കറ്റിന് വേണ്ടി പരതുകയായിരുന്നു!
ഒരു രക്ഷയുമില്ലത്രേ..
പ്രൈവറ്റ് ഏജന്‍സിയില്‍ നിന്നും പരിഹസിച്ചു പോലും,ഇപ്പോള്‍ ജൂണിലേക്കുള്ള ബുക്കിംഗ് ആണ് നടന്ന് കൊണ്ടിരിക്കുന്നത്,നിങ്ങള്‍ എവിടെയായിരുന്നു എന്ന്..
ആരോ പറഞ്ഞ പോലെ എല്ലാം വളരെ പെട്ടെന്നായിരുന്നു..
എന്റെ ജനപ്രിയ കണക്ഷനില്‍ കുറെ റീചാര്‍ജ് ചെയ്യേണ്ടി വന്നത് ബാക്കി ഭാഗം.
ആദ്യം സന്തോഷം പങ്കിടാനാണ് വിളിച്ചിരുന്നതെങ്കില്‍,സങ്കടം പങ്കിടാനും കുറെ വിളിചു.
എല്ലാം മുട്ടക്കാരന്റെ സ്വപ്നങ്ങളായിരുന്നു..
ഈ നിരാശ മാറ്റാന്‍ വേറൊരു ചെറിയ ട്രിപ്പ് പ്ലാന്‍ ചെയ്തൂടെ എന്ന ഒരു സംസാരമുണ്ടായി.ഊട്ടി,ബാംഗ്ലൂര്‍ ഒക്കെ ചര്‍ച്ചയ്ക്കു വന്നു.
പക്ഷെ,അതൊക്കെ ഐസ് ക്രീമിന് കൊതിച്ചിട്ട് ലോലി പോപ് കിട്ടിയപോലെയല്ലേ ആകൂ..