
OCD അഥവാ Obsessive compulsive disorder എന്ന അവസ്ഥയെപ്പറ്റി പലരും കേട്ടിട്ടുണ്ടാവും.
ചെയ്ത കാര്യം ശരിയായിട്ടില്ല എന്ന തോന്നലില്‍ പിന്നെയും പിന്നെയും ചെയത് കൊണ്ടേയിരിക്കും ഇക്കൂട്ടര്‍.
വീട് എത്ര തുടച്ചു വൃത്തിയാക്കിയാലും പൊടിയുടെ ഒരു കണിക മതി ഇവരെ പ്രകോപിതരാക്കാന്‍.വീട്ടിലുള്ള മറ്റു അംഗങ്ങളാണ് ഇവരുടെ ഇരകള്‍.അവര്‍ക്ക് യഥേഷ്ടം നടക്കാനോ കിടക്കാനോ പറ്റില്ല.
എന്റെയൊരു ബന്ധു ഉണര്‍ന്നയുടന്‍ കിടക്ക വിരിച്ചു പുതപ്പു മടക്കി അലമാരിയില്‍ ഭദ്രമായി വെക്കും.പ്രവാസിയായ ഭര്‍ത്താവ് നാട്ടില്‍ വന്നപ്പോള്‍ അയാള്‍ കുറച്ചുനേരം കൂടി പുതപ്പിനുള്ളില്‍ കിടക്കാന്‍ നോക്കി . ഇവളുണ്ടോ സമ്മതിക്കുന്നു..?മൂപ്പരും നേരത്തെ എണീറ്റ് തേരാ പാരാ നടക്കാന്‍ തുടങ്ങി..
പുതപ്പ് അലമാരിയില്‍ നിന്നെടുക്കണമെങ്കില്‍ രാത്രിയാകണമല്ലോ..
ഒരാളെപ്പറ്റി കേട്ടിട്ടുണ്ട്,അയാള്‍ക്ക് സ്വയം തന്നെ കിടക്ക വിരിക്കണം.ഒരു ചെറിയ ചുളിവു പോലും പാടില്ല.നന്നായി വിരിച്ച ആ കിടക്ക നോക്കി ആസ്വദിച്ചു അതിനരികില്‍ ഒരു ചാരുകസേരയിട്ടു അയാള്‍ അതിലുറങ്ങുമായിരുന്നത്രേ..
മൊബൈല്‍ പോലും കഴുകുന്ന ചിലരുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ നമ്മള് അതിശയം കൂറുമെങ്കിലും സംഗതി വാസ്തവമാണ്.
അമിതമായ വൃത്തിബോധം അവരെക്കൊണ്ടു അങ്ങിനെ ചെയ്യിക്കുന്നു.
ലളിതാംബിക അന്തര്‍ജനത്തിന്റെ "അഗ്നിസാക്ഷി"യിലെ ജലപിശാചു മുത്തശ്ശിയെ ഓര്‍മിപ്പിക്കുന്ന ചില സ്ത്രീകളെ എനിക്കറിയാമായിരുന്നു...അവര്‍ കുളിക്കാന്‍ ആറും ഏഴും മണിക്കൂറുകള്‍ എടുക്കുമായിരുന്നു..
എല്ലാ നേരവും ചൂലും കൊണ്ട് നടക്കുന്ന എന്റെയൊരടുത്ത ബന്ധുവിന്റെ വിവാഹ വാര്‍ഷികത്തിന് സമ്മാനമായി ഞാന്‍ ഒരു ചൂല് തന്നെ നന്നായി പായ്ക്ക് ചെയത് കൊണ്ട് പോയി..നിര്‍ഭാഗ്യമെന്നു പറയട്ടെ,അത് ഓട്ടോയില്‍ വെച്ച് മറന്നു..മനോഹരമായി പായ്ക്ക് ചെയ്ത ചൂല് കിട്ടിയ ഓട്ടോ ഡ്രൈവറുടെ പ്രതികരണമെന്തായിരുന്നോ ആവോ..?
അവളുടെ കുട്ടികള്‍ പറയാറുണ്ട് ഉമ്മ കുളിപ്പിച്ചാല്‍ ജലദോഷം പിടിക്കും,ഉമ്മാമ കുളിപ്പിച്ചാല്‍ കുഴപ്പമില്ല എന്ന്.
ഇനി പറയൂ.. അതിഥികള്‍ വന്നാല്‍ വീട് വൃത്തികേടാകും എന്ന് ടെന്‍ഷന്‍ അടിക്കുന്നവരാണോ നിങ്ങള്‍??