Monday, October 24, 2011

മായാലോകത്തേക്കൊരെത്തി നോട്ടം..

പരസ്യങ്ങളില്ലാത്തൊരു ലോകം നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല.
വര്‍ണമനോഹരമായ ചിത്രങ്ങളും, വാചാലമായ വാക്കുകളും കൊണ്ട് സമ്പന്നമാണത്.
ക്യാച്ചി words ഉരുത്തിരിയുന്ന തലച്ചോറുകളുടെ ഉടമകളെ നമ്മള്‍ കൈകൂപ്പിയെ പറ്റൂ..

ആ ലോകത്തിലെ രസങ്ങളിലൂടെ,രസക്കേടുകളിലൂടെ ഒരു ഒരു കാഴ്ച്ചക്കാരിയുടെ
യാത്രയാണിത്‌.

ചില പത്രങ്ങള്‍ കണ്ടാല്‍ ശരിക്കും അത് പരസ്യത്തിനു വേണ്ടി മാത്രമുള്ളതാണെന്നേ കരുതൂ.
മുന്‍പേജില്‍ വെണ്ടയ്ക്ക അക്ഷരത്തിലുള്ള ബഹുവര്‍ണ തലക്കെട്ടുകള്‍ ചിലപ്പോള്‍ സോപ്പിന്റെതോ കാറിന്റെതോ ആയിരിക്കും..
ടിവിയില്‍ വരുന്ന പരസ്യങ്ങള്‍ കൊണ്ട് പല പ്രയോജനങ്ങളുമുണ്ട്.
ഒന്ന് മൂത്രമൊഴിക്കാനോ,അല്ലറ ചില്ലറ പണികള്‍ തീര്‍ക്കാനോ നേരമുപകരിക്കും.
BHAJSA(Babar,Humayun,Akbar,Jahangir,Shajahan,Aurangazeeb) എന്ന acronym പഠിക്കാത്തവര്‍ക്കിതാ പിയേര്‍സ് ഒരുക്കിയ സ്റ്റൈലന്‍ പരസ്യം."ബാബര്‍ കാ ബേട്ട ഹുമയൂണ്‍.."

വീട്ടില്‍ വന്നൊരു ബന്ധു വനിതാ മാഗസിന്‍ നോക്കുകയായിരുന്നു.പുള്ളിക്കാരന്റെ പിന്നില്‍ നിന്നും എന്റെ എളാമ അസഹ്യതയോടെ ചോദിച്ചു,"ഇതെന്താ മോനെ,ഇതിലിത്രപ്പെരുത്ത് നോക്കാന്‍..?"
ഇത് കേട്ട ബന്ധു ചീറിക്കൊണ്ട് പറഞ്ഞു,"*പോട് കോയാ ഞാനീ ബേസിന്‍ നോക്കിയതാ.."
പണിതു കൊണ്ടിരിക്കുന്ന വീട്ടിലേക്കു സാനിട്ടറി വാങ്ങുന്ന തിരക്കിലായിരുന്നു മൂപ്പര്‍.പുതിയൊരു മോഡല്‍ കണ്ടപ്പോള്‍ ഒന്ന് ശ്രദ്ധിച്ചു അത്ര തന്നെ..
എളാമയെ
ചൊടിപ്പിച്ചത് അതും ചാരി നില്‍ക്കുന്ന അല്‍പ വസ്ത്രധാരിണിയായ മങ്ക!
ഈ ബേസിനെന്താ സ്ത്രീകളേ ഉപയോഗിക്കുള്ളൂ?

സോപ്പ് എന്ന സാധനം പിന്നെ ദൈവം പെണ്ണുങ്ങള്‍ക്കായി മാത്രം സൃഷ്ട്ടിച്ച വസ്തുവാണ്..!
പരസ്യലോകം
നമ്മോട് പറയുന്നതതല്ലേ?
അടി വസ്ത്രങ്ങളുടെ പരസ്യങ്ങളുടെ കാര്യത്തില്‍ എല്ലാ കെട്ടും പൊട്ടിച്ചു കഴിഞ്ഞിരിക്കുന്നു.ഞാന്‍ ഒരു വനിതാ മാസിക ഈയൊരു കാര്യം കൊണ്ട് തന്നെ നിര്‍ത്തിക്കളഞ്ഞു.സത്യം പറഞ്ഞാല്‍ കുടുംബത്തീക്കയറ്റാന്‍ കൊള്ളില്ല.
പുട്ടില്‍ തേങ്ങ തിരുകിയപോലെ ബ്രായുടെയും പാന്റീസിന്റെയും പടങ്ങളുടെ ചാകരയാണ്..
സാരിയുടെ പരസ്യങ്ങളാകട്ടെ,ഇപ്പോള്‍ ബ്ലൌസിന്റെ പ്രദര്‍ശനങ്ങളാണ്.അങ്കവും കാണാം,താളിയും ഒടിക്കാം..

പഴഞ്ചൊല്ലിന് പകരം നമ്മുടെയൊക്കെ നാക്കിന്‍ തുമ്പത്തിന്ന് പരസ്യവാചകങ്ങളല്ലേ?

ഹജ്ജിന് പോയ അമ്മായിയുടെ സുഖ വിവരം അന്യേഷിച്ച വൃദ്ധയായ ബന്ധു അമ്മായിയുടെ സരസയായ മകളുമായി നടത്തിയ ഫോണ്‍ സംഭാഷണം..(ആ വര്‍ഷം പോകുമോ ഇല്ലയോ എന്നറിയാതെ ഒരു പാട് പേര്‍ ഹജ്ജ് യാത്രക്കൊരുങ്ങി നില്‍പ്പായിരുന്നു.)
ബന്ധു : "ഓളെത്തി വിവരം വന്നോ മോളെ..?ഓളെ വിശ്വാസം ഓളെ കാത്തു."
മകള്‍: "ങാ..വിശ്വാസം അതല്ലേ എല്ലാം.."
ബന്ധു :"അതന്നെ മോളെ..അത് മാത്രാ..."

കെട്ടിയോന്റെ ഷര്‍ട്ടിലെ കറ പോക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ മൂപ്പരുടെ വക കമന്റ്:
"കറ നല്ലതാ..!"

ഒരു ക്രിക്കറ്റ് വേള്‍ഡ് കപ്പ് കാലത്ത് മോട്ടോറോളയുടെ ഉഗ്രനൊരു പരസ്യമുണ്ടായിരുന്നു.'വണ്‍ ബ്ലാക്ക്‌ കോഫി പ്ലീസ്..'
ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ അത്?

ഇന്ന് നമ്മള്‍ ഉറക്കില്‍പ്പോലും പറഞ്ഞുപോകുന്നൊരു വാക്കാണല്ലോ 'ഗോഡ്സ് ഓണ്‍ കണ്‍ട്രി.'അതും ഒരു പരസ്യക്കമ്പനിയുടെ സംഭാവനയാണത്രെ..ആ അനുഗ്രഹീതന് എന്നെന്നും ഓര്‍ത്തോര്‍ത്ത് അഭിമാനിക്കാന്‍ ഇനിയെന്ത് വേണം?
അതിന്റെ കൂടെപ്പറയുന്ന ഡെവിള്‍സ് ഓണ്‍ പീപ്പിള്‍ ആരുടെ വികടസരസ്വതിയാണാവോ?

അതേപോലെ വനമാല എത്ര പെട്ടെന്നാണ് നമ്മുടെ കഴുത്തിലെ മാല പോലെ സ്വന്തമായത്?
ജനിച്ചാലും മരിച്ചാലും ഇപ്പോള്‍ ലഡ്ഡു പൊട്ടലാണ്.
ഇടി വെട്ടേണ്ടിടത്തും,വെടി പൊട്ടേണ്ടിടത്തും ഒക്കെ ഇപ്പോള്‍ ലഡ്ഡുവാണ് താരം.ഇനിയൊരു പരസ്യ വെടി പൊട്ടും വരെ ലഡ്ഡു പൊട്ടിക്കൊണ്ടേയിരിക്കും..

ചെറിയമോള്‍ എന്തൊക്കെയോ കൊസറാക്കൊള്ളി ഒപ്പിച്ചിട്ട് ചോദിക്കുകയാ "വാട്ട് ആന്‍ ഐഡിയ സര്‍ജി..?"
ഇനിയുമെന്തെല്ലാം മായക്കാഴ്ചകള്‍..

*കോയ എന്നത് ഇവിടങ്ങളില്‍ ആണ്‍പെണ്‍ ഭേദമെന്യേ വിളിക്കുന്ന പേരാണ്.

Wednesday, September 28, 2011

സൌഹൃദത്തിന്റെ സ്വാദ്



ബൂലോകത്ത് വന്നതുമുതലുള്ള ആശയാണ് ബ്ലോഗ്‌ മീറ്റ്‌ എന്നത്.സമയവും സന്ദര്‍ഭവും ഒത്തു വരാത്തതിനാല്‍ ഇത് വരെ ആ ആഗ്രഹം നിറവേറിയില്ല.
ബ്ലോഗ്‌മീറ്റ്കളെപ്പറ്റിയുള്ള പോസ്റ്റുകളൊക്കെ ആവേശത്തോടെയും ആര്‍ത്തിയോടെയുമായിരുന്നു വായിച്ചിരുന്നത്.
ആ വായനയില്‍ തൃപ്തിയടഞ്ഞും,എന്നെങ്കിലുമൊരിക്കല്‍ പങ്കെടുത്തേക്കാവുന്ന മീറ്റ് സ്വപ്നത്തില്‍ കണ്ടുമായിരുന്നു ഞാന്‍ സായൂജ്യമടഞ്ഞിരുന്നത്.

അങ്ങിനെയിരിക്കുമ്പോഴതാ ബ്ലോഗ്‌ വഴി പരിചയപ്പെട്ട,ഞാന്‍ അനിയത്തിയായും ,മകളായും ഒക്കെ കരുതുന്ന ജാസ്മിക്കുട്ടി നാട്ടില്‍ വരുന്നു..
നാട്ടിലെത്തി അടുത്ത ദിവസങ്ങളില്‍ത്തന്നെ ഫോണില്‍ക്കൂടെ സംസാരിക്കുകയും തീര്‍ച്ചയായും നേരില്‍ കാണാമെന്ന് ഉറപ്പ് തരികയും ചെയ്തു.
ഞാന്‍ ആദ്യബ്ലോഗ് മീറ്റിനു വേണ്ടി പ്രതീക്ഷയോടെ കാത്തിരുന്നു..
അങ്ങിനെ ആ സുദിനം വന്നെത്തി....

മഴക്കാലമായിരുന്നെങ്കിലും മാനം തെളിഞ്ഞു നിന്ന ആ പകലില്‍ പ്രകാശം പൊഴിച്ച് കൊണ്ട് ജാസ്മിക്കുട്ടിയും കുടുംബവും ഞങ്ങളുടെ പടി കടന്ന് വന്നു!
ജാസ്മിക്കുട്ടിയെപ്പറ്റി ഞാന്‍ എന്താണോ വിചാരിച്ചിരുന്നത്,അതേ പോലെയായിരുന്നു ആ കുട്ടി..
സന്തോഷവും,സൌഹൃദവും തിരതല്ലിയ ആ നിമിഷങ്ങള്‍ എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല.
നിറഞ്ഞ ചിരിയുമായി ഇത്ത എന്ന് വിളിച്ചു കൊണ്ട് എന്റെ പിന്നാലെ നടക്കുമ്പോള്‍ എനിക്ക് തോന്നി ഈ 'ഇത്ത' വിളിയേക്കാള്‍ ഹൃദ്യമായി ഈ ലോകത്ത് വേറൊന്നും തന്നെയില്ലെന്ന് !
അത്രയ്ക്കും ശ്രവ്യ സുന്ദരമായിരുന്നത്..
ജാസ്മിക്കുട്ടി എന്നത് ബ്ലോഗ്ഗറുടെ മകളുടെ പേരാണ്.ആ മിടുക്കിക്കുട്ടിയെ ഓമനിക്കുമ്പോള്‍ ഇത് സ്വപ്നമോ സത്യമോ എന്ന് സംശയിച്ചു!

എവിടെയോ കിടക്കുന്ന ആള്‍ക്കാര്‍ തമ്മില്‍ ഇങ്ങിനെയൊരു കെമിസ്ട്രി രൂപപ്പെടുന്നതില്‍ ബൂലോകത്തിന്റെ പങ്ക് അപാരം..
ബൂലോകമെന്ന സ്നേഹലോകത്തെപ്പറ്റി ഞാന്‍ നന്ദിയോടെ,അത്ഭുതത്തോടെ ഓര്‍ത്തു.
ഞാനിവിടെ എത്താനിടയാക്കിയ നിമിത്തങ്ങള്‍ എന്നില്‍ സന്തോഷകരമായ സ്മരണയായി.ആ സ്മരണകള്‍ പുറത്ത് കാണുന്ന പുഞ്ചിരിയായി...
ജാസ്മിക്കുട്ടി എനിക്ക് സമ്മാനിച്ച ഉപഹാരമാണ് മുകളില്‍ കാണുന്ന ചിത്രത്തിലുള്ളത്.
സ്പൈസി ഫുഡ്‌ ഇഷ്ട്ടപ്പെടുന്ന എന്റെ രുചിക്കൂട്ടുകളിലേക്ക് ഉപ്പും കുരുമുളകും വിതറിയൊരു സ്നേഹപൂര്‍ണമായ കയ്യൊപ്പ്..

Monday, June 27, 2011

ഞങ്ങള്‍ക്കെന്താ ജയിച്ചൂടെ??

'തലയുള്ളടത്തോളം നാള്‍ മൂക്കിലെ വെള്ളം വറ്റൂല" എന്ന് പറഞ്ഞ പോലെയാണ് സി ബി എസ് ഇയുടെ സാന്നിധ്യത്തില്‍ കേരള സിലബസ് കേള്‍ക്കുന്ന പഴി.

സി ബി എസ് ഇ സിലബസ് മോശമാണെന്ന് ഞാന്‍ പറയുന്നില്ല.പക്ഷെ കേരള സിലബസ് പഠിച്ച് ഉയര്‍ന്ന ഗ്രേഡ് വാങ്ങിയവരെ നോക്കി ഇതെല്ലാം നിങ്ങള്‍ക്ക്‌ ദാനം കിട്ടിയ മാര്‍ക്കല്ലേ എന്ന വിധത്തിലുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് സഹിക്കാന്‍ വിഷമമാണ്.
കഠിനാധ്വാനം ചെയ്തു തന്നെയാണ് കേരള പിള്ളേര്‍ നല്ല ഗ്രേഡ് വാങ്ങിക്കുന്നത്.അതിലസൂയപ്പെട്ടിട്ട് കാര്യമില്ല.ഇനി ഈ രണ്ട് കൂട്ടരും ഒന്നായി മത്സരിക്കുന്ന എന്‍ട്രന്‍സ് എന്ന യുദ്ധക്കളം നോക്കാം.ഈ കഴിഞ്ഞ കേരള മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ ആദ്യത്തെ ആയിരം റാങ്കുകാരില്‍ 467 പേര്‍ കേരള ഹയര്‍ സെക്കന്ററിയില്‍ നിന്നായിരുന്നു!
ഒന്നാം റാങ്കുകാരനും പഠിച്ചത് കേരള സിലബസ്!!
സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിച്ച് IAS ന് പോലും ഒന്നാം റാങ്ക് വാങ്ങിയവര്‍ ഇവിടെയുണ്ടെന്നുള്ളത് അതിശയോക്തിയല്ല.
അപ്പോള്‍പ്പിന്നെ സിലബസ്സിനെ എന്തിനു കുറ്റം പറയുന്നു?
ടെക്സ്റ്റ്‌ ബുക്കിലുള്ളത് വാ തൊടാതെ വിഴുങ്ങി അതപ്പടി ഉത്തരക്കടലാസ്സില്‍ ചര്‍ദ്ദിക്കാന്‍ കേരളത്തിലെ പിള്ളേര്‍ക്ക് കഴിയില്ല.വിദ്യാര്‍ഥിയുടെ ബുദ്ധിശക്തിയും നിരീക്ഷണവും നന്നായി ചോദ്യം ചെയ്യപ്പെടുന്നതാണ് ഇപ്പോഴത്തെ കേരള സിലബസ്സ്.
ഇതിനിടെ നടന്ന പ്ലസ്‌ ടു മാര്‍ക്ക്‌ ദാന വിവാദം പോലെയുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മൊത്തം കുട്ടികളും പഠിക്കാതെ മാര്‍ക്ക് വാങ്ങുന്നവരാണെന്ന് ആക്ഷേപിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാണ്‌.
തന്റെത് മാത്രം നല്ലത് ബാക്കിയെല്ലാം മോശം എന്ന ഒരു സങ്കുചിതത്വം സി ബി എസ് ഇ ക്കാരിലും അവരുടെ രക്ഷിതാക്കളിലും കണ്ടു വരുന്നു എന്നുള്ളത് തീര്‍ച്ചയായും മാറേണ്ട ഒരു മനോഭാവമാണ്.
ഒരുപാട് കേട്ടും പറഞ്ഞും പഴകിയതാണെങ്കിലും എന്റെ നാക്കിന്‍ തുമ്പത്ത് വരുന്നത് "ഈ സി ബി എസ് ഇ ക്കെന്താ കൊമ്പുണ്ടോ?"എന്ന് തന്നെയാണ്.
ഇവിടെ ഈ സി ബി എസ് ഇ തരംഗം വരുന്നതിനു മുമ്പ് ഒരുപാട് പ്രഗല്‍ഭരും പ്രശസ്തരും കടന്ന് പോയിട്ടുണ്ടെന്നുള്ളത് നമ്മള്‍ വിസ്മരിക്കരുത്.

ഒരേതരം കാറ്റഗറിയില്‍പ്പെട്ടവര്‍ മാത്രമാണ് അത്തരം സ്കൂളുകളില്‍ പഠിക്കുന്നത്.അതുകൊണ്ട് സമൂഹത്തിലെ മറ്റ് വര്‍ഗങ്ങളുടെ യാതനകളോ വേദനകളോ മനസ്സിലാക്കാന്‍ ആ കുട്ടികള്‍ക്കാവുന്നില്ല.അതിനാല്‍ത്തന്നെ അസഹിഷ്ണുത അവരില്‍ പെരുകുന്നതായി കാണുന്നു.
വിദ്യാഭ്യാസം കൊണ്ടുണ്ടാവേണ്ട പ്രധാനപ്പെട്ട ഒരു ഗുണമായ ഹൃദയവിശാലത പലരിലും കാണുന്നില്ല. ഇത്തരം അമുല്‍ ബേബിമാര്‍ പുറത്തിറങ്ങിയാല്‍ സ്വന്തം സുഖത്തിനപ്പുറം മറ്റൊരു ലക്ഷ്യവും അവര്‍ക്കുണ്ടാവുകയുമില്ല.

മറിച്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ എന്റെമകള്‍ക്കും എന്റെ ജോലിക്കാരിയുടെ മകള്‍ക്കും ഒരുമിച്ച് പഠിക്കാന്‍ അവസരം കിട്ടുമ്പോള്‍ അവിടെ വിശാലമായ തലത്തില്‍ ഒരു സംസ്കാരം വളരുകയാണ്.ഉള്ളവനും ഇല്ലാത്തവനും ഇടയ്ക്കുള്ള മതില്‍ ഇത്തരം സൌഹൃദങ്ങള്‍ വഴി പൊളിഞ്ഞു വീഴുന്നു.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ചങ്ങാതിമാരെ ഒരു കൈ സഹായിക്കുക വഴി അറിയാതെ അവരില്‍ ഒരു സഹജീവി സ്നേഹം ഉടലെടുക്കുന്നു.ഇതൊന്നും ഉപദേശിച്ചും വേദ പുസ്തകങ്ങള്‍ വായിച്ചും നേടിയെടുക്കാന്‍ കഴിയില്ല.
കോംപ്ലാന്‍ കുടിച്ച് സ്മാര്‍ട്ട്‌ ക്ലാസ്റൂമുകളില്‍ വിലസുന്ന കുട്ടികള്‍ക്ക് ഇതൊക്കെ അവരുടെ വികാര വിചാരങ്ങള്‍ക്കുമപ്പുറത്തെ കാര്യങ്ങളാണ്.

ഒരുപാട് പരാതികളും പരാധീനതകളും നില നില്‍ക്കെത്തന്നെ നമ്മുടെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പല നല്ല ധര്‍മങ്ങളും നിറവേറ്റുന്നുണ്ട്.ഈ പരിമിതികള്‍ക്കൊക്കെയിടയില്‍ നിന്ന് കുട്ടികള്‍ തിളക്കമാര്‍ന്ന വിജയങ്ങള്‍ കരസ്ഥമാക്കുമ്പോള്‍ അതിനെ വിശേഷിപ്പിക്കാന്‍ 916 ഒന്നും പോരാ..

Sunday, May 29, 2011

സൌ സാല്‍ പെഹലെ മുത്സെ തുംസെ പ്യാര്‍ ഥാ..

ദൂരദര്‍ശനില്‍ മലയാളം സംപ്രേഷണം ആരംഭിക്കുന്നതിനു മുമ്പ് ഞാന്‍ ടി വി കണ്ടിരുന്നത്‌ ശബ്ദമില്ലാതെയായിരുന്നു!
കാരണം എനിക്ക് ഹിന്ദി അറിയില്ല എന്നത് തന്നെ.
കേട്ടിട്ട് ഒന്നും മനസ്സിലാകുന്നില്ല.എന്നാല്‍ പിന്നെ ശബ്ദ മലിനീകരണമെങ്കിലും ഒഴിവാക്കാമല്ലോ.

എല്ലാ പരിപാടികളും എനിക്ക് 'പുഷ്പക്' സിനിമ പോലെയായിരുന്നു.സ്കൂളില്‍ പഠിച്ച ഹിന്ദിയൊന്നും ഒരു പ്രയോജനവും ചെയ്യുന്നില്ലല്ലോ എന്ന് വേദനയോടെ ഓര്‍ക്കും.
ഞാന്‍ കേട്ടാസ്വദിക്കുന്ന പാട്ടുകളുടെ ഒരു വരിയുടെ പോലും അര്‍ത്ഥമെന്തെന്ന് മനസ്സിലാകാത്തതില്‍ സ്വയം നിന്ദിക്കും..
ഇക്കാക്കമാരും,ഭര്‍ത്താവും ഒക്കെ ഹിന്ദി സിനിമ കാണുമ്പോള്‍ പുട്ടില്‍ തേങ്ങ ചേര്‍ക്കും പോലെയുള്ള എന്റെ വിവര്‍ത്തനാഭ്യര്‍ത്ഥന അവര്‍ക്കലോസരമായിരുന്നു.
ഒന്നോ രണ്ടോ തവണ പറഞ്ഞു തരും,ആവേശം മൂത്ത് ഞാന്‍ പിന്നെയും പിന്നെയും ചോദിച്ചു കൊണ്ടേയിരിക്കും..
ഇനി ഞാന്‍ ഹിന്ദി കാസറ്റ് എടുക്കുകയേയില്ല എന്ന് ഹബ്ബി പ്രഖ്യാപിച്ചു.കാരണം ആ ഇടപെടല്‍ മൂപ്പര്‍ക്ക് അത്രയ്ക്കസഹനീയമായിരുന്നു.ഞാനെന്ന ബെറ്റര്‍ ഹാഫ് ചിലപ്പോഴൊക്കെ ഈ കാരണത്താല്‍ ബിറ്റര്‍ ഹാഫ് ആയി മാറി.
ഏക്‌ ദൂജെ കേലിയെ എന്ന ഫിലിം കാണാന്‍ ആശിച്ച് നിന്നതായിരുന്നു.കാസറ്റും കിട്ടി.പക്ഷെ എന്ത് ഫലം?നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ "നായിക്ക് മുയ്യന്‍ തേങ്ങ കിട്ടിയ പോലെ.."(പട്ടിക്ക് പൊതിക്കാത്ത തേങ്ങ കിട്ടിയ പോലെ എന്ന് പരിഭാഷ്യം)
ടി വിയിലെ ഓരോ പരിപാടികള്‍ കാണുമ്പോഴും എന്റെ ഉള്ളില്‍ സങ്കടം വന്നു നിറയും..
ദുഖഭരിതമായ സീനുകള്‍ കണ്ടത് കൊണ്ടായിരുന്നില്ല ആ സങ്കടം..
ഇപ്പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ലല്ലോ എന്റെ റബ്ബേ..
അവര്‍ ചിരിക്കുന്നതിന്റെയും,കരയുന്നതിന്റെയും പൊരുള്‍ ഞാന്‍ സ്വയം നിര്‍ണയിച്ചു.
ഇങ്ങിനെ ഹിന്ദിയുമായി മല്‍പ്പിടുത്തം നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഞാന്‍ ഒമാനിലേക്ക് പറക്കുന്നത്.
മലയാളികളെയൊഴിച്ച് വേറെ ആരെയും കണ്ടുമുട്ടാനിടവരല്ലേ എന്ന പ്രാര്‍ത്ഥനയുമായി കഴിഞ്ഞു.
മൂപ്പരുടെ ഓഫീസിലെ സ്റ്റാഫും മറ്റും പുറത്തു നിന്ന് കണ്ടാല്‍ 'കേസീ ഹോ ഭാഭീ..?' എന്ന് ചോദിക്കുമ്പോള്‍ മനോഹരമായൊരു പുഞ്ചിരിയില്‍ ഉത്തരമൊതുക്കും.
ഈ ഭാഷയെ എങ്ങിനെ മെരുക്കുമെന്ന ആധി ഉള്ളില്‍ കടലായി പെരുകിക്കൊണ്ടിരുന്നു..
അങ്ങിനെ ഒന്ന് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.അപ്പോഴേക്കും നാട്ടില്‍ മലയാളം സംപ്രേഷണം ആരംഭിച്ചിരുന്നു.ഞങ്ങള്‍ക്കവിടെ ഡിഷ്‌ വെച്ച് zee tv,star plus ഒക്കെയും കിട്ടിക്കൊണ്ടിരുന്നു.
പക്ഷെ,അന്താക്ഷരി ഒഴിച്ച് വേറൊന്നും എനിക്കാസ്വദിക്കാന്‍ പറ്റിയിരുന്നില്ല.എങ്കിലും ഹിന്ദിയോടുള്ള ഇഷ്ടം കൊണ്ട് വെറുതെ കാണും.

ഇനിയാണ് സംഭവം.
ഞങ്ങള്‍ താമസിച്ചിരുന്ന ഏരിയയില്‍ മലയാളികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
അവിടെക്കതാ ഒരു ഡല്‍ഹിക്കാരന്‍ ആര്‍ക്കിട്ടെക്ട്ടും കുടുംബവും പുതുതായി താമസത്തിന് വരുന്നു..
എന്റെയൊക്കെ പ്രായമുള്ള ഭാര്യ,പേര് നീലിമ.അവരുടെ മകള്‍ക്ക് എന്റെ മകളുടെ പ്രായം,അവള്‍ക്കൊരു കുഞ്ഞനിയന്‍..
ഇത്രയും പേരടങ്ങിയ ഒരു കൊച്ചു കുടുംബം.
ഞങ്ങള്‍ മലയാളി പെണ്ണുങ്ങള്‍ എല്ലാ സായാഹ്നങ്ങളിലും ആ കോമ്പൌണ്ടില്‍ ഒത്തു കൂടുമായിരുന്നു,ചിലപ്പോള്‍ ഷട്ടില്‍ കളിക്കും..അല്ലെങ്കില്‍ സംസാരിച്ചിരിക്കും..
ഞങ്ങളുടെ മക്കള്‍ പലേ കളികളിലും ഏര്‍പ്പെടും.
ആ കൂട്ടായ്മയിലേക്ക് ഈ ഡല്‍ഹിക്കാരി മടിച്ചു മടിച്ചു കടന്നു വന്നു.
ഞങ്ങളുടെ കൂട്ടത്തിലെ ഒരു ടീച്ചര്‍ പൂനയിലൊക്കെ ജീവിച്ചതായിരുന്നതിനാല്‍ നന്നായി ഹിന്ദി സംസാരിക്കുമായിരുന്നു.
അതിനാല്‍ത്തന്നെ അവര്‍ മടിക്കാതെ നീലിമയുടെ അടുത്ത് പോയി വിവരങ്ങളൊക്കെ അന്യേഷിച്ചു.
മറ്റെല്ലാവരും പിരിഞ്ഞുപോയെങ്കിലും ടീച്ചറുടെ അരികു പറ്റി സുന്ദരന്‍ ഒരു ചിരിയുമായി ഞാനും അവരുടെയടുത്ത്‌ നിലകൊണ്ടു.എന്റെ മോള്‍ അവരുടെ മോള്‍ടെ പ്രായമാണെന്നും മറ്റുമുള്ള കാര്യങ്ങള്‍ ടീച്ചര്‍ അവര്‍ക്ക് കൈമാറി.

പ്രിയപ്പെട്ടവരേ..,എനിക്കന്ന് 'തുമാരാ നാം ക്യാ ഹെ ?' ' മേരാ നാം --- ഹൈ' എന്ന മട്ടിലുള്ള ഒന്ന് രണ്ട് വാക്കുകള്‍ മാത്രമേ അറിയുമായിരുന്നുള്ളൂ..എന്നിട്ടും, ഹിന്ദി പ്രേമത്താല്‍ ആ ചെറിയ വിജ്ഞാനം വെച്ച് കുറച്ചു ഇംഗ്ലീഷും ചേര്‍ത്ത് ആരും സമീപത്തില്ല എന്നുറപ്പ് വരുത്തി ഞാന്‍ എന്തൊക്കെയോ അവരോട് ചോദിക്കുകയും പറയുകയും ചെയ്തു.
അവരുടെ മറുപടികള്‍ എനിക്കവ്യക്തമാണെന്ന് മനസ്സിലായപ്പോള്‍ ഒരു നല്ല അധ്യാപികയെപ്പോലെ അവര്‍ എനിക്ക് വിശദീകരിച്ചുതരാന്‍ തുടങ്ങി..
അങ്ങിനെയങ്ങിനെ ഞങ്ങളുടെ സമാഗമങ്ങള്‍ തുടര്‍ന്നു..
എന്റെ പൊട്ട ഹിന്ദിയും,ഇംഗ്ലീഷും,ഞങ്ങളുടെ സ്നേഹവും ഇടമുറിയാതെ സംവദിച്ചു..
ഞങ്ങളുടെ മക്കള്‍ അടുത്ത കൂട്ടുകാരായി..
അവര്‍ ഞങ്ങളുടെ വീട്ടിലും ഞങ്ങള്‍ അവരുടെ വീട്ടിലും പോക്ക് വരവുകള്‍ തുടങ്ങി..

അങ്ങിനെയിരിക്കുമ്പോള്‍..,ഒരു ദിവസം ഞാനത് മനസ്സിലാക്കി!!
എന്റെ നാക്കിന്റെ കെട്ടഴിഞ്ഞിരിക്കുന്നു..
എനിക്കുമിപ്പോള്‍ ഹിന്ദി സംസാരിക്കാം..അതും പച്ച വെള്ളം പോലെ..
റഫി സാബിന്റെ "तुजे में चाँद केहता धा मगर उसमें भी धाग है..
तुजे सूरज में केहता धा मगर उसमें भी आग है..." എന്ന വരികള്‍ എനിക്ക് കൂടുതല്‍ മധുരിതമായി..
Hurrray......

അന്ന് ലജ്ജ വിചാരിച്ചു ഞാന്‍ മാറി നിന്നിരുന്നുവെങ്കില്‍ ഹിന്ദി എനിക്ക് എത്താത്ത കൊമ്പത്താകുമായിരുന്നു..
വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു ഞാന്‍ ഒമാന്‍ വിട്ടു..അവരും പോയിരിക്കാം..വെക്കേഷനില്‍ പോയപ്പോഴൊരിക്കല്‍ അവരുടെ നമ്പറില്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.ഇന്നും സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴി ഞാന്‍ അവരെ അന്യേഷിച്ചു കൊണ്ടിരിക്കുന്നു...
എനിക്കറിയാവുന്ന ഓരോ ഹിന്ദി വാക്കിലും നീലിമയോടുള്ള കടപ്പാടുണ്ട്.

ഇപ്പോള്‍ ഹിന്ദി സീരിയല്‍ വഴി ഹിന്ദി സ്നേഹം നില നിര്‍ത്തുന്നു.
മാസങ്ങള്‍ക്ക് മുമ്പൊരിക്കല്‍ ഞങ്ങളുടെ ഏരിയയിലേക്ക് പഞ്ചായത്ത് ഒക്കെ ഇടപെട്ടു ഒരു ഗൂര്‍ഖയെ നിയമിച്ചു.
ഒരു ഗോപാല്‍.എനിക്ക് സന്തോഷമായി.ഇവനോടെങ്കിലും എനിക്കിത്തിരി ഹിന്ദി പ്രയോഗിക്കാമല്ലോ.അങ്ങിനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴതാ വരുന്നു ചേച്ചി എന്ന വിളി..!
മണി മണി പോലെ മലയാളം പറയുകയും ചെയ്യുന്നു...
അമ്പരന്നു നില്‍ക്കുന്ന എന്നോട് അവന്റെ രണ്ടാമത്തെ വെടിയും വന്നു.."ഹം പന്ത്രഹ് സാല്‍ പെഹലെ കേരള്‍ മേ ആയാ ഥാ.."
ഇത്..ഇത്..??ഗാന്ധി നഗര്‍ സെക്കന്റ്‌ സ്ട്രീറ്റില്‍ മോഹന്‍ലാല്‍ പറഞ്ഞ അതേ ഡയലോഗ് അല്ലെ??
"സച്ച് ?"
"ഹാ ജി.."

(സത്യമായും ഇത് ഗോപാല്‍ പറഞ്ഞതാണ്..)

Wednesday, May 11, 2011

കെടാത്ത കനല്‍

ചില ഓര്‍മകള്‍ക്ക് മരണമില്ല.അവ അങ്ങിനെ നമ്മുടെ ഹൃദയത്തിലൊരു കോണില്‍ കനലായിക്കിടക്കും.
ചിലത് സന്തോഷകരമായിരിക്കും..മറ്റ് ചിലത് കണ്ണീര്‍ പുരണ്ടവയും..
എന്റെ ഉള്ളിലുമുണ്ടൊരേട്‌..
പൊടി പിടിക്കാതെ..
ചിതല്‍ പിടിക്കാതെ..
ആ സ്മരണയ്ക്ക് മരണത്തിന്റെ മണമാണ്..
ആ മിഴിവാര്‍ന്ന ചിത്രത്തിലുള്ളത് എന്റെ ഉമ്മയും!
വര്‍ഷം പത്തു കഴിഞ്ഞെങ്കിലും വേര്‍പാടിന്റെ വിതുമ്പലുകള്‍ ഇന്നുമീ നെഞ്ചില്‍ കിടന്ന് കുറുകിക്കൊണ്ടിരിക്കുന്നു..

പക്ഷാഘാതമായിരുന്നു തുടക്കം.
അതിന്റെ ഭീകരമുഖം എന്റെ പരിമിതമായ അറിവുകള്‍ക്കെല്ലാമപ്പുറമായിരുന്നു.
അറിയാവുന്ന ഭാഷയിലെല്ലാം ദൈവത്തെ വിളിച്ചു കേണു..ഡോക്ടറുടെ മുമ്പില്‍ എന്റെ കണ്ണീര്‍ സംസാരിച്ചു.
നാള്‍ കഴിയുന്തോറും സ്ഥിതി വഷളായിക്കൊണ്ടേയിരുന്നു.
മാസ്സീവ്‌ സ്ട്രോക്ക് എന്ന് ഡോക്ടര്‍ വിധിയെഴുതി.
എന്റെ ലോകം കീഴ്മേല്‍ മറിഞ്ഞു.

ഐ സി യുവിന്റെ മുമ്പിലെ ദുസ്സഹമായ കാത്തിരിപ്പിലൂടെ ഞാന്‍ ആശുപത്രിയും അതിലെ അന്തേവാസികളെയും അറിയുകയായിരുന്നു.ഈ മാസ്സീവ്‌ സ്ട്രോക്ക് പോലും എത്ര നിസ്സാരമെന്ന് തോന്നിച്ച അനുഭവങ്ങള്‍ കണ്ടും കേട്ടും ഞാന്‍ മനസ്സ് മരവിച്ചവളായി..
"നിങ്ങള്‍ മാസത്തിലൊരിക്കല്‍ ആശുപത്രി സന്ദര്‍ശിക്കണമെന്ന" പ്രവാചക വചനത്തിന്റെ ആന്തരാര്‍ത്ഥം ഞാനവിടെ കണ്ടറിഞ്ഞു...
എന്റെ ദിനചര്യ ഐ സി യു വിനെച്ചുറ്റിപ്പറ്റി ഒതുങ്ങി.
വീട്ടില്‍ക്കിടക്കുന്ന മൂന്ന് വയസ്സുകാരി മോളോ,ദിവസങ്ങള്‍ക്കു മുമ്പ് ലീവില്‍ നാട്ടിലെത്തിയ പ്രവാസിയായ ഭര്‍ത്താവോ ഒന്നും അപ്പോഴെന്റെ മനസ്സിലുണ്ടായിരുന്നില്ല.
എന്റെ ഇക്കാക്കമാരോടൊപ്പം ഉമ്മയുടെ മറ്റൊരു മകനായി എനിക്ക് അദ്ദേഹം തന്ന പിന്തുണ മരിച്ചാലും മറക്കാന്‍ കഴിയുമോ?
ഉറക്കം എന്നെ വിട്ടൊഴിഞ്ഞു,ട്യൂബ് ഫീഡ് നടത്തുന്ന ഉമ്മയെ കാണുമ്പോള്‍ എനിക്ക് പിന്നെ ഭക്ഷണം വേണമെന്നില്ലായിരുന്നു..
കോമാ സ്റ്റേജ് എത്ര ദയനീയമാണെന്ന് ഉമ്മയിലൂടെ ഞാനറിഞ്ഞു..
ചെറുപ്പത്തിലെപ്പോഴോ ആഗ്രഹിച്ച നഴ്സിംഗ് എന്നെത്തേടി വന്നതാണോ?
ട്യൂബ് ഫീഡിംഗ് ഞാന്‍ പഠിച്ചു.secretion കണ്ടാല്‍ അത് പുറത്തെടുക്കാന്‍ എനിക്കാരെയും വേണ്ടെന്നായി.
ഒരിക്കല്‍ ഐ സി യുസില്‍ നിന്നും ആ കാഴ്ച കണ്ട് ഞാന്‍ വേദനയോടെ മുഖം തിരിച്ചപ്പോള്‍ നേഴ്സ് പറഞ്ഞു "അങ്ങിനെ നില്‍ക്കല്ലേ,നാളെ നിങ്ങള്‍ സ്വയം ചെയ്യേണ്ടതാ ഇതൊക്കെ.."
അന്നത് പേടിയോടെ കേട്ട ഞാന്‍ തന്നെയാണോ ഇതൊക്കെ ചെയ്യുന്നത്?

നോമ്പും പെരുന്നാളും ഒക്കെ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ കടന്നു പോയി..
രാവും പകലും കടന്നുപോകുന്നതറിയാതെ ഉമ്മ കിടക്കയില്‍ തന്നെ..
രണ്ട് മാസത്തെ ആശുപത്രി വാസത്തിനിടെ ഡോക്ടര്‍മാരുമായും,നേഴ്സ് മാരുമായും വളരെ അടുക്കുകയും അവരുടെ സഹകരണത്തോടെ ഉമ്മയുടെ പരിചരണം കുറേക്കൂടി എളുപ്പമാവുകയും ചെയ്തു.
അവരുടെ മെഡിക്കല്‍ terms ചിലതൊക്കെ എനിക്കും കേട്ടാല്‍ മനസ്സിലാകുമായിരുന്നു.

ഇപ്പോള്‍ അങ്ങിനെ വല്ലതും ഞാനിടയ്ക്ക് പ്രയോഗിക്കുന്നത് കേട്ടാല്‍ എന്റെ ആങ്ങള പറയും "ഓ,നീ എം ബി ബി എസ് മൂന്നാമത്തെ കൊല്ലമായിരുന്നു കോളേജ് വിട്ട് കളഞ്ഞത് അല്ലെ?.."അതെ പോലെ വല്ല ഗുളികയും നോക്കി ഇതെന്തിനുള്ളതാണാവോ എന്ന് സംശയിക്കുന്നത് കണ്ടാല്‍ ഉടനെ തുടങ്ങും "ഇത് പഠിപ്പിച്ച അന്ന് നീ ലീവ് ആയിരുന്നല്ലേ?"എന്ന്..

കിട്ടാവുന്നതില്‍ വെച്ചേറ്റവും മികച്ച ചികിത്സ നല്‍കിയിട്ടും,നല്കാവുന്നതില്‍ വെച്ചേറ്റവും നല്ല പരിചരണം കൊടുത്തിട്ടും ദൈവം അനുവദിച്ച സമയം തീര്‍ന്നപ്പോള്‍ ഉമ്മ ഈ ലോകത്തോട്‌ വിട പറഞ്ഞു.
ഇന്ത്യ ലാത്തൂര്‍ ഭൂകമ്പത്തില്‍ ഞെട്ടിത്തരിച്ച നേരത്ത് ഞങ്ങളും ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അനുഭവിക്കുകയായിരുന്നു.
ഉമ്മ പറയാറുണ്ടായിരുന്നു "തന്നെ പെറ്റതും താന്‍ പെറ്റതും"എന്ന്.
അങ്ങിനെ എനിക്ക് വഴക്ക് കൂടാനും എന്നെ വഴക്ക് പറയാനും ആരുമില്ലാതായി..നമുക്ക് സ്നേഹിക്കാനും നമ്മെ സ്നേഹിക്കാനും ഈ ലോകത്ത് അവരെ കഴിച്ചല്ലാതെ വേറെ ആരെങ്കിലുമുണ്ടാകുമോ?
രോഗശയ്യയിലായിരുന്ന ഉമ്മയെ പരിചരിച്ചതിലൂടെ കിട്ടിയ സംതൃപ്തിയാണ് ഇന്ന് ഞാനനുഭവിക്കുന്ന ഏറ്റവും വലിയ സുഖം..

അതിന്‌ ശേഷമാണ് കഥകളിലും നോവലുകളിലും മുഴുകിയിരുന്ന ഞാന്‍ ഗൌരവതരമായ വായനയിലേക്ക് തിരിഞ്ഞത്.ആരോഗ്യ സംബന്ധമായ ലേഖനങ്ങള്‍ എവിടെ കണ്ടാലും വായിച്ചു തീര്‍ക്കും.
രക്തസമ്മര്‍ദ്ദം അധികമായതാണ് ഉമ്മാക്ക് സ്ട്രോക്ക് വരാന്‍ കാരണം.
ഇപ്പോള്‍ ആര്‍ക്കെങ്കിലും രക്തസമ്മര്‍ദ്ദം ഉണ്ടെന്നറിഞ്ഞാല്‍ ഉപ്പു കുറക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും മറ്റും ഒരു ചെറു ക്ലാസ് എങ്കിലും എടുത്തേ ഞാന്‍ അവരെ വിടൂ.
ചിലര്‍ക്ക് എന്റെ ഈ lecture മടുക്കുന്നുണ്ടാകും.പക്ഷെ എനിക്കന്ന് ഇങ്ങിനെ പറഞ്ഞു തരാന്‍ ആരുമില്ലാതെ പോയി.
ആയുസ്സ് തീര്‍ന്നാല്‍ മരിക്കും.പക്ഷെ അത് വരെ ആരോഗ്യത്തോടെ ജീവിക്കാന്‍ നമുക്ക് ശ്രമിക്കാമല്ലോ.

Friday, April 8, 2011

ഓ ഹൌറാ..നീയകലെയകലെ...



"ഇത്താത്താ കല്‍ക്കത്തയിലേക്ക് വരുന്നോ?"
"ങേ..പിന്നില്ലാതെ..."
അതിശയവും,വിസ്മയവും,സന്തോഷവും എന്ന് വേണ്ട നവരസങ്ങള്‍ ഒത്തു ചേര്‍ന്നായിരുന്നു ആവേശത്തിലുള്ള എന്റെ മറുപടി.സരസയും,സംസാരപ്രിയയുമായ എന്റെ niece ആയിരുന്നു ഫോണിന്റെ അങ്ങേത്തലയ്ക്കല്‍.

അവളും മക്കളും,ദീര്‍ഘകാലം കല്‍ക്കത്തയിലുണ്ടായിരുന്ന അവളുടെ ഉപ്പയും(എന്റെ ആങ്ങള)ഒക്കെക്കൂടി കല്‍ക്കത്തയിലേക്ക് പോകാനുദ്ദേശിക്കുന്നു.കൂട്ടത്തില്‍ ഞാനും കൂടുന്നോ എന്ന് ചോദിച്ചതായിരുന്നു.
എന്റെ സന്തോഷത്തിനതിരില്ലായിരുന്നു...
aaj main ooppar..aasmaan neeche..എന്നൊക്കെ പാടിപ്പോയി..
എത്ര കാലം മുമ്പുള്ള ആഗ്രഹമാണിത്..
കല്‍ക്കത്ത!
ഇന്നത്തെ കൊല്‍ക്കത്തയല്ലത്.

മടിപിടിച്ചിരുന്ന ശരീരവും മനസ്സും പിന്നെ ഒന്നിച്ചുണരുകയായിരുന്നു.നടത്തത്തിന് സ്പീഡ് കൂടി..സംസാരത്തില്‍ ചിരിയും കളിയും..
മൊത്തത്തിലൊരുന്മേഷം.
കോളേജിലായിരുന്ന മോളെ ക്ലാസ്സ്‌ അവര്‍ ആണെന്ന ബോധമില്ലാതെ തന്നെ വിളിച്ചു.അവളുടെ ഓക്കേ കിട്ടിയതോട് കൂടി ഞാന്‍ പിന്നെ niece നെ വിളിച്ച് ഡബിള്‍ ഓക്കേ കൊടുത്തു.

പിന്നെ ഞങ്ങള്‍ രണ്ടാളുടെ ഫോണുകളും ഇടതടവില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു.നിര്‍ത്താതെയുള്ള വിളി കണ്ട് ആങ്ങളയുടെ ഭാര്യ അമ്പരന്നപ്പോള്‍ ഞാന്‍ പറഞ്ഞു "അമ്മായീ ഏതായാലും നനഞ്ഞു,ഇനി കുളിച്ചു കയറല്‍ തന്നെ.."
ഫോണില്‍ കൂടി യാത്ര സംബന്ധമായ സ്വപ്‌നങ്ങള്‍ പങ്കിട്ടു..
ഞങ്ങളുടെ ടൂറിന് എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ച ഭര്‍ത്താക്കന്‍മാരെക്കുറിച്ച് സ്തുതിഗീതങ്ങള്‍ പാടി..
കല്‍ക്കത്തയിലെ തെരുവില്‍കൂടി ട്രാമുകളില്‍ യാത്ര ചെയ്തു..
മെട്രോയില്‍ കയറി..
വിക്ടോറിയ മെമ്മോറിയല്‍ കാണാന്‍ പോയി..
രസഗുള കഴിച്ചു..
അങ്ങിനെയങ്ങിനെയങ്ങിനെ....

യാത്രയില്‍ ബുര്‍ഖ ധരിക്കാം,അവിടെ നിന്നും ഏതൊക്കെ സാരികള്‍ ഏതൊക്കെ ദിവസങ്ങളിലുടുക്കണം?
ഇതൊക്കെയും മനസ്സില്‍ പ്ലാന്‍ ചെയ്തു.ചെറിയ മോള്‍ക്ക്‌ രണ്ട് കുര്‍ത്ത വാങ്ങിയാല്‍ മതിയത്രേ..
എനിക്കു ട്രെയിനിലെ ഭക്ഷണമൊന്നും പറ്റില്ല,അതിനാല്‍ സ്നാക്ക്സ് നല്ലോണം കരുതണം..

ഇനി ഒരല്‍പം ഫ്ലാഷ് ബാക്ക്.

ഉപ്പ കല്‍ക്കത്തയില്‍ കച്ചവടക്കാരനായിരുന്നു.
എന്റെ മജ്ജയിലും,മാംസത്തിലും,ചിന്തകളിലും,വേദനകളിലും കല്‍ക്കത്തയുടെ ഒരംശമുണ്ട്.
കുഞ്ഞുന്നാളില്‍ കളിച്ചിരുന്നത് വംഗ നാട്ടില്‍ നിന്നും കൊണ്ട് വന്ന മരത്തിന്റെ കുക്കിംഗ്‌ സെറ്റ് കൊണ്ടായിരുന്നു..
ധരിച്ചിരുന്നത് അവിടെനിന്നും കൊണ്ടുവന്ന വസ്ത്രങ്ങള്‍..
കൌമാരസ്വപ്നങ്ങളില്‍ കുലുങ്ങിയിരുന്ന കുപ്പിവളകളും അവിടെ നിന്ന് വന്നത് തന്നെ..
വിവാഹനാളില്‍ അണിഞ്ഞിരുന്നത് കല്‍ക്കത്തയിലെ ഏതോ തട്ടാന്‍ ഉണ്ടാക്കിയ ആഭരണങ്ങള്‍..

ഹൌറ എന്ന പദം തറ പറ പോലെ ഞങ്ങള്‍ക്ക് സുപരിചിതമായിരുന്നു.
ഉപ്പാക്ക് ശേഷം ആങ്ങള അവിടെ തുടര്‍ന്നു.
കല്‍ക്കത്തയിലെ കച്ചവടത്തിന്റെ കയറ്റിറക്കങ്ങള്‍ ഞങ്ങളുടെ ജീവിതത്തിന്റെ താളങ്ങളിലും മാറ്റങ്ങളുണ്ടാക്കി.
അവസാനം ആങ്ങളയും ആ വലിയ നഗരത്തോട് വിട പറഞ്ഞു.
എന്നിട്ടും അവിടം കാണാനുള്ള ആശ ഹൃദയത്തിലെവിടെയോ പറ്റിപ്പിടിച്ച് കിടന്നിരുന്നു.
"ഇത്താത്താ കല്‍ക്കത്തയിലേക്ക് വരുന്നോ?"എന്ന ചോദ്യത്തോടെ ആ മോഹമാണ് ഉയിരോടെ പുറത്തു വന്നിരിക്കുന്നത്.

വീണ്ടും വര്‍ത്തമാനത്തിലെത്താം.
ഞങ്ങളുടെ ടൂര്‍ വാര്‍ത്ത കുറേശ്ശെ ബന്ധുക്കളുടെയിടയില്‍ പരന്നു.കല്‍ക്കത്തയിലെന്തുണ്ട് കാണാനെന്ന ചോദ്യത്തിനുത്തരം കൊടുക്കലായി പിന്നെ ഞങ്ങളുടെ പണി.
അതിനിടയില്‍ എന്റെ സഹോദരന്‍ അവിടെയുള്ള പരിചയക്കാരനെ വിളിച്ച് താമസസൌകര്യം ഒക്കെ ഏര്‍പ്പാടാക്കാന്‍ പറഞ്ഞു.
എന്റെ വേറൊരിക്കാക്ക(മൂപ്പരും എക്സ് കല്‍ക്കത്ത ആണ്‌) പറഞ്ഞു.ഡാര്‍ജിലിംഗ് അവിടെ നിന്നും വളരെ അടുത്താണ് നിങ്ങള്‍ ഏതായാലും പോകുന്ന സ്ഥിതിക്ക് അവിടെയും കൂടി കണ്ടേക്കൂ എന്ന്.
ഞങ്ങള്‍ക്കും പെരുത്ത്‌ സന്തോഷം.
ഡാര്‍ജിലിംഗ് കണ്ടേ മതിയാകൂ എന്നായി.
അപ്പോഴാണ്‌ ഞാനോര്‍ത്തത് പ്രിയപ്പെട്ടവന്‍ സമ്മാനിച്ച ഒരു കാശ്മീരിഷാള്‍ അലമാരിയില്‍ വെറുതെ കിടപ്പുണ്ട്.അതുപയോഗിക്കാന്‍ ഇതിലും നല്ലൊരവസരം വേറെ എപ്പോള്‍ കിട്ടും?
ആങ്ങളയുടെ മകള്‍ എന്നെക്കാള്‍ ഒരു പടി മുന്നോട്ട് പോയി..
അവള്‍ ഡാര്‍ജിലിംഗ് ല്‍ നിന്നെടുത്ത ഫോട്ടോ കമ്പ്യൂട്ടര്‍ ല്‍ ലോഡ് ചെയ്യലും കാണലും ഒക്കെ കഴിഞ്ഞു!
കൂടാതെ കുറച്ചു ഷോപ്പിങ്ങും.

അപ്പോഴാണ്‌ എന്റെ ഇക്കാക്കമാര്‍ വേദനയോടെ ഒരു കാര്യമറിയിക്കുന്നത് ..
ഞങ്ങള്‍ സ്വപ്നങ്ങളില്‍ നീന്തിത്തുടിക്കുന്ന നേരത്ത് അവര്‍ റെയില്‍വേ സ്റ്റെഷനിലും,പ്രൈവറ്റ് ഏജന്‍സിയിലും,ഓണ്‍ ലൈനിലുമൊക്കെ ടിക്കറ്റിന് വേണ്ടി പരതുകയായിരുന്നു!
ഒരു രക്ഷയുമില്ലത്രേ..
പ്രൈവറ്റ് ഏജന്‍സിയില്‍ നിന്നും പരിഹസിച്ചു പോലും,ഇപ്പോള്‍ ജൂണിലേക്കുള്ള ബുക്കിംഗ് ആണ്‌ നടന്ന്‌ കൊണ്ടിരിക്കുന്നത്,നിങ്ങള്‍ എവിടെയായിരുന്നു എന്ന്..
ആരോ പറഞ്ഞ പോലെ എല്ലാം വളരെ പെട്ടെന്നായിരുന്നു..
എന്റെ ജനപ്രിയ കണക്ഷനില്‍ കുറെ റീചാര്‍ജ് ചെയ്യേണ്ടി വന്നത് ബാക്കി ഭാഗം.
ആദ്യം സന്തോഷം പങ്കിടാനാണ് വിളിച്ചിരുന്നതെങ്കില്‍,സങ്കടം പങ്കിടാനും കുറെ വിളിചു.
എല്ലാം മുട്ടക്കാരന്റെ സ്വപ്നങ്ങളായിരുന്നു..

ഈ നിരാശ മാറ്റാന്‍ വേറൊരു ചെറിയ ട്രിപ്പ്‌ പ്ലാന്‍ ചെയ്തൂടെ എന്ന ഒരു സംസാരമുണ്ടായി.ഊട്ടി,ബാംഗ്ലൂര്‍ ഒക്കെ ചര്‍ച്ചയ്ക്കു വന്നു.
പക്ഷെ,അതൊക്കെ ഐസ് ക്രീമിന് കൊതിച്ചിട്ട് ലോലി പോപ്‌ കിട്ടിയപോലെയല്ലേ ആകൂ..

Saturday, March 26, 2011

വര്‍ണമനോഹരമാണീ മാളിക..



വീട്‌ എന്നാല്‍ തണുപ്പില്‍ നിന്നും ചൂടില്‍ നിന്നും,മഴയില്‍ നിന്നും വെയിലില്‍ നിന്നും സംരക്ഷണം തരുന്നതും,
കൂടണയുമ്പോള്‍ സ്നേഹോഷ്മളതയില്‍ വിലയം പ്രാപിക്കാന്‍ കഴിയുന്ന ഇടമാണെന്നും ഒക്കെയുള്ളത് ഇന്ന് പഴഞ്ചന്‍ സങ്കല്‍പം..
ഇന്നത്തെ വീടുകള്‍ ഡോള്‍ ഹൌസുകള്‍ പോലെ മനോഹരവും അത് പോലെ നിര്‍ജ്ജീവവുമാണ്.

ഒരു ഗൃഹപ്രവേശത്തിന് പോയാല്‍ അവിടുത്തെ സെറ്റപ്പുകള്‍ നമ്മെ അത്ഭുദസ്തബ്ധരാക്കും.പ്രോപ്പര്‍ട്ടി ഷോ ആണോ എന്ന് സംശയിച്ചു പോകുന്ന സജ്ജീകരണങ്ങള്‍..കടിച്ചതിനേക്കാള്‍ വലുത് മാളത്തില്‍ എന്ന പോലെ ഒന്നിനൊന്ന് മികച്ച മുറികള്‍..
ഓണംകേറാ മൂലകളില്‍പ്പോലുമുണ്ട് റിമോട്ട് ഉപയോഗിച്ച് തുറക്കാവുന്ന ഗേറ്റുകളുള്ള കൂറ്റന്‍ മണിമാളികകള്‍..
എന്റെയൊരു സരസയായ ബന്ധു ഇങ്ങിനെയൊരുവീട്ടില്‍ നിന്നും toilet ല്‍ പോകേണ്ടിവന്നപ്പോള്‍ അത്യന്താധുനിക സംവിധാനങ്ങള്‍ കണ്ട് കാര്യം നിര്‍വഹിക്കാതെ മടങ്ങിയത്രേ!ഏത് ഭാഗത്ത്‌ നിന്നാണ് വെള്ളം വീഴുക എന്ന് പേടിയായിപ്പോയി എന്നായിരുന്നു അവളുടെ പ്രതികരണം..
വീട് നിര്‍മാണത്തിനും അതലങ്കരിക്കാനും ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ നമുക്ക് മടിയില്ല.
(ക്ഷമിക്കണം..ഇപ്പോള്‍ കോടികളല്ലേ?)
മുകേഷ് അംബാനിയുടെ പിന്‍ഗാമികളാകാന്‍ ഏറ്റവും യോഗ്യര്‍ മലയാളികള്‍ തന്നെ ആയിരിക്കും.

കൂടുതലും ഇത്തരം കാട്ടിക്കൂട്ടലുകള്‍ കാഴ്ച്ചക്കാരെക്കൊണ്ട് 'ഹാ..ഹൂ..'പറയിക്കാന്‍ വേണ്ടിയാണ്.പക്ഷെ അവരൊന്ന് മറക്കുന്നു.ഇതിലും മികച്ചതൊന്ന് കാണുന്നത് വരെ മാത്രമേ അതൊക്കെ നില നില്‍ക്കൂ.

ഈ ബംഗ്ലാവുകളില്‍ അടുക്കള രണ്ടാണ്.ഒന്ന് കാഴ്ചക്കും,മറ്റൊന്ന് പണിയെടുക്കാനും.ആദ്യത്തേത് പരസ്യത്തില്‍ കാണുന്ന പടിയായിരിക്കും.ഇലക്ട്രിക്‌ ചിമ്നി,ഹോബ് തുടങ്ങി ആധുനികമായ എല്ലാ സംവിധാനങ്ങളും അടങ്ങിയത്.
മറ്റതിലോ?അവിടമാണ് വീട്ടമ്മയുടെ കളരി.ഒരു സാദാ ഗ്യാസ് stove ഉം അതിനോടനുബന്ധിച്ച പണിയായുധങ്ങളും മാത്രം.
Modern kitchen സന്ദര്‍ശകരുടെ വാ പൊളിപ്പിക്കാന്‍ വേണ്ടി തൊടാതെ വെക്കും.
(ഈ എഴുതിയതിലൊന്നും ഒരിറ്റ് വെള്ളം പോലും ചേര്‍ത്തിയിട്ടില്ല.ഒരു പാട് വീടുകളില്‍ കണ്ട കാഴ്ചകളാണ്.)
ഇതൊക്കെ എന്റെ നാടിന്റെ മാത്രം പ്രത്യേകതയാണോ എന്ന് ഞാന്‍ സംശയിച്ചു പോയിരുന്നു.
ഏകദേശം ഒരു പത്തു വര്‍ഷം മുമ്പ് കവയത്രി റോസ് മേരി 'വനിത'യിലെഴുതിയിരുന്ന കോളത്തില്‍
കോട്ടയത്തോ മറ്റോ ഇങ്ങിനെയൊരു വീട് സന്ദര്‍ശിച്ച കാര്യം എഴുതിയതോര്‍ക്കുന്നു.ആ വീട്ടില്‍ അടുക്കള മാത്രമല്ല,drawing റൂം പോലും ഈ രണ്ട് വീതമാണത്രേ!
അപ്പോള്‍ കുഴപ്പം എന്റെ നാടിന്റെയല്ല..

ഇത് പോലെ ഇസ്തിരിയിട്ട് വെച്ച ഒരു വീട് സന്ദര്‍ശിക്കാനിടവന്നപ്പോള്‍ അവിടുത്തെ അടുക്കള എന്നെ ശരിക്കും അമ്പരപ്പിച്ചു.പണിയെടുത്ത ഒരു ലക്ഷണവുമില്ല!ആകെ ഒരടുക്കളയേ ഉണ്ടായിരുന്നൂ താനും.ഞാന്‍ വീട്ടുകാരിയെ വാരിക്കോരി പ്രശംസിക്കുകയും ചെയ്തു.അവിടെ നിന്നും ഇറങ്ങിയ ഉടനെ കൂടെയുണ്ടായിരുന്ന ബന്ധു എന്റെ നേരെ ചാടിക്കയറി 'നീ എന്തറിഞ്ഞിട്ടാ? അവളിവിടെ വല്ലതും വെച്ചുണ്ടാക്കിയിട്ട് വേണ്ടേ?ഒക്കെ ഉമ്മ ഉണ്ടാക്കിക്കൊണ്ടുവരുന്നതാ..'ഞാന്‍ ശരിക്കും അമ്പരന്നത് അപ്പോഴാണ്‌.

നുള്ളാതെ നോവിക്കാതെ വളര്‍ത്തുന്ന കുഞ്ഞുങ്ങളെപ്പോലെ,ഇപ്പോഴത്തെ വീടുകളെയും നമ്മള്‍ തല്ലാതെ തലോടാതെ വെക്കുകയാണ്.
കണ്ണ്
നീര് വീണ് ടൈല്‍സ് ചീത്തയാകുമോ എന്ന ഭയത്തോടെയാണ് നമ്മളിന്ന് കരയുന്നത്.കൂട്ടു കൂടാന്‍ കൂടെ ചിരിക്കാന്‍ ബന്ധുക്കളെത്തിയാല്‍ നമ്മുടെ ബംഗ്ലാവ് അലങ്കോലപ്പെടുമോ എന്ന ഭയത്താല്‍ ഉള്ളു തുറന്ന് ചിരിക്കാന്‍ നമുക്കാവുന്നില്ല.
വീട് ഒരു ഷോകെയ്സ് ആകുമ്പോള്‍ അതിലെ അംഗങ്ങള്‍ ഷോ പീസ്‌ ആയി മാറുകയാണ്.

അണ്‍ ലിമിറ്റെഡ് ബജറ്റില്‍ പണിതുടങ്ങുന്ന വീടുകള്‍ പണി തീരുമ്പോഴേക്കും ആ മനോഹരസൌധങ്ങളുടെ അകങ്ങളില്‍ നിറയുന്നത് നഷ്ടബോധത്തില്‍ നിന്നുയരുന്ന നെടുവീര്‍പ്പുകളും,വിലാപങ്ങളും..
ഇതൊക്കെ എത്ര കണ്ടാലും നമ്മളുടെ മനോഭാവം പണം പോട്ടെ പത്രാസ് വരട്ടെ എന്നാണ്..
ഈ രംഗത്തും ഗള്‍ഫ് മലയാളികളുടെ സംഭാവന വളരെ വലുതാണെന്നുള്ളത് വേദനാജനകമെന്നല്ലാതെന്തു പറയാന്‍?

Home where the heart is...