Tuesday, February 14, 2012

പഴകാത്ത ചൊല്ലുകള്‍

"ഇതെന്താ മോനേ..,തേങ്ങയരച്ചത് കൂട്ടൂലാന്ന് പറഞ്ഞാ തെങ്ങിട്ട പാലോം കടക്കൂലാ.."
വര്‍ഷങ്ങള്‍ക്ക് മുമ്പ് മര്‍ക്കടമുഷ്ട്ടിക്കാരനായ ഒരു ബന്ധുവിനോട് ഉമ്മ ചോദിച്ച ചോദ്യം ഇന്നുമെന്നെ ചിരിപ്പിക്കുന്നു..

ജീവിതത്തില്‍ ഒരിക്കലെങ്കിലും പഴഞ്ചൊല്ലുകള്‍ ഉപയോഗിക്കാത്തവരായി നമ്മളില്‍ ആരും ഉണ്ടാവുകയില്ല.എന്നാല്‍ ചിലര്‍ എന്തിനും ഏതിനും അത് പ്രയോഗിക്കുകയും ചെയ്യും.അതിലൊരാളായിരുന്നു എന്റെ ഉമ്മയും.അവരോളം പഴഞ്ചൊല്ലുകള്‍ ഉപയോഗിച്ച ആരെയും ഞാന്‍ കണ്ടിട്ടില്ല.
എന്റെ മൂഡുകള്‍ മാറിമാറി വരുമ്പോള്‍ അവര്‍ പറയുമായിരുന്നു 'ഒരു നേരം കടച്ചിയാണെങ്കില്‍ ഒരു നേരം കുട്ടന്‍.'
ഇങ്ങിനെ സാധാരണ സംസാരത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു പഴഞ്ചൊല്ലുകളും.
കുഞ്ഞുന്നാള്‍ മുതലേ അത് കേട്ട് വളര്‍ന്നത്‌ കൊണ്ടാവാം ഞാനുമിപ്പോള്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ പഴഞ്ചൊല്ലുകള്‍ ഉപയോഗിച്ച് പോകുന്നു.

പല ചൊല്ലുകള്‍ക്കും അതിന്റെ ലോക്കല്‍ വെര്‍ഷനുകളുമുണ്ട്
'തമ്മില്‍ ഭേദം തൊമ്മന്റെ' നാടന്‍ ഭാഷ്യമല്ലേ 'ആരുമില്ലെങ്കില്‍ ചീരു?'
അതേ പോലെ,'ആശാനൊന്നു പിഴച്ചാല്‍ അമ്പത്തൊന്ന് പിഴയ്ക്കും ശിഷ്യന് ' എന്നതിന് ഞങ്ങള്‍ എന്താണ് പറയുക എന്നറിയ്വോ?
'കുരിക്കള്‍ നിന്ന് പാത്തിയാല്‍ കുട്ടികള്‍ നടന്ന്‌ പാത്തും..!' (സഭ്യേതരമായിപ്പോയെങ്കില്‍ ക്ഷമിക്കണേ..)
'ആനക്കാര്യത്തിനിടയ്ക്ക് ചേനക്കാര്യമാണ് ' ഞങ്ങളുടെ 'പടയിലെന്ത് കുട'.
നമ്മള്‍ 'Like father like son' പറയുന്നിടത്ത് ഉമ്മ പണ്ട് പറഞ്ഞിരുന്നത് 'അച്ഛന് മക്കള് പിറക്കാറുണ്ട്,ഇത്ര ചിക്കയിലാകാറില്ല.'
സത്യം പറയട്ടെ, ചിക്കയുടെ ഭാഷാര്‍ത്ഥം എന്താണെന്ന് എനിക്കിതേവരെ പിടികിട്ടിയിട്ടില്ല!
'പോക്കറടിച്ചതിന് മായന്‍ പാടി' യാണ് ,'അരിയെത്ര പയറഞ്ഞാഴി'.
'ഈത്തപ്പഴം പഴുക്കുമ്പോള്‍ കാക്കയുടെ വായില്‍ പുണ്ണ് ' കേള്‍ക്കുമ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട്,മരുഭൂമിയില്‍ എവിടെയാണ് കാക്ക എന്ന്.. ഒമാനില്‍ പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ ഉണ്ടായിരുന്നിട്ടും ഒരു കാക്കയെപ്പോലും ഞാന്‍ കണ്ടിട്ടില്ല.
അനാവശ്യ കാര്യങ്ങള്‍ ചിക്കിക്കുത്തിപ്പറയുന്നവരോട് ഉമ്മ ചോദിക്കുന്നത് കേട്ടിട്ടുണ്ട്,എന്തിനാണേ,'പണ്ട് കഴിഞ്ഞോം പടേ(പടയില്‍) ചത്തതൂം 'പറേന്നെ?

നിരന്തരം പരിശ്രമിക്കേണ്ടതിന്റെ ആവശ്യകതയെ ഓര്‍മിപ്പിക്കുന്നതാണ് 'ഏത് ചിപ്പിയിലാ മുത്ത്‌ എന്നറീല'.
ഇപ്പോഴത്തെ പിള്ളേരോടിതെങ്ങാന്‍ പറഞ്ഞാല്‍ എല്ലാ ചിപ്പീം സ്കാന്‍ ചെയ്താപ്പോരെന്ന് തിരിച്ചടിക്കും.

അനവസരത്തില്‍ പഴഞ്ചൊല്ല് പ്രയോഗിച്ച് ചമ്മിപ്പോയ അവസരങ്ങളുമുണ്ടായിട്ടുണ്ട്.ഒരിക്കല്‍ മോള്‍ടെ സ്കൂളില്‍ മീറ്റിംഗിന് തെറ്റായ ദിവസം പോവുകയുണ്ടായി.അവിടെയെത്തിയപ്പോള്‍ ആരെയും കാണുന്നില്ല.ക്രിസ്മസ് അവധിയായിരുന്നു അപ്പോള്‍.ഞാന്‍ കാള പെറ്റെന്ന് കേട്ടപ്പോഴേ കയറെടുത്ത്‌ ഓടിയതാണ് കാരണം.അങ്ങിനെ ഉടനെ ടീച്ചറെ അവിടെ വെച്ച് തന്നെ വിളിച്ച് സംഗതി ക്ലിയര്‍ ചെയ്തു.ഒടുക്കം പറഞ്ഞു,'എന്ത് പറയാനാ ടീച്ചറേ..,ഞാനിവിടെ എത്തിയപ്പോള്‍ അക്കാട്ടീ തീയൂല്ല്യ,ഇക്കാട്ടീ പുകയൂല്ല്യ..'
ഒരു രണ്ടു മൂന്നു നിമിഷം ഞങ്ങള്‍ക്കിടയില്‍ തികഞ്ഞ നിശബ്ദതയായിരുന്നു..!!

പ്രിയപ്പെട്ടവരേ,
ബ്ലോഗാസക്തിയും,ബ്ലോഗാര്‍ത്തിയുമായി നടന്നിരുന്ന എന്നെ ബ്ലോഗ്‌ വിരക്തി പിടികൂടിയപ്പോള്‍ 'വായില്‍ തോന്നിയത് കോതക്ക് പാട്ട് 'എന്ന മട്ടിലെഴുതിയ ഒരു പോസ്റ്റാണിത്‌.

Tuesday, November 22, 2011

പെട്ടിപ്പാലത്തെ പോരാട്ട ഗാഥ


ഇവിടെ എന്റെ അയല്‍ പ്രദേശക്കാര്‍ സമരപ്പന്തലിലായിരിക്കുമ്പോള്‍ എനിക്കെങ്ങിനെ ബ്ലോഗ്ഗില്‍ നൊസ്റ്റാള്‍ജിയയും നുണഞ്ഞ് കളിചിരി പറഞ്ഞിരിക്കാന്‍ കഴിയും?

കേരളത്തിലെ പ്രമുഖ പത്രങ്ങള്‍ വഴിയും ചാനലുകള്‍ വഴിയും വായനക്കാര്‍ക്ക് പെട്ടിപ്പാലം മാലിന്യ പ്രശ്നത്തെപ്പറ്റി ഒരേകദേശ രൂപമുണ്ടാകുമെന്ന് കരുതട്ടെ,
തലശ്ശേരിക്കും മാഹിക്കും മദ്ധ്യേയുള്ള സുന്ദരമായ ഒരു പ്രദേശമാണ് പെട്ടിപ്പാലം.
ഒരു ഭാഗത്ത്‌ സുന്ദരമായ കടല്‍ക്കരയാണെങ്കില്‍, മധ്യഭാഗത്ത്‌ നാഷണല്‍ ഹൈവേ.തൊട്ടിപ്പുറത്ത് തീവണ്ടിപ്പാത.
പക്ഷെ,ഈ സ്ഥലം എളുപ്പം തിരിച്ചറിയാന്‍ കഴിയുക അതിലേ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന അസഹ്യമായ ദുര്‍ഗന്ധം കൊണ്ടാണ്.ബസ്സ് ആ സ്റ്റോപ്പിലെത്തിയാല്‍ എല്ലാവരുടെയും കൈ മൂക്കിനു നേരെ ഉയരുന്നത് കാണാന്‍ പറ്റും.(ഇപ്പോള്‍ മൂക്ക് പൊത്തിപ്പാലം എന്ന ബോര്‍ഡും ഉണ്ട്!)
അങ്ങോട്ട്‌ നോക്കിയാല്‍ കാണുന്ന കാഴ്ചയോ?കുന്നോളം ഉയരത്തില്‍ മാലിന്യങ്ങള്‍..
ഒറ്റനോട്ടത്തില്‍ത്തന്നെ അറപ്പും വെറുപ്പും ഉളവാക്കുന്നൊരു ദൃശ്യമാണത്..
നിര്‍ഭാഗ്യകരമെന്ന് പറയട്ടെ,ഈ കാഴ്ചയും കണി കണ്ടുണരാന്‍ വിധിക്കപ്പെട്ടവരാണ് പെട്ടിപ്പാലം വാസികള്‍.
ബസ്സില്‍ ഏതാനും നിമിഷങ്ങള്‍ പോലും നമുക്ക് മൂക്ക് പൊത്താതെ ഇരിക്കാന്‍ വയ്യെങ്കില്‍ അവിടുത്തെ സ്ഥിര താമസക്കാരുടെ സ്ഥിതിയെന്തായിരിക്കും?
ഒന്നാലോചിച്ചു നോക്കൂ..

ദശകങ്ങളായി തലശ്ശേരി നഗരസഭ അവരുടെ എല്ലാ വിഴുപ്പും,മാലിന്യങ്ങളും കൊണ്ടിടുന്ന സ്ഥലമാണ് പുന്നോല്‍ പെട്ടിപ്പാലം.അതില്‍ മാരകങ്ങളായ ആശുപത്രി മാലിന്യങ്ങള്‍ വരെ പെടും.കാക്ക കൊത്തി അത് നാട് മുഴുവന്‍ കൊണ്ടിടുകയും ചെയ്യുന്നു.
ഒരുപാട് കാലമായി നാട്ടുകാര്‍ ഇതിന്റെ പിന്നാലെ കേസും സമരവുമായി നടക്കുന്നു.അവിടെ മാലിന്യം നിക്ഷേപിക്കാനോ,നിര്‍മാണ പ്രവര്‍ത്തനം നടത്താനോ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവും വന്നു.പക്ഷെ,,പറഞ്ഞിട്ടെന്ത്?
അതൊക്കെയും തലശ്ശേരി നഗരസഭയ്ക്ക് പുല്ലായിരുന്നു.അവസാനം നാട്ടുകാര്‍ ഒന്നാകെയിതാ സമരരംഗത്തിറങ്ങിയിരിക്കുന്നു.
ഇന്നിത് ഇരുപത്തി മൂന്നാം ദിവസമാണ്.നവംനവങ്ങളായ സമരരീതികള്‍ കൊണ്ട് സമ്പന്നമാണ് ഓരോ ദിവസവും.സ്ത്രീകളാണേറെയും.തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞുങ്ങളെയെടുത്തുപോലും പെണ്ണുങ്ങള്‍ സമരപ്പന്തലില്‍ എത്തുന്നുണ്ട്.
രണ്ട് പെണ്ണുങ്ങള്‍ കൂടിയാല്‍ സീരിയല്‍ ചര്‍ച്ചയാണല്ലോ,പക്ഷെ,നിങ്ങള്‍ക്കീ പന്തലില്‍ കേള്‍ക്കാന്‍ കഴിയുക അത്തരം ചപ്പ് ചവറ് വര്‍ത്തമാനങ്ങളല്ല,പകരം ചടുലതയാര്‍ന്ന മുദ്രാവാക്യങ്ങളാണ്.
ഈ സമരം അവര്‍ ജയിച്ചേ പിന്‍ മാറൂ..
ദുര്‍ഗന്ധമില്ലാത്ത വായു അവര്‍ക്കൊരു സ്വപ്നമാണ്,
ശുദ്ധമായ കുടിവെള്ളം അവര്‍ക്ക് കിട്ടാക്കനിയാണ്..,
ശ്വാസകോശരോഗങ്ങളും,ചര്‍മ രോഗങ്ങളും അവരുടെ കൂടപ്പിറപ്പുകളാണ്..
പരിസര പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധിച്ചപ്പോള്‍ അമിതമായ തോതില്‍ കോളിഫോം ബാക്ടീരിയ ഉണ്ടെന്നാണ് കണ്ടെത്തിയത്.
പെട്ടിപ്പാലമെന്ന നാറുന്ന നാട്ടിലേക്കാണെന്ന് കേട്ടാല്‍ വിവാഹാലോചനകള്‍ പമ്പ കടക്കുന്നു..
ഇതൊക്കെയാണ് ഈ നാട്ടിലെ സ്ഥിതി വിശേഷങ്ങള്‍..
പിന്നെ അവര്‍ക്കെങ്ങിനെ ഈ സമരം ജീവന്മരണപ്പോരാട്ടമല്ലാതിരിക്കും??
പരിസ്ഥിതി ഇത്രയധികം അപകടകരമായിട്ടും ഭരണാധികാരികളുടെ അലംഭാവം ശരിക്കും അമ്പരപ്പിക്കുന്നതാണ്.

സമരത്തിന്റെ മുന്നണിയിലുള്ള ശ്രീമതി ജബീന പറയുന്നത്,ഒരു കാര്യത്തില്‍ അവര്‍ക്ക് തലശ്ശേരി മുനിസിപ്പാലിറ്റിയോട് നന്ദിയുണ്ട് എന്നാണ്.കാരണം ഇതോടെ സ്ഥലത്തെ സ്ത്രീ ശക്തി സംഘടിക്കുകയും അവര്‍ക്ക് പുതിയൊരുണര്‍വ് വരികയും ചെയ്തു.
സമരത്തോട് നഗരസഭയുടെ മനോഭാവം ധാര്‍ഷ്ട്യം കലര്‍ന്നതാണ്‌.എത്രയോ പരിഹാര മാര്‍ഗങ്ങള്‍ പലരും ചൂണ്ടിക്കാണിച്ചു കൊടുക്കുന്നുണ്ടെങ്കിലും അതൊന്നും അവരുടെ തിമിരം ബാധിച്ച നയനങ്ങളില്‍ പതിയുന്നില്ല.

മൂന്ന് C കള്‍ കൊണ്ട് പ്രശസ്തമാണ് തലശ്ശേരി എന്ന് പറയാറുണ്ട്‌.(സര്‍ക്കസ്,ക്രിക്കറ്റ്,കേക്ക് ).പക്ഷെ,അവരുടെ മുനിസിപ്പാലിറ്റിക്ക് വേറൊരു സീയുടെ കുറവുണ്ട്.അതാണ്‌ CLEANLINESS .
തന്റെ അഴുക്ക് മറ്റുള്ളവര്‍ പേറട്ടെ എന്ന ചീത്ത മനസ്ഥിതിക്ക് പെട്ടിപ്പാലത്തെ കച്ചറയേക്കാള്‍ നാറ്റമുണ്ട്..

പോരാളികള്‍ക്ക് എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും..

Monday, October 24, 2011

മായാലോകത്തേക്കൊരെത്തി നോട്ടം..

പരസ്യങ്ങളില്ലാത്തൊരു ലോകം നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല.
വര്‍ണമനോഹരമായ ചിത്രങ്ങളും, വാചാലമായ വാക്കുകളും കൊണ്ട് സമ്പന്നമാണത്.
ക്യാച്ചി words ഉരുത്തിരിയുന്ന തലച്ചോറുകളുടെ ഉടമകളെ നമ്മള്‍ കൈകൂപ്പിയെ പറ്റൂ..

ആ ലോകത്തിലെ രസങ്ങളിലൂടെ,രസക്കേടുകളിലൂടെ ഒരു ഒരു കാഴ്ച്ചക്കാരിയുടെ
യാത്രയാണിത്‌.

ചില പത്രങ്ങള്‍ കണ്ടാല്‍ ശരിക്കും അത് പരസ്യത്തിനു വേണ്ടി മാത്രമുള്ളതാണെന്നേ കരുതൂ.
മുന്‍പേജില്‍ വെണ്ടയ്ക്ക അക്ഷരത്തിലുള്ള ബഹുവര്‍ണ തലക്കെട്ടുകള്‍ ചിലപ്പോള്‍ സോപ്പിന്റെതോ കാറിന്റെതോ ആയിരിക്കും..
ടിവിയില്‍ വരുന്ന പരസ്യങ്ങള്‍ കൊണ്ട് പല പ്രയോജനങ്ങളുമുണ്ട്.
ഒന്ന് മൂത്രമൊഴിക്കാനോ,അല്ലറ ചില്ലറ പണികള്‍ തീര്‍ക്കാനോ നേരമുപകരിക്കും.
BHAJSA(Babar,Humayun,Akbar,Jahangir,Shajahan,Aurangazeeb) എന്ന acronym പഠിക്കാത്തവര്‍ക്കിതാ പിയേര്‍സ് ഒരുക്കിയ സ്റ്റൈലന്‍ പരസ്യം."ബാബര്‍ കാ ബേട്ട ഹുമയൂണ്‍.."

വീട്ടില്‍ വന്നൊരു ബന്ധു വനിതാ മാഗസിന്‍ നോക്കുകയായിരുന്നു.പുള്ളിക്കാരന്റെ പിന്നില്‍ നിന്നും എന്റെ എളാമ അസഹ്യതയോടെ ചോദിച്ചു,"ഇതെന്താ മോനെ,ഇതിലിത്രപ്പെരുത്ത് നോക്കാന്‍..?"
ഇത് കേട്ട ബന്ധു ചീറിക്കൊണ്ട് പറഞ്ഞു,"*പോട് കോയാ ഞാനീ ബേസിന്‍ നോക്കിയതാ.."
പണിതു കൊണ്ടിരിക്കുന്ന വീട്ടിലേക്കു സാനിട്ടറി വാങ്ങുന്ന തിരക്കിലായിരുന്നു മൂപ്പര്‍.പുതിയൊരു മോഡല്‍ കണ്ടപ്പോള്‍ ഒന്ന് ശ്രദ്ധിച്ചു അത്ര തന്നെ..
എളാമയെ
ചൊടിപ്പിച്ചത് അതും ചാരി നില്‍ക്കുന്ന അല്‍പ വസ്ത്രധാരിണിയായ മങ്ക!
ഈ ബേസിനെന്താ സ്ത്രീകളേ ഉപയോഗിക്കുള്ളൂ?

സോപ്പ് എന്ന സാധനം പിന്നെ ദൈവം പെണ്ണുങ്ങള്‍ക്കായി മാത്രം സൃഷ്ട്ടിച്ച വസ്തുവാണ്..!
പരസ്യലോകം
നമ്മോട് പറയുന്നതതല്ലേ?
അടി വസ്ത്രങ്ങളുടെ പരസ്യങ്ങളുടെ കാര്യത്തില്‍ എല്ലാ കെട്ടും പൊട്ടിച്ചു കഴിഞ്ഞിരിക്കുന്നു.ഞാന്‍ ഒരു വനിതാ മാസിക ഈയൊരു കാര്യം കൊണ്ട് തന്നെ നിര്‍ത്തിക്കളഞ്ഞു.സത്യം പറഞ്ഞാല്‍ കുടുംബത്തീക്കയറ്റാന്‍ കൊള്ളില്ല.
പുട്ടില്‍ തേങ്ങ തിരുകിയപോലെ ബ്രായുടെയും പാന്റീസിന്റെയും പടങ്ങളുടെ ചാകരയാണ്..
സാരിയുടെ പരസ്യങ്ങളാകട്ടെ,ഇപ്പോള്‍ ബ്ലൌസിന്റെ പ്രദര്‍ശനങ്ങളാണ്.അങ്കവും കാണാം,താളിയും ഒടിക്കാം..

പഴഞ്ചൊല്ലിന് പകരം നമ്മുടെയൊക്കെ നാക്കിന്‍ തുമ്പത്തിന്ന് പരസ്യവാചകങ്ങളല്ലേ?

ഹജ്ജിന് പോയ അമ്മായിയുടെ സുഖ വിവരം അന്യേഷിച്ച വൃദ്ധയായ ബന്ധു അമ്മായിയുടെ സരസയായ മകളുമായി നടത്തിയ ഫോണ്‍ സംഭാഷണം..(ആ വര്‍ഷം പോകുമോ ഇല്ലയോ എന്നറിയാതെ ഒരു പാട് പേര്‍ ഹജ്ജ് യാത്രക്കൊരുങ്ങി നില്‍പ്പായിരുന്നു.)
ബന്ധു : "ഓളെത്തി വിവരം വന്നോ മോളെ..?ഓളെ വിശ്വാസം ഓളെ കാത്തു."
മകള്‍: "ങാ..വിശ്വാസം അതല്ലേ എല്ലാം.."
ബന്ധു :"അതന്നെ മോളെ..അത് മാത്രാ..."

കെട്ടിയോന്റെ ഷര്‍ട്ടിലെ കറ പോക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ മൂപ്പരുടെ വക കമന്റ്:
"കറ നല്ലതാ..!"

ഒരു ക്രിക്കറ്റ് വേള്‍ഡ് കപ്പ് കാലത്ത് മോട്ടോറോളയുടെ ഉഗ്രനൊരു പരസ്യമുണ്ടായിരുന്നു.'വണ്‍ ബ്ലാക്ക്‌ കോഫി പ്ലീസ്..'
ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ അത്?

ഇന്ന് നമ്മള്‍ ഉറക്കില്‍പ്പോലും പറഞ്ഞുപോകുന്നൊരു വാക്കാണല്ലോ 'ഗോഡ്സ് ഓണ്‍ കണ്‍ട്രി.'അതും ഒരു പരസ്യക്കമ്പനിയുടെ സംഭാവനയാണത്രെ..ആ അനുഗ്രഹീതന് എന്നെന്നും ഓര്‍ത്തോര്‍ത്ത് അഭിമാനിക്കാന്‍ ഇനിയെന്ത് വേണം?
അതിന്റെ കൂടെപ്പറയുന്ന ഡെവിള്‍സ് ഓണ്‍ പീപ്പിള്‍ ആരുടെ വികടസരസ്വതിയാണാവോ?

അതേപോലെ വനമാല എത്ര പെട്ടെന്നാണ് നമ്മുടെ കഴുത്തിലെ മാല പോലെ സ്വന്തമായത്?
ജനിച്ചാലും മരിച്ചാലും ഇപ്പോള്‍ ലഡ്ഡു പൊട്ടലാണ്.
ഇടി വെട്ടേണ്ടിടത്തും,വെടി പൊട്ടേണ്ടിടത്തും ഒക്കെ ഇപ്പോള്‍ ലഡ്ഡുവാണ് താരം.ഇനിയൊരു പരസ്യ വെടി പൊട്ടും വരെ ലഡ്ഡു പൊട്ടിക്കൊണ്ടേയിരിക്കും..

ചെറിയമോള്‍ എന്തൊക്കെയോ കൊസറാക്കൊള്ളി ഒപ്പിച്ചിട്ട് ചോദിക്കുകയാ "വാട്ട് ആന്‍ ഐഡിയ സര്‍ജി..?"
ഇനിയുമെന്തെല്ലാം മായക്കാഴ്ചകള്‍..

*കോയ എന്നത് ഇവിടങ്ങളില്‍ ആണ്‍പെണ്‍ ഭേദമെന്യേ വിളിക്കുന്ന പേരാണ്.

Wednesday, September 28, 2011

സൌഹൃദത്തിന്റെ സ്വാദ്



ബൂലോകത്ത് വന്നതുമുതലുള്ള ആശയാണ് ബ്ലോഗ്‌ മീറ്റ്‌ എന്നത്.സമയവും സന്ദര്‍ഭവും ഒത്തു വരാത്തതിനാല്‍ ഇത് വരെ ആ ആഗ്രഹം നിറവേറിയില്ല.
ബ്ലോഗ്‌മീറ്റ്കളെപ്പറ്റിയുള്ള പോസ്റ്റുകളൊക്കെ ആവേശത്തോടെയും ആര്‍ത്തിയോടെയുമായിരുന്നു വായിച്ചിരുന്നത്.
ആ വായനയില്‍ തൃപ്തിയടഞ്ഞും,എന്നെങ്കിലുമൊരിക്കല്‍ പങ്കെടുത്തേക്കാവുന്ന മീറ്റ് സ്വപ്നത്തില്‍ കണ്ടുമായിരുന്നു ഞാന്‍ സായൂജ്യമടഞ്ഞിരുന്നത്.

അങ്ങിനെയിരിക്കുമ്പോഴതാ ബ്ലോഗ്‌ വഴി പരിചയപ്പെട്ട,ഞാന്‍ അനിയത്തിയായും ,മകളായും ഒക്കെ കരുതുന്ന ജാസ്മിക്കുട്ടി നാട്ടില്‍ വരുന്നു..
നാട്ടിലെത്തി അടുത്ത ദിവസങ്ങളില്‍ത്തന്നെ ഫോണില്‍ക്കൂടെ സംസാരിക്കുകയും തീര്‍ച്ചയായും നേരില്‍ കാണാമെന്ന് ഉറപ്പ് തരികയും ചെയ്തു.
ഞാന്‍ ആദ്യബ്ലോഗ് മീറ്റിനു വേണ്ടി പ്രതീക്ഷയോടെ കാത്തിരുന്നു..
അങ്ങിനെ ആ സുദിനം വന്നെത്തി....

മഴക്കാലമായിരുന്നെങ്കിലും മാനം തെളിഞ്ഞു നിന്ന ആ പകലില്‍ പ്രകാശം പൊഴിച്ച് കൊണ്ട് ജാസ്മിക്കുട്ടിയും കുടുംബവും ഞങ്ങളുടെ പടി കടന്ന് വന്നു!
ജാസ്മിക്കുട്ടിയെപ്പറ്റി ഞാന്‍ എന്താണോ വിചാരിച്ചിരുന്നത്,അതേ പോലെയായിരുന്നു ആ കുട്ടി..
സന്തോഷവും,സൌഹൃദവും തിരതല്ലിയ ആ നിമിഷങ്ങള്‍ എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല.
നിറഞ്ഞ ചിരിയുമായി ഇത്ത എന്ന് വിളിച്ചു കൊണ്ട് എന്റെ പിന്നാലെ നടക്കുമ്പോള്‍ എനിക്ക് തോന്നി ഈ 'ഇത്ത' വിളിയേക്കാള്‍ ഹൃദ്യമായി ഈ ലോകത്ത് വേറൊന്നും തന്നെയില്ലെന്ന് !
അത്രയ്ക്കും ശ്രവ്യ സുന്ദരമായിരുന്നത്..
ജാസ്മിക്കുട്ടി എന്നത് ബ്ലോഗ്ഗറുടെ മകളുടെ പേരാണ്.ആ മിടുക്കിക്കുട്ടിയെ ഓമനിക്കുമ്പോള്‍ ഇത് സ്വപ്നമോ സത്യമോ എന്ന് സംശയിച്ചു!

എവിടെയോ കിടക്കുന്ന ആള്‍ക്കാര്‍ തമ്മില്‍ ഇങ്ങിനെയൊരു കെമിസ്ട്രി രൂപപ്പെടുന്നതില്‍ ബൂലോകത്തിന്റെ പങ്ക് അപാരം..
ബൂലോകമെന്ന സ്നേഹലോകത്തെപ്പറ്റി ഞാന്‍ നന്ദിയോടെ,അത്ഭുതത്തോടെ ഓര്‍ത്തു.
ഞാനിവിടെ എത്താനിടയാക്കിയ നിമിത്തങ്ങള്‍ എന്നില്‍ സന്തോഷകരമായ സ്മരണയായി.ആ സ്മരണകള്‍ പുറത്ത് കാണുന്ന പുഞ്ചിരിയായി...
ജാസ്മിക്കുട്ടി എനിക്ക് സമ്മാനിച്ച ഉപഹാരമാണ് മുകളില്‍ കാണുന്ന ചിത്രത്തിലുള്ളത്.
സ്പൈസി ഫുഡ്‌ ഇഷ്ട്ടപ്പെടുന്ന എന്റെ രുചിക്കൂട്ടുകളിലേക്ക് ഉപ്പും കുരുമുളകും വിതറിയൊരു സ്നേഹപൂര്‍ണമായ കയ്യൊപ്പ്..

Monday, June 27, 2011

ഞങ്ങള്‍ക്കെന്താ ജയിച്ചൂടെ??

'തലയുള്ളടത്തോളം നാള്‍ മൂക്കിലെ വെള്ളം വറ്റൂല" എന്ന് പറഞ്ഞ പോലെയാണ് സി ബി എസ് ഇയുടെ സാന്നിധ്യത്തില്‍ കേരള സിലബസ് കേള്‍ക്കുന്ന പഴി.

സി ബി എസ് ഇ സിലബസ് മോശമാണെന്ന് ഞാന്‍ പറയുന്നില്ല.പക്ഷെ കേരള സിലബസ് പഠിച്ച് ഉയര്‍ന്ന ഗ്രേഡ് വാങ്ങിയവരെ നോക്കി ഇതെല്ലാം നിങ്ങള്‍ക്ക്‌ ദാനം കിട്ടിയ മാര്‍ക്കല്ലേ എന്ന വിധത്തിലുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് സഹിക്കാന്‍ വിഷമമാണ്.
കഠിനാധ്വാനം ചെയ്തു തന്നെയാണ് കേരള പിള്ളേര്‍ നല്ല ഗ്രേഡ് വാങ്ങിക്കുന്നത്.അതിലസൂയപ്പെട്ടിട്ട് കാര്യമില്ല.ഇനി ഈ രണ്ട് കൂട്ടരും ഒന്നായി മത്സരിക്കുന്ന എന്‍ട്രന്‍സ് എന്ന യുദ്ധക്കളം നോക്കാം.ഈ കഴിഞ്ഞ കേരള മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ ആദ്യത്തെ ആയിരം റാങ്കുകാരില്‍ 467 പേര്‍ കേരള ഹയര്‍ സെക്കന്ററിയില്‍ നിന്നായിരുന്നു!
ഒന്നാം റാങ്കുകാരനും പഠിച്ചത് കേരള സിലബസ്!!
സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിച്ച് IAS ന് പോലും ഒന്നാം റാങ്ക് വാങ്ങിയവര്‍ ഇവിടെയുണ്ടെന്നുള്ളത് അതിശയോക്തിയല്ല.
അപ്പോള്‍പ്പിന്നെ സിലബസ്സിനെ എന്തിനു കുറ്റം പറയുന്നു?
ടെക്സ്റ്റ്‌ ബുക്കിലുള്ളത് വാ തൊടാതെ വിഴുങ്ങി അതപ്പടി ഉത്തരക്കടലാസ്സില്‍ ചര്‍ദ്ദിക്കാന്‍ കേരളത്തിലെ പിള്ളേര്‍ക്ക് കഴിയില്ല.വിദ്യാര്‍ഥിയുടെ ബുദ്ധിശക്തിയും നിരീക്ഷണവും നന്നായി ചോദ്യം ചെയ്യപ്പെടുന്നതാണ് ഇപ്പോഴത്തെ കേരള സിലബസ്സ്.
ഇതിനിടെ നടന്ന പ്ലസ്‌ ടു മാര്‍ക്ക്‌ ദാന വിവാദം പോലെയുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മൊത്തം കുട്ടികളും പഠിക്കാതെ മാര്‍ക്ക് വാങ്ങുന്നവരാണെന്ന് ആക്ഷേപിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാണ്‌.
തന്റെത് മാത്രം നല്ലത് ബാക്കിയെല്ലാം മോശം എന്ന ഒരു സങ്കുചിതത്വം സി ബി എസ് ഇ ക്കാരിലും അവരുടെ രക്ഷിതാക്കളിലും കണ്ടു വരുന്നു എന്നുള്ളത് തീര്‍ച്ചയായും മാറേണ്ട ഒരു മനോഭാവമാണ്.
ഒരുപാട് കേട്ടും പറഞ്ഞും പഴകിയതാണെങ്കിലും എന്റെ നാക്കിന്‍ തുമ്പത്ത് വരുന്നത് "ഈ സി ബി എസ് ഇ ക്കെന്താ കൊമ്പുണ്ടോ?"എന്ന് തന്നെയാണ്.
ഇവിടെ ഈ സി ബി എസ് ഇ തരംഗം വരുന്നതിനു മുമ്പ് ഒരുപാട് പ്രഗല്‍ഭരും പ്രശസ്തരും കടന്ന് പോയിട്ടുണ്ടെന്നുള്ളത് നമ്മള്‍ വിസ്മരിക്കരുത്.

ഒരേതരം കാറ്റഗറിയില്‍പ്പെട്ടവര്‍ മാത്രമാണ് അത്തരം സ്കൂളുകളില്‍ പഠിക്കുന്നത്.അതുകൊണ്ട് സമൂഹത്തിലെ മറ്റ് വര്‍ഗങ്ങളുടെ യാതനകളോ വേദനകളോ മനസ്സിലാക്കാന്‍ ആ കുട്ടികള്‍ക്കാവുന്നില്ല.അതിനാല്‍ത്തന്നെ അസഹിഷ്ണുത അവരില്‍ പെരുകുന്നതായി കാണുന്നു.
വിദ്യാഭ്യാസം കൊണ്ടുണ്ടാവേണ്ട പ്രധാനപ്പെട്ട ഒരു ഗുണമായ ഹൃദയവിശാലത പലരിലും കാണുന്നില്ല. ഇത്തരം അമുല്‍ ബേബിമാര്‍ പുറത്തിറങ്ങിയാല്‍ സ്വന്തം സുഖത്തിനപ്പുറം മറ്റൊരു ലക്ഷ്യവും അവര്‍ക്കുണ്ടാവുകയുമില്ല.

മറിച്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ എന്റെമകള്‍ക്കും എന്റെ ജോലിക്കാരിയുടെ മകള്‍ക്കും ഒരുമിച്ച് പഠിക്കാന്‍ അവസരം കിട്ടുമ്പോള്‍ അവിടെ വിശാലമായ തലത്തില്‍ ഒരു സംസ്കാരം വളരുകയാണ്.ഉള്ളവനും ഇല്ലാത്തവനും ഇടയ്ക്കുള്ള മതില്‍ ഇത്തരം സൌഹൃദങ്ങള്‍ വഴി പൊളിഞ്ഞു വീഴുന്നു.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ചങ്ങാതിമാരെ ഒരു കൈ സഹായിക്കുക വഴി അറിയാതെ അവരില്‍ ഒരു സഹജീവി സ്നേഹം ഉടലെടുക്കുന്നു.ഇതൊന്നും ഉപദേശിച്ചും വേദ പുസ്തകങ്ങള്‍ വായിച്ചും നേടിയെടുക്കാന്‍ കഴിയില്ല.
കോംപ്ലാന്‍ കുടിച്ച് സ്മാര്‍ട്ട്‌ ക്ലാസ്റൂമുകളില്‍ വിലസുന്ന കുട്ടികള്‍ക്ക് ഇതൊക്കെ അവരുടെ വികാര വിചാരങ്ങള്‍ക്കുമപ്പുറത്തെ കാര്യങ്ങളാണ്.

ഒരുപാട് പരാതികളും പരാധീനതകളും നില നില്‍ക്കെത്തന്നെ നമ്മുടെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പല നല്ല ധര്‍മങ്ങളും നിറവേറ്റുന്നുണ്ട്.ഈ പരിമിതികള്‍ക്കൊക്കെയിടയില്‍ നിന്ന് കുട്ടികള്‍ തിളക്കമാര്‍ന്ന വിജയങ്ങള്‍ കരസ്ഥമാക്കുമ്പോള്‍ അതിനെ വിശേഷിപ്പിക്കാന്‍ 916 ഒന്നും പോരാ..

Sunday, May 29, 2011

സൌ സാല്‍ പെഹലെ മുത്സെ തുംസെ പ്യാര്‍ ഥാ..

ദൂരദര്‍ശനില്‍ മലയാളം സംപ്രേഷണം ആരംഭിക്കുന്നതിനു മുമ്പ് ഞാന്‍ ടി വി കണ്ടിരുന്നത്‌ ശബ്ദമില്ലാതെയായിരുന്നു!
കാരണം എനിക്ക് ഹിന്ദി അറിയില്ല എന്നത് തന്നെ.
കേട്ടിട്ട് ഒന്നും മനസ്സിലാകുന്നില്ല.എന്നാല്‍ പിന്നെ ശബ്ദ മലിനീകരണമെങ്കിലും ഒഴിവാക്കാമല്ലോ.

എല്ലാ പരിപാടികളും എനിക്ക് 'പുഷ്പക്' സിനിമ പോലെയായിരുന്നു.സ്കൂളില്‍ പഠിച്ച ഹിന്ദിയൊന്നും ഒരു പ്രയോജനവും ചെയ്യുന്നില്ലല്ലോ എന്ന് വേദനയോടെ ഓര്‍ക്കും.
ഞാന്‍ കേട്ടാസ്വദിക്കുന്ന പാട്ടുകളുടെ ഒരു വരിയുടെ പോലും അര്‍ത്ഥമെന്തെന്ന് മനസ്സിലാകാത്തതില്‍ സ്വയം നിന്ദിക്കും..
ഇക്കാക്കമാരും,ഭര്‍ത്താവും ഒക്കെ ഹിന്ദി സിനിമ കാണുമ്പോള്‍ പുട്ടില്‍ തേങ്ങ ചേര്‍ക്കും പോലെയുള്ള എന്റെ വിവര്‍ത്തനാഭ്യര്‍ത്ഥന അവര്‍ക്കലോസരമായിരുന്നു.
ഒന്നോ രണ്ടോ തവണ പറഞ്ഞു തരും,ആവേശം മൂത്ത് ഞാന്‍ പിന്നെയും പിന്നെയും ചോദിച്ചു കൊണ്ടേയിരിക്കും..
ഇനി ഞാന്‍ ഹിന്ദി കാസറ്റ് എടുക്കുകയേയില്ല എന്ന് ഹബ്ബി പ്രഖ്യാപിച്ചു.കാരണം ആ ഇടപെടല്‍ മൂപ്പര്‍ക്ക് അത്രയ്ക്കസഹനീയമായിരുന്നു.ഞാനെന്ന ബെറ്റര്‍ ഹാഫ് ചിലപ്പോഴൊക്കെ ഈ കാരണത്താല്‍ ബിറ്റര്‍ ഹാഫ് ആയി മാറി.
ഏക്‌ ദൂജെ കേലിയെ എന്ന ഫിലിം കാണാന്‍ ആശിച്ച് നിന്നതായിരുന്നു.കാസറ്റും കിട്ടി.പക്ഷെ എന്ത് ഫലം?നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ "നായിക്ക് മുയ്യന്‍ തേങ്ങ കിട്ടിയ പോലെ.."(പട്ടിക്ക് പൊതിക്കാത്ത തേങ്ങ കിട്ടിയ പോലെ എന്ന് പരിഭാഷ്യം)
ടി വിയിലെ ഓരോ പരിപാടികള്‍ കാണുമ്പോഴും എന്റെ ഉള്ളില്‍ സങ്കടം വന്നു നിറയും..
ദുഖഭരിതമായ സീനുകള്‍ കണ്ടത് കൊണ്ടായിരുന്നില്ല ആ സങ്കടം..
ഇപ്പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ലല്ലോ എന്റെ റബ്ബേ..
അവര്‍ ചിരിക്കുന്നതിന്റെയും,കരയുന്നതിന്റെയും പൊരുള്‍ ഞാന്‍ സ്വയം നിര്‍ണയിച്ചു.
ഇങ്ങിനെ ഹിന്ദിയുമായി മല്‍പ്പിടുത്തം നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഞാന്‍ ഒമാനിലേക്ക് പറക്കുന്നത്.
മലയാളികളെയൊഴിച്ച് വേറെ ആരെയും കണ്ടുമുട്ടാനിടവരല്ലേ എന്ന പ്രാര്‍ത്ഥനയുമായി കഴിഞ്ഞു.
മൂപ്പരുടെ ഓഫീസിലെ സ്റ്റാഫും മറ്റും പുറത്തു നിന്ന് കണ്ടാല്‍ 'കേസീ ഹോ ഭാഭീ..?' എന്ന് ചോദിക്കുമ്പോള്‍ മനോഹരമായൊരു പുഞ്ചിരിയില്‍ ഉത്തരമൊതുക്കും.
ഈ ഭാഷയെ എങ്ങിനെ മെരുക്കുമെന്ന ആധി ഉള്ളില്‍ കടലായി പെരുകിക്കൊണ്ടിരുന്നു..
അങ്ങിനെ ഒന്ന് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.അപ്പോഴേക്കും നാട്ടില്‍ മലയാളം സംപ്രേഷണം ആരംഭിച്ചിരുന്നു.ഞങ്ങള്‍ക്കവിടെ ഡിഷ്‌ വെച്ച് zee tv,star plus ഒക്കെയും കിട്ടിക്കൊണ്ടിരുന്നു.
പക്ഷെ,അന്താക്ഷരി ഒഴിച്ച് വേറൊന്നും എനിക്കാസ്വദിക്കാന്‍ പറ്റിയിരുന്നില്ല.എങ്കിലും ഹിന്ദിയോടുള്ള ഇഷ്ടം കൊണ്ട് വെറുതെ കാണും.

ഇനിയാണ് സംഭവം.
ഞങ്ങള്‍ താമസിച്ചിരുന്ന ഏരിയയില്‍ മലയാളികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
അവിടെക്കതാ ഒരു ഡല്‍ഹിക്കാരന്‍ ആര്‍ക്കിട്ടെക്ട്ടും കുടുംബവും പുതുതായി താമസത്തിന് വരുന്നു..
എന്റെയൊക്കെ പ്രായമുള്ള ഭാര്യ,പേര് നീലിമ.അവരുടെ മകള്‍ക്ക് എന്റെ മകളുടെ പ്രായം,അവള്‍ക്കൊരു കുഞ്ഞനിയന്‍..
ഇത്രയും പേരടങ്ങിയ ഒരു കൊച്ചു കുടുംബം.
ഞങ്ങള്‍ മലയാളി പെണ്ണുങ്ങള്‍ എല്ലാ സായാഹ്നങ്ങളിലും ആ കോമ്പൌണ്ടില്‍ ഒത്തു കൂടുമായിരുന്നു,ചിലപ്പോള്‍ ഷട്ടില്‍ കളിക്കും..അല്ലെങ്കില്‍ സംസാരിച്ചിരിക്കും..
ഞങ്ങളുടെ മക്കള്‍ പലേ കളികളിലും ഏര്‍പ്പെടും.
ആ കൂട്ടായ്മയിലേക്ക് ഈ ഡല്‍ഹിക്കാരി മടിച്ചു മടിച്ചു കടന്നു വന്നു.
ഞങ്ങളുടെ കൂട്ടത്തിലെ ഒരു ടീച്ചര്‍ പൂനയിലൊക്കെ ജീവിച്ചതായിരുന്നതിനാല്‍ നന്നായി ഹിന്ദി സംസാരിക്കുമായിരുന്നു.
അതിനാല്‍ത്തന്നെ അവര്‍ മടിക്കാതെ നീലിമയുടെ അടുത്ത് പോയി വിവരങ്ങളൊക്കെ അന്യേഷിച്ചു.
മറ്റെല്ലാവരും പിരിഞ്ഞുപോയെങ്കിലും ടീച്ചറുടെ അരികു പറ്റി സുന്ദരന്‍ ഒരു ചിരിയുമായി ഞാനും അവരുടെയടുത്ത്‌ നിലകൊണ്ടു.എന്റെ മോള്‍ അവരുടെ മോള്‍ടെ പ്രായമാണെന്നും മറ്റുമുള്ള കാര്യങ്ങള്‍ ടീച്ചര്‍ അവര്‍ക്ക് കൈമാറി.

പ്രിയപ്പെട്ടവരേ..,എനിക്കന്ന് 'തുമാരാ നാം ക്യാ ഹെ ?' ' മേരാ നാം --- ഹൈ' എന്ന മട്ടിലുള്ള ഒന്ന് രണ്ട് വാക്കുകള്‍ മാത്രമേ അറിയുമായിരുന്നുള്ളൂ..എന്നിട്ടും, ഹിന്ദി പ്രേമത്താല്‍ ആ ചെറിയ വിജ്ഞാനം വെച്ച് കുറച്ചു ഇംഗ്ലീഷും ചേര്‍ത്ത് ആരും സമീപത്തില്ല എന്നുറപ്പ് വരുത്തി ഞാന്‍ എന്തൊക്കെയോ അവരോട് ചോദിക്കുകയും പറയുകയും ചെയ്തു.
അവരുടെ മറുപടികള്‍ എനിക്കവ്യക്തമാണെന്ന് മനസ്സിലായപ്പോള്‍ ഒരു നല്ല അധ്യാപികയെപ്പോലെ അവര്‍ എനിക്ക് വിശദീകരിച്ചുതരാന്‍ തുടങ്ങി..
അങ്ങിനെയങ്ങിനെ ഞങ്ങളുടെ സമാഗമങ്ങള്‍ തുടര്‍ന്നു..
എന്റെ പൊട്ട ഹിന്ദിയും,ഇംഗ്ലീഷും,ഞങ്ങളുടെ സ്നേഹവും ഇടമുറിയാതെ സംവദിച്ചു..
ഞങ്ങളുടെ മക്കള്‍ അടുത്ത കൂട്ടുകാരായി..
അവര്‍ ഞങ്ങളുടെ വീട്ടിലും ഞങ്ങള്‍ അവരുടെ വീട്ടിലും പോക്ക് വരവുകള്‍ തുടങ്ങി..

അങ്ങിനെയിരിക്കുമ്പോള്‍..,ഒരു ദിവസം ഞാനത് മനസ്സിലാക്കി!!
എന്റെ നാക്കിന്റെ കെട്ടഴിഞ്ഞിരിക്കുന്നു..
എനിക്കുമിപ്പോള്‍ ഹിന്ദി സംസാരിക്കാം..അതും പച്ച വെള്ളം പോലെ..
റഫി സാബിന്റെ "तुजे में चाँद केहता धा मगर उसमें भी धाग है..
तुजे सूरज में केहता धा मगर उसमें भी आग है..." എന്ന വരികള്‍ എനിക്ക് കൂടുതല്‍ മധുരിതമായി..
Hurrray......

അന്ന് ലജ്ജ വിചാരിച്ചു ഞാന്‍ മാറി നിന്നിരുന്നുവെങ്കില്‍ ഹിന്ദി എനിക്ക് എത്താത്ത കൊമ്പത്താകുമായിരുന്നു..
വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു ഞാന്‍ ഒമാന്‍ വിട്ടു..അവരും പോയിരിക്കാം..വെക്കേഷനില്‍ പോയപ്പോഴൊരിക്കല്‍ അവരുടെ നമ്പറില്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.ഇന്നും സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴി ഞാന്‍ അവരെ അന്യേഷിച്ചു കൊണ്ടിരിക്കുന്നു...
എനിക്കറിയാവുന്ന ഓരോ ഹിന്ദി വാക്കിലും നീലിമയോടുള്ള കടപ്പാടുണ്ട്.

ഇപ്പോള്‍ ഹിന്ദി സീരിയല്‍ വഴി ഹിന്ദി സ്നേഹം നില നിര്‍ത്തുന്നു.
മാസങ്ങള്‍ക്ക് മുമ്പൊരിക്കല്‍ ഞങ്ങളുടെ ഏരിയയിലേക്ക് പഞ്ചായത്ത് ഒക്കെ ഇടപെട്ടു ഒരു ഗൂര്‍ഖയെ നിയമിച്ചു.
ഒരു ഗോപാല്‍.എനിക്ക് സന്തോഷമായി.ഇവനോടെങ്കിലും എനിക്കിത്തിരി ഹിന്ദി പ്രയോഗിക്കാമല്ലോ.അങ്ങിനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴതാ വരുന്നു ചേച്ചി എന്ന വിളി..!
മണി മണി പോലെ മലയാളം പറയുകയും ചെയ്യുന്നു...
അമ്പരന്നു നില്‍ക്കുന്ന എന്നോട് അവന്റെ രണ്ടാമത്തെ വെടിയും വന്നു.."ഹം പന്ത്രഹ് സാല്‍ പെഹലെ കേരള്‍ മേ ആയാ ഥാ.."
ഇത്..ഇത്..??ഗാന്ധി നഗര്‍ സെക്കന്റ്‌ സ്ട്രീറ്റില്‍ മോഹന്‍ലാല്‍ പറഞ്ഞ അതേ ഡയലോഗ് അല്ലെ??
"സച്ച് ?"
"ഹാ ജി.."

(സത്യമായും ഇത് ഗോപാല്‍ പറഞ്ഞതാണ്..)

Wednesday, May 11, 2011

കെടാത്ത കനല്‍

ചില ഓര്‍മകള്‍ക്ക് മരണമില്ല.അവ അങ്ങിനെ നമ്മുടെ ഹൃദയത്തിലൊരു കോണില്‍ കനലായിക്കിടക്കും.
ചിലത് സന്തോഷകരമായിരിക്കും..മറ്റ് ചിലത് കണ്ണീര്‍ പുരണ്ടവയും..
എന്റെ ഉള്ളിലുമുണ്ടൊരേട്‌..
പൊടി പിടിക്കാതെ..
ചിതല്‍ പിടിക്കാതെ..
ആ സ്മരണയ്ക്ക് മരണത്തിന്റെ മണമാണ്..
ആ മിഴിവാര്‍ന്ന ചിത്രത്തിലുള്ളത് എന്റെ ഉമ്മയും!
വര്‍ഷം പത്തു കഴിഞ്ഞെങ്കിലും വേര്‍പാടിന്റെ വിതുമ്പലുകള്‍ ഇന്നുമീ നെഞ്ചില്‍ കിടന്ന് കുറുകിക്കൊണ്ടിരിക്കുന്നു..

പക്ഷാഘാതമായിരുന്നു തുടക്കം.
അതിന്റെ ഭീകരമുഖം എന്റെ പരിമിതമായ അറിവുകള്‍ക്കെല്ലാമപ്പുറമായിരുന്നു.
അറിയാവുന്ന ഭാഷയിലെല്ലാം ദൈവത്തെ വിളിച്ചു കേണു..ഡോക്ടറുടെ മുമ്പില്‍ എന്റെ കണ്ണീര്‍ സംസാരിച്ചു.
നാള്‍ കഴിയുന്തോറും സ്ഥിതി വഷളായിക്കൊണ്ടേയിരുന്നു.
മാസ്സീവ്‌ സ്ട്രോക്ക് എന്ന് ഡോക്ടര്‍ വിധിയെഴുതി.
എന്റെ ലോകം കീഴ്മേല്‍ മറിഞ്ഞു.

ഐ സി യുവിന്റെ മുമ്പിലെ ദുസ്സഹമായ കാത്തിരിപ്പിലൂടെ ഞാന്‍ ആശുപത്രിയും അതിലെ അന്തേവാസികളെയും അറിയുകയായിരുന്നു.ഈ മാസ്സീവ്‌ സ്ട്രോക്ക് പോലും എത്ര നിസ്സാരമെന്ന് തോന്നിച്ച അനുഭവങ്ങള്‍ കണ്ടും കേട്ടും ഞാന്‍ മനസ്സ് മരവിച്ചവളായി..
"നിങ്ങള്‍ മാസത്തിലൊരിക്കല്‍ ആശുപത്രി സന്ദര്‍ശിക്കണമെന്ന" പ്രവാചക വചനത്തിന്റെ ആന്തരാര്‍ത്ഥം ഞാനവിടെ കണ്ടറിഞ്ഞു...
എന്റെ ദിനചര്യ ഐ സി യു വിനെച്ചുറ്റിപ്പറ്റി ഒതുങ്ങി.
വീട്ടില്‍ക്കിടക്കുന്ന മൂന്ന് വയസ്സുകാരി മോളോ,ദിവസങ്ങള്‍ക്കു മുമ്പ് ലീവില്‍ നാട്ടിലെത്തിയ പ്രവാസിയായ ഭര്‍ത്താവോ ഒന്നും അപ്പോഴെന്റെ മനസ്സിലുണ്ടായിരുന്നില്ല.
എന്റെ ഇക്കാക്കമാരോടൊപ്പം ഉമ്മയുടെ മറ്റൊരു മകനായി എനിക്ക് അദ്ദേഹം തന്ന പിന്തുണ മരിച്ചാലും മറക്കാന്‍ കഴിയുമോ?
ഉറക്കം എന്നെ വിട്ടൊഴിഞ്ഞു,ട്യൂബ് ഫീഡ് നടത്തുന്ന ഉമ്മയെ കാണുമ്പോള്‍ എനിക്ക് പിന്നെ ഭക്ഷണം വേണമെന്നില്ലായിരുന്നു..
കോമാ സ്റ്റേജ് എത്ര ദയനീയമാണെന്ന് ഉമ്മയിലൂടെ ഞാനറിഞ്ഞു..
ചെറുപ്പത്തിലെപ്പോഴോ ആഗ്രഹിച്ച നഴ്സിംഗ് എന്നെത്തേടി വന്നതാണോ?
ട്യൂബ് ഫീഡിംഗ് ഞാന്‍ പഠിച്ചു.secretion കണ്ടാല്‍ അത് പുറത്തെടുക്കാന്‍ എനിക്കാരെയും വേണ്ടെന്നായി.
ഒരിക്കല്‍ ഐ സി യുസില്‍ നിന്നും ആ കാഴ്ച കണ്ട് ഞാന്‍ വേദനയോടെ മുഖം തിരിച്ചപ്പോള്‍ നേഴ്സ് പറഞ്ഞു "അങ്ങിനെ നില്‍ക്കല്ലേ,നാളെ നിങ്ങള്‍ സ്വയം ചെയ്യേണ്ടതാ ഇതൊക്കെ.."
അന്നത് പേടിയോടെ കേട്ട ഞാന്‍ തന്നെയാണോ ഇതൊക്കെ ചെയ്യുന്നത്?

നോമ്പും പെരുന്നാളും ഒക്കെ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ കടന്നു പോയി..
രാവും പകലും കടന്നുപോകുന്നതറിയാതെ ഉമ്മ കിടക്കയില്‍ തന്നെ..
രണ്ട് മാസത്തെ ആശുപത്രി വാസത്തിനിടെ ഡോക്ടര്‍മാരുമായും,നേഴ്സ് മാരുമായും വളരെ അടുക്കുകയും അവരുടെ സഹകരണത്തോടെ ഉമ്മയുടെ പരിചരണം കുറേക്കൂടി എളുപ്പമാവുകയും ചെയ്തു.
അവരുടെ മെഡിക്കല്‍ terms ചിലതൊക്കെ എനിക്കും കേട്ടാല്‍ മനസ്സിലാകുമായിരുന്നു.

ഇപ്പോള്‍ അങ്ങിനെ വല്ലതും ഞാനിടയ്ക്ക് പ്രയോഗിക്കുന്നത് കേട്ടാല്‍ എന്റെ ആങ്ങള പറയും "ഓ,നീ എം ബി ബി എസ് മൂന്നാമത്തെ കൊല്ലമായിരുന്നു കോളേജ് വിട്ട് കളഞ്ഞത് അല്ലെ?.."അതെ പോലെ വല്ല ഗുളികയും നോക്കി ഇതെന്തിനുള്ളതാണാവോ എന്ന് സംശയിക്കുന്നത് കണ്ടാല്‍ ഉടനെ തുടങ്ങും "ഇത് പഠിപ്പിച്ച അന്ന് നീ ലീവ് ആയിരുന്നല്ലേ?"എന്ന്..

കിട്ടാവുന്നതില്‍ വെച്ചേറ്റവും മികച്ച ചികിത്സ നല്‍കിയിട്ടും,നല്കാവുന്നതില്‍ വെച്ചേറ്റവും നല്ല പരിചരണം കൊടുത്തിട്ടും ദൈവം അനുവദിച്ച സമയം തീര്‍ന്നപ്പോള്‍ ഉമ്മ ഈ ലോകത്തോട്‌ വിട പറഞ്ഞു.
ഇന്ത്യ ലാത്തൂര്‍ ഭൂകമ്പത്തില്‍ ഞെട്ടിത്തരിച്ച നേരത്ത് ഞങ്ങളും ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അനുഭവിക്കുകയായിരുന്നു.
ഉമ്മ പറയാറുണ്ടായിരുന്നു "തന്നെ പെറ്റതും താന്‍ പെറ്റതും"എന്ന്.
അങ്ങിനെ എനിക്ക് വഴക്ക് കൂടാനും എന്നെ വഴക്ക് പറയാനും ആരുമില്ലാതായി..നമുക്ക് സ്നേഹിക്കാനും നമ്മെ സ്നേഹിക്കാനും ഈ ലോകത്ത് അവരെ കഴിച്ചല്ലാതെ വേറെ ആരെങ്കിലുമുണ്ടാകുമോ?
രോഗശയ്യയിലായിരുന്ന ഉമ്മയെ പരിചരിച്ചതിലൂടെ കിട്ടിയ സംതൃപ്തിയാണ് ഇന്ന് ഞാനനുഭവിക്കുന്ന ഏറ്റവും വലിയ സുഖം..

അതിന്‌ ശേഷമാണ് കഥകളിലും നോവലുകളിലും മുഴുകിയിരുന്ന ഞാന്‍ ഗൌരവതരമായ വായനയിലേക്ക് തിരിഞ്ഞത്.ആരോഗ്യ സംബന്ധമായ ലേഖനങ്ങള്‍ എവിടെ കണ്ടാലും വായിച്ചു തീര്‍ക്കും.
രക്തസമ്മര്‍ദ്ദം അധികമായതാണ് ഉമ്മാക്ക് സ്ട്രോക്ക് വരാന്‍ കാരണം.
ഇപ്പോള്‍ ആര്‍ക്കെങ്കിലും രക്തസമ്മര്‍ദ്ദം ഉണ്ടെന്നറിഞ്ഞാല്‍ ഉപ്പു കുറക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും മറ്റും ഒരു ചെറു ക്ലാസ് എങ്കിലും എടുത്തേ ഞാന്‍ അവരെ വിടൂ.
ചിലര്‍ക്ക് എന്റെ ഈ lecture മടുക്കുന്നുണ്ടാകും.പക്ഷെ എനിക്കന്ന് ഇങ്ങിനെ പറഞ്ഞു തരാന്‍ ആരുമില്ലാതെ പോയി.
ആയുസ്സ് തീര്‍ന്നാല്‍ മരിക്കും.പക്ഷെ അത് വരെ ആരോഗ്യത്തോടെ ജീവിക്കാന്‍ നമുക്ക് ശ്രമിക്കാമല്ലോ.