Saturday, March 12, 2011

എന്റെ ഹൃദയമിന്ന് ജപ്പാനിലാണ്..


ഇന്നലെ മുതല്‍ നമ്മുടെയെല്ലാം കണ്ണും,കരളും കാതും ജപ്പാനിലാണ്.
പ്രകൃതി അതിന്റെ എല്ലാ രൌദ്രഭാവത്തോടും കൂടിയാണ് അവിടെ തിമിര്‍ത്താടുന്നത്.
ജീവനില്ലാത്ത റോബോട്ടുകളെ അനുസരിപ്പിക്കുന്ന നാട്ടിലിന്ന് ജീവനുള്ള മനുഷ്യന്‍ നിസ്സഹായന്‍..

മരണ സംഖ്യ നേരം കഴിയുന്തോറും കൂടിക്കൊണ്ടേയിരിക്കുന്നു.ടി വിയില്‍ കൂടി കാണുന്ന ചിത്രങ്ങള്‍ ഒരു ഇംഗ്ലീഷ് സിനിമയിലേതാണോ എന്ന് സംശയിച്ചു പോകുന്നത്ര ഭീകരം.
ടോയ് ഹൌസുകള്‍ പോലെ വീടുകള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന കാഴ്ച സംഭ്രമജനകം.
അവിടെയുള്ള മനുഷ്യര്‍...അവരുടെ അവസ്ഥ..ആലോചിക്കാന്‍ കഴിയുന്നില്ല.

എത്ര എത്ര കുഞ്ഞുങ്ങള്‍ക്ക്‌ മാതാപിതാക്കളെ നഷ്ടപ്പെട്ടിരിക്കാം.
ഇണ തുണകള്‍ നഷ്ടമായവരെത്ര..

ഞാനീയവസരം ഓര്‍ക്കുന്നത് ജപ്പാനിലുള്ള ബ്ലോഗ്ഗര്‍ മഞ്ജുവിനെയാണ് .
സുഖമാണോ മഞ്ജൂ?
മഞ്ജുവും കുടുംബവും സുരക്ഷിതരായിരിക്കണേ എന്ന പ്രാര്‍ത്ഥനയിലാണ് ഞാന്‍.
ബൂലോകം നല്‍കിയ ആത്മബന്ധം എത്രത്തോളം വലുതാണ്‌ എന്നും കൂടി അനുഭവപ്പെട്ടു ഈ സംഭവത്തോടെ.

മനുഷ്യരുടെ എല്ലാ ഹുങ്കും അസ്തമിക്കാന്‍ പ്രകൃതി ഒന്ന് കണ്ണ് മിഴിച്ചാല്‍ മതി.അറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ചവന്‍ കേഴും..തന്റെ എല്ലാ സമ്പത്തും വലിച്ചെറിയാനവന്‍ തയ്യാറാകും..ജീവന്‍ മാത്രം തിരിച്ചു കിട്ടിയാല്‍ മതിയെന്ന് പറഞ്ഞു അലറിക്കരയും..

പണ്ട് സിലോണില്‍ ഉണ്ടായിരുന്ന എന്റെ വലിയ കാരണവര്‍ പറഞ്ഞതായി കേട്ടിട്ടുണ്ട് അവിടെ ഒരു ഭയങ്കര വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ഒരാള്‍ തന്റെ കുഞ്ഞിനെ കിടത്തി അതിന്മേല്‍ ചവിട്ടി എന്തോ പിടിച്ചു രക്ഷപ്പെട്ടത്രേ!
അതാണ്‌ ജീവന്റെ വില..
ആ വിലപിടിച്ച ജീവനാണ് നമ്മള്‍ യാതൊരു മൂല്യവും കല്‍പ്പിക്കാതെ പാഴാക്കിക്കളയുന്നത്‌.
ജീവിക്കുന്ന ഓരോ നിമിഷവും വിലപിടിപ്പുള്ളതാക്കാന്‍ ദൈവം നമ്മെ തുണയ്ക്കട്ടെ..
ജപ്പാന്‍ എത്രയും വേഗം പൂര്‍വ സ്ഥിതി പ്രാപിക്കുമാറാകട്ടെ.
നമുക്കൊന്നായി പ്രാര്‍ഥിക്കാം..

Friday, March 4, 2011

പൊള്ളുന്ന പൊന്നൊളി


പെണ്ണും പൊന്നും..
ഇത്രയും പരസ്പര പൂരകങ്ങളായ ഘടകങ്ങള്‍ വേറെയുണ്ടാകുമോ എന്ന് സംശയമാണ്.
പുരാതന കാലം തൊട്ടു തുടങ്ങിയ ഒരു ബാന്ധവമാണത്.

ഇതെഴുതുമ്പോള്‍ സ്വര്‍ണവില എട്ട് ഗ്രാമിന് 15680.
ഇനി എത്ര കൂടിയാലും അതിനോടുള്ള ഭ്രമം കുറയുമെന്ന് തോന്നുന്നില്ല.സ്വര്‍ണ്ണക്കടകളിലെ തിരക്ക് അതാണ്‌ നമ്മോട് പറയുന്നത്.

ഈ മുടിഞ്ഞ ലോഹത്തോടുള്ള സ്ത്രീകളുടെ മനോഭാവം ഒരിത്തിരി മാറിയിരുന്നെങ്കില്‍ ഒരു പാട് പെണ്‍കുട്ടികളുടെ മംഗല്യ സ്വപ്‌നങ്ങള്‍ പൂവണിയുമായിരുന്നൂ..
ഒരു പാട് മാതാപിതാക്കളുടെ നെഞ്ചിലെ തീയണയുമായിരുന്നൂ..
പക്ഷെ ഇടയ്ക്ക് ഒരു 'എങ്കില്‍' കിടപ്പുണ്ടല്ലോ..

ദിവസേന നമ്മളില്‍ പലരും കേള്‍ക്കുന്ന ഒന്നാണ് "മകളുടെ കല്യാണമാണ്,ഇത്ര പവന്‍ അവര്‍ ആവശ്യപ്പെടുന്നു,വീട്ടിലാണെങ്കില്‍ ഒരു തരി പൊന്ന് പോലുമില്ല.."എന്ന് തുടങ്ങുന്ന പരിദേവനങ്ങള്‍..
ഇന്നത്തെ സ്വര്‍ണ വില വെച്ച് നോക്കുമ്പോള്‍ ഇവര്‍ എങ്ങിനെയാണിതൊക്കെ ഒപ്പിക്കുക എന്നോര്‍ത്ത് തല പുകച്ചിട്ടുണ്ട്.അവസാനം ആയിരം ആളുകളുടെ കൈയും കാലും പിടിച്ചു അവര്‍ കാര്യം സാധിക്കും.അവരോട് ഇത് ആവശ്യപ്പെടുന്നവര്‍ക്കുമറിയാം എങ്ങിനെയെങ്കിലും സംഗതി നടക്കുമെന്ന്.

ഒന്നാലോചിച്ച് നോക്കൂ,നമുക്ക് സ്ഥിരമായി രണ്ടോ മൂന്നോ പവനില്‍ കൂടുതല്‍ ആഭരണങ്ങള്‍ അണിഞ്ഞ് നടക്കാന്‍ കഴിയില്ല.(ഇത്രയും അണിഞ്ഞ് തന്നെയാണ് ഞാനേത് കൊമ്പന്റെയും കല്യാണത്തിന് പോകാറ്.ദൈവാധീനത്താല്‍ ഇക്കാരണത്താല്‍ എനിക്കെവിടെയും പ്രവേശനം നിഷേധിക്കപ്പെട്ടിട്ടില്ല!)
അപ്പോള്‍പ്പിന്നെ ബാക്കിയൊക്കെ ബാങ്ക് ലോക്കറുകളില്‍ സുഖനിദ്ര..
കോടിക്കണക്കിനു രൂപയാണ് ഇങ്ങിനെ ബാങ്ക് ലോക്കറുകളില്‍ നിര്‍ജ്ജീവമായിക്കിടക്കുന്നത്..

ഇതിനു മുമ്പൊരിക്കല്‍ ഒരു സംഘടന സക്കാത്ത് (മുസ്ലിംകളുടെ നിര്‍ബന്ധ ദാനം) സംബന്ധമായി ഒരു ഗ്രാമത്തില്‍ സര്‍വ്വേ നടത്തിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ആ ഗ്രാമത്തിലെ സ്ത്രീകള്‍ ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ സക്കാത്ത് മതിയത്രേ അവിടുത്തെ ജനങ്ങള്‍ക്ക്‌ എന്നെന്നേക്കുമുള്ള ക്ഷേമാവസ്ഥ കൈവരിക്കാന്‍ എന്നാണ്!!

ഇടത്തരക്കാര്‍ക്കിടയിലും ഇപ്പോള്‍ നൂറു പവനൊക്കെ ഒരു മിനിമം ആയി മാറിയിരിക്കുന്നു.
ആണ്‍മക്കളുള്ള ഉമ്മമാര്‍/അമ്മമാര്‍ വിചാരിച്ചാല്‍ ഈ ദുരവസ്ഥ നിഷ്പ്രയാസം മാറ്റിയെടുക്കാന്‍ പറ്റും.അതിന്‌ പാര്‍ലമെന്റില്‍ ബില്‍ പാസ്സാക്കിയെടുക്കേണ്ടത്ര ബുദ്ധിമുട്ടൊന്നുമില്ല.
ഒരു സാധനത്തിന് ആവശ്യക്കാര്‍ കുറയുമ്പോള്‍ അതിന്റെ വിലയിലും താനേ കുറവ് വരില്ലേ?

ഇതിനിടയിലുമുണ്ട് ചില വെള്ളിരേഖകള്‍.ഞാന്‍ കെട്ടുന്ന പെണ്ണിന് ഒരു പവന്‍ പോലും ആവശ്യമില്ലെന്ന് ശഠിക്കുന്ന നട്ടെല്ലുള്ള യുവാക്കള്‍.പക്ഷെ അതൊക്കെ കാണുന്നത് Once in a blue moon എന്ന പോലെയാണെന്ന് മാത്രം.

ഒരു NRI തന്റെ മകളുടെ വിവാഹത്തിന് ഗള്‍ഫില്‍ നിന്ന് ചുമന്നു കൊണ്ട് വന്നത് പോരാഞ്ഞ് നാട്ടിലെ ബ്യൂട്ടിയും ക്വാളിറ്റിയുമൊക്കെയും വാങ്ങിക്കൂട്ടി,അതിനും പുറമേ ലോക്കല്‍ ജ്വല്ലറികളിലും തന്റെ സാന്നിധ്യമറിയിച്ചു !
എന്തിനെന്നോ?
അത്രയധികം കൊടുത്തെന്ന് പൊങ്ങച്ചം വിളമ്പണ്ടേ?
വിളമ്പുന്ന കാര്യം സത്യമായിരിക്കണമെന്ന നിര്‍ബന്ധമുണ്ടേ മൂപ്പര്‍ക്ക്..

സ്നേഹക്കൂടുതല്‍ പ്രകടിപ്പിക്കാന്‍ പോലും നമ്മള്‍ കൂട്ടു പിടിക്കുന്നത്‌ സ്വര്‍ണത്തിനെത്തന്നെ..
എന്റെ പോന്നേ..,പൊന്ന് മോളെ എന്നൊക്കെയാണല്ലോ നമ്മള്‍ വിളിക്കാറ്.
ഒരു കുട്ടിയുടെ മികവിനെപ്പറ്റി പറയുമ്പോള്‍ പോലും "ആള്‍ 916 ആണ്‌ കേട്ടോ..!"എന്നാണ് വിശേഷണം..

വലിയ പാടൊന്നുമില്ലാതെ വിപാടനം ചെയ്യാന്‍ പറ്റുന്ന ഒരു കാര്യത്തിലേക്ക് നമ്മള്‍ ഇറങ്ങിത്തിരിക്കാന്‍ ഇനിയും വൈകിയിട്ടില്ല..

Tuesday, February 1, 2011

ഇക്കരെ നിന്ന് ഉരുകുന്നവര്‍..

പ്രവാസ കാര്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് നമ്മുടെ ബൂലോകം.
അവരുടെ ആശയും,നിരാശയും,നേട്ടവും,കോട്ടവും,വിരഹവും,വേദനയുമെല്ലാം ബൂലോകക്കാഴ്ചകളില്‍ സാധാരണമാണ്.
അനുഭവസ്പര്‍ശം കൊണ്ട് മനസ്സില്‍ത്തൊടുന്നതുമാണ് മിക്ക പോസ്റ്റുകളും.

എന്നാല്‍ കാണാന്‍ കഴിയാത്ത ഒന്നുണ്ട്,നാട്ടില്‍ കഴിയുന്ന അവരുടെ നല്ല പാതിയുടെ സമര്‍പ്പണത്തിന്റെ,സ്വയം പര്യാപ്തതയുടെ,സഹനത്തിന്റെ കഥകള്‍..
ഞാന്‍ കാണാതെ പോയതുകൊണ്ടോ എന്തോ എന്നറിയില്ല.

മേലെ എഴുതിയ മനുഷ്യസഹജമായ എല്ലാ വികാരങ്ങളുടെയും ഉടമകളാണ് അവരും.അവര്‍ക്കും പറയാനുണ്ടാകും സങ്കടത്തിന്റെയും,വേര്‍പാടിന്റെയും,ഒറ്റപ്പെടലിന്റെയും കഥകള്‍..
കത്ത് പാട്ടില്‍ പറയുന്നതൊന്നുമല്ല അവളുടെ ജീവിതം..
അവളുടെ ഉള്ളം നിറയെ കാതങ്ങള്‍ക്കകലെ കഴിയുന്ന പ്രിയപ്പെട്ടവന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളാണ്..
രാത്രിയില്‍ പുറത്ത് നിന്നൊരൊച്ച കേട്ടാല്‍ "ആരെടാ.."എന്ന് ചോദിക്കാന്‍ വീട്ടുകാരന്‍ അരികിലില്ലാത്തതിന്റെ വേവലാതികളാണ്..

ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ മാതാവിന്റെയും,പിതാവിന്റെയും റോളുകള്‍ അവള്‍ക്ക് ഒറ്റയ്ക്ക് നിര്‍വഹിക്കേണ്ടതുണ്ട്.
ഒരു കുടുംബത്തിന്റെ തൂണായി,വിളക്കായി മാറേണ്ടതുണ്ട്..
കുട്ടികളുടെ സ്‌കൂള്‍, കോളേജ് പ്രവേശനം. അത് സംബന്ധമായ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങല്‍..
അങ്ങിനെ എന്തെല്ലാം കടമകള്‍ കര്‍ത്തവ്യങ്ങള്‍..

ഏതൊരു ഉദ്യോഗസ്ഥയെയും വെല്ലുന്ന കാര്യപ്രാപ്തി ഈ വിഭാഗത്തിനുണ്ട്.
വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഒരു പക്ഷെ,ഏറ്റവുമധികം പ്രയോജനപ്പെട്ടിരിക്കുക ഗള്‍ഫുകാര്‍ക്കായിരിക്കും.
തന്റെ നോവും വേവും ഒക്കെ പ്രിയപ്പെട്ടവനുമായി പങ്കിടാന്‍ പണ്ടത്തെ പോലെ ആഴ്ചകള്‍ കാത്തിരിക്കേണ്ടതില്ല.
പക്ഷെ,ഈ സംവിധാനങ്ങള്‍ അപ്രാപ്യമായ ലക്ഷക്കണക്കിന്‌ ഭാര്യമാര്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ടെന്നുള്ളത് തികച്ചും സങ്കടകരമാണ്.

സ്വന്തമായൊരു വീട് ഏതൊരാളുടെയും സ്വപ്നമാണ്.എന്നാല്‍ പ്രവാസിയുടെ ഈ സ്വപ്നം സഫലമാക്കുന്നതില്‍ അവന്റെ ഭാര്യക്ക് അനല്‍പ്പമായ പങ്കുണ്ട്. അതെപ്പറ്റി അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ വല്ലപ്പോഴുമൊരിക്കല്‍ ചെവി കൊടുക്കണം.
അക്ഷരാര്‍ത്ഥത്തില്‍ നൂറു തവണ വിളിച്ചിട്ടും ഫോണെടുക്കാത്ത പ്ലംബറുടെ,വാക്കിന് വില കല്‍പ്പിക്കാത്ത ആശാരിയുടെ..,മേസ്തിരിയുടെ..ഒക്കെ കഥകള്‍..
ഇതിന്റെയൊക്കെ പിന്നാലെയോടി തളര്‍ന്നിരിക്കുമ്പോള്‍ കേള്‍ക്കുന്നതോ "ഇവള്‍ ആണാവേണ്ടത്‌ പെണ്ണായിപ്പോയതാ.."എന്ന കമന്റ് .ചങ്കില്‍ തറക്കുന്ന ഇത്തരം വര്‍ത്താനം കേട്ട് സങ്കടപ്പെട്ടു കരഞ്ഞ ദിവസങ്ങള്‍.
ഇതൊക്കെയാവും അവള്‍ക്ക് വേദനയോടെ പറയാനുണ്ടാവുക.

അവള്‍ക്ക് ദിവസേന നേരിടേണ്ട കടമ്പകള്‍ നിരവധിയാണ്.
ഏറ്റവുമധികം സോപ്പിടേണ്ടത് തേങ്ങ പറിക്കുന്നവനെ.
അവന്റെ മടുപ്പിക്കുന്ന ഹലോ ട്യൂണ്‍ പത്തു പതിനഞ്ചു തവണ കേട്ട് മടുത്ത് അവസാനം ലൈനില്‍ കിട്ടിയാല്‍ ഉള്ളിലെ കോപവും,താപവും ഒക്കെ ഒളിപ്പിച്ച് "പൊന്ന് മോനെ ഒന്ന് വന്ന് പറിച്ചു താ.."എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ അത് കേള്‍ക്കാനിടയാകുന്ന ഭര്‍ത്താവ് വിചാരിക്കും "ഇവളെന്തിനാണാവോ ഈ തേങ്ങ പറിക്കുന്നവനെയൊക്കെ കയറി മോനേന്ന് വിളിക്കുന്നത്‌.."എന്ന്.
ശരിയല്ലേ?
തെങ്ങില്‍ തേങ്ങയും വെച്ച് അത് പൈസയും കൊടുത്തു വാങ്ങാന്‍ ഞങ്ങള്‍ക്ക് വയ്യാത്തത് കൊണ്ട് തന്നെ എന്നാണ് ഇതിനുള്ള ഉത്തരം.

കുഞ്ഞുങ്ങളുടെ മുമ്പില്‍ കനിവിന്റെ തൊങ്ങല്‍ പിടിപ്പിച്ച,സ്നേഹത്തലപ്പാവണിഞ്ഞ ഒരു സുല്‍ത്താനായി അവരുടെ ഉപ്പയെ/അച്ഛനെ അവള്‍ കാണിച്ചു കൊടുക്കുന്നു.
വര്‍ഷത്തിലൊരിക്കല്‍ കാണുന്ന അച്ഛന്റെ/ഉപ്പയുടെ രൂപം അങ്ങിനെയാണ് അവരുടെ ഉള്ളില്‍ ഒരു സ്നേഹസ്വരൂപനായി മാറുന്നത്.
എന്ത് സമ്മാനമാണ് നിങ്ങളിതിനു പകരം കൊടുക്കുക?

പ്രവാസി മെഴുകുതിരി ആണെങ്കില്‍,ആ ഉരുക്കം ഇവിടെ കാത്തിരിക്കുന്ന അവന്റെ പ്രിയതമയും അനുഭവിക്കുന്നു.
ആരെങ്കിലും ഭര്‍ത്താവ് ഗള്‍ഫിലാണെന്ന് പറഞ്ഞാല്‍ ആദരം നിറച്ച കണ്ണുകളോടെയാണ് ഞാന്‍ അവരെ നോക്കാറ്.
കാരണം ഞാനാ കണ്ണുകളില്‍ കാണാറുണ്ട്‌ ഒറ്റയ്ക്ക് പടപോരുതേണ്ടി വന്ന ഒരു പോരാളിയുടെ ദുഃഖം..

Friday, January 7, 2011

ഇടമില്ലാത്തവര്‍ക്കൊരിടം


എട്ട്‌ മാസമായൊരു ബ്ലോഗ്‌ വാവയുടെ പിറവിയിലേക്കൊരെത്തിനോട്ടമാണീ കുറിപ്പ്..
മോണകള്‍ കാട്ടി ചിരിക്കാന്‍ മാത്രമറിയാവുന്ന ഒരു ബൂലോകപ്പൈതലിന്റെ കഥ.

ആദ്യം തന്നെ എന്നെയീ അക്ഷരക്കൂട്ടായ്മയിലെത്തിച്ച മാന്യ സുഹൃത്തിന് സ്നേഹപൂര്‍വ്വം നന്ദിയോതീടട്ടെ..

ബ്ലോഗ്ഗിങ്ങിന്റെ ABCD അറിയാതിരുന്ന എനിക്ക് ആദ്യനാളുകള്‍ നിരാശയുടെതായിരുന്നു.
പ്രതിഫലം പ്രതീക്ഷിക്കാതെ എടുക്കുന്ന ജോലി പോലെ ആരില്‍ നിന്നും യാതൊരു കമന്റും കിട്ടാതെ വന്നിട്ടും പോസ്റ്റുകള്‍ വഴിക്ക് വഴി വരികയായിരുന്നു..
ഉള്ളില്‍ കെട്ടി നിന്നതെല്ലാം ഒഴുക്കി വിടാന്‍ ഒരു ചാല്‍ കിട്ടിയ ആശ്വാസം.അത്ര തന്നെ..

അപ്പോഴാണ്‌ നിരക്ഷരന്റെ ആദ്യ കമന്റു കിട്ടുന്നത്!!
ഹോ..സ്വര്‍ഗം കിട്ടിയ പ്രതീതിയായിരുന്നു..
പിന്നാലെ വരുന്നു കുഞ്ഞൂസ് എന്ന first follower!
രണ്ടു പേരോടും ഹൃദയത്തിന്റെ ഭാഷയില്‍ സ്നേഹവും നന്ദിയും അറിയിക്കുന്നു.
അവര്‍ തന്ന ആത്മവിശ്വാസം ചില്ലറയല്ല. premature ആയിരുന്ന ഒരു ബ്ലോഗ്‌ അവര്‍ കാരണം ജീവന്‍ വെച്ചു.
ജാലകത്തിലും,ചിന്തയിലും ഒക്കെ ലിസ്റ്റ് ചെയ്യുന്നത് പിന്നെയും മാസങ്ങള്‍ കഴിഞ്ഞാണ്.

എന്റെ മനസ്സിനുള്ളിലെപ്പോഴും സംവാദങ്ങളാണ്..എഴുത്ത്കുത്തുകളാണ്..
അത് പകര്‍ത്താനൊരിടം കിട്ടിയപ്പോള്‍ ഞാനനുഭവിച്ച സ്വ്വാസ്ഥ്യം പറഞ്ഞറിയിക്കാന്‍ കഴിയില്ല.

ഒരാശയം മനസ്സില്‍ വന്ന് പെട്ടാല്‍പ്പിന്നെ ചപ്പാത്തി ചുടുമ്പൊഴും,കറിക്കരിയുംപോഴും ,വസ്ത്രങ്ങള്‍ തയ്ക്കുംപോഴും ഒക്കെ ഉള്ളിക്കിടന്ന് അത് വളര്‍ച്ച പ്രാപിക്കുകയാണ്..അവിടെ നിന്നത് എഡിറ്റു ചെയ്യപ്പെടുകയാണ്..
പറ്റിയൊരു വാക്കിന് വേണ്ടി മനസ്സലയുമ്പോള്‍ പാചകം മന്ദഗതിയിലാകും..കറി വെച്ച് തീര്‍ന്നാല്‍ അതിനര്‍ത്ഥം തലക്കെട്ട്‌ കിട്ടി എന്നാണ്!
ചുരിദാറിന് ഷേപ്പ് വരുമ്പോഴേക്ക്‌ പോസ്റ്റ്‌ പൂര്‍ത്തിയായിട്ടുണ്ടാകും..
ഇതൊന്നും നടന്നില്ലെങ്കില്‍പ്പിന്നെ അന്നത്തെ ചപ്പാത്തിയുടെ കാര്യം പോക്കാണ്..

ബ്ലോഗിങ്ങ് ഇന്നെനിക്കൊരാവേശമാണ്..,ആശയാണ്..പ്രതീക്ഷയാണ്..
ഒരു തറവാട്ടില്‍ പോകുമ്പോള്‍ നമ്മളനുഭവിക്കുന്ന ആ ഒരു സ്നേഹോഷ്മളത ഇവിടെയെനിക്കനുഭവഭേദ്യമാകുന്നു.

എന്റെ വായുവും,വെള്ളവും,വെളിച്ചവുമായ followers നെപ്പറ്റി പരാമര്‍ശിക്കാതെ ഈ പോസ്റ്റ്‌ പൂര്‍ണമാവില്ല.

സുഖമുള്ള നോവ്‌ മനസ്സിലേക്കിട്ടു തന്ന എല്ലാവര്‍ക്കും സുസമ്മതനായ ഹംസ,
കുഞ്ഞു കഥകളില്‍ കൂടി വലിയ കാര്യങ്ങള്‍ പറയുന്ന കഥാകാരനായ ഇസ്മാഈല്‍(തണല്‍),
ജപ്പാന്‍ എന്ന ഹൈ ടെക് സിറ്റിയില്‍ ആരും പഠിക്കാന്‍ കൊതിച്ചു പോകുന്ന സ്കൂളിന്റെ കാര്യങ്ങള്‍ നമുക്ക് പറഞ്ഞു തന്ന മഞ്ജു,
ബൂലോകവാസികളെ ഒന്നടങ്കം ചിരിപ്പിക്കാന്‍ കരാര്‍ ഏറ്റെടുത്തിട്ടുള്ള നമ്മുടെ സ്വന്തം കണ്ണൂരാന്‍,
'ബ്ലോഗുലകത്തില്‍'എന്നെ പരിചയപ്പെടുത്തി അര്‍ഹിക്കാത്ത അംഗീകാരം തന്ന സ്നേഹമയിയായ മൈത്രേയി,
പാറിപ്പാറി നടന്ന്‌ വിശേഷങ്ങള്‍ വിളമ്പുന്ന എല്ലാവരുടെയും പ്രിയങ്കരിയായ വായാടി,
മേപ്പിള്‍ ലീഫിന്റെ സൌന്ദര്യം തുളുമ്പുന്ന കഥകള്‍ എഴുതുന്ന കുഞ്ഞൂസ്,
ബൂലോകത്താകെയും മാതൃകയായിക്കൊണ്ട്,സേവനത്തിനൊരു നൂതന വഴികാട്ടിയായ നമ്മുടെ ഒരു നുറുങ്ങ് ഹാരൂണ്‍ക്ക,
സഹൃദയനായ ശ്രീനാഥനെ മറക്കാന്‍ പറ്റുമോ? മൈത്രേയി ബ്ലോഗുലകത്തില്‍ എന്നെ പരിചയപ്പെടുത്തിയപ്പോള്‍ അത് കണ്ട രണ്ടു വ്യക്തികളില്‍ ഒരാള്‍.
സ്റ്റൈലന്‍ കഥകള്‍ നമുക്ക് സമ്മാനിക്കുന്ന ഡോക്ടര്‍ ജയന്‍,
അറിയാത്ത ഒരുപാട് കാര്യങ്ങള്‍ നമുക്കെത്തിച്ചു തരുന്ന നന്മയുടെ പര്യായമായ കുടിവെള്ളം,
മനോഹരമായ കഥകള്‍ എഴുതുന്ന സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡ്‌ winner അനില്‍കുമാര്‍,
ഗയാതി വിശേഷങ്ങള്‍ പറഞ്ഞ്‌ എന്റെ ശ്രദ്ധ ക്ഷണിച്ച് എന്റെ അനിയത്തിക്കുട്ടിയായി മാറിയ ജാസ്മിക്കുട്ടി,
ഞാനുമായി ഒരുപാട് സമാനതകള്‍ ഉള്ള,കാര്യങ്ങള്‍ ലളിതമായും,സരസമായും എഴുതുന്ന,ഭീഷണിയാല്‍ എന്റെ കൂട്ടുകാരിയായ കുളം fame എക്സ് പ്രവാസിനി,
പ്രവാസകാര്യങ്ങള്‍ രസകരമായി അവതരിപ്പിക്കുന്ന റിയാസും,സലീം.ഇ.പിയും.എന്ത് കൊണ്ടാണെന്നറിയില്ല,ഐക്കരപ്പടി ബ്ലോഗില്‍ എനിക്ക് കയറാന്‍ കഴിയുന്നില്ല.
ഗൃഹാതുരത്വം ഉണര്‍ത്തുന്ന പോസ്റ്റുകളിടുന്ന ചെറുവാടി,അ ക്‌ബര്‍‍,അലി,
കവിതകളില്‍ ആഗ്രഗണ്യയായ സ്മിത മീനാക്ഷി,
വരികളിലും വരകളിലും പ്രാവീണ്യം തെളിയിച്ച സിബു,
നിര്‍ദോഷ തമാശകളിലൂടെ നമ്മെ ചിരിപ്പിക്കുന്ന ഹാപ്പി ബാച്ചി,
ബൂലോകത്തെ gentleman ആയ സുകുമാരന്‍ സാര്‍,
കഥാകാരി ജുവൈരിയ സലാം,
പൊറിഞ്ചുക്കഥകളിലൂടെ പ്രസിദ്ധനായ രമേശ്‌,
കണ്ണൂര്‍ക്കാര്‍ക്ക് നല്ല സര്‍ട്ടിഫിക്കറ്റ് തന്ന പ്രിയപ്പെട്ട കുസുമം,
എന്റെ അടുത്ത ദേശക്കാരായ സ്വപ്നസഖി,റാണിപ്രിയ,നിശാസുരഭി.ഇവരെ എന്നെങ്കിലും കണ്ടുമുട്ടാമെന്നുള്ള പ്രതീക്ഷയിലാണ് ഞാന്‍.
ഇനിയുമുണ്ട് ഒരുപാട് പേര്‍ അവരൊക്കെയും എനിക്ക് പ്രചോദനമായിട്ടുണ്ട്.
എളയോടന്‍,ശുകൂര്‍ ചെറുവാടി,ശബാന പൊന്നാട്,സാബി ബാവ,ഗോപികൃഷ്ണന്‍,എന്റെ ലോകം,ഷകീബ് കൊലക്കാടന്‍,വേണുഗോപാല്‍,സോണി,ഹഫീസ്,ഇസ്മാഈല്‍ ചെമ്മാട്,ഫൈസുമദീന,സലാം pottengal , സപ്ന ജോര്‍ജ്,ഫയാസ്,കാര്‍ന്നോര്‍,പാലക്കുഴി,പി.എം.കോയ,ഞാന്‍ എന്ന പാമരന്‍,നൌഷാദ്മാര്‍,മനുകൊല്ലം,ഫൈസല്‍.എ,കുട്ടിത്തം വിട്ടുമാറാത്ത ഹൈനക്കുട്ടി..villageman ,moideen angadimugar വിരല്‍ത്തുമ്പ്,മിസ്രിയ നാസര്‍,മുനീര്‍ മാഹി,റഷീദ് പുന്നശ്ശേരി ...
തിരക്കിനിടയില്‍ എഴുതുന്നതിനാല്‍ ആരെയെങ്കിലും വിട്ടുപോയോ എന്നെനിക്കുറപ്പില്ല..അങ്ങിനെ സംഭവിച്ചു പോയിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണം.

ഫോളോ ചെയ്യാതെ തന്നെ നല്ല കമന്റ്സ് ഇടുന്ന ശ്രീ,ജയരാജ്‌,ഖാദര്‍ക്ക,ഉമ്മു അമ്മാര്‍, എന്‍.ബി.സുരേഷ് തുടങ്ങിയ മാന്യ സുഹൃത്തുക്കളോടും എനിക്ക് പറയാനുള്ളത് നന്ദി നന്ദി..

പ്രവാസികളുടെ പോസ്റ്റുകളുടെ മാധുര്യം സവിശേഷതയര്‍ഹിക്കുന്നു.ജീവിത ഗന്ധിയാണെന്നത് തന്നെ അതിന്റെ കാരണം.
റഫി സാബിന്റെ പാട്ട് പോലെ,
കടല് കണ്ടിരിക്കുന്നത് പോലെ,
ഇളനീര്‍ കുടിക്കുന്നതുപോലെ
ബ്ലോഗിങ്ങ് ഞാനാസ്വദിക്കുന്നു.
പക്ഷെ,ഞാനിപ്പോഴുംവലിയൊരു ഭൂഖണ്ടത്തിലെ ചെറിയൊരു കോണിലാണ് .
എനിക്കിനിയും സഞ്ചരിക്കാനുണ്ട് ഒരുപാട് ദൂരം..
കണ്ടതിനേക്കാള്‍ കൂടുതലുണ്ട് കാണാന്‍..
Robert frost നെ ഉദ്ധരിക്കട്ടെ:
miles to go before I sleep..
miles to go before I sleep..

തിരക്കുള്ള ബസ്സിലെ ഇരിപ്പിടം കിട്ടാത്ത യാത്രക്കാരിയെപ്പോലെ ഞാനൊരു സീറ്റിനു വേണ്ടി ചുറ്റും നോക്കുകയാണ്..അപ്പോഴും പുറം കാഴ്ചകളില്‍ അഭിരമിച്ച് സംതൃപ്തിയോടെ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു..
.

Friday, December 31, 2010

പ്രതീക്ഷയോടെ..പ്രത്യാശയോടെ...


ആഘോഷങ്ങളും ആരവങ്ങളുമായി വീണ്ടുമൊരു പുതുവര്‍ഷപ്പിറവിയുടെ പടിവാതില്‍ക്കലാണ് നാം.
വരാന്‍ പോകുന്ന വര്‍ഷം ശാന്തിയും സമാധാനവും നിറഞ്ഞതായിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയാണ് നമ്മുടെയെല്ലാം ഉള്ളം നിറയെ.

ലോകജനതയില്‍ ഭൂരിഭാഗവും സമാധാനം ആഗ്രഹിക്കുന്നവരായിരിക്കുമല്ലോ.കൊല്ലാനോ,കൊല്ലപ്പെടാനോ ആരെങ്കിലും കൊതിക്കുമോ?

എന്നിട്ടുമെന്തേ ഇവിടെ അശാന്തി പെറ്റു പെരുകുന്നു?
യുദ്ധങ്ങള്‍ തുടര്‍ക്കഥകളാകുന്നു?
അഭയാര്‍ഥികള്‍ വര്‍ധിക്കുന്നു?
ബോംബ്‌ സ്ഫോടനങ്ങള്‍ നിത്യസംഭവങ്ങളാകുന്നു?

ആഘോഷങ്ങള്‍ നിഷേധിക്കപ്പെട്ട വലിയൊരു വിഭാഗം ഈ ലോകത്തുണ്ട്.അവര്‍ക്കുമില്ലേ അവകാശങ്ങള്‍?
അവരും മനുഷ്യരല്ലേ?
നമ്മള്‍ വീടകങ്ങള്‍ മോടി കൂട്ടുമ്പോള്‍, വീട് പോയിട്ട്, ജന്മനാട് പോലും നഷ്ടപ്പെട്ടവര്‍ ഈ ലോകത്തു ണ്ടെന്നുള്ള കയ്ക്കുന്ന സത്യങ്ങള്‍ നമ്മുടെ വിദൂര ചിന്തകളില്‍ പോലും കടന്നു വരുന്നില്ല.
എങ്ങിനെയായിരിക്കും അവരുടെ new year celebration?

ഏത് നിമിഷവും നിലച്ചേക്കാവുന്ന,നിന്നുപോയാല്‍ തിരിച്ചുവരാത്ത ഒരു മിടിപ്പിന്റെ ബലത്തിലാണ് നമ്മളിവിടെ അഹങ്കരിച്ച്‌ മസിലുപിടിച്ചു നടക്കുന്നത്.
ഒരു പുഞ്ചിരിപോലും ഔദാര്യമായി കാണാനാണ് നമുക്കിഷ്ടം..

സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുമ്പോള്‍,അധിനിവേശങ്ങള്‍ നടത്തുമ്പോള്‍ നമ്മള്‍ കാണാതെ പോകുന്ന ഒന്നാണ് അതിനിരയായവന്റെ വേദന.
ആരാണ് നമുക്ക് ഇതിനൊക്കെ അധികാരം തന്നത് ?
വരദാനമായി കിട്ടിയ ഈ ജീവിതം നമുക്ക് സ്നേഹിച്ചും സഹകരിച്ചും കഴിഞ്ഞു കൂടെ?

ആഗോളതാപനം,സാമ്പത്തികമാന്ദ്യം,തീവ്രവാദം തുടങ്ങിയ കടുകട്ടി പ്രശ്നങ്ങള്‍ പരിഹാരമില്ലാതെ കിടക്കുമ്പോഴും നമ്മള്‍ കേള്‍ക്കുന്നത് കോടികളുടെ അഴിമതിക്കഥകളാണ്..
വീണ വായിക്കുന്ന നീറോമാര്‍ ഇപ്പോഴും സജീവമാണ് എന്നല്ലേ ഇതിനര്‍ത്ഥം?

ഇതിനിടയിലും പ്രതീക്ഷിച്ചുപോകുന്നു സ്വാര്‍ഥതയില്ലാത്ത,യുദ്ധങ്ങളില്ലാത്ത,അസൂയയില്ലാത്ത ഒരു നവലോകം നമുക്ക് സൃഷ്ടിക്കാമെന്ന്..സ്നേഹമായിരിക്കട്ടെ അതിന്റെ ചേരുവ.

ഇപ്പോള്‍ കിട്ടിയ ഒരു fwd msg.അവസരോചിതമായതിനാല്‍ ഇവിടെ ചേര്‍ക്കുന്നു.
"Hurting someone is as easy as cutting a tree,
but making someone happy is like growing a tree.
It takes a lot of time.So do not hurt anyone."

ഇതായിരിക്കട്ടെ നമ്മുടെ new year resolution.
എല്ലാ ബൂലോകവാസികള്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍..

Monday, November 22, 2010

നമുക്ക് സൈബര്‍ സ്പേസുകളില്‍ ഒത്തു കൂടാം


കൂടുമ്പോള്‍ ഇമ്പം നല്‍കുന്നത് എന്നാണ് കുടുംബത്തിന്റെ ഒരു നിര്‍വചനം.കൂട്ട് കുടുംബമാണെങ്കിലോ, ഇമ്പമിത്തിരി കൂടും അല്ലെ?

കൂട്ടുകുടുംബ വ്യവസ്ഥയൊക്കെ മാഞ്ഞുപോയ നന്മകളില്‍ ഒന്നായി മാറിയിരിക്കുന്നു.ഇന്നത്തെ ചുറ്റുപാടില്‍ അതൊന്നും പ്രായോഗികവുമല്ല.

എങ്കിലും ചില സ്ഥല ങ്ങളില്‍ അതിനു പകരം ഒരു തറവാട് പൊളിച്ചിടത്ത് അവിടെയുള്ളവരൊക്കെ അടുത്തടുത്ത് വീടുകള്‍ വെച്ച് താമസിക്കുന്നത് കണ്ടിട്ടുണ്ട്.
എനിക്കെന്നും അസൂയ തോന്നിയിട്ടുള്ള ഒരു കാഴ്ചയാണത് .ഒറ്റയ്ക്ക് വളര്‍ന്നതിനാല്‍ ഇപ്പോഴും കൂട്ടായ്മകള്‍ കാണുമ്പോള്‍ എന്‍റെ മനസ്സ് ചാടും..

കല്യാണം കഴിഞ്ഞ സമയത്ത് എന്‍റെ ഭര്‍ത്താവിന്‍റെ വീട് വലിയൊരു കൂട്ട് കുടുംബമായിരുന്നു.അവിടുത്തെ ഓരോ നേരങ്ങളും ഞാന്‍ ഇപ്പോഴും മനസ്സിലിട്ടു നുണയാറുണ്ട്..

അഞ്ചെട്ട് യുണിഫോമുകളില്‍ വിവിധ സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളുടെ ബഹളം കൊണ്ട് ശബ്ദമുഖരിതമായ പ്രഭാതങ്ങള്‍..
ഉച്ചനേരങ്ങളില്‍ പ്രവാസികളായ ഭര്‍ത്താക്കന്മാരുടെ കത്തിന് വേണ്ടി പോസ്റ്റ്‌മാനെയും കാത്തു നില്‍ക്കുന്ന പെണ്ണുങ്ങളുടെ വലിയൊരു ടീം ഉണ്ടാവും കോലായില്‍..
ഞങ്ങള്‍ ടീനേജേഴ്സ് ചറപറ കൂടി വേറൊരു ഭാഗത്ത്‌..
സായാഹ്നങ്ങളായിരുന്നു ഏറ്റവും മനോഹരം..
ഇന്നതൊക്കെ കാണാക്കാഴ്ചകളാണ്

കൂട്ടുകൂടി ജീവിക്കുന്നിടത്ത് വാര്‍ധക്യം ഒരു ശാപമാകില്ല,ഒറ്റപ്പെടല്‍ ഒരു വേദനയാകില്ല.
കുടുംബത്തിന്റെ സ്നേഹത്തണലില്‍ നമ്മുടെ ഉള്ളിലെ എല്ലാചൂടും തണുത്തു പോകും..ഒരുപാട് നൊമ്പരങ്ങള്‍ പരസ്പരം പങ്ക് വെച്ച് ഇല്ലാതാകും.

എന്റെയൊരു നാട്ടുകാരി,ധനികയാണ്.കൂട്ടിന് ധനികരുടെ അസുഖങ്ങള്‍ മാത്രം.മക്കളൊക്കെ ചിറകു വിരിച്ചു പറന്ന് പോയതിന് ശേഷം കടുത്ത ഏകാന്തത സഹിക്ക വയ്യാഞ്ഞ് പ്രാരാബ്ധക്കാരിയായ സഹോദരിയുടെ അടുത്തേക്ക് വിരുന്നു പോയി. "എനിക്ക് അവളുടെ കൂടെയിരുന്നു കുറച്ചു ചിരിക്കുകയെങ്കിലും ചെയ്യാലോ"എന്നായിരുന്നു അവരുടെ ആത്മഗതം..
സാമ്പത്തിക സുസ്ഥിതി കൊണ്ട് മാത്രം മാനസിക സ്വാസ്ഥ്യം കൈവരിക്കാന്‍ കഴിയില്ലല്ലോ..

നമ്മുടെ പൂര്‍വ്വികര്‍ ആകാശത്തോളം വിശാലമായ മനസ്സുള്ളവരായിരുന്നു.
വറ്റാത്ത ഉറവയുള്ള ഒരു സ്നേഹക്കിണര്‍ അവരുടെ ഉള്ളിലുണ്ടായിരുന്നു.
ആ കണ്ണുകളിലെ കാരുണ്യക്കടലില്‍ കഴുകിയാല്‍ തീരാത്ത സങ്കടങ്ങള്‍ അന്നുണ്ടായിരുന്നില്ല..

ഇന്ന് നമ്മള്‍ "എന്നെ തൊടല്ലേ,ഞാന്‍ തോടൂല്ലേ..."എന്ന മട്ടിലങ്ങനെ പോകുന്നു.നമുക്ക് കൂടാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കളുണ്ട്,സംവദിക്കാന്‍ ബ്ലോഗ്ഗറുണ്ട്..
ഇവിടെ നമ്മള്‍ സംതൃപ്തര്‍!
ആണോ?

Monday, November 8, 2010

മനസ്സ് നിറയെ മക്ക





"ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്
ലബ്ബൈക്ക ലാ ശരീക്ക ലക്ക ലബ്ബൈക്ക്
ഇന്നല്‍ ഹംദ,വന്നിഅമത്ത ലക വല്‍ മുല്‍ക്ക്
ലാ ശരീക്ക ലക്ക..."
(അല്ലാഹുവേ,ഞാനിതാ നിന്റെ വിളിക്ക് ഉത്തരം ഉത്തരം ചെയ്തിരിക്കുന്നു.
ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു.
നിനക്ക് ഒരു പങ്കുകാരനുമില്ല.
ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു.
സര്‍വ സ്തുതിയും നിനക്ക് അവകാശപ്പെട്ടതാണ്.
എല്ലാ അനുഗ്രഹവും നിന്റെതാണ്.
എല്ലാ അധികാരവും നിനക്ക് മാത്രമാണ്.
നിനക്ക് ഒരു പങ്കുകാരനുമില്ല.)

ഒരു സ്വപ്ന സാക്ഷാല്‍ക്കാരമായ ഹജ്ജ് യാത്രയുടെ സ്പന്ദിക്കുന്ന സ്മരണകള്‍ ഇന്നും എന്‍റെ മനസ്സ് നിറയെ പച്ചപിടിച്ച് കിടപ്പുണ്ട്.ഒരിക്കലും കരിഞ്ഞു പോകാത്ത വിധം..
ഇപ്പോള്‍ ഹജ്ജ് അടുത്തപ്പോള്‍ എനിക്കതാരോടെങ്കിലും പറയാതെ വയ്യ..

കഅബ നേരില്‍ കണ്ടപ്പോള്‍ സന്തോഷം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു പോയി..
ഏതൊരു ബിന്ദുവിലേക്ക് നേരെ തിരിഞ്ഞാണോ ഞാന്‍ അഞ്ചു നേരം നമസ്കരിക്കുന്നത്,അത് ഇതാ എന്‍റെ കണ്മുന്നില്‍!
ഞാനടക്കമുള്ള ജനലക്ഷങ്ങള്‍ അതിനെ തവാഫ് (പ്രദക്ഷിണം)ചെയ്യുകയാണ്.സൂര്യന് ചുറ്റും ഭൂമി എന്നപോലെ,ആന്റിക്ലോക്ക് വൈസ് ആയി..
ആ പ്രവാഹത്തില്‍ ഈ ഞാനും സ്വയം അലിഞ്ഞില്ലാതാകുന്നത്‌ പോലെ തോന്നി..
നമ്മുടെ എല്ലാ അഹംഭാവങ്ങളും അവിടെ ഉരുകിപ്പോകും..സൂര്യകിരണമേറ്റ മഞ്ഞുകട്ട ഉരുകും പോലെ..

മരുഭൂമിയിലെ നിലയ്ക്കാത്ത ഉറവയായ സംസം കൊണ്ട് ഇന്നും ലക്ഷോപലക്ഷം ജനങ്ങള്‍ ദാഹം ശമിപ്പിക്കുന്നു.
സഫാ മര്‍വാ കുന്നുകള്‍ക്കിടയില്‍ കൂടി നടക്കുമ്പോള്‍ നമ്മളാഗ്രഹിച്ച് പോകും..ഇസ്മായീലിനെ പ്പോലൊരു സന്തതിയാകാന്‍..ഹാജറയെപ്പോലൊരു മഹതിയാകാന്‍..

പിന്നീട് അറഫയിലും മുസ്ദലിഫയിലുമെല്ലാം സ്വയം നഷ്ടപ്പെട്ട നാളുകളായിരുന്നു.പ്രാര്‍ത്ഥനകളില്‍ മുഴുകി,പാപങ്ങള്‍ കഴുകി,പശ്ചാത്താപത്തിന്റെ രാപ്പകലുകള്‍..
വിശാലമായ മുസ്ദലിഫാ മൈതാനത്ത് വെറും കിടക്കവിരി മാത്രം വിരിച്ച് നക്ഷത്രങ്ങള്‍ നോക്കി കിടന്നത് ഒരപൂര്‍വ അനുഭവമായിരുന്നു.ജീവിതത്തിലെ ഏറ്റവും സുഖദായകമായ ഒരുറക്കമായിരുന്നു അന്നെനിക്ക് കിട്ടിയത്.
ജംറയിലെ കല്ലേറില്‍ ഉള്ളിലെ പിശാചുക്കളെ എറിഞ്ഞ് ഓടിക്കുകയായിരുന്നു.

തമ്പുകളുടെ നഗരിയായ മിനയില്‍ താമസിക്കുമ്പോള്‍ ഒരു നിമിഷം ഞാന്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമുള്ള അഭയാര്‍ഥികളെപ്പറ്റി ചിന്തിച്ചു പോയി..

എത്ര കോടീശ്വരനാണെങ്കിലും ഹജ്ജിനു പോയാല്‍ ടെന്റില്‍ താമസിച്ചേ പറ്റൂ.
സൗദി രാജാവും,നാട്ടിന്‍പുറത്തെ ഏറ്റവും സാധാരണക്കാരനും ഹജ്ജ് വേളയില്‍ ധരിക്കുന്നത് ഒരേ പോലത്തെ വസ്ത്രങ്ങള്‍ ,ചെയ്യേണ്ടത് ഒരേ കര്‍മങ്ങള്‍.അവിടെ രാജാവോ , പ്രജയോ ഇല്ല.എല്ലാവരും ദൈവത്തിന്റെ അതിഥികള്‍ മാത്രം..

ഇസ്ലാം വിഭാവനം ചെയ്യുന്ന സമത്വത്തിന്റെയും സമഭാവനയുടെയും ഒരു പ്രായോഗിക ചിത്രമാണ് ഹജ്ജ്.