പരിചിതമായൊരിടത്തിലേക്ക് അപരിചിതയെപ്പോലെ കടന്നു വരുന്നതായാണ് എനിക്കിപ്പോൾ തോന്നുന്നത്..
ഒരു പോസ്റ്റ് ഇട്ടിട്ട് വർഷം ഒന്ന് കഴിഞ്ഞു.
ഉള്ളിലെപ്പോഴും ബ്ലോഗ് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞു പോയ വർഷം എന്നെ സംബന്ധിച്ചിടത്തോളം ഇതൊന്നും ചിന്തിക്കാൻ പോലും പറ്റാത്തതായിരുന്നു.
മകളുടെ വിവാഹവും,അത് നല്കിയ സുഖവും സ്വാസ്ഥ്യവും ഇപ്പോഴും ഒരു സുഖദമായ അനുഭവമായി സിരകളിൽ കൂടി ഒഴുകുന്നുണ്ട്..
2013 നല്കിയ വിലമതിക്കാൻ കഴിയാത്ത സമ്മാനം!
അതാണ് ഞങ്ങളുടെ പുതിയാപ്പിള !
ദൈവാനുഗ്രഹം ഒരു പാട് വഴികളിലൂടെ കിട്ടിയപ്പോൾ,മഴയും വാരിക്കോരി പെയ്തു!ഇംഗ്ലീഷിൽ പറഞ്ഞാൽ cats&dogs എന്ന വിധത്തിൽ.കണ്ണൂർ ജില്ലയിലായിരുന്നത്രേ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടിയത്.
മഴ ചതിച്ചു എന്ന് ഞാൻ പറയില്ല.ഒരു പാട് പേരുടെ വരൾച്ചകളിലേക്ക് ഉറവായെത്തിയതായിരിക്കാം അത്..
പക്ഷെ,അതുണ്ടാക്കിയ ചളി കല്യാണത്തിന് പങ്കെടുത്തവർ പിന്നീടെന്നെ കാണുമ്പോൾ എന്റെ മേലെ എറിയുകയാണ് !
"മോളെ,നിന്റെ മോളെ മങ്ങലത്തിന് ഇതെന്തോരു ചളീം മഴെയുആ.."വിവാഹ സദ്യയെപ്പറ്റിയോ,പുതിയാപ്പിളയെപ്പറ്റിയോ അല്ല ആളുകൾക്ക് പറയാനുണ്ടായിരുന്നത്..
അവരെപ്പറഞ്ഞിട്ട് ഫലമില്ല,വില കൂടിയ സാരിയും,ചെരിപ്പും,ബുർഖയും ഒക്കെ ചളി പുരളുമ്പോൾ വേദനയുണ്ടാവുക സ്വാഭാവികം..അത്ര വിലകൂടിയതൊന്നും ഉപയോഗിക്കാത്തതിനാൽ എനിക്കാ വിഷമം മനസ്സിലാക്കാനങ്ങട്ട് കഴിയുന്നൂല്ല്യ..
എട്ട് പോസിറ്റീവും രണ്ട് നെഗറ്റീവും കണ്ടാൽ ജനങ്ങൾ സംസാരിക്കുക രണ്ടു നെഗറ്റീവിനെപ്പറ്റിയായിരിക്കും!
ഇത് കേരളത്തിൽ മാത്രം കണ്ടു വരുന്നതാണോ എന്തോ..
അവരറിയുന്നുണ്ടോ നിർത്താതെ പെയ്ത മഴ എന്റെ എത്രയെത്ര രാത്രികളിലെ ഉറക്കമാണ് കൊണ്ട് പോയതെന്ന്..
ഇത്രയും ഭാഗം 2013 ലെ പുഞ്ചിരികളായിരുന്നു.
കണ്ണീർ രംഗപ്രവേശം ചെയ്തത് എന്റെ എളാമയുടെ(മക്കളില്ലാത്ത അവരുടെ മകൾതന്നെയാ ഞാൻ) കാലിന്റെ തുടയെല്ല് പൊട്ടൽ വഴിയാണ്.റമദാനിൽ നോമ്പ് തുറക്കാൻഎല്ലാവരും തരികാച്ചിയതും,ജ്യൂസും ഉണ്ടാക്കുന്ന തിരക്കിൽ ഞങ്ങൾ ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു.പിന്നെ വേദനകൾ ,ഇൻജക്ഷനുകൾ,ഒടുവിൽ ഓപ്പറെഷൻ.മുമ്പ് വലതു കാലിനും ഇത് സംഭവിച്ചതിനാൽ അവർക്കും ഞങ്ങൾക്കുമിത് ആവർത്തനമായിരുന്നു.ചിലപ്പോൾ ക്ഷമിച്ചും,മറ്റു ചിലപ്പോൾ ക്ഷമ കെട്ടും നാളുകൾ കഴിഞ്ഞു.
കൃത്യം ഒരു മാസമായപ്പോൾ വാക്കറിന്റെ സഹായത്തോടെ നടക്കാൻ തുടങ്ങി.മലപോലെ വന്നത് മഞ്ഞു പോലെ പോയല്ലോ എന്ന് മറ്റുള്ളവരെപ്പോലെ ഞാനും പറഞ്ഞു.ഞാനുണ്ടോ അറിയുന്നു,ദൈവം വലുതൊന്ന് തരാൻ പോകുന്നു എന്ന് !
രണ്ടു ദിവസം കഴിഞ്ഞതേയുള്ളൂ,ഒരു പകൽ മയക്കം കഴിഞ്ഞുണർന്നപ്പോൾ അവർ തികച്ചും വേറൊരു വ്യക്തിയായി മാറിയിരിക്കുന്നു..!പേരിന് ചെറിയൊരു പനിയുണ്ട് .അത്ര മാത്രം.ആരെയും മനസ്സിലാകുന്നില്ല,അവരുടെ മരിച്ചു പോയ ഉമ്മ എന്ന മട്ടിലാണ് എന്നോട് സംസാരിക്കുന്നത്.വീണ്ടും ആശുപത്രിയിലേക്ക്.
എവിടെയൊക്കെയോ വായിച്ച അറിവിൽ സ്ട്രോക്ക് ആണെന്നായിരുന്നു എന്റെ ധാരണ.അല്ലെന്ന് ഡോക്ടർ തറപ്പിച്ചു പറഞ്ഞു.അഡ്മിറ്റ് ചെയ്തു.ദിവസം രണ്ടു കഴിഞ്ഞിട്ടും യാതൊരു മാറ്റങ്ങളും ഇല്ല.
ഞങ്ങളുടെ ആശങ്ക പങ്കു വെച്ചപ്പോൾ ഫാമിലി ഡോക്ടർ എന്ന് ഞങ്ങൾ വിശ്വസിച്ചിരുന്ന,എന്നെ എപ്പോഴുമെപ്പോഴും പുകഴ്തിപ്പറഞ്ഞിരുന്ന,ചിരിച്ചു കൊണ്ട് സംസാരിച്ചിരുന്ന ഡോക്ടർ പിന്നീട് ദംഷ്ട്രകളുള്ള ഒരു സത്വമായാണ് ഞങ്ങളോട് പെരുമാറിയത്.സൈക്യാട്രിസ്റ്റിനെ കാണിക്കാം എന്നൊരഭിപ്രായവും.ഇത് കേട്ടപ്പോൾഇനി ഇവിടെ നിന്നിട്ട് കാര്യമില്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി.വേറൊരു ആശുപത്രിയിലേക്ക് പോയി.അവിടെയുമുണ്ടായിരുന്നു നീളൻ ഡിഗ്രീകളുള്ള ഡോക്ടർമാർ.പക്ഷെ അവർക്കും രോഗമെന്താണെന്ന് കണ്ടു പിടിക്കാനായില്ല.നിർത്താതെ മരുന്നുകൾ കുത്തിക്കയറ്റുകയായിരുന്നു ഈ അഞ്ചു ദിവസങ്ങളിലും.അവസാനം അപസ്മാര ബാധയുണ്ടാവുകയും അവർ കോമയിലാവുകയും ചെയ്തു.ഇത്രയുമായപ്പോൾ ഞങ്ങൾ മൊബൈൽ icu വിൽ കോഴിക്കോടേക്ക് കുതിച്ചു.അവിടെ പ്രശസ്ത ന്യുറോളജിസ്റ്റ് ഡോക്ടർ സലാം രോഗ വിവരം കേട്ടപ്പോഴേക്കും ഗൂഗിളിൽ നിന്നെന്ന പോലെ രോഗമെന്താണെന്ന് പ്രവചിച്ചു! "വൈറൽ എൻസെഫാലൈറ്റിസ് ".(ദൈവം അദ്ദേഹത്തെ ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കട്ടെ.)പിന്നെ ചികിത്സയും മാറ്റങ്ങളും ദ്രുത ഗതിയിലായിരുന്നു.രണ്ടാഴ്ച കൊണ്ട് ആശുപത്രി വിട്ടു.
ഒന്ന് രണ്ട് മാസങ്ങൾ മറവിയായിരുന്നു.ക്രമേണ ശരിയാകുമെന്ന് ഡോക്ടർ പറഞ്ഞ പോലെത്തന്നെ ഇപ്പോൾ 90 ശതമാനവും ശരിയായി.
പ്രിയപ്പെട്ടവരേ,ഡോക്ടർമാർക്ക് രോഗം മനസ്സിലായില്ലെങ്കിൽ പിന്നെ അവർക്ക് പരീക്ഷണത്തിന് ഒരു നിമിഷം പോലും നമ്മൾഉറ്റവരെ വിട്ടു കൊടുക്കരുത്.വിലയേറിയ സമയമാണ് അത് വഴി പോകുന്നത്.നേരത്തിന് ചികിത്സ കിട്ടാത്തതിനാൽ ആ രോഗത്തിന്റെ ഉച്ചസ്ഥായിയിലെത്തിയിരുന്നു എളാമ!ദൈവാനുഗ്രഹത്താൽ രക്ഷപ്പെട്ടു.
ഞങ്ങൾ ആശുപത്രിയിലായിരിക്കെ മൂന്നാമത്തെ ദുരന്തവും സംഭവിച്ചു കഴിഞ്ഞിരുന്നു.പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കള്ളൻ കയറി സ്വർണവും പണവും കൊണ്ട് പോയി...
കേട്ട സകലരും ചോദിച്ച ഒരു ചോദ്യമുണ്ട്,നിങ്ങളെന്തിനാ ആളില്ലാത്ത വീട്ടിൽ പൊന്നും പണവും വെച്ചത് എന്ന്.ശരിയുമാണ്.പക്ഷെ,എളാമയുടെ അന്നത്തെ അവസ്ഥയിൽ ആരും അതൊന്നും ഓർക്കുക പോലുമില്ല എന്ന കാര്യം ആരും ചിന്തിക്കുന്നില്ല.അന്ന് ഞാൻ പറയുമായിരുന്നു,"കള്ളൻ കൊണ്ട് പോയത് കിട്ടിയില്ലെങ്കിലും സാരമില്ല,ഇവരുടെ ഓർമ തിരിച്ചു കിട്ടിയാൽ മതിയായിരുന്നു" എന്ന്.എന്റെ ആ പ്രാർത്ഥന അല്ലാഹു കേട്ടു.
ഇനി പറയൂ..എപ്പോഴായിരുന്നു ഞാൻ ബ്ലോഗ് നോക്കേണ്ടത്..