പരസ്യങ്ങളില്ലാത്തൊരു ലോകം നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല.
വര്‍ണമനോഹരമായ ചിത്രങ്ങളും, വാചാലമായ വാക്കുകളും കൊണ്ട് സമ്പന്നമാണത്.
ക്യാച്ചി words ഉരുത്തിരിയുന്ന തലച്ചോറുകളുടെ ഉടമകളെ നമ്മള്‍ കൈകൂപ്പിയെ പറ്റൂ..
ആ ലോകത്തിലെ രസങ്ങളിലൂടെ,രസക്കേടുകളിലൂടെ ഒരു ഒരു കാഴ്ച്ചക്കാരിയുടെ
യാത്രയാണിത്.
ചില പത്രങ്ങള്‍ കണ്ടാല്‍ ശരിക്കും അത് പരസ്യത്തിനു വേണ്ടി മാത്രമുള്ളതാണെന്നേ കരുതൂ.
മുന്‍പേജില്‍ വെണ്ടയ്ക്ക അക്ഷരത്തിലുള്ള ബഹുവര്‍ണ തലക്കെട്ടുകള്‍ ചിലപ്പോള്‍ സോപ്പിന്റെതോ കാറിന്റെതോ ആയിരിക്കും..
ടിവിയില്‍ വരുന്ന പരസ്യങ്ങള്‍ കൊണ്ട് പല പ്രയോജനങ്ങളുമുണ്ട്.
ഒന്ന് മൂത്രമൊഴിക്കാനോ,അല്ലറ ചില്ലറ പണികള്‍ തീര്‍ക്കാനോ ആ നേരമുപകരിക്കും.
BHAJSA(Babar,Humayun,Akbar,Jahangir,Shajahan,Aurangazeeb) എന്ന acronym പഠിക്കാത്തവര്‍ക്കിതാ പിയേര്‍സ് ഒരുക്കിയ സ്റ്റൈലന്‍ പരസ്യം."ബാബര്‍ കാ ബേട്ട ഹുമയൂണ്‍.."
വീട്ടില്‍ വന്നൊരു ബന്ധു വനിതാ മാഗസിന്‍ നോക്കുകയായിരുന്നു.പുള്ളിക്കാരന്റെ പിന്നില്‍ നിന്നും എന്റെ എളാമ അസഹ്യതയോടെ ചോദിച്ചു,"ഇതെന്താ മോനെ,ഇതിലിത്രപ്പെരുത്ത് നോക്കാന്‍..?"
ഇത് കേട്ട ബന്ധു ചീറിക്കൊണ്ട് പറഞ്ഞു,"*പോട് കോയാ ഞാനീ ബേസിന്‍ നോക്കിയതാ.."
പണിതു കൊണ്ടിരിക്കുന്ന വീട്ടിലേക്കു സാനിട്ടറി വാങ്ങുന്ന തിരക്കിലായിരുന്നു മൂപ്പര്‍.പുതിയൊരു മോഡല്‍ കണ്ടപ്പോള്‍ ഒന്ന് ശ്രദ്ധിച്ചു അത്ര തന്നെ..
എളാമയെ ചൊടിപ്പിച്ചത് അതും ചാരി നില്‍ക്കുന്ന അല്‍പ വസ്ത്രധാരിണിയായ മങ്ക!
ഈ ബേസിനെന്താ സ്ത്രീകളേ ഉപയോഗിക്കുള്ളൂ?
സോപ്പ് എന്ന സാധനം പിന്നെ ദൈവം പെണ്ണുങ്ങള്‍ക്കായി മാത്രം സൃഷ്ട്ടിച്ച വസ്തുവാണ്..!
പരസ്യലോകം നമ്മോട് പറയുന്നതതല്ലേ?
അടി വസ്ത്രങ്ങളുടെ പരസ്യങ്ങളുടെ കാര്യത്തില്‍ എല്ലാ കെട്ടും പൊട്ടിച്ചു കഴിഞ്ഞിരിക്കുന്നു.ഞാന്‍ ഒരു വനിതാ മാസിക ഈയൊരു കാര്യം കൊണ്ട് തന്നെ നിര്‍ത്തിക്കളഞ്ഞു.സത്യം പറഞ്ഞാല്‍ കുടുംബത്തീക്കയറ്റാന്‍ കൊള്ളില്ല.
പുട്ടില്‍ തേങ്ങ തിരുകിയപോലെ ബ്രായുടെയും പാന്റീസിന്റെയും പടങ്ങളുടെ ചാകരയാണ്..
സാരിയുടെ പരസ്യങ്ങളാകട്ടെ,ഇപ്പോള്‍ ബ്ലൌസിന്റെ പ്രദര്‍ശനങ്ങളാണ്.അങ്കവും കാണാം,താളിയും ഒടിക്കാം..
പഴഞ്ചൊല്ലിന് പകരം നമ്മുടെയൊക്കെ നാക്കിന്‍ തുമ്പത്തിന്ന് പരസ്യവാചകങ്ങളല്ലേ?
ഹജ്ജിന് പോയ അമ്മായിയുടെ സുഖ വിവരം അന്യേഷിച്ച വൃദ്ധയായ ബന്ധു അമ്മായിയുടെ സരസയായ മകളുമായി നടത്തിയ ഫോണ്‍ സംഭാഷണം..(ആ വര്‍ഷം പോകുമോ ഇല്ലയോ എന്നറിയാതെ ഒരു പാട് പേര്‍ ഹജ്ജ് യാത്രക്കൊരുങ്ങി നില്‍പ്പായിരുന്നു.)
ബന്ധു : "ഓളെത്തി വിവരം വന്നോ മോളെ..?ഓളെ വിശ്വാസം ഓളെ കാത്തു."
മകള്‍: "ങാ..വിശ്വാസം അതല്ലേ എല്ലാം.."
ബന്ധു :"അതന്നെ മോളെ..അത് മാത്രാ..."
കെട്ടിയോന്റെ ഷര്‍ട്ടിലെ കറ പോക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ മൂപ്പരുടെ വക കമന്റ്:
"കറ നല്ലതാ..!"
ഒരു ക്രിക്കറ്റ് വേള്‍ഡ് കപ്പ് കാലത്ത് മോട്ടോറോളയുടെ ഉഗ്രനൊരു പരസ്യമുണ്ടായിരുന്നു.'വണ്‍ ബ്ലാക്ക് കോഫി പ്ലീസ്..'
ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ അത്?
ഇന്ന് നമ്മള്‍ ഉറക്കില്‍പ്പോലും പറഞ്ഞുപോകുന്നൊരു വാക്കാണല്ലോ 'ഗോഡ്സ് ഓണ്‍ കണ്‍ട്രി.'അതും ഒരു പരസ്യക്കമ്പനിയുടെ സംഭാവനയാണത്രെ..ആ അനുഗ്രഹീതന് എന്നെന്നും ഓര്‍ത്തോര്‍ത്ത് അഭിമാനിക്കാന്‍ ഇനിയെന്ത് വേണം?
അതിന്റെ കൂടെപ്പറയുന്ന ഡെവിള്‍സ് ഓണ്‍ പീപ്പിള്‍ ആരുടെ വികടസരസ്വതിയാണാവോ?
അതേപോലെ വനമാല എത്ര പെട്ടെന്നാണ് നമ്മുടെ കഴുത്തിലെ മാല പോലെ സ്വന്തമായത്?
ജനിച്ചാലും മരിച്ചാലും ഇപ്പോള്‍ ലഡ്ഡു പൊട്ടലാണ്.
ഇടി വെട്ടേണ്ടിടത്തും,വെടി പൊട്ടേണ്ടിടത്തും ഒക്കെ ഇപ്പോള്‍ ലഡ്ഡുവാണ് താരം.ഇനിയൊരു പരസ്യ വെടി പൊട്ടും വരെ ലഡ്ഡു പൊട്ടിക്കൊണ്ടേയിരിക്കും..
ചെറിയമോള്‍ എന്തൊക്കെയോ കൊസറാക്കൊള്ളി ഒപ്പിച്ചിട്ട് ചോദിക്കുകയാ "വാട്ട് ആന്‍ ഐഡിയ സര്‍ജി..?"
ഇനിയുമെന്തെല്ലാം മായക്കാഴ്ചകള്‍..
*കോയ എന്നത് ഇവിടങ്ങളില്‍ ആണ്‍പെണ്‍ ഭേദമെന്യേ വിളിക്കുന്ന പേരാണ്.