'തലയുള്ളടത്തോളം നാള് മൂക്കിലെ വെള്ളം വറ്റൂല" എന്ന് പറഞ്ഞ പോലെയാണ് സി ബി എസ് ഇയുടെ സാന്നിധ്യത്തില്‍ കേരള സിലബസ് കേള്‍ക്കുന്ന പഴി.
സി ബി എസ് ഇ സിലബസ് മോശമാണെന്ന് ഞാന്‍ പറയുന്നില്ല.പക്ഷെ കേരള സിലബസ് പഠിച്ച് ഉയര്‍ന്ന ഗ്രേഡ് വാങ്ങിയവരെ നോക്കി ഇതെല്ലാം നിങ്ങള്‍ക്ക് ദാനം കിട്ടിയ മാര്‍ക്കല്ലേ എന്ന വിധത്തിലുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് സഹിക്കാന്‍ വിഷമമാണ്.
കഠിനാധ്വാനം ചെയ്തു തന്നെയാണ് കേരള പിള്ളേര് നല്ല ഗ്രേഡ് വാങ്ങിക്കുന്നത്.അതിലസൂയപ്പെട്ടിട്ട് കാര്യമില്ല.ഇനി ഈ രണ്ട് കൂട്ടരും ഒന്നായി മത്സരിക്കുന്ന എന്‍ട്രന്‍സ് എന്ന യുദ്ധക്കളം നോക്കാം.ഈ കഴിഞ്ഞ കേരള മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ ആദ്യത്തെ ആയിരം റാങ്കുകാരില്‍ 467 പേര് കേരള ഹയര്‍ സെക്കന്ററിയില്‍ നിന്നായിരുന്നു!
ഒന്നാം റാങ്കുകാരനും പഠിച്ചത് കേരള സിലബസ്!!
സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിച്ച് IAS ന് പോലും ഒന്നാം റാങ്ക് വാങ്ങിയവര്‍ ഇവിടെയുണ്ടെന്നുള്ളത് അതിശയോക്തിയല്ല.
അപ്പോള്‍പ്പിന്നെ സിലബസ്സിനെ എന്തിനു കുറ്റം പറയുന്നു?
ടെക്സ്റ്റ് ബുക്കിലുള്ളത് വാ തൊടാതെ വിഴുങ്ങി അതപ്പടി ഉത്തരക്കടലാസ്സില്‍ ചര്ദ്ദിക്കാന് കേരളത്തിലെ പിള്ളേര്‍ക്ക് കഴിയില്ല.വിദ്യാര്‍ഥിയുടെ ബുദ്ധിശക്തിയും നിരീക്ഷണവും നന്നായി ചോദ്യം ചെയ്യപ്പെടുന്നതാണ് ഇപ്പോഴത്തെ കേരള സിലബസ്സ്.
ഇതിനിടെ നടന്ന പ്ലസ് ടു മാര്‍ക്ക് ദാന വിവാദം പോലെയുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മൊത്തം കുട്ടികളും പഠിക്കാതെ മാര്‍ക്ക് വാങ്ങുന്നവരാണെന്ന് ആക്ഷേപിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാണ്.
തന്റെത് മാത്രം നല്ലത് ബാക്കിയെല്ലാം മോശം എന്ന ഒരു സങ്കുചിതത്വം സി ബി എസ് ഇ ക്കാരിലും അവരുടെ രക്ഷിതാക്കളിലും കണ്ടു വരുന്നു എന്നുള്ളത് തീര്‍ച്ചയായും മാറേണ്ട ഒരു മനോഭാവമാണ്.
ഒരുപാട് കേട്ടും പറഞ്ഞും പഴകിയതാണെങ്കിലും എന്റെ നാക്കിന് തുമ്പത്ത് വരുന്നത് "ഈ സി ബി എസ് ഇ ക്കെന്താ കൊമ്പുണ്ടോ?"എന്ന് തന്നെയാണ്.
ഇവിടെ ഈ സി ബി എസ് ഇ തരംഗം വരുന്നതിനു മുമ്പ് ഒരുപാട് പ്രഗല്ഭരും പ്രശസ്തരും കടന്ന് പോയിട്ടുണ്ടെന്നുള്ളത് നമ്മള് വിസ്മരിക്കരുത്.
ഒരേതരം കാറ്റഗറിയില്‍പ്പെട്ടവര്‍ മാത്രമാണ് അത്തരം സ്കൂളുകളില്‍ പഠിക്കുന്നത്.അതുകൊണ്ട് സമൂഹത്തിലെ മറ്റ് വര്‍ഗങ്ങളുടെ യാതനകളോ വേദനകളോ മനസ്സിലാക്കാന്‍ ആ കുട്ടികള്‍ക്കാവുന്നില്ല.അതിനാല്‍ത്തന്നെ അസഹിഷ്ണുത അവരില്‍ പെരുകുന്നതായി കാണുന്നു.
വിദ്യാഭ്യാസം കൊണ്ടുണ്ടാവേണ്ട പ്രധാനപ്പെട്ട ഒരു ഗുണമായ ഹൃദയവിശാലത പലരിലും കാണുന്നില്ല. ഇത്തരം അമുല്‍ ബേബിമാര്‍ പുറത്തിറങ്ങിയാല്‍ സ്വന്തം സുഖത്തിനപ്പുറം മറ്റൊരു ലക്ഷ്യവും അവര്‍ക്കുണ്ടാവുകയുമില്ല.
മറിച്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ എന്റെമകള്‍ക്കും എന്റെ ജോലിക്കാരിയുടെ മകള്‍ക്കും ഒരുമിച്ച് പഠിക്കാന്‍ അവസരം കിട്ടുമ്പോള്‍ അവിടെ വിശാലമായ തലത്തില്‍ ഒരു സംസ്കാരം വളരുകയാണ്.ഉള്ളവനും ഇല്ലാത്തവനും ഇടയ്ക്കുള്ള മതില് ഇത്തരം സൌഹൃദങ്ങള്‍ വഴി പൊളിഞ്ഞു വീഴുന്നു.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ചങ്ങാതിമാരെ ഒരു കൈ സഹായിക്കുക വഴി അറിയാതെ അവരില്‍ ഒരു സഹജീവി സ്നേഹം ഉടലെടുക്കുന്നു.ഇതൊന്നും ഉപദേശിച്ചും വേദ പുസ്തകങ്ങള്‍ വായിച്ചും നേടിയെടുക്കാന്‍ കഴിയില്ല.
കോംപ്ലാന്‍ കുടിച്ച് സ്മാര്‍ട്ട് ക്ലാസ്റൂമുകളില്‍ വിലസുന്ന കുട്ടികള്‍ക്ക് ഇതൊക്കെ അവരുടെ വികാര വിചാരങ്ങള്‍ക്കുമപ്പുറത്തെ കാര്യങ്ങളാണ്.
ഒരുപാട് പരാതികളും പരാധീനതകളും നില നില്ക്കെത്തന്നെ നമ്മുടെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പല നല്ല ധര്‍മങ്ങളും നിറവേറ്റുന്നുണ്ട്.ഈ പരിമിതികള്‍ക്കൊക്കെയിടയില്‍ നിന്ന് കുട്ടികള്‍ തിളക്കമാര്‍ന്ന വിജയങ്ങള്‍ കരസ്ഥമാക്കുമ്പോള്‍ അതിനെ വിശേഷിപ്പിക്കാന്‍ 916 ഒന്നും പോരാ..