Saturday, September 20, 2014

ശ്..ശ്..ശ്ശ്...ഡോക്ടർ തിരക്കിലാണ് !

നമ്മൾ ഓരോരുത്തരും സ്വകാര്യമായും ചിലപ്പോൾ  പരസ്യമായും മോഹിച്ചു പോകുന്ന  കാര്യമാണ് ഒരു ഡോക്ടർ സുഹൃത്ത്‌ ഉണ്ടായിരുന്നെങ്കിൽ  എന്ന്..
അസുഖം വന്ന് ശാരീരികമായും മാനസികമായും തളർന്ന് ഡോക്ടറുടെ അടുത്ത് പോയി വരുമ്പോഴേക്കും പലപ്പോഴും പോയതിനേക്കാൾ പരിതാപകരമായ അവസ്ഥയിലായിരിക്കും നമ്മൾ തിരിച്ചു വരിക.അങ്ങോട്ട്‌ പറയുന്നത് എന്താണെന്ന് വ്യക്തമായി കേൾക്കാതെ എങ്ങിനെയാണ് ഡോക്ടർ നമ്മെ ചികിത്സിക്കുക?
പലപ്പോഴും ഒരടിയും കേറിപ്പിടുത്തവും എന്ന മട്ടിൽ നോക്കലും മരുന്നെഴുതലും നടക്കും.അതിൽ മാറിയാൽ രക്ഷപ്പെട്ടു.അല്ലെങ്കിൽ അധോഗതി!

കഴിഞ്ഞ ഒരു വർഷമായി പല ഡോക്ടർമാരുടെയും  പലവിധ സ്വഭാവങ്ങളും അനുഭവിച്ച ഒരു വ്യക്തി എന്ന നിലയിൽ എനിക്കവരെക്കുറിച്ചു ഇതെഴുതിയേ പറ്റൂ..
അവരുടെ തിര തിരക്ക് കാണുമ്പോൾ പലപ്പോഴും സായ്പ്പിനെ കാണുമ്പോൾ കവാത് മറന്നു പോകുന്ന അവസ്ഥയിലായിപ്പോകും നമ്മൾ.അങ്ങോട്ട്‌ പറയാനുള്ളത് കേൾക്കാനുള്ള  സന്മനസ്സോ,ഇങ്ങോട്ട് എന്തെങ്കിലും പറയാനുള്ള മര്യാദയോ നമ്മൾ പ്രതീക്ഷിക്കാൻ പാടില്ല.ഡോക്ടർ ഒരു കുരയാണെങ്കിൽ നേഴ്സ് രണ്ടു തവണ നമ്മുടെ നേരെ കുരക്കും!!
ചിരി ആരോഗ്യത്തിന് നല്ലത് എന്ന് നമ്മളിൽ പലരും പല പുസ്തകങ്ങളിലും വായിച്ചിട്ടുണ്ട്,അനുഭവിച്ചറിഞ്ഞിട്ടുമുണ്ടാകാം,പക്ഷെ,അങ്ങിനെ ചിരിച്ചിട്ടുള്ള ആരോഗ്യം വേണ്ട എന്നാണ് ആരോഗ്യത്തിന്റെ മൊത്തക്കച്ചവടക്കാരായ ഭൂരിപക്ഷം ഡോക്ടർമാരുടെയും മനോഭാവം..

പ്രിയപ്പെട്ട ഡോക്ടര്മാരെ,നിങ്ങളുടെ ഒരു കൊച്ചു പുഞ്ചിരിക്ക് പോലും ഒരു പാട് രോഗങ്ങൾ ഉരുക്കിക്കളയാനുള്ള ശക്തിയുണ്ടെന്ന് ദയവായി മനസ്സിലാക്കുക.
ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്കുള്ള അവരുടെ യാത്രക്കിടയിൽ രോഗികൾക്ക് അവർ കൽപ്പിക്കുന്ന വില അവർക്കേ  അറിയൂ..
ഒരു രോഗിക്ക് ആദ്യം നൽകേണ്ടത് മാനസികമായ സാന്ത്വനമാണെന്ന് ഒരു വിദഗ്ദ്ധനും മനസ്സിലാക്കുന്നില്ല. മനസ്സ് പരിഭ്രമിക്കുമ്പോൾ ദോഷകരമായ ഹോർമോണുകൾ ശരീരത്തിൽ സജീവമാകുമെന്ന് ആദ്യം തിരിച്ചറിയേണ്ടത് ആരാണ്?ഡോക്ടറോ  രോഗിയോ?
മനുഷ്യപ്പറ്റുള്ള,കാരുണ്യം നിറഞ്ഞ മനസ്സുള്ള ഡോക്ടർമാർ ഇല്ലെന്നു ഞാൻ പറയുന്നില്ല.പക്ഷെ,അതൊക്കെ ഭാഗ്യ യോഗം പോലെ. നല്ല സ്വഭാവമുള്ള ഒരു ഡോക്ടറെ കിട്ടിയാൽ പകുതി രോഗം ആ ക്ളിനിക്കിൽ നിന്ന് ഇറങ്ങുമ്പോഴേക്കും മാറും!!
ഒരിക്കൽ ഒരു ഓർത്തോക്ക്  x ray കാണിക്കാൻ വേണ്ടി പിന്നാലെ ഓടേണ്ടി വന്നിട്ടുണ്ട്.
പണ്ട് ഞങ്ങളുടെ ഫാമിലി ഡോക്ടർ ആയിരുന്ന ഡോക്ടർ മേനോനെ ഈയവസരത്തിൽ ഓർത്തു പോകുന്നു..അദ്ദേഹം ഒരു ഡോക്ടർ ആയിരുന്നില്ല ഞങ്ങൾക്ക് ;മറിച്ച് സ്നേഹനിധിയായ ഒരു കാരണവരെപ്പോലെയായിരുന്നു...
അതൊന്നും ഇപ്പോൾ വ്യാമോഹിക്കാൻ പോലും പറ്റൂല..
ഒരു യന്ത്രത്തിന്റെയും സഹായമില്ലാതെ അന്നത്തെ ഭിഷഗ്വരന്മാർ രോഗത്തെയും രോഗിയെയും തിരിച്ചറിഞ്ഞ് ചികിത്സിച്ചിരുന്നു.യന്ത്രങ്ങളുടെ വില കുറച്ചു കാണുകയല്ല.പക്ഷെ,ഇന്ന് യന്ത്രങ്ങൾ ഉപയോഗത്തെക്കാളുപരി ദുരുപയോഗം ചെയ്യുകയാണെന്ന് ആർക്കാണറിഞ്ഞൂടാത്തത് ?
വേറൊരു ഡോക്ടർ സാറിനെ ഞങ്ങൾ സ്വകാര്യമായി അഡ്മിഷൻ ഡോക്ടർ എന്നാണു വിളിക്കാറ് ! തൊട്ടതിനും പിടിച്ചതിനും മൂപ്പർ അഡ്മിറ്റ്‌ ചെയ്തേ അടങ്ങൂ !
ഡോക്ടറുടെ വിവരത്തെ വെല്ലു വിളിക്കുകയല്ല,പക്ഷെ,അദ്ദേഹം അഡ്മിറ്റ്‌ ചെയ്യാൻ പറയുകയും ഞങ്ങൾ വേണ്ടെന്ന് വെക്കുകയും ചെയ്ത  കേസുകളിൽ ഒന്നുറങ്ങി എണീറ്റപ്പോഴേക്കും ഓടിച്ചാടി നടന്നിട്ടുണ്ട് കുട്ടികൾ..
ഇപ്പോഴത്തെ ഡോക്ടർമാർ ഒന്നാന്തരം ബിസിനസ്‌ മെൻ ആണെന്നാണ്‌ ഇതിൽ നിന്നെല്ലാം മനസ്സിലാക്കാൻ കഴിയുന്നത്‌.ബിസിനസ്‌ ആയ്ക്കോളൂ,ഒപ്പം ഒരൽപം മനുഷ്യത്വവും കൂടെ വേണമെന്ന അപേക്ഷ മാത്രം..
ഡോക്ടർമാർ കൂട്ടത്തോടെ വന്ന് ആക്രമിക്കുന്ന ഒരു ദുസ്വപ്നവും പ്രതീക്ഷിച്ച് ഞാനിതാ പോകുന്നു !




Wednesday, January 29, 2014

2013ലെ പുഞ്ചിരിയും കണ്ണീരും..

പരിചിതമായൊരിടത്തിലേക്ക് അപരിചിതയെപ്പോലെ കടന്നു വരുന്നതായാണ് എനിക്കിപ്പോൾ തോന്നുന്നത്..
ഒരു പോസ്റ്റ്‌ ഇട്ടിട്ട് വർഷം ഒന്ന് കഴിഞ്ഞു.
ഉള്ളിലെപ്പോഴും ബ്ലോഗ്‌ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞു പോയ വർഷം എന്നെ സംബന്ധിച്ചിടത്തോളം ഇതൊന്നും ചിന്തിക്കാൻ പോലും പറ്റാത്തതായിരുന്നു.
മകളുടെ വിവാഹവും,അത് നല്കിയ സുഖവും സ്വാസ്ഥ്യവും ഇപ്പോഴും ഒരു സുഖദമായ അനുഭവമായി സിരകളിൽ കൂടി ഒഴുകുന്നുണ്ട്..
2013 നല്കിയ വിലമതിക്കാൻ കഴിയാത്ത സമ്മാനം!
അതാണ്‌ ഞങ്ങളുടെ പുതിയാപ്പിള !
ദൈവാനുഗ്രഹം ഒരു പാട് വഴികളിലൂടെ  കിട്ടിയപ്പോൾ,മഴയും വാരിക്കോരി പെയ്തു!ഇംഗ്ലീഷിൽ പറഞ്ഞാൽ cats&dogs  എന്ന വിധത്തിൽ.കണ്ണൂർ ജില്ലയിലായിരുന്നത്രേ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടിയത്.
മഴ ചതിച്ചു എന്ന് ഞാൻ പറയില്ല.ഒരു പാട് പേരുടെ വരൾച്ചകളിലേക്ക് ഉറവായെത്തിയതായിരിക്കാം അത്..
പക്ഷെ,അതുണ്ടാക്കിയ ചളി കല്യാണത്തിന് പങ്കെടുത്തവർ പിന്നീടെന്നെ കാണുമ്പോൾ എന്റെ മേലെ എറിയുകയാണ് !
"മോളെ,നിന്റെ മോളെ മങ്ങലത്തിന് ഇതെന്തോരു ചളീം മഴെയുആ.."വിവാഹ സദ്യയെപ്പറ്റിയോ,പുതിയാപ്പിളയെപ്പറ്റിയോ അല്ല ആളുകൾക്ക് പറയാനുണ്ടായിരുന്നത്..
അവരെപ്പറഞ്ഞിട്ട് ഫലമില്ല,വില കൂടിയ സാരിയും,ചെരിപ്പും,ബുർഖയും ഒക്കെ ചളി പുരളുമ്പോൾ വേദനയുണ്ടാവുക സ്വാഭാവികം..അത്ര വിലകൂടിയതൊന്നും ഉപയോഗിക്കാത്തതിനാൽ എനിക്കാ വിഷമം മനസ്സിലാക്കാനങ്ങട്ട് കഴിയുന്നൂല്ല്യ..
എട്ട് പോസിറ്റീവും രണ്ട് നെഗറ്റീവും കണ്ടാൽ ജനങ്ങൾ സംസാരിക്കുക രണ്ടു നെഗറ്റീവിനെപ്പറ്റിയായിരിക്കും!
ഇത് കേരളത്തിൽ മാത്രം കണ്ടു വരുന്നതാണോ എന്തോ..
അവരറിയുന്നുണ്ടോ നിർത്താതെ പെയ്ത മഴ എന്റെ എത്രയെത്ര രാത്രികളിലെ ഉറക്കമാണ് കൊണ്ട് പോയതെന്ന്..
ഇത്രയും ഭാഗം 2013 ലെ പുഞ്ചിരികളായിരുന്നു.

കണ്ണീർ രംഗപ്രവേശം ചെയ്തത് എന്റെ എളാമയുടെ(മക്കളില്ലാത്ത അവരുടെ മകൾതന്നെയാ ഞാൻ) കാലിന്റെ തുടയെല്ല് പൊട്ടൽ വഴിയാണ്.റമദാനിൽ നോമ്പ് തുറക്കാൻഎല്ലാവരും തരികാച്ചിയതും,ജ്യൂസും ഉണ്ടാക്കുന്ന തിരക്കിൽ ഞങ്ങൾ ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു.പിന്നെ വേദനകൾ ,ഇൻജക്ഷനുകൾ,ഒടുവിൽ ഓപ്പറെഷൻ.മുമ്പ് വലതു കാലിനും ഇത് സംഭവിച്ചതിനാൽ അവർക്കും ഞങ്ങൾക്കുമിത്  ആവർത്തനമായിരുന്നു.ചിലപ്പോൾ ക്ഷമിച്ചും,മറ്റു ചിലപ്പോൾ ക്ഷമ കെട്ടും നാളുകൾ കഴിഞ്ഞു.
കൃത്യം ഒരു മാസമായപ്പോൾ വാക്കറിന്റെ സഹായത്തോടെ നടക്കാൻ തുടങ്ങി.മലപോലെ വന്നത് മഞ്ഞു പോലെ പോയല്ലോ എന്ന് മറ്റുള്ളവരെപ്പോലെ ഞാനും പറഞ്ഞു.ഞാനുണ്ടോ അറിയുന്നു,ദൈവം വലുതൊന്ന് തരാൻ പോകുന്നു എന്ന് !
രണ്ടു ദിവസം കഴിഞ്ഞതേയുള്ളൂ,ഒരു പകൽ  മയക്കം കഴിഞ്ഞുണർന്നപ്പോൾ അവർ തികച്ചും വേറൊരു വ്യക്തിയായി മാറിയിരിക്കുന്നു..!പേരിന് ചെറിയൊരു പനിയുണ്ട്‌ .അത്ര മാത്രം.ആരെയും മനസ്സിലാകുന്നില്ല,അവരുടെ മരിച്ചു പോയ ഉമ്മ എന്ന മട്ടിലാണ്  എന്നോട് സംസാരിക്കുന്നത്.വീണ്ടും ആശുപത്രിയിലേക്ക്.
എവിടെയൊക്കെയോ വായിച്ച അറിവിൽ സ്ട്രോക്ക് ആണെന്നായിരുന്നു എന്റെ ധാരണ.അല്ലെന്ന് ഡോക്ടർ തറപ്പിച്ചു പറഞ്ഞു.അഡ്മിറ്റ്‌ ചെയ്തു.ദിവസം രണ്ടു കഴിഞ്ഞിട്ടും യാതൊരു മാറ്റങ്ങളും ഇല്ല.
ഞങ്ങളുടെ ആശങ്ക പങ്കു വെച്ചപ്പോൾ ഫാമിലി ഡോക്ടർ എന്ന് ഞങ്ങൾ വിശ്വസിച്ചിരുന്ന,എന്നെ എപ്പോഴുമെപ്പോഴും പുകഴ്തിപ്പറഞ്ഞിരുന്ന,ചിരിച്ചു കൊണ്ട് സംസാരിച്ചിരുന്ന ഡോക്ടർ പിന്നീട് ദംഷ്ട്രകളുള്ള ഒരു സത്വമായാണ് ഞങ്ങളോട് പെരുമാറിയത്.സൈക്യാട്രിസ്റ്റിനെ  കാണിക്കാം എന്നൊരഭിപ്രായവും.ഇത് കേട്ടപ്പോൾഇനി ഇവിടെ നിന്നിട്ട് കാര്യമില്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി.വേറൊരു ആശുപത്രിയിലേക്ക് പോയി.അവിടെയുമുണ്ടായിരുന്നു നീളൻ ഡിഗ്രീകളുള്ള ഡോക്ടർമാർ.പക്ഷെ അവർക്കും രോഗമെന്താണെന്ന് കണ്ടു പിടിക്കാനായില്ല.നിർത്താതെ മരുന്നുകൾ കുത്തിക്കയറ്റുകയായിരുന്നു ഈ അഞ്ചു ദിവസങ്ങളിലും.അവസാനം അപസ്മാര ബാധയുണ്ടാവുകയും അവർ കോമയിലാവുകയും ചെയ്തു.ഇത്രയുമായപ്പോൾ ഞങ്ങൾ മൊബൈൽ icu വിൽ  കോഴിക്കോടേക്ക് കുതിച്ചു.അവിടെ പ്രശസ്ത ന്യുറോളജിസ്റ്റ് ഡോക്ടർ സലാം രോഗ വിവരം കേട്ടപ്പോഴേക്കും ഗൂഗിളിൽ നിന്നെന്ന പോലെ രോഗമെന്താണെന്ന് പ്രവചിച്ചു! "വൈറൽ എൻസെഫാലൈറ്റിസ്  ".(ദൈവം അദ്ദേഹത്തെ ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കട്ടെ.)പിന്നെ ചികിത്സയും മാറ്റങ്ങളും ദ്രുത ഗതിയിലായിരുന്നു.രണ്ടാഴ്ച കൊണ്ട് ആശുപത്രി വിട്ടു.
ഒന്ന് രണ്ട് മാസങ്ങൾ മറവിയായിരുന്നു.ക്രമേണ ശരിയാകുമെന്ന് ഡോക്ടർ പറഞ്ഞ പോലെത്തന്നെ ഇപ്പോൾ 90 ശതമാനവും ശരിയായി.
പ്രിയപ്പെട്ടവരേ,ഡോക്ടർമാർക്ക് രോഗം മനസ്സിലായില്ലെങ്കിൽ പിന്നെ അവർക്ക് പരീക്ഷണത്തിന് ഒരു നിമിഷം പോലും നമ്മൾഉറ്റവരെ വിട്ടു കൊടുക്കരുത്.വിലയേറിയ സമയമാണ് അത് വഴി പോകുന്നത്.നേരത്തിന് ചികിത്സ കിട്ടാത്തതിനാൽ ആ രോഗത്തിന്റെ ഉച്ചസ്ഥായിയിലെത്തിയിരുന്നു എളാമ!ദൈവാനുഗ്രഹത്താൽ രക്ഷപ്പെട്ടു.

ഞങ്ങൾ ആശുപത്രിയിലായിരിക്കെ മൂന്നാമത്തെ ദുരന്തവും സംഭവിച്ചു കഴിഞ്ഞിരുന്നു.പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കള്ളൻ കയറി സ്വർണവും പണവും കൊണ്ട് പോയി...
കേട്ട സകലരും ചോദിച്ച ഒരു ചോദ്യമുണ്ട്,നിങ്ങളെന്തിനാ ആളില്ലാത്ത വീട്ടിൽ പൊന്നും പണവും വെച്ചത് എന്ന്.ശരിയുമാണ്.പക്ഷെ,എളാമയുടെ അന്നത്തെ അവസ്ഥയിൽ ആരും അതൊന്നും ഓർക്കുക പോലുമില്ല എന്ന കാര്യം ആരും ചിന്തിക്കുന്നില്ല.അന്ന് ഞാൻ പറയുമായിരുന്നു,"കള്ളൻ കൊണ്ട് പോയത് കിട്ടിയില്ലെങ്കിലും സാരമില്ല,ഇവരുടെ ഓർമ തിരിച്ചു കിട്ടിയാൽ മതിയായിരുന്നു" എന്ന്.എന്റെ ആ പ്രാർത്ഥന അല്ലാഹു  കേട്ടു.
ഇനി പറയൂ..എപ്പോഴായിരുന്നു ഞാൻ ബ്ലോഗ്‌ നോക്കേണ്ടത്..

Thursday, December 20, 2012

അമ്മമാരുറങ്ങാത്ത കാലം...



അമ്മമാരുടെ മനസ്സിലെപ്പോഴും കനലാണ്.ചിലപ്പോഴത് ആളിക്കത്തും,അല്ലാത്തപ്പോള്‍ എരിഞ്ഞു  കൊണ്ടിരിക്കും.ആ കനലണഞ്ഞ നേരമുണ്ടാവില്ല.
പെണ്മക്കളുള്ള അമ്മമാരാണെങ്കില്‍ പ്രത്യേകിച്ചും.
പിഞ്ചു കുഞ്ഞ് ആയാലും,പാവാടക്കാരി ആയാലും,പ്രായമേറെ ചെന്നാലും ശരി,പെണ്ണെന്ന രൂപം കണ്ടാല്‍ മതി ചില ചെന്നായ്ക്കള്‍ക്ക് ഭ്രാന്തിളകാന്‍.
പിന്നെങ്ങിനെ അമ്മമാര്‍ സ്വസ്ഥതയോടെയിരിക്കും?

വളരെ സങ്കടത്തോടെയാണ് ഈ വരികള്‍ ടൈപ്പ് ചെയ്യുന്നത്.
ഇന്നലെ ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടി മൃഗീയമായി ആക്രമിക്കപ്പെട്ട വാര്‍ത്ത നെഞ്ച് കീറുന്ന വേദനയോടെയാണ് വായിച്ചത്.
മനുഷ്യര്‍ക്ക്‌ ഇത്രയും അധപതിക്കാന്‍ കഴിയുമോ?അവര്‍ക്കുമുണ്ടാവില്ലേ അമ്മയും പെങ്ങളും?
ദിവസേന പത്രത്തില്‍ ഇത്തരം എത്ര വാര്‍ത്തകളാണ് വരുന്നത്..?എന്നാല്‍ അതിലെ ഒരു പ്രതിയെപ്പോലും മാതൃകാപരമായി ശിക്ഷിച്ചു കേട്ടിട്ടില്ല.പിന്നെങ്ങിനെ സമൂഹത്തില്‍ അത്തരം നരാധമന്മാര്‍ ഉണ്ടാകാതിരിക്കും??
പീഡനം എന്ന വാക്ക് പോലും നിഘണ്ടുവില്‍ അര്‍ഥം മാറ്റി എഴുതേണ്ട അവസ്ഥയാണ്.
ആര് ആരെയൊക്കെയാണ് പീഡിപ്പിക്കുന്നത് എന്നത് അചിന്തനീയം...

ബാക്കി എല്ലാ വാര്‍ത്തകളെയും പോലെ കുറച്ചു നാള്‍ ആഘോഷിക്കുകയും അതിനു ശേഷം താല്പര്യം നശിക്കുകയും ചെയ്യുന്ന ഒരു സ്റ്റോറി എന്നതിനപ്പുറം പത്രക്കാര്‍ പോലും ഇതിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് തോന്നുന്നില്ല.
എന്തൊരു കഷ്ടമാണിത് ?
കാടന്മാരായ,മൃഗതുല്യരായ ചില പുരുഷന്മാര്‍ കാരണം സ്ത്രീകള്‍ക്ക് ഇവിടെ നീണ്ടു നിവര്‍ന്ന്  നടക്കാന്‍ കഴിയുന്നില്ല എന്നത് എവിടുത്തെ ന്യായമാണ് ?

ഇന്നത്തെ പത്രത്തില്‍ കണ്ടു മകളെ പീഡിപ്പിച്ച പിതാവിന് ഏഴു വര്‍ഷം തടവെന്ന്.ആ ചെകുത്താന്‍ ജീവിക്കാനര്‍ഹനാണോ?
നമ്മുടെ നിയമ വിദഗ്ധരും നിയമ വ്യവസ്ഥയും തലപുകഞ്ഞാലോചിക്കട്ടെ.
ഇത്തരം കേസുകളിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ സമൂഹത്തില്‍ വിലസി നടക്കുന്നത് കൊണ്ട് തന്നെയാണ് കൂടുതല്‍ കൂടുതല്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്.
വധ ശിക്ഷ തന്നെയാണ് ഇക്കൂട്ടര്‍ക്ക് കൊടുക്കേണ്ടത്.മാനഭംഗത്തിലൂടെ ഒരു പെണ്ണ് ആയിരം തവണ മരിച്ചു ജീവിക്കുമ്പോള്‍ ആ ക്രൂരത അവളോട്‌ കാണിച്ച നീചന്‍ ഒരു തവണയെങ്കിലും മരിക്കേണ്ടേ?
22fk എന്ന സിനിമ ഓര്‍ത്തു പോകുന്നു.ഇനിയുള്ള നാളുകളില്‍ സംഭവിക്കാന്‍ പോകുന്നത് അതൊക്കെ തന്നെയാവും.
ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ജീവിതം മുഴുവന്‍ കണ്ണീരൊഴുക്കി കഴിയുകയും പ്രതി സുഖ സുന്ദരമായി ജീവിക്കുകയും ചെയ്യുമ്പോള്‍,പ്രിയപ്പെട്ടവരേ..അത്തരം അവസരങ്ങളിലായിരിക്കും ഓരോ തീവ്രവാദിയും ജനിച്ചു പോകുന്നത്..


ദുഷ്ടന്മാരേ..,നരഭോജികളേ..കരുതിയിരുന്നു കൊള്ളൂ..ഒരു നാള്‍ നിങ്ങള്‍ വലയില്‍ വീഴും.

നാനാത്വത്തില്‍ ഏകത്വം കാണുന്നത്  ഈയൊരു കാര്യത്തിലാണെന്ന് തോന്നുന്നു.കാശ്മീര്‍ തൊട്ട് കന്യാകുമാരി വരെയുള്ള നാടുകളിലെ ചരിത്രം എടുത്തു നോക്കിയാല്‍ എല്ലാ സ്ഥലത്തും സംഭവം ഒന്ന് തന്നെ.പ്രതികളും അപ്രകാരം സാധാരണക്കാരില്‍ തുടങ്ങി സമൂഹത്തിലെ ഉന്നതര്‍ തൊട്ട് സെലിബ്രിറ്റികള്‍ വരെ..ജാതിമത ഭേദമന്യേ..എന്തൊരു മതേതരത്വം!
പേരിനൊരു ജയില്‍ വാസവും കഴിഞ്ഞ് പുഷ്പം പോലെ പുറത്ത് വന്ന് ജനങ്ങളുടെയിടയില്‍ അവര്‍ സ്വൈര്യ വിഹാരം നടത്തുകയാണ്.ചിലപ്പോള്‍ ജയില്‍ വാസം പോലുമില്ല.
ഇതൊക്കെ കാണുമ്പോള്‍..,കേള്‍ക്കുമ്പോള്‍..,പിടയ്ക്കുന്നത്‌ അമ്മമാരുടെ ഹൃദയമാണ്..
ആളിക്കത്തുന്നത്‌ അവരുടെ ഉള്ളിലെ തീയാണ്..
കഴുകനും കാക്കയും കാണാതെ പ്രാപ്പിടയനും പരുന്തും കാണാതെ ഞങ്ങളെവിടെയാണ് അവരെ ഒളിപ്പിക്കേണ്ടത്??
ഖോജ രാജാവായ തമ്പുരാനേ..ഞങ്ങളുടെ മക്കളെ കാത്തോളണേ..


Wednesday, December 5, 2012

മരുന്ന് ഷോപ്പിലെ മായക്കാഴ്ച!!

നമുക്ക് പറ്റുന്ന പല അബദ്ധങ്ങളും പിന്നീട് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ പറ്റുന്നവയായിരിക്കും.
ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ചിരിയും ചമ്മലും ഒന്നിച്ചു വരുന്ന ഒരു അനുഭവമിതാ..

ഞാന്‍ തലശേരിയിലേക്ക് പോകുമ്പോള്‍ എന്റെ മകള്‍ അവള്‍ക്ക്  കോളേജിലേക്ക്  ആവശ്യമുള്ള ഒരു ഇംഗ്ലീഷ് പുസ്തകം വാങ്ങാന്‍ ഏല്‍പ്പിച്ചിരുന്നു.അത് പ്രകാരം ടൌണില്‍ എത്തിയപ്പോള്‍ ഓട്ടോ ബുക്ക് ഷോപ്പിനു മുമ്പില്‍ നിര്‍ത്തി  തിരക്കിട്ട് ഷോപ്പില്‍ കയറി പുസ്തകത്തിന്റെ പേര് മുമ്പില്‍ കണ്ട ആളോട് പറഞ്ഞു.പേര് കേട്ടപ്പോള്‍  'ഇവിടെയില്ല റീഗല്‍ ഫാര്‍മസിയില്‍ കിട്ടുമായിരിക്കും ...'എന്ന് അയാള്‍ .
ഞാന്‍ പുച്ഛത്തോടെ 'ഫാര്‍മസിയിലാണോ പുസ്തകം കിട്ടുക ..?'എന്ന് ചോദിച്ചു.അതയാള്‍ കേട്ടോ എന്തോ..?
പുറത്തിറങ്ങി മൊബൈലില്‍ മോളെ വിളിച്ചു കാര്യം പറഞ്ഞു.അപ്പോഴവള്‍ പറഞ്ഞു ഓര്‍ഡര്‍ ചെയ്തു വരുത്താന്‍ പറ്റുമോന്നു ചോദിക്ക് എന്ന്.
വീണ്ടും ഷോപ്പില്‍ കയറി ആദ്യം സംസാരിച്ച ആളോട് സംഗതി പറഞ്ഞു.ഇത് കേട്ടപ്പോള്‍ അയാളും അടുത്തുള്ള ആള്‍ക്കാരുമെല്ലാം ഒരു വിചിത്ര ജീവിയെ എന്ന പോലെ എന്നെ നോക്കാന്‍ തുടങ്ങി.
എനിക്കും എന്തൊക്കെയോ സ്പെല്ലിംഗ് മിസ്‌റ്റെയ്ക്ക്  മണക്കുന്നുണ്ടായിരുന്നു.
കട ഒന്ന് നന്നായി നോക്കുമ്പോഴുണ്ട്‌ ഷെല്‍ഫ് നിറയെ മരുന്നുകള്‍!!!
അതൊരു മെഡിക്കല്‍ ഷോപ്പ് ആയിരുന്നു!
ഒരു നൂറു സോറി പറഞ്ഞു എങ്ങിനെയോ അവിടെ നിന്ന് പുറത്തു കടന്നു.
അല്ല,പുറത്തേക്ക് ഓടുകയായിരുന്നു ഞാന്‍.
തൊട്ടടുത്ത്‌ തന്നെയതാ കിടക്കുന്നു അതുല്യ ബുക്സ് !

Tuesday, July 3, 2012

ജനകോടികളുടെ ഫെയ്‌വറിറ്റ് ബുക്ക്‌ !

900 മില്യണ്‍ അംഗങ്ങള്‍..!
ഒരു ഭൂഖണ്ടമായിരുന്നെങ്കില്‍ ആഫ്രിക്കയുടെ തൊട്ടു പിന്നില്‍..!
മൊത്തത്തില്‍ ഒരന്താരാഷ്ട്ര പ്രതിഭാസം..!

സംഗതി എന്താണെന്ന് തെളിച്ചു പറയേണ്ടതില്ലല്ലോ..
ബാങ്കില്‍ അക്കൗണ്ട്‌ ഇല്ലാത്തവര്‍ കണ്ടേക്കാം,പക്ഷെ,ഫേസ് ബുക്കില്‍ അക്കൗണ്ട്‌ ഇല്ലാത്തവര്‍ വിരളമായിരിക്കും.
നിത്യജീവിതത്തില്‍ ഒരു തവണയെങ്കിലും അതുവഴി പോവുകയോ,അല്ലെങ്കില്‍ അത് സംബന്ധമായി സംസാരിക്കുകയോ ചെയ്യാത്തവരുണ്ടോ?
കുടുംബ ബന്ധങ്ങള്‍ ചുരുങ്ങിച്ചുരുങ്ങി നാനോ കുടുംബങ്ങളായി മാറിയ ഇക്കാലത്ത് ഈ ബുക്ക്‌ വഴിയാണ് മരണങ്ങളും ജനനങ്ങളുമറിയുന്നത്..,
വിവാഹങ്ങളും,വാര്‍ഷികങ്ങളുമറിയുന്നത്..,
പിറന്നാളുകളും,പെരുന്നാളുകളുമറിയുന്നത്..
തമ്മില്‍ കണ്ടിട്ട് മിണ്ടാത്തവര്‍ പോലും ഫേസ്ബുക്കില്‍ കണ്ടുമുട്ടിയാല്‍ ഹൈ പറയുമെന്നതില്‍ രണ്ട് പക്ഷമില്ല..
അകന്ന ബന്ധത്തിലുള്ള ബന്ധുക്കളുമായി അടുപ്പം സ്ഥാപിച്ചു എന്നത് എന്റെ വ്യക്തിപരമായ അനുഭവം.

വിവാഹാലോചനകള്‍ നടക്കുമ്പോള്‍ ഇപ്പോള്‍ ഒന്നാമത്തെ ചോദ്യം ഫേസ് ബുക്കിലുണ്ടോ എന്നാണ് !
ഫോട്ടോ കാണല്‍ മാത്രമല്ല,അഭിരുചികളും ഇഷ്ടാനിഷ്ടങ്ങളും അറിയാം,കൂട്ടുകെട്ട് അറിയാം,ഒരു സി ബി ഐ ഉള്ളിലുണ്ടെങ്കില്‍ കുരുത്തക്കേട്‌ ഉണ്ടോന്നും ചികഞ്ഞു നോക്കാം.
എന്ന് വിചാരിച്ചു ഫേസ് ബുക്കിനെ കണ്ണടച്ച് വിശ്വസിച്ചു പെണ്ണിനേയും ചെറുക്കനേയും തെരഞ്ഞെടുക്കല്ലേ..അതും ഒരു വഴിയാണെന്ന് മാത്രം.
കാരണവന്മാര്‍ കല്യാണമുറപ്പിച്ച് വന്ന് കയറേണ്ട താമസം പെണ്‍പിള്ളേര്‍ ഫേസ്ബുക്കില്‍ കയറി സ്റ്റാറ്റസ് അപ് ഡേറ്റ് ചെയ്യുകയായി.single നിന്നും engaged !!

പൊങ്ങച്ചക്കാര്‍ക്ക് പൊങ്ങച്ചം വിളമ്പാം.പത്ത് പേര്‍ക്ക് ഫോണ്‍ ചെയ്തു കഷ്ട്ടപ്പെടുന്നതിന് പകരം ഒരു അപ്പ്‌ഡേറ്റ് കൊണ്ട് കാര്യം സാധിക്കാമല്ലോ.
പരീക്ഷാഫലക്കാലം ഫേസ് ബുക്കില്‍ ചാകരയാണ്..!
അതിനാല്‍ തന്നെ ബന്ധുക്കളുടെ മക്കളുടെ പഠന നിലവാരത്തെപ്പറ്റി ഇപ്പോള്‍ എല്ലാവര്‍ക്കും നല്ല ബോധമാണ്.ആര്‍, എവിടെ, ഏത് കോളേജില്‍, എത്രാം സെമെസ്റ്ററില്‍ പഠിക്കുന്നു എന്നതിനെപ്പറ്റി ആര്‍ക്കും യാതൊരു സംശയവുമില്ല..

സ്കൂള്‍ കാലത്തെ എന്റെ കൂട്ടുകാരായിരുന്ന സയീദയും റസാക്കും ദശകങ്ങള്‍ക്ക് ശേഷമിതാ വീണ്ടും എന്റെ സൌഹൃദ വലയത്തിലേക്ക് കടന്ന് വന്നിരിക്കുന്നു.
നാട്ടുകാരനായിട്ട് പോലും 3 ദശകങ്ങള്‍ക്ക് ശേഷമാണ് റസാക്കിനെ ഞാന്‍ കണ്ടുമുട്ടുന്നത് !
ഫേസ് ബുക്കില്‍ വെച്ച് !
ഒന്നാം ക്ലാസ് മുതലുള്ള കാര്യങ്ങള്‍ അയവിറക്കിയപ്പോള്‍ ആ ബ്ലാക്ക്‌ &വൈറ്റ് പിക്ചര്‍ എത്ര മനോഹരം എന്ന് പറയാതെ വയ്യ..
അറിയപ്പെടാതെ പോയ ആ ബഹുമുഖപ്രതിഭ ഇപ്പോള്‍ വലിയൊരു കമ്പനിയില്‍ Six sigma project leader ആണെന്ന് കേട്ടപ്പോള്‍ സന്തോഷം കൊണ്ട് ഞാന്‍ ദൈവത്തെ സ്തുതിച്ചു പോയി.അര്‍ഹിക്കുന്ന അംഗീകാരം എപ്പോഴായാലും തേടിയെത്തും എന്ന് പറയുന്നതെത്ര സത്യം!

എന്റെ പ്രിയപ്പെട്ട കൂട്ടുകാരി സയീദയുമായി വര്‍ഷങ്ങള്‍ക്കു ശേഷം ചറ പറാ വര്‍ത്താനം പറയാന്‍ കഴിഞ്ഞത് ഇപ്പറഞ്ഞ ബുക്ക്‌ കാരണമാണ്.വിവാഹശേഷം രണ്ടുപേരും രണ്ടു വഴിക്കായതോടെ നിലച്ചു പോയ ഞങ്ങളുടെ സ്നേഹബന്ധം ഇന്ന് പൂര്‍വാധികം ശക്തിയോടെ ഈ പ്രിയപ്പെട്ട ബുക്ക്‌ എനിക്ക് തിരിച്ചു തന്നു.
ദുബായിലെ ചൂടിങ്ങോട്ടും,ഇവിടുത്തെ മഴയങ്ങോട്ടും ഞങ്ങള്‍ പങ്കിടുകയാണ്...
നീളന്‍ ചാറ്റുകളില്‍ ഞങ്ങള്‍ പഴയ സ്കൂള്‍ കുട്ടികളായി മാറിപ്പോവുകയാണ്..
മധുരമനോഹരമായിരുന്ന ആ സ്കൂള്‍ കാല ഓര്‍മ്മകള്‍ ഇങ്ങിനെ വര്‍ണക്കുപ്പായവുമിട്ട് മുന്നിലെത്തുമ്പോള്‍ ഈ ബുക്ക്‌ എനിക്കെങ്ങിനെ ഫേവറെയിറ്റ് ആകാതിരിക്കും??
റസാക്കുമായി ചാറ്റ് ചെയ്യുമ്പോള്‍ vocabulary മെച്ചപ്പെടുകയും,സയീദയുടെ കൂടെയിരിക്കുമ്പോള്‍ പ്രായം കുറയുകയും ചെയ്യുന്നുണ്ടെന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്..

സ്വപ്നത്തില്‍ പോലും ഞാന്‍ പരിചയപ്പെടുമെന്ന് കരുതാത്ത,വിലമതിക്കാനാകാത്ത സൌഹൃദങ്ങള്‍ തൊട്ടടുത്ത്‌ കിട്ടിയത് ഫേസ് ബുക്ക്‌ കാരണമല്ലേ?

ഇവിടെ വല്യുപ്പമാരെയും,വല്യുമ്മമാരെയും കണ്ടുമുട്ടുമ്പോള്‍ എന്റെയുള്ളില്‍ ഒരു സമാധാനവും സന്തോഷവുമാണ്.ഞാനിവിടെ അധികപ്പറ്റല്ല എന്ന ആശ്വാസം..

ഒമാന്‍ വിട്ട ശേഷം കൈവിട്ടെന്ന് കരുതിയ സഫിയ ഇതാ ഒരു ക്ലിക്കിനപ്പുറം!!
എന്റെ മക്കളുടെ കൂടെ കളിച്ച്‌ ചിരിച്ചു നടന്ന പിള്ളേര്‍ ഇന്ന് ലോകത്തിന്റെ നാനാ ഭാഗത്ത്‌ നിന്നും എന്നോടും കൂടെ കൂട്ട് കൂടുന്നു.കോട്ടയത്ത്‌ നിന്നും ഡോക്ടര്‍ വിദ്യ 'ആന്റീടെ pudding ന്റെ രുചി ഇപ്പോഴും ഓര്‍ക്കുന്നു' എന്ന് എഴുതിയത് കണ്ടപ്പോള്‍ സന്തോഷം കൊണ്ട് എനിക്കിരിക്കാന്‍ മേല...
അവളുടെ ആ കൊഞ്ചല്‍ വേറെ എവിടെ നിന്ന് എനിക്ക് കേള്‍ക്കാന്‍ പറ്റും?

ഫാമിലി ഗ്രൂപ്പ്‌ ആണ്‌ വേറൊരു ആകര്‍ഷണം.ശരിക്കുമൊരു കുടുംബ സദസ്സില്‍ പങ്കെടുത്ത ഉന്മേഷം കിട്ടാറുണ്ട് എനിക്കതില്‍ കൂടി.
പക്ഷെ,ചിലര്‍ ദിവസം ഒന്നിലധികം തവണ തുമ്മിയാല്‍ പോലും അത് എഫ് ബിയില്‍ ചുമരെഴുത്താക്കി മാറ്റിയേക്കും..ഇതിനാലൊക്കെയാവാം എന്റെയൊരു ബന്ധു പറഞ്ഞത് "അത് ഫേസ് ബുക്ക്‌ അല്ല,ഫസാദ് ബുക്കാ..!"
ഗ്രൂപ്പുകളുടെ ആധിക്യം നിറയെ പരിചയക്കാരുള്ള കല്യാണ വീട്ടില്‍ കയറിയ പ്രതീതിയാണ്.ആരുടെ നേരെ നോക്കി ചിരിക്കണം,ആരോട് സംസാരിക്കണം എന്ന കണ്‍ഫ്യൂഷന്‍.
ഒരു ഫോട്ടോ കാണുമ്പോഴേക്കും സോ സ്വീറ്റ്, സോ ക്യൂട്ട് എന്ന് പറയുകയും,ഗൌരവതരമായ up dates കാണുമ്പോള്‍ നിശ്ശബ്ദരാവുകയും ചെയ്യുന്നത് എനിക്ക് ദഹിക്കാറില്ല.
പത്രങ്ങള്‍ മുക്കാന്‍ വിചാരിച്ച വാര്‍ത്തകളൊന്നും ഇനി മുങ്ങില്ല കൂട്ടരേ..അതൊക്കെ എഫ് ബിയില്‍ പൊങ്ങും..പത്രം വായിക്കാത്തവരും കൂടി ഫേസ് ബുക്ക്‌ നോക്കുമല്ലോ.
പലരും ഇതിന്റെ മറുവശം ചിന്തിക്കുന്നുണ്ടാകും.പക്ഷെ,കറിക്കത്തി കൊണ്ട് പച്ചക്കറി മാത്രം അരിയുകയും,ബ്ലേഡ് കൊണ്ട് ഷേവ് മാത്രവും ചെയ്‌താല്‍ തീരുന്ന പ്രശ്നമേയുള്ളൂ...
അത് കൊണ്ട് ഞരമ്പ്‌ മുറിക്കാനും,ആളെ കൊല്ലാനും പോകുമ്പോഴാണ് കുഴപ്പം.
ഈ നൂറ്റാണ്ടില്‍ തന്നെ വാര്‍ത്തയായ അറബ് വസന്തത്തില്‍ ഫേസ് ബുക്കിന്റെ കയ്യൊപ്പുണ്ട്.
അതേ പോലെ ഞങ്ങളുടെ അടുത്ത പ്രദേശത്ത് നടന്ന ജനകീയസമരം ഫേസ് ബുക്കിലും നല്ല ഹിറ്റായിരുന്നു.അവരതില്‍ കൂടി നടത്തിയത് ഭീകരതയല്ല,അതിനാല്‍ത്തന്നെ ജാതിമത ഭേദമന്യേ,ദേശങ്ങളുടെ അതിര്‍വരമ്പ് നോക്കാതെ ജനങ്ങള്‍ കൂട്ടായ്മയില്‍ പങ്കാളികളായി.
ഇതൊക്കെയും മറുവശത്ത് കേള്‍ക്കുന്ന എല്ലാ മോശം പ്രചാരണങ്ങളെയും മായ്ക്കാന്‍ പോന്നതല്ലേ?

ഇനി എന്റെ മൂപ്പര്‍ അതില്‍ അക്കൗണ്ട്‌ തുറക്കുമ്പോള്‍ പറഞ്ഞതെന്താണെന്ന് കേള്‍ക്കണോ?"നീയൊക്കെ എന്താണ് കളിക്കുന്നതെന്ന് അറിയണമല്ലോ..!"

Tuesday, February 14, 2012

പഴകാത്ത ചൊല്ലുകള്‍

"ഇതെന്താ മോനേ..,തേങ്ങയരച്ചത് കൂട്ടൂലാന്ന് പറഞ്ഞാ തെങ്ങിട്ട പാലോം കടക്കൂലാ.."
വര്‍ഷങ്ങള്‍ക്ക് മുമ്പ് മര്‍ക്കടമുഷ്ട്ടിക്കാരനായ ഒരു ബന്ധുവിനോട് ഉമ്മ ചോദിച്ച ചോദ്യം ഇന്നുമെന്നെ ചിരിപ്പിക്കുന്നു..

ജീവിതത്തില്‍ ഒരിക്കലെങ്കിലും പഴഞ്ചൊല്ലുകള്‍ ഉപയോഗിക്കാത്തവരായി നമ്മളില്‍ ആരും ഉണ്ടാവുകയില്ല.എന്നാല്‍ ചിലര്‍ എന്തിനും ഏതിനും അത് പ്രയോഗിക്കുകയും ചെയ്യും.അതിലൊരാളായിരുന്നു എന്റെ ഉമ്മയും.അവരോളം പഴഞ്ചൊല്ലുകള്‍ ഉപയോഗിച്ച ആരെയും ഞാന്‍ കണ്ടിട്ടില്ല.
എന്റെ മൂഡുകള്‍ മാറിമാറി വരുമ്പോള്‍ അവര്‍ പറയുമായിരുന്നു 'ഒരു നേരം കടച്ചിയാണെങ്കില്‍ ഒരു നേരം കുട്ടന്‍.'
ഇങ്ങിനെ സാധാരണ സംസാരത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു പഴഞ്ചൊല്ലുകളും.
കുഞ്ഞുന്നാള്‍ മുതലേ അത് കേട്ട് വളര്‍ന്നത്‌ കൊണ്ടാവാം ഞാനുമിപ്പോള്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ പഴഞ്ചൊല്ലുകള്‍ ഉപയോഗിച്ച് പോകുന്നു.

പല ചൊല്ലുകള്‍ക്കും അതിന്റെ ലോക്കല്‍ വെര്‍ഷനുകളുമുണ്ട്
'തമ്മില്‍ ഭേദം തൊമ്മന്റെ' നാടന്‍ ഭാഷ്യമല്ലേ 'ആരുമില്ലെങ്കില്‍ ചീരു?'
അതേ പോലെ,'ആശാനൊന്നു പിഴച്ചാല്‍ അമ്പത്തൊന്ന് പിഴയ്ക്കും ശിഷ്യന് ' എന്നതിന് ഞങ്ങള്‍ എന്താണ് പറയുക എന്നറിയ്വോ?
'കുരിക്കള്‍ നിന്ന് പാത്തിയാല്‍ കുട്ടികള്‍ നടന്ന്‌ പാത്തും..!' (സഭ്യേതരമായിപ്പോയെങ്കില്‍ ക്ഷമിക്കണേ..)
'ആനക്കാര്യത്തിനിടയ്ക്ക് ചേനക്കാര്യമാണ് ' ഞങ്ങളുടെ 'പടയിലെന്ത് കുട'.
നമ്മള്‍ 'Like father like son' പറയുന്നിടത്ത് ഉമ്മ പണ്ട് പറഞ്ഞിരുന്നത് 'അച്ഛന് മക്കള് പിറക്കാറുണ്ട്,ഇത്ര ചിക്കയിലാകാറില്ല.'
സത്യം പറയട്ടെ, ചിക്കയുടെ ഭാഷാര്‍ത്ഥം എന്താണെന്ന് എനിക്കിതേവരെ പിടികിട്ടിയിട്ടില്ല!
'പോക്കറടിച്ചതിന് മായന്‍ പാടി' യാണ് ,'അരിയെത്ര പയറഞ്ഞാഴി'.
'ഈത്തപ്പഴം പഴുക്കുമ്പോള്‍ കാക്കയുടെ വായില്‍ പുണ്ണ് ' കേള്‍ക്കുമ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട്,മരുഭൂമിയില്‍ എവിടെയാണ് കാക്ക എന്ന്.. ഒമാനില്‍ പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ ഉണ്ടായിരുന്നിട്ടും ഒരു കാക്കയെപ്പോലും ഞാന്‍ കണ്ടിട്ടില്ല.
അനാവശ്യ കാര്യങ്ങള്‍ ചിക്കിക്കുത്തിപ്പറയുന്നവരോട് ഉമ്മ ചോദിക്കുന്നത് കേട്ടിട്ടുണ്ട്,എന്തിനാണേ,'പണ്ട് കഴിഞ്ഞോം പടേ(പടയില്‍) ചത്തതൂം 'പറേന്നെ?

നിരന്തരം പരിശ്രമിക്കേണ്ടതിന്റെ ആവശ്യകതയെ ഓര്‍മിപ്പിക്കുന്നതാണ് 'ഏത് ചിപ്പിയിലാ മുത്ത്‌ എന്നറീല'.
ഇപ്പോഴത്തെ പിള്ളേരോടിതെങ്ങാന്‍ പറഞ്ഞാല്‍ എല്ലാ ചിപ്പീം സ്കാന്‍ ചെയ്താപ്പോരെന്ന് തിരിച്ചടിക്കും.

അനവസരത്തില്‍ പഴഞ്ചൊല്ല് പ്രയോഗിച്ച് ചമ്മിപ്പോയ അവസരങ്ങളുമുണ്ടായിട്ടുണ്ട്.ഒരിക്കല്‍ മോള്‍ടെ സ്കൂളില്‍ മീറ്റിംഗിന് തെറ്റായ ദിവസം പോവുകയുണ്ടായി.അവിടെയെത്തിയപ്പോള്‍ ആരെയും കാണുന്നില്ല.ക്രിസ്മസ് അവധിയായിരുന്നു അപ്പോള്‍.ഞാന്‍ കാള പെറ്റെന്ന് കേട്ടപ്പോഴേ കയറെടുത്ത്‌ ഓടിയതാണ് കാരണം.അങ്ങിനെ ഉടനെ ടീച്ചറെ അവിടെ വെച്ച് തന്നെ വിളിച്ച് സംഗതി ക്ലിയര്‍ ചെയ്തു.ഒടുക്കം പറഞ്ഞു,'എന്ത് പറയാനാ ടീച്ചറേ..,ഞാനിവിടെ എത്തിയപ്പോള്‍ അക്കാട്ടീ തീയൂല്ല്യ,ഇക്കാട്ടീ പുകയൂല്ല്യ..'
ഒരു രണ്ടു മൂന്നു നിമിഷം ഞങ്ങള്‍ക്കിടയില്‍ തികഞ്ഞ നിശബ്ദതയായിരുന്നു..!!

പ്രിയപ്പെട്ടവരേ,
ബ്ലോഗാസക്തിയും,ബ്ലോഗാര്‍ത്തിയുമായി നടന്നിരുന്ന എന്നെ ബ്ലോഗ്‌ വിരക്തി പിടികൂടിയപ്പോള്‍ 'വായില്‍ തോന്നിയത് കോതക്ക് പാട്ട് 'എന്ന മട്ടിലെഴുതിയ ഒരു പോസ്റ്റാണിത്‌.

Tuesday, November 22, 2011

പെട്ടിപ്പാലത്തെ പോരാട്ട ഗാഥ


ഇവിടെ എന്റെ അയല്‍ പ്രദേശക്കാര്‍ സമരപ്പന്തലിലായിരിക്കുമ്പോള്‍ എനിക്കെങ്ങിനെ ബ്ലോഗ്ഗില്‍ നൊസ്റ്റാള്‍ജിയയും നുണഞ്ഞ് കളിചിരി പറഞ്ഞിരിക്കാന്‍ കഴിയും?

കേരളത്തിലെ പ്രമുഖ പത്രങ്ങള്‍ വഴിയും ചാനലുകള്‍ വഴിയും വായനക്കാര്‍ക്ക് പെട്ടിപ്പാലം മാലിന്യ പ്രശ്നത്തെപ്പറ്റി ഒരേകദേശ രൂപമുണ്ടാകുമെന്ന് കരുതട്ടെ,
തലശ്ശേരിക്കും മാഹിക്കും മദ്ധ്യേയുള്ള സുന്ദരമായ ഒരു പ്രദേശമാണ് പെട്ടിപ്പാലം.
ഒരു ഭാഗത്ത്‌ സുന്ദരമായ കടല്‍ക്കരയാണെങ്കില്‍, മധ്യഭാഗത്ത്‌ നാഷണല്‍ ഹൈവേ.തൊട്ടിപ്പുറത്ത് തീവണ്ടിപ്പാത.
പക്ഷെ,ഈ സ്ഥലം എളുപ്പം തിരിച്ചറിയാന്‍ കഴിയുക അതിലേ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന അസഹ്യമായ ദുര്‍ഗന്ധം കൊണ്ടാണ്.ബസ്സ് ആ സ്റ്റോപ്പിലെത്തിയാല്‍ എല്ലാവരുടെയും കൈ മൂക്കിനു നേരെ ഉയരുന്നത് കാണാന്‍ പറ്റും.(ഇപ്പോള്‍ മൂക്ക് പൊത്തിപ്പാലം എന്ന ബോര്‍ഡും ഉണ്ട്!)
അങ്ങോട്ട്‌ നോക്കിയാല്‍ കാണുന്ന കാഴ്ചയോ?കുന്നോളം ഉയരത്തില്‍ മാലിന്യങ്ങള്‍..
ഒറ്റനോട്ടത്തില്‍ത്തന്നെ അറപ്പും വെറുപ്പും ഉളവാക്കുന്നൊരു ദൃശ്യമാണത്..
നിര്‍ഭാഗ്യകരമെന്ന് പറയട്ടെ,ഈ കാഴ്ചയും കണി കണ്ടുണരാന്‍ വിധിക്കപ്പെട്ടവരാണ് പെട്ടിപ്പാലം വാസികള്‍.
ബസ്സില്‍ ഏതാനും നിമിഷങ്ങള്‍ പോലും നമുക്ക് മൂക്ക് പൊത്താതെ ഇരിക്കാന്‍ വയ്യെങ്കില്‍ അവിടുത്തെ സ്ഥിര താമസക്കാരുടെ സ്ഥിതിയെന്തായിരിക്കും?
ഒന്നാലോചിച്ചു നോക്കൂ..

ദശകങ്ങളായി തലശ്ശേരി നഗരസഭ അവരുടെ എല്ലാ വിഴുപ്പും,മാലിന്യങ്ങളും കൊണ്ടിടുന്ന സ്ഥലമാണ് പുന്നോല്‍ പെട്ടിപ്പാലം.അതില്‍ മാരകങ്ങളായ ആശുപത്രി മാലിന്യങ്ങള്‍ വരെ പെടും.കാക്ക കൊത്തി അത് നാട് മുഴുവന്‍ കൊണ്ടിടുകയും ചെയ്യുന്നു.
ഒരുപാട് കാലമായി നാട്ടുകാര്‍ ഇതിന്റെ പിന്നാലെ കേസും സമരവുമായി നടക്കുന്നു.അവിടെ മാലിന്യം നിക്ഷേപിക്കാനോ,നിര്‍മാണ പ്രവര്‍ത്തനം നടത്താനോ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവും വന്നു.പക്ഷെ,,പറഞ്ഞിട്ടെന്ത്?
അതൊക്കെയും തലശ്ശേരി നഗരസഭയ്ക്ക് പുല്ലായിരുന്നു.അവസാനം നാട്ടുകാര്‍ ഒന്നാകെയിതാ സമരരംഗത്തിറങ്ങിയിരിക്കുന്നു.
ഇന്നിത് ഇരുപത്തി മൂന്നാം ദിവസമാണ്.നവംനവങ്ങളായ സമരരീതികള്‍ കൊണ്ട് സമ്പന്നമാണ് ഓരോ ദിവസവും.സ്ത്രീകളാണേറെയും.തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞുങ്ങളെയെടുത്തുപോലും പെണ്ണുങ്ങള്‍ സമരപ്പന്തലില്‍ എത്തുന്നുണ്ട്.
രണ്ട് പെണ്ണുങ്ങള്‍ കൂടിയാല്‍ സീരിയല്‍ ചര്‍ച്ചയാണല്ലോ,പക്ഷെ,നിങ്ങള്‍ക്കീ പന്തലില്‍ കേള്‍ക്കാന്‍ കഴിയുക അത്തരം ചപ്പ് ചവറ് വര്‍ത്തമാനങ്ങളല്ല,പകരം ചടുലതയാര്‍ന്ന മുദ്രാവാക്യങ്ങളാണ്.
ഈ സമരം അവര്‍ ജയിച്ചേ പിന്‍ മാറൂ..
ദുര്‍ഗന്ധമില്ലാത്ത വായു അവര്‍ക്കൊരു സ്വപ്നമാണ്,
ശുദ്ധമായ കുടിവെള്ളം അവര്‍ക്ക് കിട്ടാക്കനിയാണ്..,
ശ്വാസകോശരോഗങ്ങളും,ചര്‍മ രോഗങ്ങളും അവരുടെ കൂടപ്പിറപ്പുകളാണ്..
പരിസര പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധിച്ചപ്പോള്‍ അമിതമായ തോതില്‍ കോളിഫോം ബാക്ടീരിയ ഉണ്ടെന്നാണ് കണ്ടെത്തിയത്.
പെട്ടിപ്പാലമെന്ന നാറുന്ന നാട്ടിലേക്കാണെന്ന് കേട്ടാല്‍ വിവാഹാലോചനകള്‍ പമ്പ കടക്കുന്നു..
ഇതൊക്കെയാണ് ഈ നാട്ടിലെ സ്ഥിതി വിശേഷങ്ങള്‍..
പിന്നെ അവര്‍ക്കെങ്ങിനെ ഈ സമരം ജീവന്മരണപ്പോരാട്ടമല്ലാതിരിക്കും??
പരിസ്ഥിതി ഇത്രയധികം അപകടകരമായിട്ടും ഭരണാധികാരികളുടെ അലംഭാവം ശരിക്കും അമ്പരപ്പിക്കുന്നതാണ്.

സമരത്തിന്റെ മുന്നണിയിലുള്ള ശ്രീമതി ജബീന പറയുന്നത്,ഒരു കാര്യത്തില്‍ അവര്‍ക്ക് തലശ്ശേരി മുനിസിപ്പാലിറ്റിയോട് നന്ദിയുണ്ട് എന്നാണ്.കാരണം ഇതോടെ സ്ഥലത്തെ സ്ത്രീ ശക്തി സംഘടിക്കുകയും അവര്‍ക്ക് പുതിയൊരുണര്‍വ് വരികയും ചെയ്തു.
സമരത്തോട് നഗരസഭയുടെ മനോഭാവം ധാര്‍ഷ്ട്യം കലര്‍ന്നതാണ്‌.എത്രയോ പരിഹാര മാര്‍ഗങ്ങള്‍ പലരും ചൂണ്ടിക്കാണിച്ചു കൊടുക്കുന്നുണ്ടെങ്കിലും അതൊന്നും അവരുടെ തിമിരം ബാധിച്ച നയനങ്ങളില്‍ പതിയുന്നില്ല.

മൂന്ന് C കള്‍ കൊണ്ട് പ്രശസ്തമാണ് തലശ്ശേരി എന്ന് പറയാറുണ്ട്‌.(സര്‍ക്കസ്,ക്രിക്കറ്റ്,കേക്ക് ).പക്ഷെ,അവരുടെ മുനിസിപ്പാലിറ്റിക്ക് വേറൊരു സീയുടെ കുറവുണ്ട്.അതാണ്‌ CLEANLINESS .
തന്റെ അഴുക്ക് മറ്റുള്ളവര്‍ പേറട്ടെ എന്ന ചീത്ത മനസ്ഥിതിക്ക് പെട്ടിപ്പാലത്തെ കച്ചറയേക്കാള്‍ നാറ്റമുണ്ട്..

പോരാളികള്‍ക്ക് എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും..